ADVERTISEMENT

അധ്യായം: രണ്ട് 

അന്നുരാത്രി മഴയും അനിയത്തിക്കുട്ടികളും ഒരുപാടുനേരം വർത്തമാനം പറഞ്ഞിരുന്നു. ഒരു മാസത്തെ വിശേഷങ്ങൾ മുഴുവനുമുണ്ടായിരുന്നു അവർക്കു പങ്കുവയ്ക്കുവാൻ. പാതിരാ കഴിഞ്ഞു മൂവർസംഘം ഉറങ്ങിയപ്പോ. പിറ്റേന്ന് ഉറക്കം തെളിഞ്ഞപ്പോ നല്ല മഴയായിരുന്നു പുറത്ത്.

‘‘ആഹാ, പതിനൊന്നു മണിയാകുന്നതേയുള്ളല്ലോ, ഇന്നെന്താ എന്റെ പിള്ളാര് നേരത്തെ എഴുന്നേറ്റേ?’’

അമ്മയുടെ കളിയാക്കലിന് മഴയാണ് മറുപടി പറഞ്ഞത്: 

‘‘ഒന്നു പോ അമ്മേ, ഈ ശനിയാഴ്ച്ച നേരം വെളുക്കണേനു മുന്നേ എണീറ്റിട്ട് ഇവിടെ എന്തു മല മറിക്കാനാ’’.

‘‘അയ്യോ ഒന്നും ചെയ്യാനില്ല. മക്കള് കിടന്നുറങ്ങിക്കോ, തിങ്കളാഴ്ച്ചയല്ലേ ഇനി സ്കൂളിൽ പോന്നേ, അപ്പോഴേക്കും എണീറ്റാ മതി’’.

‘‘അപ്പോ വിശക്കില്ലേ അമ്മേ?’’. നിലാവിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് എല്ലാവരും ചിരിയായി.

‘‘അച്ചോടാ, എന്റെ നീലൂട്ടിക്ക് വിശക്കാൻ തുടങ്ങിയാ, എന്നാ എണീറ്റ് പല്ലൊക്കെ തേച്ചിട്ട് വായോ. അമ്മ നല്ല ചൂടു പുട്ടും ചിക്കൻ കറീം ഉണ്ടാക്കി വെച്ചിട്ടുണ്ട്’’. പുട്ടും ചിക്കനും എന്നു കേട്ടതേ എല്ലാരും ചാടിയെണീറ്റു.

അര മണിക്കൂറിനുള്ളിൽ പല്ലു തേച്ചു കുളിച്ചു റെഡിയായി മൂന്നുപേരും ഡൈനിങ് ടേബിളിനു മുന്നിലെത്തി.

‘‘അച്ഛനെവിടെ അമ്മേ?’’ നിളയുടെ ചോദ്യം.

‘‘ഇന്നലെ പറഞ്ഞില്ലാരുന്നോ, അച്ഛന്റെ ഒരു ഫ്രണ്ടിന്റെ മകളുടെ കല്യാണം ഉണ്ടെന്ന്, അതിനു പോയതാ’’

" ആം , പറഞ്ഞാരുന്നു.ഞാൻ മറന്നു പോയതാ " , നിളയുടെ മറുപടി.

‘‘ഏതു ഫ്രണ്ടിന്റെയാ അമ്മേ, ഞാനറിയുന്ന ആരെങ്കിലുവാണോ?’’ മഴ ചോദിച്ചു.

‘‘അച്ഛൻ മുൻപ് പാലക്കാട് ജോലി ചെയ്തിരുന്നപ്പോ കൂടെയുണ്ടാരുന്ന ഒരു സൂരജങ്കിളിനെ ഓർക്കുന്നുണ്ടോ നീ, നമ്മൾ ഒരു പ്രാവശ്യം അവരുടെ വീട്ടിലൊക്കെ പോയിട്ടുണ്ട്’’.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

‘‘ആഹാ സൂരജങ്കിളിന്റെ മകളുടെ കല്യാണവാണോ, ഞാനോർക്കുന്നുണ്ടമ്മേ. സൂരജങ്കിളും ലതാന്റിയും’’, മഴ മറുപടി പറഞ്ഞു.

അമ്മയുടേം ചേച്ചിമാരുടേം കൂടെക്കൂടി വർത്തമാനമൊന്നും പറഞ്ഞ് സമയം കളയാതെ പുട്ടും ചിക്കനും ആസ്വദിച്ചു ശാപ്പിടുകയാണ് നിലാവ്. പുട്ട് ചിക്കൻ ചാറൊഴിച്ചു കുഴച്ച് ചോറുരുളപോലെ ഉരുട്ടി ഒരു പ്രത്യേക രീതിയിലാണ് അവൾ ശാപ്പിടുന്നത്. മൂന്നുനാലുരുള കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒരു കവിൾ ചായ, അതാണ് നിലാവിന്റെ രീതി.

