ADVERTISEMENT

അധ്യായം 6: അനന്തരാവകാശി

ശാന്ത പോകാനിടയുളള എല്ലാ ഇടങ്ങളെക്കുറിച്ചും ലോമപാദന്‍ വിവരങ്ങള്‍ ശേഖരിച്ചു. സൂതന്‍ മുത്തുവിനെ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്തു. സാധാരണഗതിയില്‍ അയാളില്ലാതെ അവള്‍ പുറത്ത് പോകാറില്ല. തനിച്ച് ഒരു യാത്ര പതിവുളളതല്ല. അതും കാല്‍നടയായി എന്നത് തീര്‍ത്തും അചിന്ത്യം. 

ശാന്ത ഒരു സാധാരണ പെണ്‍കുട്ടിയല്ല. അംഗദേശത്തെ രാജകുമാരിയാണ്. വഴിപോക്കരിലൊരാളായി അവളെ സങ്കല്‍പ്പിക്കാന്‍ പോലും ആര്‍ക്കും ആവില്ല. അതികാലത്ത് നിരത്തുകള്‍ വിജനമായതുകൊണ്ട് ആരും തന്നെ ശാന്തയെ കണ്ടതായി പറയുന്നില്ല. അയല്‍വാസികള്‍ പോലും ആ സമയത്ത് ഉണര്‍ന്നിരുന്നില്ല. കുറച്ചുദൂരം കാല്‍നടയായി പോയി വാടകയ്ക്ക് ലഭിക്കുന്ന ഏതെങ്കിലും കുതിരവണ്ടിയില്‍ കയറിപറ്റിയിട്ടുണ്ടാവാം. അതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ രാജാവ് മുത്തു ഉള്‍പ്പെടെ ഒന്നിലധികം സൂതന്‍മാരെ പുറത്തേക്ക് അയച്ചു. ആര്‍ക്കും കൃത്യമായ വിവരം ലഭിച്ചില്ല.

കരഞ്ഞും പതംപറക്കിയും പളളിയറയില്‍ തന്നെയായിരുന്നു വര്‍ഷിണി. അവര്‍ ജലപാനം കഴിച്ചിട്ടില്ല. നിര്‍ബന്ധിച്ച് ഊട്ടാന്‍ ശ്രമിച്ച പരിചാരകര്‍ക്ക് നേരെ അവര്‍ തട്ടിക്കയറി. മഹാരാജാവ് ശ്രമിച്ചിട്ട് പോലും ഫലമുണ്ടായില്ല.

ഒന്നും വേണ്ടിയിരുന്നില്ലെന്ന് ലോമപാദന് തോന്നി. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്ക് ആരെയും നിര്‍ബന്ധിച്ച് പ്രേരിപ്പിക്കേണ്ടതില്ല.

ശാന്ത പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ്. അവള്‍ക്ക് തനതായ വ്യക്തിത്വമുണ്ട്. അഭിപ്രായങ്ങളും തീരുമാനങ്ങളുമുണ്ട്. അവള്‍ക്ക് ഇഷ്ടമില്ലാത്ത ഒരിടത്തേക്ക് പോകാന്‍ അവളോട് പറയുന്നത് തന്നെ അധാര്‍മ്മികമാണ്. അതും ഒരിക്കല്‍ അവളെ പുറം തളളിയ ഒരിടത്തേക്ക്. 

ആര്‍ക്കെങ്കിലും ആവശ്യമുളളപ്പോള്‍ തളളാനും കൊളളാനുമുളളതാണോ ഒരാളുടെ ജീവിതം? മാതാപിതാക്കളാണെന്ന് വരികിലും അതില്‍ ന്യായമില്ല. 

ശാന്തയ്ക്ക് സ്‌നേഹവും സുരക്ഷിതത്വവും ലഭിച്ചത് അംഗദേശത്തു നിന്നാണ്. ഇവിടം വിട്ട് പോകാന്‍ അവളോട് പറയുന്നത് തന്നെ മൃതതുല്യമാണ്. അല്ലെങ്കിലും അതൊക്കെ തീരുമാനിക്കാനുളള അവകാശം അവളില്‍ നിക്ഷിപ്തമാണ്. ഈ കൊട്ടാരത്തിലും താന്‍ ഒരു അനാവശ്യവസ്തുവാണെന്ന് തോന്നിയതു കൊണ്ടാവുമല്ലോ ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ അവള്‍ പലായനം ചെയ്തത്.

ആലോചിച്ചപ്പോള്‍ വല്ലാത്ത ആത്മനിന്ദയും കുറ്റബോധവും തോന്നി ലോമപാദന്. 

