ADVERTISEMENT

അധ്യായം: മൂന്ന്

പിറ്റേന്നു രാവിലെ ചായകുടി കഴിഞ്ഞപ്പോ മാധവൻ മാമൻ പിള്ളാരോടു ചോദിച്ചു; ‘‘ഇന്നു ഞായറാഴ്ച്ചയായിട്ടെന്താ പരിപാടി?’’.

‘‘പ്രത്യേകിച്ചു പരിപാടിയൊന്നും ഇല്ല മാമ’’. നിളയാണുത്തരം പറഞ്ഞത്.

‘‘എന്നാ നമ്മൾക്കിത്തിരി പച്ചക്കറി നട്ടാലോ, ആ അടുക്കള വശത്ത് ഇത്തിരി മണ്ണ് വെറുതെ കിടപ്പില്ലേ, അവിടം നമ്മൾക്കൊരു പച്ചക്കറി തോട്ടവാക്കാം’’. മാമന്റെ ഐഡിയകേട്ട് പിള്ളാർക്കും ഉത്സാഹമായി.

അവിടെ കിടന്നിരുന്ന പ്ലാസ്റ്റിക് കൂടുകളും കുപ്പികളുമൊക്കെ നിളയും നിലാവും കൂടിയാണ് എടുത്തുമാറ്റിയത്. മഴ വീടിനു പുറത്തെ പണിയായുധങ്ങളൊക്കെ വയ്ക്കുന്ന ഷെഡ്ഡിൽനിന്നു മൺവെട്ടിയും തൂമ്പയും എടുത്തുകൊണ്ടു വന്നു. മാമൻ മണ്ണൊരുക്കി. വെണ്ടയുടെയും പയറിന്റെയും പാവലിന്റെയും വിത്ത് മാധവൻ മാമന്റെ തുണിസഞ്ചിക്കുള്ളിലുണ്ടായിരുന്നു. മാമൻ പറഞ്ഞ പ്രകാരം കുട്ടികൾ ആ വിത്തുകൾ മണ്ണിൽ പാകി.

‘‘നമ്മൾ നട്ടുനനച്ചുണ്ടാക്കുന്നതിനൊക്കെ ഒരു പ്രത്യേക രുചിയാ മക്കളേ, ആ രുചി കടേന്നു വാങ്ങുന്നതിനുണ്ടാവില്ല’’, മാമൻ പറഞ്ഞു.

‘‘അതു ശരിയാ മാമാ, വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടെങ്കി ഒത്തിരി നല്ലതാന്ന് ഞങ്ങടെ ടീച്ചറും പറഞ്ഞിട്ടുണ്ട്. മാർക്കറ്റീന്നു വാങ്ങുന്ന ഫ്രൂട്ട്സിലും വെജിറ്റബിൾസിലുവൊക്കെ കേടാകാതിരിക്കാൻ വിഷം അടിക്കുവത്രേ’’, മഴ പറഞ്ഞു.

‘‘ആഹാ, ഇതൊക്കെ അറിഞ്ഞിട്ടാണോ ഈ സ്ഥലവൊക്കെ ഇത്രനാളും ഇങ്ങനെ വെറുതെയിട്ടിരുന്നേ?. ഇത്തിരി മണ്ണെങ്കിലിത്തിരി മണ്ണ്, അതിൽ നടാൻ പറ്റുന്നതൊക്കെ നമ്മൾ നടണം’’. മാമൻ പറഞ്ഞു.

‘‘സോറി മാമാ, ഇനി ശ്രദ്ധിച്ചോളാം’’, മഴയുടെ മറുപടി.

‘‘സോറിയൊന്നും പറയല്ലേ കൊച്ചേ, ഈ തോട്ടം ഞാൻ നിന്നെയാ ഏൽപ്പിക്കുന്നേ. നമ്മളീ നട്ടതൊക്കെ മുളയ്ക്കുമ്പോ കള കേറാതേം പുഴു തിന്നാതേം നീ വേണം നോക്കാൻ. പുഴൂം പ്രാണികളുവൊക്കെ ശല്യവായിത്തുടങ്ങിയാ പുകയില കഷായം തളിച്ചാ മതി. അതുണ്ടാക്കാൻ അമ്മയ്ക്കറിയാം’’, മാമൻ പറഞ്ഞു.

‘‘ഞാനും നോക്കിക്കോളാം മാമാ, പുഴൂനെയൊക്കെ ഞാൻ കൊന്നോളാം’’, നിള പറഞ്ഞു.

‘‘മിടുക്കി’’, മാമൻ ചിരിച്ചു.

‘‘ഞാനും നോക്കിക്കോളാം മാമാ’’, നിലാവിന്റെ വാക്കുകൾ.

‘‘അതുപിന്നെ എനിക്കറിയാലോ, എന്റെ നീലൂട്ടി നോക്കിയില്ലേ പിന്നെയാരാ ഇതൊക്കെ നോക്കുന്നേ’’. മാമന്റെ വാക്കുകൾ കേട്ട് നിലാവിന്റെ മുഖത്ത് നിലാവുദിച്ചു.

‘‘ഊണു കഴിച്ചിട്ട് ഞാനങ്ങിറങ്ങും കേട്ടോ’’ 

മാമന്റെ ആ വാക്കുകൾ ആരും പ്രതീക്ഷിച്ചിരുന്നതല്ല.

‘‘അയ്യോ, രണ്ടു ദിവസം കൂടിയേലും നിന്നിട്ടു പോകാം മാമാ, ഇപ്പോ എത്ര നാൾ കൂടിയാ മാമൻ ഇങ്ങോട്ട് വരുന്നേ’’ മഴ ചോദിച്ചു.

‘‘ചെന്നിട്ട് കാര്യങ്ങളുണ്ട് മോളേ, വടക്കേ പറമ്പിൽ പണിക്കാരുണ്ടാകും നാളെ. ഞാൻ ചെന്നില്ലെങ്കിൽ ഒന്നും ശരിയാവില്ല. അധികം വൈകാതെ ഞാൻ ഇനീം വരും’’,‌ മാമൻ പറഞ്ഞു.

‘‘മാമൻ പോയിട്ട് അടുത്തയാഴ്ച്ച വരുവോ?’’, നിളയുടെ ചോദ്യം.

‘‘അയ്യോ അടുത്തയാഴ്ച്ച വരാൻ പറ്റുവോന്നറിയില്ല മോളേ, അടുത്ത മാസം ഏതായാലും വരാം’’. മാമൻ നിളമോൾക്കു വാക്കു കൊടുത്തു.

ഊണു കഴിച്ച് അധികം വൈകാതെ യാത്ര പറഞ്ഞിറങ്ങി മാധവൻ മാമൻ. കുട്ടികളെല്ലാം കെട്ടിപ്പിടിച്ച് ചക്കരയുമ്മ നൽകിയാണ് മാമനെ യാത്രയാക്കിയത്. 

‘‘പാവം മാധമ്മാമ’’ ഗേറ്റ് കടന്നുപോകുന്ന മാമനെ നോക്കിക്കൊണ്ട് സങ്കടത്തോടെ നിലാവ് പറഞ്ഞു. അവളെ ചേർത്തുപിടിച്ച് അമ്മ അകത്തേക്ക് കയറി. 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

നാലഞ്ചു ദിവസത്തെ ലോകസഞ്ചാരം കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയോടെ കുറിഞ്ഞിപ്പൂച്ച സൂര്യകാന്തിയിൽ തിരിച്ചെത്തി. കുറിഞ്ഞിയെന്നത് അമ്മ ഇട്ട പേരാണ്. കുട്ടികൾ വിളിക്കുന്നത് കുഞ്ഞാപ്പിയെന്നും. കുറിഞ്ഞിയെന്നു വിളിച്ചാലും കുഞ്ഞാപ്പീന്നു വിളിച്ചാലും ആൾ ഓടി വരും. മുട്ടിയുരുമ്മി സ്നേഹം കാട്ടും. ഇടയ്ക്കിടക്കിങ്ങനെ ആരോടും പറയാതെ ടൂർ പോകുന്ന കാര്യം മാറ്റി നിർത്തിയാൽ ആളൊരു പെർഫെക്ട് ജെന്റിൽമാനാണ്. ഇറച്ചിയും മീനും അടക്കം ഒന്നിനോടും വലിയ കൊതിയില്ല. മീൻ വെട്ടുമ്പോ അമ്മേടെ അടുത്തു വന്നിരിക്കുമെന്നല്ലാതെ ഒരുപാട് കരഞ്ഞ് ബഹളം കൂട്ടുകയോ മീൻപാത്രത്തിൽ തലയിടാൻ ശ്രമിക്കുകയോ ചെയ്യാറില്ല. അമ്മ കൊടുക്കുന്ന തലയോ വാലോ എന്തെങ്കിലും കിട്ടിയാ മതി ആളു ഹാപ്പിയാവാൻ. അതുതന്നെ അധികമൊന്നും വേണ്ടതാനും. സൂര്യകാന്തിയിൽ എലികൾ ഇല്ലാതായതും കുറിഞ്ഞിയുടെ കടന്നുവരവിനു ശേഷമാണ്. എലിയെ മാത്രമല്ല പാറ്റയും പല്ലിയും അടക്കം വിളിക്കാതെ വീട്ടിൽ കയറി വരുന്ന എല്ലാരുടെയും കഥ തീർക്കും കുട്ടികളുടെ കുഞ്ഞാപ്പി.

