‘‘ഹായ്! എന്തു രസായിരിക്കും ആകാശത്തിൽ കുന്നുകൾ പറന്നു നടക്കുന്നതു കാണാൻ അല്ലേ?’’

HIGHLIGHTS
  • കുട്ടികൾക്കായി അംബികാസുതൻ മാങ്ങാട് എഴുതുന്ന നോവൽ
  • പൂതമ്മയുടെ കുട്ടികൾ – അധ്യായം 2
poothammayude-kuttikal-illustration-chapter-2
SHARE

കുന്നുകൾ പറക്കുന്നത് കാണാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടോ?’’

പാലമരത്തിന്റെ ഉയരത്തിലുള്ള കവരത്തിലിരുന്ന് വിശ്വജിത്ത് ഉറക്കെ ചോദിച്ചു.

പാർവതി മുകളിലേക്കു നോക്കി ചിരിച്ചു.

‘‘മണ്ടത്തരം പറയാതെ വിശ്വാ. കുന്നുകൾക്കെന്താ പറക്കാൻ ചിറകുണ്ടോ?’’

തൂക്കിയിട്ട കാലുകൾ ആട്ടിക്കൊണ്ട് ജ്ഞാനിയെപ്പോലെ വിശ്വജിത്ത് പറഞ്ഞു.

‘‘ഒര് കാലത്ത് കുന്നുകളായ കുന്നുകൾക്കെല്ലാം മനോഹരമായ ചിറകുകളുണ്ടായിരുന്നു. ചിത്രശലഭങ്ങളെപ്പോലെ, പക്ഷികളെപ്പോലെ അവ ആകാശത്തിലൂടെ ഇഷ്ടം പോലെ പറന്നുനടന്നിരുന്നു. വിമാനങ്ങളെപ്പോലെ.’’

കണ്ണൻ കൈകൊട്ടിച്ചിരിച്ചു.

‘‘ഹായ്! എന്തു രസായിരിക്കും ആകാശത്തിൽ കുന്നുകൾ പറന്നു നടക്കുന്നതു കാണാൻ അല്ലേ?’’

ദീപ ഗൗരവം പൂണ്ടു.

‘‘വിശ്വേട്ടാ, വെറ്തേ ഓരോ ബഡായി പറയല്ലേ.’’

‘‘സത്യമാണ് ദീപേ, പണ്ടുകാലത്ത് മലകൾക്കും പർവതങ്ങൾക്കുമെല്ലാം ചിറകുകളുണ്ടായിരുന്നു. മഹാഭാരതത്തില്ണ്ട് ആ കഥ. ഞാനൊരു പുസ്തകത്തീന്ന് വായിച്ചതാ.’’

ദീപ വിസ്മയിച്ചു.

‘‘അങ്ങനേയൊര് കഥയ്ണ്ടോ?’’

കണ്ണന് തിരക്കായി

‘‘വിശ്വേട്ടൻ ആ കഥ പറഞ്ഞേ.’’

നാലു നിമിഷങ്ങൾ ആലോചനയിലാണ്ട ശേഷം വിശ്വജിത്ത് കഥ തുടങ്ങി.

‘‘പണ്ടുപണ്ടാണ് കേട്ടോ. ചിറകുകൾ വിടർത്തി ചെറുതും വലുതമായ മലകളൊക്കെ ആകാശത്തിലൂടെ ഉയർന്നു പറക്കും. അങ്ങനെ പറക്കുമ്പോൾ പലതും തമ്മിൽ കൂട്ടിയിടിക്കില്ലേ? തീർച്ചയായും കൂട്ടിയിടിക്കും. കൂട്ടിയിടിക്കുമ്പോൾ മലയുടെ ഭാഗങ്ങൾ ഇടിഞ്ഞു തകർന്ന് താഴോട്ടു വീഴും. ആളുകളും കന്നുകാലികളും കുന്നിടിഞ്ഞു വീണ് മരിക്കുന്നത് പതിവായപ്പോൾ ജനങ്ങൾ ഒത്തുകൂടി ദേവേന്ദ്രന്റെ മുമ്പാകെ പരാതിയുമായി ചെന്നു. പരാതി ചെവിക്കൊണ്ട ദേവേന്ദ്രൻ കുന്നുകളോട് ആജ്ഞാപിച്ചു. ഇനി ഒരു കുന്നുപോലും പറന്നുപോകരുത്. പക്ഷേ, അഹങ്കാരികളായ കുന്നുകളുണ്ടോ കേൾക്കുന്നു? ദേവേന്ദ്രന്റെ ആജ്ഞയെ തൃണവൽഗണിച്ചുകൊണ്ട്  അവ വീണ്ടും യഥേഷ്ടം പറക്കാൻ തുടങ്ങി. കോപിഷ്ഠനായ ദേവേന്ദ്രൻ ഭൂമിയിലേക്കിറങ്ങി വന്ന് വജ്രവാൾ ഊരിപ്പിടിച്ച് കണ്ണിൽക്കണ്ട കുന്നുകളുടെയും പർവതങ്ങളുടെയുമെല്ലാം ചിറകുകൾ നിർദയം അരിഞ്ഞുകളഞ്ഞു. കുറച്ചു ദിവസത്തിനുള്ളിൽ ലോകത്തിലുള്ള സകല കുന്നുകളും ചിറകറ്റ് ചോരയൊലിപ്പിച്ച് ദുഃഖിതരായി ഭൂമിയിൽ പറ്റിക്കിടന്നു. കണ്ണന് കഥ കേട്ടപ്പോൾ സങ്കടം വന്നു.

