തിത്തിമിയുടെ കുരുത്തക്കേടിൽ സഹികെട്ട് അച്ഛനുമമ്മയും; പ്ലേസ്കൂളിലും അതേ അവസ്ഥ

Mail This Article
അധ്യായം: ഒൻപത്
തിത്തിമിയെയും കൂട്ടി ഏതു കടയിൽ ചെന്നാലും ഓർത്തിരിക്കാൻ എന്തെങ്കിലും സംഭവങ്ങളുണ്ടാവും. ഇന്നാള് ഓണത്തിന് എല്ലാവരും കൂടി സാധനങ്ങൾ വാങ്ങാൻ ഒരു ഷോപ്പിങ് മാളിൽ പോയി. മുത്തശ്ശിയും തിത്തിമിയും അച്ഛനും അമ്മയും എല്ലാവരുമുണ്ട്. കടയിൽ പോയി സാധനങ്ങളൊക്കെ വാങ്ങി തിരികെ കാറിൽ കയറാൻ നോക്കിയപ്പോൾ മുത്തശ്ശി പറഞ്ഞു. 'അയ്യോ, ഞാനെന്റെ ബാഗ് എടുത്തില്ല. ഞാനത് എവിടെ വച്ചെന്നും മറന്നല്ലോ.' പിന്നെ എല്ലാവരും കൂടി തിരികെ മാളിൽ കയറി. സാധനങ്ങൾ വാങ്ങാൻ പോയി നിന്ന ഓരോ സ്ഥലവും ആദ്യം മുതൽ പരിശോധിച്ചു. 'ബാഗില് എന്റെ പഴ്സും വേറെ കുറച്ചു പൈസയുമൊക്കെയുണ്ട്.' മുത്തശ്ശി പറഞ്ഞു. അപ്പോഴാണ് മുത്തശ്ശിക്ക് ഒരു കാര്യം ഓർമവന്നത്. 'മോളേ, ഞാനത് മോളെ ഏൽപ്പിച്ചതായിരുന്നല്ലോ. എന്നിട്ടെവിടെ വച്ചു. മോളാവുമ്പം സൂക്ഷിക്കുമല്ലോ എന്നോർത്താ ഞാനത് ഏൽപ്പിച്ചത്. 'തിത്തിമി ഒന്നും മിണ്ടുന്നില്ല. എവിടെ വച്ചെന്ന് അവളും മറന്നുപോയി എന്നതാണ് സത്യം. മുത്തശ്ശി ബാഗ് പിടിച്ചോണ്ട് നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് കണ്ട് തിത്തിമിയുടെ അച്ഛനും അമ്മയും പല തവണ പറഞ്ഞതാണ് ബാഗ് അവരിൽ ആരെങ്കിലും പിടിച്ചോളാമെന്ന്. എന്നിട്ട് അവരെ ആരെയും വിശ്വാസമില്ലാഞ്ഞ് മുത്തശ്ശി തിത്തിമിയെ ഏൽപ്പിച്ചതാണ് പ്രശ്നമായത്.
എല്ലാവരും നോക്കിയപ്പോഴുണ്ട് പല ബാഗുകൾ തൂക്കിയിട്ടിരിക്കുന്നിടത്ത് മുത്തശ്ശിയുടെ ബാഗും തൂക്കിയിട്ടിരിക്കുന്നു. തിത്തിമി ഒപ്പിച്ച പണി കണ്ട് എല്ലാവരും തിത്തിമിയെ സൂക്ഷിച്ച് നോക്കി. തിത്തിമി അബദ്ധക്കാരിയെപ്പോലെ മിണ്ടാതെ നിന്നു. 'ഞാൻ പിടിച്ചോളാമെന്നു പറഞ്ഞപ്പം വേറെ ആരെയും വിശ്വാസമില്ലാഞ്ഞ് അമ്മ ഏൽപ്പിച്ചതല്യോ. ഇതാദ്യമായിട്ടാ പഴ്സും പൈസയുമൊക്കെ അകത്തുവച്ച് ബാഗ് വിൽക്കാൻ വച്ചിരിക്കുന്നത്.' അമ്മ പറഞ്ഞു.
തന്നെ വിശ്വസിച്ച് ഒരാളൊരു കാര്യമേൽപ്പിച്ചിട്ട് അബദ്ധം പറ്റിയതിന്റെ നാണക്കേട് കാറിൽക്കയറിയിട്ടും തിത്തിമിയുടെ മുഖത്തു നിന്ന് മാറിയതേയില്ല. മുത്തശ്ശിയുടെ ബാഗും വിൽക്കാൻ വച്ചിരിക്കുന്ന ബാഗുകളുടെ കൂട്ടത്തിൽ വച്ചിട്ട് അതിന് ഒരു ഗമയുണ്ടോ എന്നു നോക്കിയതാണെന്നു തോന്നുന്നു പാവം തിത്തിമി. അല്ലെങ്കിൽ കടയിൽ കാഴ്ചകൾ കണ്ട് അതിന്റെ മേളത്തിൽ നടക്കുന്നതിനിടയ്ക്ക് ബാഗിന്റെ കാര്യം തിത്തിമി മറന്നുപോയതുമാവാം.
തിത്തിമിക്ക് ഇടയ്ക്കിടെ കുരുത്തക്കേട് കയറിയാൽപ്പിന്നെ ഒരു രക്ഷയുമില്ല. ഒരു ദിവസം തിത്തിമി പറമ്പിലൊക്കെ ചുറ്റിനടക്കുകയായിരുന്നു. അവിടെ വീണു കിടന്ന ഒരു തേങ്ങ ഒറ്റക്കൈയിൽ താങ്ങിപ്പിടിച്ച് കൊണ്ടുവന്ന് എന്തോ വലിയ കാര്യം പോലെ അമ്മയ്ക്ക് കൊണ്ടുക്കൊടുത്തു. പിറ്റേന്ന് തിത്തിമിയുടെ കുഞ്ഞിക്കയ്യിൽ നീരുവന്നു. അമ്മയും അച്ഛനും തിത്തിമിയെ ഡോക്ടറെ കാണിച്ചു. കൈയൊടിഞ്ഞവർ തൂക്കിയിടുന്നതു പോലെ ഡോക്ടർ ഒരു ടവ്വൽ കെട്ടി തിത്തിമിയുടെ തോളിലൂടെയിട്ടു കൊടുത്തു. ഇനി രണ്ടാഴ്ച മോള് ഇതിട്ടു വേണം നടക്കാനെന്നും പറഞ്ഞു. കൈയൊടിഞ്ഞവരെപ്പോലെ ആ ടവ്വൽ തൂക്കിയിട്ടു നടക്കുന്ന തിത്തിമിയെ നോക്കി എല്ലാവരും ചിരിച്ചു.

കുരുത്തക്കേട് കൂടിയപ്പോ തിത്തിമി ഒരു പണിയൊപ്പിച്ചു. ഒരു ദിവസം അമ്മ അടുക്കളയിൽ എന്തോ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്ന് അടുത്ത മുറിയിൽ ഠേ എന്നൊരു ശബ്ദം. തിത്തിമീ എന്തു പറ്റിയെന്നു ചോദിച്ച് അമ്മ അടുക്കളയിൽ നിന്ന് ഓടിച്ചെന്നപ്പോൾ തിത്തിമി ഒന്നും സംഭവിക്കാത്തതു പോലെ നോക്കിനിൽക്കുന്നു. സംഭവിച്ചത് പക്ഷേ തൊട്ടടുത്തു തന്നെ കാണാം. സ്റ്റാൻഡിൽ നിന്ന് തിത്തിമി ടിവി തള്ളി താഴെയിട്ടിരിക്കുന്നു. 'എന്താ തിത്തിമീ ഈ കാണിച്ചത്. നിനക്ക് വേറെ ഒന്നും കിട്ടിയില്ലേ ഇവിടെ തളളിയിടാനായിട്ട്. ദൈവമേ , ഇനി എന്തോ ചെയ്യും?' അമ്മ ദേഷ്യപ്പെട്ടു. അമ്മ തിത്തിമിയെ എടുത്തുപൊക്കി.