ഏത് വിധേനയും ശാന്തയെ മടക്കി കൊണ്ടുവരണം. അവളുടെ മനസിലെ ആശങ്കകള്‍ അകറ്റണം. ആര് എന്ത് പറഞ്ഞാലും എങ്ങനെയൊക്കെ ധരിച്ചാലും താന്‍ മനസിലാക്കിയിടത്തോളം ശാന്ത ഒരു മുത്താണ്. ഒരുപാട് കഴിവുകളാല്‍ അനുഗ്രഹീതയായ പെണ്‍കുട്ടി. അംഗദേശത്തിന്റെ വിളക്കായിരുന്നു അവള്‍. അവളെ നഷ്ടപ്പെട്ട് കൂടാ. 

അന്വേഷണം പല വഴിക്ക് പുരോഗമിക്കുന്നതിനിടയിലാണ് മിന്നായം പോലൊരു ഓർമ വര്‍ഷിണിയുടെ മനസിനെ പൊതിഞ്ഞത്. പണ്ടൊരിക്കല്‍ ഏതോ സന്ദര്‍ഭത്തില്‍ സമാനമായ ഏതോ കാര്യത്തിന്റെ പേരിലുണ്ടായ വാഗ്വാദങ്ങള്‍ക്കിടയില്‍ ശാന്ത തന്നോട് പറഞ്ഞ വാക്കുകള്‍ അവര്‍ ഓർമിച്ചെടുത്തു.

'ഇനിയും എന്നെ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ഊര്‍മ്മിള ചിറ്റയുടെ വീട്ടിലേക്ക് പോവും. അവിടെ ഒരു പെണ്‍കുട്ടിയുടെ കുറവുണ്ട്. മുന്ന് ആങ്ങളമാര്‍ക്ക് ഒരു പെങ്ങള്‍. അംഗദേശത്തേക്കാള്‍ സ്വീകാര്യതയുണ്ടാവും എനിക്ക് അവിടെ'

വര്‍ഷിണി ലോമപാദനോട് വിവരം സൂചിപ്പിച്ചു. 

രഥങ്ങള്‍ ഒരുങ്ങി. പാതയോരങ്ങളിലെ പൊടിപടലങ്ങളെ വിറപ്പിച്ചുകൊണ്ട് രഥചക്രങ്ങള്‍ ഉരുണ്ടു. വര്‍ഷിണിയും ലോമപാദനും ആകാംക്ഷ കൊണ്ട് മിടിക്കുന്ന ഹൃദയവുമായി അതിനുളളില്‍ ഇരുന്നു. കുതിരകളേക്കാള്‍ വേഗതയായിരുന്നു അവരുടെ മനസുകള്‍ക്ക്. എത്രയും വേഗം ഊര്‍മ്മിളയുടെ വസതിയിലെത്തണം.

സമയം കാലവും വേഗതയ്ക്ക് വഴിമാറി. സാധാരണ ഊര്‍മ്മിളയുടെ വീട്ടിലെത്താന്‍ എടുക്കുന്നതിന്റെ പാതിസമയം പോലും എടുത്തില്ല നിര്‍ദ്ദിഷ്ട ലക്ഷ്യത്തിലെത്താന്‍.

മുറ്റത്ത് രഥമിറങ്ങിയതും ഊര്‍മ്മിളയുടെ മക്കള്‍ക്കൊപ്പം ഒളിച്ചുകളിച്ചുകൊണ്ടിരുന്ന ശാന്ത മുന്നില്‍ വന്ന് ചാടിയതും ഒരുമിച്ചായിരുന്നു. കൗമാരം കടന്ന് യൗവ്വനത്തിന്റെ ആദ്യപാദത്തിലെത്തിയ ഒരു പെണ്‍കുട്ടി ഇങ്ങനെ ഒളിച്ചുകളിക്കുന്നത് കണ്ട് വര്‍ഷിണിക്ക് ആ മാനസികാവസ്ഥയിലും ചിരിപൊട്ടി. അതിനുമപ്പുറം ശാന്തയെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സമാശ്വാസത്തിലായിരുന്നു അവര്‍.

ശാന്ത അവരെക്കണ്ട് ഓടിയൊളിക്കാന്‍ നോക്കിയെങ്കിലും വര്‍ഷിണി അവളെ ബലമായി പിടികൂടി.

'എന്ത് പണിയാ മോളെ നീ കാണിച്ചത്. ഞാനും അച്ഛനും എത്രമാത്രം തീ തിന്നെന്നോ?'

'ആരുടെ അച്ഛന്‍?'

അവളുടെ ചോദ്യം കേട്ട് ലോമപാദന്‍ ഒന്ന് നടുങ്ങി.

'അതെന്താ നീ അങ്ങനെ പറഞ്ഞത്?'

'എന്റെ അച്ഛനായിരുന്നെങ്കില്‍ എന്നെ വല്ലവര്‍ക്കും എറിഞ്ഞുകൊടുക്കാന്‍ നോക്കുമായിരുന്നോ?'