‘‘പാവം കുന്നുകൾ അല്ലേ? എത്രമാത്രം വേദനിച്ചിട്ടുണ്ടാകും.’’

വിശ്വജിത്ത് കൂട്ടിച്ചേർത്തു.

‘‘അതെ, പക്ഷേ, ഒരു പർവതത്തിനു മാത്രം ചിറകുകൾ നഷ്ടപ്പെട്ടില്ല.’’

‘‘അതേത് പർവതം?’’

‘‘അതാണ് മൈനാകം.’’

‘‘അതെങ്ങനെ സംഭവിച്ചു?’’

‘‘മൈനാകം സാഗരത്തിന്റെ അടിയിൽ പോയി ഒളിച്ചിരുന്നു. എത്ര പരതിനോക്കിയിട്ടും ദേവേന്ദ്രന് മൈനാകത്തെ കണ്ടുപിടിക്കാനായില്ല. ഇന്ദ്രൻ ഉറങ്ങുന്ന നേരത്ത് ഇപ്പോഴും കടലിന്റെ അടിയിൽ നിന്നു പുറത്തേക്കു വന്ന് മൈനാകം ആകാശത്തിലൂടെ പറന്നു നടക്കുത്രെ!’’

‘‘ആ മൈനാകത്തെയാണോ വിശ്വൻ ഞങ്ങൾക്കു കാണിച്ചു തരാംന്ന് പറഞ്ഞത്?’’

‘‘അല്ല. അതു പുരാണത്തിലെ മൈനാകമല്ലേ. ഇത് നമ്മുടെ നാട്ടിലെ ഒര് കുന്ന്. ഇങ്ങോട്ടു കേറിവാ മൂന്നാളും. കുന്നു പറക്കുന്നത് ഞാൻ കാണിച്ചുതരാം.’’

ഉത്കണ്ഠയോടെ കുട്ടികൾ വിശ്വജിത്തിനരികിലേക്കു വലിഞ്ഞുകയറി കൊമ്പിൽ നിരനിരയായി ഇരുന്നു. വിശ്വജിത്ത് വിരൽ ചൂണ്ടി.

‘‘ദാ, അങ്ങോട്ട് നോക്കിയേ.’’

നേരെ മുന്നിൽ കാട്ടിക്കെടപ്പ് എന്ന സർക്കാരിന്റെ തരിശ് സ്ഥലം. വിജനമായ പാറപ്രദേശം. പണ്ട് നൂറുകണക്കായ കാട്ടുപോത്തിൻ കൂട്ടങ്ങൾ മേഞ്ഞു വിശ്രമിച്ച സ്ഥലമാണ്. അതിനപ്പുറത്തു കൂടിയാണ് ടാറിട്ട റോഡ്. അതിലൂടെ മഞ്ഞനിറമുള്ള ടിപ്പർ ലോറികൾ വെടിയുണ്ടകൾ പോലെ ഇടയ്ക്കിടെ ചീറിപ്പായുന്നുണ്ട്.

poothammayude-kuttikal-chapter-2

‘‘കണ്ടോ, നമ്മ്ടെ പറയൻകുന്ന് ടിപ്പറുകളിൽ കയറി പറക്കുന്നത്?’’

‘‘എങ്ങോട്ടാണ് വിശ്വേട്ടാ. കുന്ന് പോകുന്നത്?’’

‘‘അത്, അതിരാണിപ്പുഴയും അതിരാണിപ്പാടശേഖരവും മണ്ണിട്ടു നികത്താൻ പോവുകയല്ലേ? അവിടെ വലിയ പെട്രോളിയം സംഭരണകേന്ദ്രം വരാൻ പോവുകയല്ലേ. പതിനായിരം കോടിയുടെ പ്രോജക്ടാണത്രെ. ഇന്നാള് പത്രത്തിലുണ്ടായിരുന്നു.’’

പാർവതി സങ്കടപ്പെട്ടു.

‘‘അയ്യോ, പറയൻകുന്ന് പൂതം താമസിച്ചിരുന്ന കുന്നല്ലേ?’’

‘‘അതെ, ആ പറയൻകുന്ന് തന്നെ.’’

കണ്ണൻ ചോദിച്ചു.

‘‘പറയൻകുന്ന് എവിട്യാ പാവോച്ചീ.’’

പാർവതി വിവരിച്ചു.