'മോളേ, നിന്റെ ദേഹത്തെങ്ങാനും വീണോ, ഇല്ലല്ലോ.' ടിവി തള്ളി താഴെയിട്ടിട്ടും അമ്മയ്ക്ക് തന്നോട് സ്നേഹമാ എന്ന മട്ടിൽ ആശ്വാസത്തോടെ തിത്തിമി അമ്മയുടെ തോളിലേക്ക് ചാഞ്ഞു. അമ്മ തിത്തിമിയെ എടുത്ത് അവളുടെ നെഞ്ചും തലയുമൊക്കെ തടവി നോക്കി. എന്നിട്ട് ചോദിച്ചു, 'മോള് പറ, എന്റെ മോൾക്കൊന്നും പറ്റിയില്ലല്ലോ.' 'ഇല്ല, അത് എന്റെ ദേഹത്തോട്ടല്ല വീണത്.' 'ദേ ഇവിടെ', തിത്തിമി ടിവി വീണതിന്റെ വിവരണം നടത്തുകയാണ്.
പിറ്റേന്ന് ടിവി നന്നാക്കാൻ അച്ഛൻ നെക്കാനിക്കിനെ കൊണ്ടുവന്നു. ഭാഗ്യത്തിന് ടിവിക്കും കാര്യമായി ഒന്നും പറ്റിയില്ല. എങ്കിലും ടിവി നന്നാക്കാൻ വന്ന അങ്കിളിനെ കണ്ടപ്പോ തിത്തിമിക്കൊരു നാണക്കേട്. അവളത് വെളിയിൽ കാണിക്കാതെ അവിടെയും ഇവിടെയുമായി നടന്നു. 'തിത്തിമിക്ക് കുരുത്തക്കേട് കിരുകിരുത്ത് വരികയാണ്. അവളുടെ പ്രായം അതാണ്. അവളെ പറഞ്ഞിട്ട് കാര്യമില്ല.' അമ്മ അച്ഛനോട് പറഞ്ഞു. 'അതങ്ങനെയാ ഭാഗ്യത്തിനാ അവളുടെ ദേഹത്തേക്ക് ടിവി വീഴാഞ്ഞത്. നാലാംവയസ്സിൽ നട്ടപ്രാന്തെന്നാ.' അച്ഛൻ പറഞ്ഞു.
പിറ്റേന്ന് അച്ഛനും അമ്മയും കൂടി തിത്തിമിയുടെ കാര്യത്തിൽ ഒരു തീരുമാനമെടുത്തു. തിത്തിമിയെ വീട്ടിൽ നിർത്തി കുരുത്തക്കേട് കിരുകിരുപ്പിക്കാതെ എത്രയും പെട്ടെന്ന് പ്ലേസ്കൂളിൽ ചേർക്കുക. ഉച്ചവരെയേ പ്ലേസ്കൂൾ ഉള്ളൂ. അവിടെ കുട്ടികളെ മൂന്നോ നാലോ മണിക്കൂർ കളിപ്പിക്കും. എല്ലാവരും ബാഗിലൊരു ചെറിയ ബെഡ്ഷീറ്റും വച്ചു വേണം വരാനെന്ന് പ്ലേസ്കൂളിലെ ആന്റി കുട്ടികളുടെ അച്ഛനമ്മമാരോട് പറയാറുണ്ട്.
ഒരു ദിവസം തിത്തിമിയെ വിളിച്ചു കൊണ്ടുവരാൻ ചെന്നപ്പോൾ അമ്മയോട് പ്ലേസ്കൂളിലെ ആന്റി പറഞ്ഞു, 'ഞങ്ങള് കളിയൊക്കെ കഴിഞ്ഞ് എല്ലാ കുട്ടികൾക്കും തറയിൽ ബെഡ്ഷീറ്റ് വിരിച്ചുകൊടുക്കും. കുറച്ചുനേരം കിടന്നുറങ്ങിക്കോളാൻ എല്ലാ കുട്ടികളോടും പറയും. തിത്തിമി മാത്രം എല്ലാവരും ഉറങ്ങിയാലും ഇടയ്ക്കിടയ്ക്ക് ഉറങ്ങാതെ എണീറ്റിരുന്ന് എല്ലാവരെയും നോക്കും. അവളുടെ കണ്ണുകൾ ഇങ്ങനെ ഹാളിനു ചുറ്റും പരതിക്കൊണ്ടിരിക്കും. എത്ര പറഞ്ഞാലും ഉറങ്ങില്ല.'