'വല്ലവരുമാണോ? നിന്നെ നൊന്തു പ്രസവിച്ച നിന്റമ്മയല്ലേ?'

'പ്രസവിച്ചതുകൊണ്ട് മാത്രം ആരും അമ്മയാവില്ലമ്മേ. അതിന് ഉളളില്‍ നിന്നു വരുന്ന സ്‌നേഹം വേണം. അത് കിട്ടിയെന്ന് തോന്നിയപ്പഴാ ഞാന്‍ അംഗദേശത്ത് നിന്നത്. നഷ്ടപ്പെടുന്നു എന്ന് തോന്നിയപ്പോള്‍ കിട്ടുന്നിടത്തേക്ക് വന്നു'

വര്‍ഷിണി ചുറ്റിലും നോക്കി. മൂന്ന് ചെറിയ ആണ്‍കുട്ടികള്‍ ഒഴികെ മറ്റാരെയും കാണാതെ വന്നപ്പോള്‍ അവര്‍ ചോദിച്ചു.

'ഊര്‍മ്മിളയെവിടെ?'

'ചിറ്റയും ചിറ്റപ്പനും കൂടി ഞങ്ങള്‍ക്ക് പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരിക്കുന്നു. നാളെ എന്റെ പിറന്നാളല്ലേ. ഇക്കുറി അത് സമുചിതമായി ആഘോഷിക്കണംന്ന് ചിറ്റയ്ക്ക് നിര്‍ബന്ധം'

വര്‍ഷിണി അപ്പോഴാണ് ഒരു ഞെട്ടലോടെ ഓര്‍ത്തത്. നാളെ ശാന്തയ്ക്ക് പതിനെട്ട് തികയുകയാണ്. വിവാഹപ്രായം കടന്നിരിക്കുന്നു.

അവര്‍ അര്‍ത്ഥഗര്‍ഭമായി ലോമപാദനെ നോക്കി.

അദ്ദേഹം മുന്നോട്ട് വന്ന് മകളുടെ ശിരസില്‍ തലോടി.

'ഞങ്ങള്‍ക്ക് ഒരു അബദ്ധം പറ്റിപ്പോയി. ഇനി ആരും നിന്നെ എവിടെയും പോകാന്‍ നിര്‍ബന്ധിക്കില്ല. നീ ഞങ്ങള്‍ക്കൊപ്പം അംഗദേശത്തേക്ക് മടങ്ങി വരണം.'

ശാന്ത മറുപടി പറഞ്ഞില്ല. പകരം നിലത്തേക്ക് കുനിഞ്ഞു നിന്ന് പെരുവിരല്‍ കൊണ്ട് മണലില്‍ ചിത്രം വരച്ചു. ലോമപാദന്‍ അറിയാത്ത മട്ടില്‍ ചിത്രത്തിലേക്ക് നോക്കി. വിഷാദവതിയായ ഒരു പെണ്‍കുട്ടി. അവളുടെ വലതുകണ്ണില്‍ നിന്നും ഒരു തുളളി പുറത്തേക്ക് അടര്‍ന്നു വീഴുന്നു.

അയാള്‍ക്ക് വല്ലാത്ത ഹൃദയനൊമ്പരം അനുഭവപ്പെട്ടു. അയാള്‍ക്കറിയാം. ആ ചിത്രം ശാന്തയുടെ മനസാണ്. അവളുടെ ജീവിതമാണ്.

ഇനി ഒരിക്കലും അവളെ വേദനിപ്പിക്കുന്ന ഒന്നും തന്റെയോ വര്‍ഷിണിയുടെയോ ഭാഗത്തു നിന്ന് ഉണ്ടാവില്ല.

എന്ത് തന്നെ സംഭവിച്ചാലും...

കൈനിറയെ പുതുവസ്ത്രങ്ങളുമായി മടങ്ങിയെത്തിയ ഊര്‍മ്മിള പ്രതീക്ഷിക്കാതെ ആങ്ങളയെയും ഭാര്യയെയും കണ്ട് അമ്പരന്നു. 

'ഒരു കുറിമാനം കൊടുത്തയക്കാമായിരുന്നു.'

'എന്തിന്? നിന്നെ കാണാന്‍ വരാന്‍ മുന്നറിയിപ്പുകള്‍ വേണ്ടതുണ്ടോ?'

ലോമപാദന്‍ അനുജത്തിയുടെ കവിളില്‍ സ്‌നേഹത്തോടെ തലോടി.

'അതല്ല. രാജോചിത ഭക്ഷണങ്ങള്‍ ഒരുക്കാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടേ?'

'എന്നും രാജകീയ ഭക്ഷണം കഴിച്ച് മടുത്തു. ഇനി രണ്ട് ദിവസം മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണം മതി'

അതുകേട്ട് ഉഗ്രസേന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.