‘‘ഇവിടെ അട്ത്താ. നീ കണ്ടിട്ട്ണ്ട് കണ്ണാ. നമ്മള് കരിനെല്ലൂര് കാവില് തൊഴാൻ പോയിട്ടില്ലേ. അതിന്റെ സൈഡിലുള്ള വലിയമലയാണ് പറയൻകുന്ന്. കഴിഞ്ഞ ഓണത്തിന് ഒരു വലിയ കുട്ട നിറയെ എരിക്കിൻ പൂക്കളും ചെക്കിപ്പൂക്കളും നമ്മള് പറിച്ചത് ഓർമയില്ലേ? അതാ പറയൻകുന്ന്.’’

‘‘ഓർമ്മേണ്ട്.’’

കണ്ണൻ തലകുലുക്കി.

‘‘പക്ഷേല് അവിടെ പൂതത്തിന്റെ വീടൊന്നും നമ്മള് കണ്ടീലല്ലോ.’’

പാർവതി പറഞ്ഞു.

‘‘പൂതം വീട്ടിലല്ല താമസിക്കാറ്. പറയൻകുന്നിന്റെ മനുഷ്യരങ്ങനെ കയറാത്ത മറ്റേ ചെരിവില് കുറെ പാറക്കെട്ടുകളുണ്ട്. ആ പാറക്കെട്ടുകളിലെ വിള്ളലുകളിലൊന്നിലാണ് പണ്ട് പൂതം താമസിച്ചിരുന്നത്.’’

ദീപ ഓർമിച്ചു.

‘‘അപ്പോഴല്ലേ പൂതം നങ്ങോലിയമ്മേടെ പുന്നാരക്കുട്ടനെ മോഷ്ടിച്ചത്...?’’

‘‘അതെ.’’

‘‘എനിക്കു മാത്രം പൂതത്തിന്റെ കഥ ആരും പറഞ്ഞു തന്നിട്ടില്ല...?’’

പാർവതി കണ്ണനെ തോളിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചു.

‘‘സങ്കടപ്പെടാണ്ടാട്ടോ. ഞാമ്പറഞ്ഞു തരാം പൂതത്തിന്റെ കഥ.’’

വിശ്വജിത്ത് പറഞ്ഞു.

poothammayude-kuttikal-novel-writer-ambikasuthan-mangad
അംബികാസുതൻ മാങ്ങാട്

‘‘കണ്ണാ, ഏഴാം ക്ലാസിലെത്തിയാൽ ഇടശ്ശേരി എഴുതിയ പാട്ടുകഥ പഠിക്കാന്ണ്ട്. ‘പൂതപ്പാട്ട്.’ അതു വായിക്കുമ്പോ കണ്ണ് നെറഞ്ഞുപോകും. വല്താവ്മ്പോ നിനക്കും അത് പഠിക്കാലോ. ഞാനും പാർവതിയും കഴിഞ്ഞകൊല്ലം അതു പഠിച്ചതാ.’’

കണ്ണൻ അടങ്ങിയില്ല. വിതുമ്പലോടെ പറഞ്ഞു.

‘‘എനിക്കിപ്പം കേൾക്കണം പൂതത്തിന്റെ കഥ.’’

ദീപ കൂടെച്ചേർന്നു.

‘‘പാവോച്ചീ പറ. പൂതത്തിന്റെ കഥ. എനിക്കും കേൾക്കണം. ഞാനത് മറന്നോയി.’’

വിശ്വജിത്ത് പറഞ്ഞു.

‘‘പൂതക്കഥ ഞാമ്പറയാം. ഞാനെന്തെങ്കിലും വിട്ട് പോയാല് പാറു കൂട്ടിച്ചേർത്താ മതി.’’

പാർവതി തലയാട്ടി.

വിശ്വജിത്ത് തുടങ്ങി.

‘‘കണ്ണാ ശ്രദ്ധിച്ചു കേൾക്കണം. പണ്ടുപണ്ട് നടന്ന കഥയാണ്. പണ്ടുപണ്ട് എന്നു പറഞ്ഞാൽ വളരെപ്പണ്ട്. ഇന്നത്തെ മാതിരി റോഡുകളോ വാഹനങ്ങളോ മൊബൈലുകളോ ഒന്നും ഇല്ലാത്ത കാലം.’’

കണ്ണൻ തലകുലുക്കി

അന്നേരം കാട്ടിക്കെടപ്പിനു മുന്നിലൂടെ മുക്രയിട്ടുകൊണ്ട് മണ്ണ് നിറച്ച ഒരു ടിപ്പർ പറന്നുപോയി. നാലുപേരും ആ കാഴ്ചയിലേക്കു നോക്കി ആലോചനയിലാണ്ടു. കണ്ണൻ സങ്കടത്തോടെ പറഞ്ഞു.

‘‘പൂതമ്മയുടെ വീടാണ് കൊത്തിനുറുക്കിക്കൊണ്ടു പോകുന്നത്. അല്ലേ?’’

(തുടരും)

Content Summary : Poothammayude kuttikal, children's novel written by Ambikasuthan Mangad - Chapter 2

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS