ADVERTISEMENT

അധ്യായം: പതിനാറ്

കൂരിരുട്ടിൽ നിന്ന് മിന്നായം പോലെ ഒരു രൂപം പറന്നു വരുന്നത്, ചിരുതയുടെ വീടിന്റെ മുറ്റത്ത് നിന്നിരുന്നശ്രീധരന്റെ സഹായികളിലൊരുവൻ കണ്ടു. അടുത്ത നിമിഷം കൂട്ടുകാരൻ ചവിട്ടേറ്റ് പത്തടിയകലേയുള്ള തൊടിയിലെ നാട്ടുമാവിന്മേൽ തെറിച്ചു വീണു. മാവു കുലുങ്ങി ഉണക്ക കൊമ്പ് അടർന്നു വീണു. പ്രതിരോധിക്കാനായി മറ്റേയാൾ തയാറാകുമ്പോഴേക്കും നാഭിയിൽ കിട്ടിയ ചവിട്ടിൽ വാ പിളർന്നുപോയി. തന്നെ ആക്രമിക്കുന്നതാരാണെന്നറിയാനായി തല തിരിക്കുമ്പോഴെക്കും നെഞ്ചിൻകൂട് തകരുന്ന വിധത്തിൽ അടുത്ത ആഘാതമേറ്റു. ആമാശയത്തിൽ നിന്നും തൊണ്ടയിലേക്ക് ഇരച്ചെത്തിയ ദ്രാവകം പുറത്തേക്ക് തെറിച്ചു. കൊഴുത്ത ചോര. ഒരു ആര്‍ത്തനാദത്തോടെ അവൻ നിലത്തു വീണു.

ചിരുതയുടെ കൈയ്യില്‍ കടന്നു പിടിച്ച ശ്രീധരൻ മുറ്റത്തു നിന്നുള്ള അലർച്ച കേട്ടാണ് തിരിഞ്ഞു നോക്കിയത്. കൊടുങ്കാറ്റുപോലെ ഒരാൾ കുതിച്ചു വരുന്നു. പിന്നിലെ ചുമരിൽ തലയിടിച്ച് ശ്രീധരൻ നിലത്തു വീണു. എഴുന്നേൽക്കാനൊരു ശ്രമം നടത്തുമ്പോഴേക്കും കാലുകളില്‍ തൂക്കിയെടുത്ത് എതിരാളി ശ്രീധരനെ പുറത്തേക്കെറിഞ്ഞു. വരാന്തയും കടന്ന് ശ്രീധരൻ മുറ്റത്ത് മലർന്നടിച്ച് വീണു. കൈകുത്തി പതുക്കെ വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ച ശ്രീധരന്റെ വലതുകൈ പ്രഹരമേറ്റ് ഒടിഞ്ഞു തൂങ്ങി. ചിരുതയെ കടന്നു പിടിച്ച വലതുകൈ. വേദനകൊണ്ട് പുളഞ്ഞ ശ്രീധരന് ഉറക്കെ കരയാൻ പോലും സാധിച്ചില്ല.

മുറ്റത്തു വീണു കിടന്ന മൂവരെയും ഇടവഴിയുടെ ഓരത്തെ മൺതിട്ടയിൽ കൊണ്ടുപോയി കിടത്തിയിട്ട് ഉമ്മറ കോലായിലേക്ക് അവൻ കയറി വന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഭയവിഹ്വലയായി നിന്ന ചിരുതയുടെ മുന്നിൽ തൂക്കുവിളക്കിന്റെ തെളിച്ചത്തിൽ പെരുമാൾ കാവിലെ ലക്ഷണമൊത്ത പുരുഷശിൽപമായി അവൻ നിന്നു. ചെമ്പൻ. തുരുത്തി പാടത്തു നിന്നും ദിശയറിയാതെ നടന്നവൻ ഒടുവില്‍ എത്തിയത് ചിരുതയുടെ വീട്ടുമുറ്റത്ത് തന്നെയായിരുന്നു. ചിരുതയുടെ കണ്ണ് നിറഞ്ഞു. അവളോടി ചെമ്പന്റെ മാറിൽ തല ചായ്ച്ചു തേങ്ങി കരഞ്ഞു. അന്നു മുതൽ ചിരുതയ്ക്ക് കാവലാളായി ചെമ്പൻ മാറി. മുനിഞ്ഞു കത്തുന്ന എണ്ണവിളക്കിന്റെ ചോട്ടിൽ, വരാന്തയിൽ ഒരു കൈതോല പായയും വിരിയും ചെമ്പനായി മാറ്റിവയ്ക്കപ്പെട്ടു. പിറ്റേന്നു മുതൽ ചിരുതയോടൊപ്പം വൈദ്യ ചികിത്സയിൽ ചെമ്പനും ചേർന്നു. വളരെ പെട്ടെന്നു തന്നെ ചെമ്പന്റെ പ്രസിദ്ധി നാട്ടിലെങ്ങും വ്യാപിച്ചു. പാണന്മാർ ചെമ്പനെയും വാഴ്ത്തി പാടാൻ തുടങ്ങി. ശ്രീധരനും സംഘത്തിനും ഒന്നര മാസത്തോളം കിടക്ക പായയിൽ നിന്ന് എഴുന്നേൽക്കാനായില്ല. നാട്ടുകാർക്ക് പ്രത്യേകിച്ച് കിടാത്തിമാർക്ക് ശ്രീധരന്റെ ശല്യം അതോടെ ശമിച്ചു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

തുരുത്തി പാടവും പരിസരവും മഞ്ഞ് വീണ് കുതിർന്ന ഒരു പൗർണമി രാവിൽ, വീടിന്റെ വരാന്തയിൽ ചിരുതയോടൊപ്പം ഔഷധ കൂട്ടുകൾ ഒരുക്കുമ്പോഴാണ് ചെമ്പൻ തന്റെ ജീവിത രഹസ്യങ്ങൾ വെളിപ്പെടുത്തിയത്. പാലോറ മലയുടെ താഴ്‌വാരവും കൈതപ്പുഴയും വളർത്തച്ഛനും ഗോത്രമുഖ്യനും കുഞ്ചനുമെല്ലാം ചിരുതയ്ക്ക് മുന്നിൽ ഒരു കടങ്കഥ പോലെ വെളിപ്പെട്ടു. താൻ കാരണം യോഗാചാര്യ പട്ടം ചെമ്പന് നഷ്ടപ്പെടുമെന്നോർത്ത് ചിരുതയ്ക്ക് വല്ലാതെ സങ്കടം വന്നു. അവളവനെ മാറോട് ചേർത്തു പിടിച്ചു. നെറ്റിയിൽ ചുംബിച്ചു. പൂത്തുവിടർന്ന നിലാവിൽ മഞ്ഞൊരു പൂത്തുമ്പിയെ പോലെ പാറികളിച്ചു. അപ്പോഴും ചന്ദ്രവിമുഖിയെ കുറിച്ച് ചെമ്പനൊന്നും പറയാത്തത് ചിരുത പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നിട്ടും അതിനെ കുറിച്ച് അവളൊന്നും ചോദിച്ചില്ല. എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ ചോദിക്കാതെ തന്നെ അക്കാര്യം ചെമ്പന്‍ തന്നോട് പറയുമെന്നവൾ വിശ്വസിച്ചു. അതുവരെ, എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയാറാണ്. പ്രിയപ്പെട്ട അച്ഛന് വേണ്ടി ഒരിക്കൽ ഞാനത് കണ്ടെത്തുക തന്നെ ചെയ്യും. ചെമ്പനും ചന്ദ്രവിമുഖിയും ഒന്നിച്ചു വേണമെന്നവൾ ആഗ്രഹിച്ചു.

നേരം പുലരാൻ നേരത്താണ് ചിരുത ഉറങ്ങാനായി അകത്തേക്ക് പോയത്. മഞ്ഞൊരു ഇഴജന്തുവിനെപോലെ അകത്തു കയറി ചുരുണ്ട് കിടക്കാൻ ശ്രമിക്കുന്നുണ്ട്. പുറത്തെ ഈ കുളിരു കോരുന്ന തണുപ്പത്ത് ചെമ്പനെകോലായിൽ കിടത്തുന്നതിൽ അവൾക്ക് വിഷമം തോന്നി. ചെമ്പനെ അകത്തേക്ക് വിളിച്ചാലോ? ചെമ്പൻ വരുമോ? അച്ഛനുമമ്മയും കിടന്നിരുന്ന മുറി ഒരുക്കി കൊടുക്കാം. അല്ലെങ്കിൽ തന്റെ മുറിയിലേക്ക് ക്ഷണിച്ചാലോ. "അയ്യട.. അതു വേണ്ട." മനസ്സിനുള്ളിൽ നിന്നും പൊട്ടി വിടർന്ന നാണത്തെ പിടിച്ചു നിർത്തി വിവേകവിചാരത്തോടെ ചിരുത സ്വയം പറഞ്ഞു. എങ്കിലും നാണത്താൽ പൂത്തു വിടർന്ന പുഞ്ചിരിയിൽ ഒരു നിമിഷം അവളുടെ കവിളുകളിൽ അഴകുള്ള നുണക്കുഴികൾ വിരിഞ്ഞു. അത് മറച്ചുവെച്ചാണ് ചിരുത ചെമ്പനെ വിളിക്കാനായി ഉമ്മറ പടിവാതിലിലേക്ക് വീണ്ടും പോയത്.

പക്ഷേ അപ്പോഴേക്കും പാലോറ മലയുടെ കിഴക്കൻ ആകാശത്ത് ആരോ കുത്തിക്കൊന്ന രാത്രിയുടെ ചെഞ്ചോര തുള്ളികൾ തെറിച്ചു വീഴാൻ തുടങ്ങിയിരുന്നു. തുരുത്തി കാടിന്റെ മറുവശത്ത്, കൈതപ്പുഴയുടെ തീരത്ത് അടുപ്പിച്ച ചങ്ങാടങ്ങളിൽ നിന്നും കുഞ്ചനും യോദ്ധാക്കളും ആയുധങ്ങളുമായി ചാടിയിറങ്ങി. അൽപദൂരം മുന്നോട്ട് നടന്ന് കാട്ടു പുല്ലുകൾ കുറഞ്ഞ ഒരു പറമ്പത്ത് അവരിരുന്നു. മുളങ്കുറ്റിയിൽ നിന്നും വലിച്ചെടുത്ത കാത്തുപോത്തിന്റെ തോല്‍ നിവർത്തി വെച്ചു. തുരുത്തി കാടും കാടിനുള്ളിലെ പ്രധാന ഊടുവഴികളുമെല്ലാം അതിൽ വരച്ചു വെച്ചിരുന്നു. കുഞ്ചൻ യോദ്ധാക്കൾക്ക് നിർദ്ദേശങ്ങൾ കൊടുത്തു.

ഇപ്പോൾ കാട് കയറിയാൽ വൈകുന്നേരത്തോടെ കാടുകടക്കാം. അതിനപ്പുറത്താണ് തുരുത്തി പാടവും കോലോത്തെ പറമ്പും. അവിടെയെവിടെയോ ആണ് ചെമ്പൻ താവളമുറപ്പിച്ചിരിക്കുന്നത്.നിങ്ങളിൽ രണ്ടുപേർ അസുഖബാധിതരെപോലെ അഭിനയിച്ച് ചികിത്സക്കെന്നവണ്ണം ചെമ്പന്റെ വീട് കണ്ടെത്തണം. ഇരുട്ടുന്നതിന് മുമ്പ് ആ വിവരം ഞങ്ങളെ അറിയിക്കണം. അർദ്ധരാത്രിയോടെ നമുക്ക് ചെമ്പനെ കീഴ്പെടുത്താം. ഗോത്രസഭ ചേർന്ന വിവരമൊന്നും അവനറിയാത്തതിനാൽ അവനെഎളുപ്പത്തിൽ പിടിക്കാം പറ്റും. ജീവനോടെ കിട്ടിയില്ലെങ്കിൽ രണ്ടിനെയും അവിടെ തന്നെ തീർത്തേക്ക്.. കുഞ്ചൻ പകയോടെ പല്ലിറുമ്മി. രണ്ട് സംഘങ്ങളായി തുരുത്തി കാടിനുള്ളിലെ ഊടുവഴികളിലൂടെ അവർ അതിവേഗം മുന്നോട്ട് കുതിച്ചു.

(തുടരും)

English Summary:

E-novel Chandravimukhi by Bajith CV