നാട്ടിലെ വലിയ കര്‍ഷകനാണ് ഊര്‍മ്മിളയുടെ ഭര്‍ത്താവ് ഉഗ്രസേനന്‍.

'എന്തായാലും ശാന്തയുടെ പിറന്നാള്‍ ഇക്കുറി ഗംഭീരമായി ആഘോഷിക്കണം. അതും ഇവിടെ തന്നെ'

ഉഗ്രസേനന്‍ അത് പറഞ്ഞപ്പോള്‍ അനുകൂലിക്കും മട്ടില്‍ ലോമപാദന്‍ അയാളുടെ കരം കവര്‍ന്നു.

പുറമെ തമാശ പറഞ്ഞെങ്കിലും ഊര്‍മ്മിള വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. 

പിറന്നാള്‍ അതിഗംഭീരമായി തന്നെ ആഘോഷിച്ചു.

എല്ലാം കഴിഞ്ഞ് കൊട്ടാരത്തിലേക്ക് മടങ്ങുമ്പോള്‍ ഒപ്പം ശാന്തയുമുണ്ടായിരുന്നു.

കുറച്ചു ദിവസം കൂടി ഇവിടെ ആങ്ങളമാര്‍ക്കൊപ്പം നിന്നിട്ട് പോകാമെന്ന് ഊര്‍മ്മിള നിര്‍ബന്ധിച്ചെങ്കിലും ശാന്ത കേട്ടില്ല.

അവള്‍ക്കറിയാം തന്റെ അസാന്നിദ്ധ്യം വര്‍ഷിണിയെ വിഷമിപ്പിക്കുമെന്ന്. മാത്രമല്ല ഇനിയൊരിക്കലും കോസല എന്നൊരു ദേശത്തെക്കുറിച്ച് മിണ്ടുക പോലുമില്ലെന്ന് മഹാരാജാവ് തന്നെ നേരിട്ട് ഉറപ്പ് തന്നിട്ടുളളതുമാണ്.

ആ വിശ്വാസം നല്‍കിയ ധൈര്യത്തിലായിരുന്നു മടക്കയാത്ര.

യാത്രയിലുടനീളം വര്‍ഷിണി ക്ഷീണിതയായിരുന്നു.

ശാന്തയുടെ മടിയില്‍ തലവച്ചു കിടന്ന് അവര്‍ സഞ്ചരിച്ചു.

ഏറെക്കാലത്തിന് ശേഷമുളള ദീര്‍ഘദൂര യാത്രയുടെ ക്ഷീണം കൊണ്ട് എന്നാണ് ലോമപാദന്‍ ധരിച്ചത്.

കൊട്ടാരത്തിലെത്തും മുന്‍പ് തന്നെ പല കുറി ഛര്‍ദ്ദിച്ചു. എത്തിയ ശേഷവും അത് ആവര്‍ത്തിച്ചു. ഒപ്പം തലചുറ്റലും പതിവായി.

കൊട്ടാരം വൈദ്യന്‍ താത്കാലിക ശമനത്തിനുളള മരുന്നുകള്‍ കൊടുത്തപ്പോള്‍ ഛര്‍ദ്ദി നിന്നു.

ലോമപാദന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

'ഇത് താത്കാലികമാണ്. അടുത്ത ദിവസങ്ങളില്‍ വീണ്ടും ചര്‍ദ്ദിയുണ്ടായേക്കാം. ഭയപ്പെടാനില്ല. ലക്ഷണം കണ്ട് സംശയം തോന്നിയതു കൊണ്ട് ഞാന്‍ സൂക്ഷ്മമായി പരിശോധിച്ചു. സംഗതി ഉദ്ദേശിച്ചത് തന്നെ'

ലോമപാദനും ശാന്തയും ആകാംക്ഷയും ആകുലതയും സമന്വയിച്ച ഭാവത്തില്‍ വൈദ്യരെ നോക്കി.

'മഹാറാണി രണ്ടു മാസം ഗര്‍ഭിണിയാണ്'

ലോമപാദന്റെ മനസില്‍ പൂത്തിരി കത്തി.

ശാന്തയുടെ ഉളളില്‍ അശുഭസൂചനകളുടെ പെരുമ്പറ മുഴങ്ങി.

കിടക്കയില്‍ കിടന്ന് വൈദ്യന്റെ വാക്കുകള്‍ കേട്ട വര്‍ഷിണി ജന്മസാഫല്യം പോലെ മന്ദഹസിച്ചു.

അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

തന്നിലെ സ്ത്രീത്വം ഇതാ അർഥപൂര്‍ണ്ണമാവുകയാണ്.

 (തുടരും)

Content Summary: Santha, Episode 06, Malayalam E Novel Written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com