കുട്ടികളുമായുള്ള കുഞ്ഞാപ്പീടെ കളിമേളങ്ങൾ ഒന്നു കാണേണ്ടതു തന്നെയാണ്. കുഞ്ഞാപ്പിയെ മടിയിലിരുത്തി അവന്റെ മീശേലും ചെവിയേലുവൊക്കെ പിടിച്ചു വലിക്കുന്നത് നീലൂട്ടീടെ സ്ഥിരം പരിപാടിയാണ്.

‘‘അതിനു നോവും കൊച്ചേ, നൊന്തു കഴിഞ്ഞാ മാന്തും കേട്ടോ’’, അമ്മ പറയും. പക്ഷേ, തന്റെ ദേഹം നൊന്താലും കുട്ടികളെ ഇതുവരെ നോവിച്ചിട്ടില്ല കുഞ്ഞാപ്പി. ഇടയ്ക്ക് കട്ടിലിന്റെ പടിയേലും മൂവാണ്ടൻ മാവിന്റെ തടിയേലുമൊക്കെ ഉരച്ച് മൂർച്ച കൂട്ടുന്ന ആ നഖങ്ങൾ അറിയാതെപോലും അവരുടെ ദേഹത്തു കൊള്ളാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കും. വൈകിട്ട് സ്കൂൾ കഴിഞ്ഞെത്തിയ മഴയ്ക്കും പിള്ളാർക്കും കുഞ്ഞാപ്പീനെകണ്ട് ഒരുപാട് സന്തോഷമായി. ബാഗ്പോലും വെയ്ക്കും മുന്നേ നിലാവ് ഓടിച്ചെന്ന് കുഞ്ഞാപ്പിനെ പൊക്കിയെടുത്തു. ‘‘ഇനിയിങ്ങനെ പോയാ നിന്നെ ഇടിച്ചു ചമ്മന്തിയാക്കും ഞാൻ’’, അവളുടെ ഭീഷണികേട്ട് കുഞ്ഞാപ്പി സ്നേഹത്തോടെ കരഞ്ഞു.

ടി വി ഓൺ ആക്കി ടോം ആൻഡ് ജെറി കണ്ടുകൊണ്ടായിരുന്നു അന്നു കുട്ടികളുടെ ചായകുടി. നിലാവിന്റെ മടിയിൽ ഇരിപ്പുറപ്പിച്ച് കുഞ്ഞാപ്പിയുമുണ്ട് കാർട്ടൂൺ കാണാൻ.

‘‘ഈ ടോമിന്റെ അതേ സ്വഭാവവാ നിനക്കും, തല്ല് ചോദിച്ചു വാങ്ങും’’. നീലൂട്ടീടെ മടിയിലിരിക്കുന്ന കുഞ്ഞാപ്പീടെ കുഞ്ഞിച്ചെവിയിൽ ചെറുതായി ഒന്നു തിരുമ്മിക്കൊണ്ട് നിള പറഞ്ഞു. ‘‘എന്റെ കൊച്ചിനെ ഉപദ്രവിക്കാതെ ചേച്ചി’’ ചേച്ചി തിരുമ്മിയ ചെവിയിൽ നീലൂട്ടീടെ തലോടൽ. കാർട്ടൂൺ കഴിഞ്ഞപ്പോ ടിവി ഓഫാക്കാൻ അമ്മ പറഞ്ഞു. ‘‘പോയി കുളിച്ചിട്ട് വല്ലോം പഠിക്ക് പിള്ളാരേ, എപ്പഴും ഇങ്ങനെ കളി മാത്രവായിട്ടിരിക്കാതെ’’. പഠിക്കാൻ പറഞ്ഞത് പിള്ളാർക്കത്ര ഇഷ്ടായില്ല. എന്നാലും അമ്മ പറഞ്ഞാൽ അനുസരിക്കാതെ പറ്റില്ലല്ലോ, അവർ ടി വി ഓഫ് ചെയ്ത് എഴുന്നേറ്റു.

(തുടരും)

English Summary:

Mazha, Nila, Nilavu Children's Novel written by M J Jins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com