ഇന്തോർ കാമാഖ്യ എക്സ്പ്രസ് െട്രയിൻ വാരാണസി വിടുമ്പോൾ നേരം നട്ടുച്ച. സാമാന്യത്തിലധികം തിരക്കുണ്ട്. കാശി വിശ്വനാഥനെയും കാലഭൈരവനെയും കണ്ടുമടങ്ങുന്ന, ബിഹാറിൽനിന്നുവന്ന തീർഥാടകരാണ് അധികവും. കംപാർട്മെന്റിന് അകത്ത് ഉഷ്ണം പഴകിയ ഗന്ധം ചൂഴ്ന്നുനിന്നു. അരവിന്ദിന് ഇരിക്കാൻ ഒരു സീറ്റ് കിട്ടിയിരുന്നു. അത് ഭാഗ്യമായി. തുടർച്ചയായ യാത്രയുടെ ക്ഷീണം അയാളെ തളർത്തിയിരുന്നു.
കാശിയെന്നും ബനാറസെന്നും പേരുകളുള്ള, സിന്ധൂനദീതട സംസ്കാരത്തോളം പുരാതനമായ മോക്ഷനഗരം തേടി വാരാണസിയിലേക്ക് എന്നും ജനം ഒഴുകികൊണ്ടിരിക്കുന്നു. കാശിയിൽവച്ച് മരിച്ചാൽ മോക്ഷം ഉറപ്പെന്നാണ് വിശ്വാസം. കാശി കണ്ടാൽത്തന്നെ പുണ്യം !
മോക്ഷമോ മരണമോ ആയിരുന്നില്ല അരവിന്ദിന്റെ ലക്ഷ്യം. വടക്കോട്ടു പോകാനാണ് അവന് ആജ്ഞ കിട്ടിയിരിക്കുന്നത്. അതനുസരിച്ചു, ഇവിടെവരെ എത്തി. ‘ഇനിയെന്ത് ?’
തലേ രാത്രി, ശവശരീരങ്ങൾ എരിയുന്ന മണികർണികാ ഘട്ടിൽ ഒരു അഘോരിബാബ അയാൾക്കുനേരേ കൈചൂണ്ടി ‘കാമാഖ്യ ചലോ, കാമാഖ്യ ചലോ’ എന്ന് ആവർത്തിച്ച് അക്രോശിച്ചു. അരവിന്ദിന്റെ മുഖത്തെ പകപ്പ് കണ്ടിട്ടാവണം പിന്നെ അദ്ദേഹം ശാന്തനായി.
‘നിന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ട അവളെ വിശ്വാസമില്ലേ ?’ആത്മശാന്തിക്കുള്ള കർമങ്ങൾ ചെയ്ത് അവളുടെ യൗവനയുക്തമായ ശരീരത്തെ അടക്കം ചെയ്യാൻപോലും നിനക്ക് കഴിഞ്ഞില്ല. ഇല്ലാതാക്കിയവനോടുള്ള അവളുടെ പക നിന്റെ ജീവനിലും ചേർന്ന് എരിയുന്നുണ്ട്. കത്തിത്തീരുന്ന ഈ ചിതകളിലൊന്ന് നിന്റെ കഴിഞ്ഞുപോയ ജീവിതമാണെന്ന് കരുതൂ. അവൾക്കുവേണ്ടി പ്രതികാരം ചെയ്യാനാണ് ഇനി നിന്റെ നിയോഗം’
അമ്പരപ്പ് മാറിയപ്പോഴേക്കും അദ്ദേഹം ഇരുട്ടിലേക്ക് മറഞ്ഞിരുന്നു. പിന്നാലെ ബാബാ എന്ന് വിളിച്ച് കുറേദൂരം നടന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.