വീട്ടിലേക്ക് നടന്നു പോവുന്ന വഴിക്ക് അമ്മ തിത്തിമിയോട് ചോദിച്ചു, 'മോള് എല്ലാവരും ഉറങ്ങിയാലും എന്താ ഉറങ്ങാത്തെ.' തിത്തിമി ലേശം പിണക്കത്തോടെ പറഞ്ഞു. 'എനിക്ക് അവിടെവച്ച് ഉറങ്ങുന്നത് ഇഷ്ടമല്ല.' അമ്മ അവളെ നോക്കിച്ചിരിച്ചു. 'അവിടെയും എന്റെ മോൾടെ കിരുകിരുപ്പ് മാറുന്നില്ല. എപ്പോഴും അനങ്ങിക്കൊണ്ടിരിക്കണം.'
മുത്തശ്ശി ക്ലോക്കിൽ സമയം നോക്കുന്നത് വളരെ അപൂർവ്വമായി മാത്രമേ തിത്തിമി കണ്ടിട്ടുള്ളൂ. എന്നാലോ മുത്തശ്ശിയോളം സമയനിഷ്ഠ ആർക്കുമില്ല താനും. വീടിനു തൊട്ടടുത്തു തന്നെ ഒരു സ്കൂളുണ്ട്. വൈകിട്ട് നാലുമണിയാവുമ്പം മുത്തശ്ശി പറയും, 'പള്ളിക്കൂടത്തി പിള്ളേരെ വിട്ട്. മണി നാലായി. ഇതുവരെ തൂത്തെറക്കിയില്ല.' അന്നേരം തിത്തിമി എന്തെങ്കിലുമൊക്കെപ്പറഞ്ഞ് മുത്തശ്ശിയുടെ അടുത്ത് കൂടും. ഉടനെ മുത്തശ്ശി പറയും, 'അങ്ങോട്ട് മാറെടീ പെണ്ണേ, സമയം ഓടിയോടിയങ്ങ് പോവും. തൂത്തെറക്കി വിളക്ക് കൊളുത്തണം.'
ഇനി അതുമല്ലെങ്കിൽ മുത്തശ്ശി പറയുന്നതു കേൾക്കാം. 'ദാ ഇപ്പം വാങ്ക് വിളിക്കും. പിന്നെ സന്ധ്യയാവാൻ ഏതാണ്ട് പാടോ.' ഇനി ഇതിനെക്കാളൊക്കെ ധൃതിയായിരിക്കും മുത്തശ്ശിക്ക് ചിലപ്പോ രാവിലെ തിത്തിമി ഉറങ്ങിയെണീറ്റ് കോട്ടുവായിട്ട് വരുമ്പോൾ. മുത്തശ്ശി പറയുന്നതു കേൾക്കാം. 'ഇന്ന് എഴുന്നേൽക്കാനും താമസിച്ച്. അമ്പലത്തി റെക്കോർഡിട്ടപ്പോഴാ ഞാൻ എണീറ്റത്. വീട്ടീന്നെറങ്ങി ഞാൻ അക്കിരേഴത്ത് കിഴക്കേത്ത് ചെന്നപ്പോഴുണ്ട് ഗുരുവായൂർ ഫാസ്റ്റ് പോവുന്നു.'
തോട്ടത്തിൽക്കുളങ്ങര എന്ന അമ്പലത്തിൽ നിന്ന് എന്നും രാവിലെ ഗുരുവായൂരിലേക്ക് ഫാസ്റ്റ് പാസഞ്ചർ ബസ് പോവുന്നു. പണ്ടു മുതലേ ഗുരുവായൂർ ഫാസ്റ്റ് പോവുന്നു എന്നു പറയാൻ മുത്തശ്ശിക്ക് വലിയ ഉത്സാഹമാണ്. കൃത്യം സമയം പാലിക്കുന്ന ബസ് ആയതിനാൽ മുത്തശ്ശിക്ക് അത് പോവുന്നത് ക്ലോക്കിന്റെ മണി അടിക്കുന്നതുപോലെ ഒരു അലാറമാണ്. അമ്പലത്തിൽ ഭക്തിഗാനങ്ങളുടെ കസെറ്റ് ഇടുന്നതിനെയാണ് റെക്കോർഡ് ഇടുക എന്നു പറയുന്നത്. അപ്പോൾ തിത്തമിക്ക് തോന്നും ഇങ്ങനെ മുത്തശ്ശിക്ക് ഈ ലോകമാണ് ഘടികാരമെന്ന്.
(തുടരും)