ഭക്ഷണം കഴിച്ചെഴുന്നേറ്റപ്പോഴേക്കും മഴ മാറി മാനം തെളിഞ്ഞു. ‘‘ഹാവൂ ആശ്വാസമായി’’. പുറത്തേക്കു നോക്കികൊണ്ട് അമ്മ പറഞ്ഞു. രണ്ടു വർഷം മുൻപുണ്ടായ പ്രളയം കഴിഞ്ഞതിൽപ്പിന്നെ നിർത്താതെ മഴ പെയ്താൽ ചങ്കിനകത്ത് ഒരു തീയാണെല്ലാർക്കും. വീട്ടിനുള്ളിൽ വെള്ളം കയറുന്നതും ക്യാംപിലേക്ക് ഓടുന്നതുമൊന്നും ഒട്ടും സുഖമുള്ള കാര്യങ്ങളല്ലല്ലോ.

‘‘അമ്മേ , ബാഗീന്ന് എന്റെ ഡ്രസൊക്കെയെടുത്താരുന്നോ? അതിൽ കുറേ അലക്കാനുള്ളതാ, ഞാൻ അലക്കിക്കോളാം’’. മഴ വിളിച്ചു പറഞ്ഞു.

‘‘ഞാനെന്താ ഈ കേൾക്കുന്നേ?’’ അമ്മയ്ക്കത്ഭുതം. ‘‘എന്റെ ഡ്രസ് അലക്കിയാരുന്നോ അമ്മേന്ന് വിളിച്ചു ചോദിച്ചോണ്ടിരുന്ന പെണ്ണാ, ഇപ്പോ ഞാൻ അലക്കിക്കോളാന്ന്. ഏതായാലും ഒരു മാസം ഹോസ്റ്റലിൽ നിന്നതുകൊണ്ട് പ്രയോജനം ഉണ്ടായി’’. അമ്മ ചിരിച്ചു.

‘‘നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നമ്മൾതന്നെ ചെയ്യേണ്ടേ അമ്മേ. പിന്നെ ഞാൻ അലക്കാന്നു പറയുമ്പോ അമ്മ തന്നെയാരുന്നു പറയുന്നേ, നീ അലക്കിയാ ശരിയാവില്ല, ചെളി പോവില്ലാന്നൊക്കെ, ഞാൻ പറഞ്ഞതു സത്യവല്ലേ?’’ മഴ ചോദിച്ചു.

‘‘എന്നാ ഇന്നു തൊട്ട് നീ തന്നെ അലക്കിക്കോ, വൃത്തിയായിട്ടൊക്കെ അലക്കണം കേട്ടോ’’, അമ്മ ചിരിച്ചു.

‘‘അതൊക്കെ ഞാൻ ചെയ്തോളാം അമ്മേ, അമ്മ നോക്കിക്കോ, ഞാനലക്കുന്ന ഡ്രസ്സൊക്കെ ഇങ്ങനെ തിളങ്ങിനിൽക്കും’’. മഴ മറുചിരി ചിരിച്ചു.

‘‘അപ്പോ എന്റെ ഡ്രസ് ഇനി ഞാൻ അലക്കണോ അമ്മേ?’’, ഈ സംസാരമൊക്കെ കേട്ടുനിന്ന നിലാവിന്റെ ചോദ്യം.

‘‘അയ്യോ, എന്റെ കൊച്ച് ഇപ്പോ അലക്കുവൊന്നും വേണ്ടാട്ടോ, അതൊക്കെ ചേച്ചിയെപ്പോലെ വല്യ ആളായിട്ടു മതി’’.

അമ്മയുടെ മറുപടികേട്ട് നിലാവിന് സന്തോഷമായി.

‘‘അപ്പോ ഞാനോ’’. നിളയുടെ സംശയം.

‘‘ഇവൾക്കിനി തുണിയൊക്കെ അലക്കാം അല്ലേ അമ്മേ? നീലൂട്ടീടെ ഡ്രസ്സും ഇവളുതന്നെ അലക്കട്ടെ’’. മഴയുടെ മറുപടി കേട്ട് ‘‘എനിക്കൊന്നും വയ്യേ’’ എന്നു ചിണുങ്ങിക്കൊണ്ട് നിള അകത്തേക്കോടി.

അലക്കും ഉച്ചയൂണും ഒക്കെ കഴിഞ്ഞ് വരാന്തയിലിരുന്ന് അമ്മയും മക്കളും വെറുതെ വർത്തമാനം പറഞ്ഞിരിക്കുന്ന നേരത്താണ് നരച്ചു തുടങ്ങിയ ഒരു പച്ച ജുബ്ബായും ഇളംപച്ച കരയുള്ള മുണ്ടും ഉടുത്ത് ഒരു കാലൻ കുടയും തോൾസഞ്ചിയുമായി മാധവൻ മാമൻ കയറി വരുന്നത്.