"രാഖീ നീയാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്ന് എനിക്കറിയാം ! "
"ജീവിച്ചു കൊതിതീരാത്ത നിന്റെ കൊടിയ താപം എന്റെ കണ്ണീരിനെയും വറ്റിച്ചിരിക്കുന്നു അല്ലെങ്കിൽത്തന്നെ നിന്റേതും എന്റേതുമെന്ന് വേറിട്ട ജീവിതങ്ങൾ നമുക്കുണ്ടായിരുന്നില്ല, നമ്മളേ ഉണ്ടായിരുന്നുള്ളൂ. രാഖിയെന്ന സൂര്യൻ ഉദിക്കുമ്പോൾമാത്രം വിടരുന്ന താമര എന്നാണ് നീയെന്നെ കളിയാക്കിയിരുന്നത്. ശരിയാണ്. നീ അടുത്തില്ലാത്തപ്പോൾ ഞാൻ അകാരണമായ വിഷാദത്തിൽ വീണുപോകുമായിരുന്നു. കഴിഞ്ഞ മൂന്നുമാസമായി ഉറക്കം നഷ്ടപ്പട്ട രാത്രികളിൽ ഒന്നു കണ്ണടയുമ്പോൾ തെളിയുന്നത് നിന്റെ മുഖമാണ്.”
"മൂക്കുത്തിയിലെ ചുവന്ന കല്ലുപോലും വ്യക്തമായി കാണാം. പക്ഷേ നിന്നെ കൊന്നവനോട് എങ്ങനെ ഞാൻ പകവീട്ടും ? അത് നീ അറിയിക്കാത്തത് എന്താണ് ? നീ പറയുന്നതെന്തും ഞാൻ അനുസരിക്കും "
ചിതയിലെ വെട്ടത്തിൽ ജ്വലിച്ചുകണ്ട അഘോരിയുടെ മുഖമാണ് രാവിലെ എഴുന്നേറ്റപ്പോൾ ഓർമ വന്നത്. പഴയ സഹപ്രവർത്തകൻ ബിശ്വാസ് ബറുവയെ അപ്പോൾത്തന്നെ ഫോണിൽ വിളിച്ചു.
"അരവിന്ദ് ജീ പുറപ്പെട്ടോളൂ, ഞാനിവിടുണ്ട് എന്തുസഹായത്തിനും " എന്ന് മറുപടി കിട്ടിയപ്പോൾ ആശ്വാസമായി. ബിശ്വാസ് സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് കുടുംബ ബിസിനസായ വെളുത്ത തേയിലയുടെ കയറ്റുമതി നടത്തുകയാണ് അസമിലെ ഗുവാഹത്തിയിൽ. ഗുവാഹത്തിയിൽനിന്ന് അഞ്ച് മിനിറ്റ് ദൂരമേയുള്ളൂ കാമാഖ്യയിലേക്ക്. കൂടുതൽ ആലോചിക്കുന്നില്ല. എല്ലാം വരുമ്പോലെ വരട്ടെയെന്ന് ആശ്വസിച്ചു. െട്രയിൻ വേഗത്തിലായതോടെ ഉഷ്ണം കുറഞ്ഞു. ഏതോ ഒരു വഴി തെളിയുന്നതിന്റെ ആശ്വാസത്തിൽ ആ നട്ടുച്ചയിലും അരവിന്ദ് ഉറക്കത്തിലേക്ക് വീണു.
****
അരവിന്ദിന് ബിടെക് കംപ്യൂട്ടർ സയൻസിന് അഡ്മിഷൻ കിട്ടാനുള്ളത്ര മാർക്കില്ലായിരുന്നു. അമ്മ ഏറെ ശ്രമിച്ചിട്ടാണ് പ്രവേശനം കിട്ടിയത്. മകന്‍ ആ കോഴ്സിന് തന്നെ ചേരണമെന്ന് അവർ നിര്‍ബന്ധം പിടിച്ചു. വരും കാലത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കാന്‍ പോകുന്നത് സോഫ്റ്റ്‍വെയര്‍ എന്‍ജീനീയര്‍ക്കാണെന്ന് ഹൈസ്കൂള്‍ അധ്യാപികയായ ശ്യാമള ടീച്ചര്‍ മനസ്സിലാക്കിയിരുന്നു. പലരുടെയും കാലുപിടിച്ച് അഡ്മിഷന്‍ ശരിയായപ്പോഴേക്കും ക്ലാസുകള്‍ ആരംഭിച്ചു. ഉച്ചതിരിഞ്ഞ നേരത്താണ് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയായത്. അന്നുതന്നെ ജോയിന്‍ ചെയ്യാന്‍ ശ്യാമള ടീച്ചര്‍ മകനെ നിര്‍ബന്ധിച്ചു. ഉച്ചവരെയേ അധ്യയനം ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം നവാഗതരുടെ കലാപ്രകടനങ്ങള്‍. അരിവിന്ദ് ചെല്ലുമ്പോള്‍ പോഡിയത്തിന്‍ ഒരുപെണ്‍കുട്ടി സ്വയംമറന്ന് നിന്ന് പാടുന്നു.