‘‘ദേ മാധമ്മാമ’’ എന്നു പറഞ്ഞുകൊണ്ട് നിലാവ് ഓടിപ്പോയി മാധവൻ മാമന്റെ തോളിൽ കയറി. നീലൂട്ടീന്ന് വിളിച്ച് മാമൻ അവളെ കോരിയെടുത്തു.

കുറേ നാളായിരുന്നു മാമൻ സൂര്യകാന്തിയിലേക്കു വന്നിട്ട്. സുഭദ്രമ്മായി മരിച്ചതിൽപിന്നെ മാധവൻ മാമൻ ഒറ്റയ്ക്കാണ്. മക്കൾ രണ്ടുപേരും ആകാവുന്നപോലെ ഒക്കെ പറഞ്ഞു നോക്കിയിട്ടും അവരുടെ ഒപ്പം പോകാൻ തയ്യാറായിട്ടില്ല അദ്ദേഹം.

മുൻപൊരിക്കൽ വന്നപ്പോൾ ‘മാധവൻ മാമനെന്തിനാ ഒറ്റയ്ക്ക് താമസിക്കുന്നേ’ന്ന് നിളമോൾ ചോദിക്കുകയുണ്ടായി.

‘‘ഞാൻ ഒറ്റയ്ക്കല്ല കുഞ്ഞേ, അവൾ ഇപ്പോഴും എന്റെ കൂടെ തന്നെയുണ്ട്’’, എന്നതായിരുന്നു മാമന്റെ മറുപടി.കുറേക്കാലം കഴിഞ്ഞു മാമനെ കണ്ടപ്പോ ആ ഓർമ്മകളൊക്കെ മഴയുടെ മനസ്സിൽ ഓടിയെത്തി.

‘‘ഏട്ടൻ ഊണു കഴിച്ചിട്ടാണോ ഇറങ്ങിയേ?’’ അമ്മ ചോദിച്ചു. 

‘‘ഊണൊക്കെ നേരത്തെ കഴിച്ചു മോളേ, നീ കടുപ്പം കൂട്ടിയൊരു കട്ടൻചായ എടുത്തോ’’.

‘‘ഇപ്പോ എടുക്കാം എട്ടാ’’. അമ്മ അടുക്കളയിലേക്ക് പോയി. അധികം വൈകാതെ കട്ടൻ ചായയുമായി മഴ മാമനടുത്തേക്കെത്തി.

‘‘ഇത്ര പെട്ടെന്ന് ചായയായോ’’, മാമൻ ചോദിച്ചു.

‘‘പിന്നെ, അമ്മയ്ക്കിതിനൊക്കെ നിസ്സാര സമയം പോരേ’’, മഴ ചിരിച്ചു.

ചായ കുടിക്കുന്ന സമയം ചേച്ചീടെ ഹോസ്റ്റലിലേക്കു പോക്കും തിരിച്ചുളള വരവുമെല്ലാം നിളയും നിലാവും ചേർന്ന് വിശദമായി മാമനോട് വിവരിച്ചു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

‘‘അതേതായാലും നന്നായി മോളേ. എത്ര നാളാ ഇങ്ങനെ എല്ലാർക്കുംകൂടെ ഒരുമിച്ചു താമസിക്കാൻ പറ്റുന്നേന്നറിയില്ലല്ലോ. അപ്പോ പറ്റുന്ന കാലത്തോളം എല്ലാരും ഒരുമിച്ചുതന്നെ താമസിക്കണം. ഇങ്ങനെ സന്തോഷവായിട്ട് സ്നേഹവായിട്ടിരിക്കണം’’.

മാമൻ പറഞ്ഞതിന്റെ അർത്ഥം നിളയ്ക്കും നിലാവിനും അത്ര കാര്യമായി മനസ്സിലായില്ലെങ്കിലും മഴയ്ക്ക് മനസ്സിലായി. അവളുടെ കണ്ണു നിറഞ്ഞു.

അന്നു രാത്രി മഴ തന്റെ ഡയറിയിൽ ഇങ്ങനെ എഴുതി; ‘സ്നേഹിക്കുന്ന മനുഷ്യർ ശരിക്കും എവിടേക്കും പോകുന്നില്ല. മരിച്ചുപോയാലും അവർ സ്നേഹമായിട്ട് നമ്മുക്കൊപ്പംതന്നെ ഉണ്ടാകും. മാധവൻ മാമന്റെ കൂടെ സുഭദ്രമ്മായി ഇപ്പോഴും ഉള്ളതുപോലെ’.

(തുടരും)

English Summary:

Mazha, Nila, Nilavu Children's Novel written by M J Jins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com