" ഗന്ധര്‍വ്വ കിന്നരി കേട്ടെന്‍ മനസിന്റെ-
അലങ്കാര ചാർത്തുകൾ ഉലഞ്ഞൂ...
അഗ്നിയില്‍ ഞാനൊരു വിഗ്രഹമായി..
അഗ്നി അവനെന്നെ തീര്‍ഥമാടി..."
പാടിക്കഴിഞ്ഞ് എന്തോ ഒാര്‍മയില്‍ അല്‍പനേരം നിശബ്ദയായ അവളുടെ നോട്ടം ചെന്നത് പുതിയ ലോകത്തേക്ക് കടക്കാന്‍മടിച്ച് വാതില്‍ക്കല്‍ നിന്ന അരവിന്ദിലേക്കാണ്. സാകൂതം അവനെ വീക്ഷിച്ചിട്ട് നേരേ വന്ന് പരിചയപ്പെട്ടു.
"ഞാന്‍ രാഖി രവീന്ദ്രന്‍"
ഉൾക്കടലുകളിലൂടെയുള്ള തന്റെ കപ്പൽയാത്രകൾക്ക് വിരാമമായെന്നും ഇനിയുള്ള നാളുകളിൽ ഇവൾ തെളിക്കുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കേണ്ടിവരുമെന്നും അപ്പോൾ അവനറിഞ്ഞില്ല.
ദിവസവും ഓരോ പുതിയ പോസ്റ്റോഫീസുകളിൽനിന്ന് തപാലുരുപ്പടികളും മണിയോഡറുകളുമായി മേൽവിലാസക്കാരെ അന്വേഷിച്ചുപോകുന്ന പോസ്റ്റ്മാനായും ലോകംചുറ്റുന്ന ഒരു ചരക്കുകപ്പലിൽ സഞ്ചരിച്ച് തുറമുഖങ്ങളിൽനിന്ന് സുഗന്ധദ്രവ്യങ്ങൾ വാങ്ങി ദൂരദേശങ്ങളിൽ വിൽപന നടത്തുന്ന വണിക്കായും സങ്കൽപിച്ച്, അമ്മ എർപ്പെടുത്തിയ നിയന്ത്രണങ്ങളാൽ വിരസമാക്കപ്പെട്ട ജീവിതത്തിൽ പുതുമ കൊണ്ടുവരാൻ യത്നിക്കുകയായിരുന്നു അരവിന്ദ് അക്കാലം. സ്വന്തം പേരുപയോഗിക്കാതെ ഭാവനയിൽ സൃഷ്ടിച്ച എഴുപത്തഞ്ചിലധികം നാമധേയങ്ങൾക്ക് താനെഴുതിയ കവിതകളുടേയും നോവലുകളുടേയും കർതൃത്വം ചാർത്തിക്കൊടുത്ത ഫെർനാൻഡോ പെസോവ എന്ന പോർച്ചുഗീസ് എഴുത്തുകാരനായിരുന്നു അക്കാലത്ത് അവന്റെ ആദർശപുരുഷൻ.
(തുടരും)
Content Summary : Lajjagowri, tantric novel by Sreekumar. V.S - Chapter 1