എത്രയോ കാലം മുൻപേ വിരിഞ്ഞ പൂക്കളുടെ കാര്യം ഇപ്പോൾ തിത്തിമി ഓർക്കുന്നതെന്തിന്?

Mail This Article
അധ്യായം: പത്ത്
മുത്തശ്ശിയുടെ വീട് പന്മനയിലാണ്. തിത്തിമി താമസിക്കുന്ന വീടിന് അടുത്തു തന്നെയുള്ള ഗ്രാമമാണ് പന്മന. ഇവിടേക്ക് മുത്തച്ഛൻ കല്യാണം കഴിച്ചു കൊണ്ടുവന്നതാണ് മുത്തശ്ശിയെ. ഇടയ്ക്ക് അച്ഛന്റെ കൂടെ പന്മന വഴി പോവുമ്പം മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ള അറിവ് വച്ച് തിത്തിമി പന്മനയിലെ ഓരോ കാര്യവും ശ്രദ്ധിച്ച് മനസ്സിൽ പതിപ്പിക്കും. നല്ല പഞ്ചാര മണൽ വിരിച്ച സ്ഥലമാണത്.
ഒരിക്കൽ മുത്തശ്ശി പറഞ്ഞു, 'പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പം സ്കൂളിലേക്ക് ആരൊക്കെ വന്നെന്നോ. ഗാന്ധിജി വന്നു, ചിത്തിരതിരുനാൾ മഹാരാജാവ് വന്നു, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ വന്നു, സ്വാമി വന്നെന്നു മാത്രമല്ല പിന്നെ അവിടം വിട്ടെങ്ങും പോയതുമില്ല. സ്വാമി ആരാ എന്നു ചോദിച്ചാ പന്മനക്കാര്‍ പറയും സ്വാമി തിരുവടികള്‍. അതാരാ എന്നു ചോദിച്ചാൽ പറയും ചട്ടമ്പിസ്വാമി തിരുവടികള്‍ എന്ന്.'
പന്മന എന്നതിന് ഞങ്ങള്‍ മനേക്കാരാ എന്നേ മുത്തശ്ശി ഉൾപ്പെടെയുള്ളവര്‍ പറയൂ. നല്ല ഭസ്മം പൂശിയതു പോലുള്ള റോഡുകൾ. ഭസ്മം പൂശിയതുപോലെ മണൽ വിരിച്ച വീട്ടുമുറ്റങ്ങൾ. അവിടെ മിക്ക വീടുകളോടും ചേർന്ന് ഒരു കാവ് കാണും. അവിടെ ചെറിയ കുറ്റിച്ചെടികൾ, തെച്ചിക്കാവുകൾ... അതിലെല്ലാം ഈർക്കിൽക്കുരുവികൾ ഒക്കെ ഇപ്പോഴും കാണാം. ആണ്ടിലെന്നും ഓണനാളുകളുടെ ഒരുക്കം നടക്കുന്നതുപോലെയുള്ള പ്രസന്നത കളിയാടുന്ന ദേശമാണതെന്ന് അതുവഴി പോവുന്ന ആരെയും പോലെ തിത്തിമിക്കും തോന്നും.
എല്ലാവരും തെളിഞ്ഞ മുഖത്തോടെ സംസാരിക്കുന്നവർ. അടുത്തുതന്നെ സംസ്കൃതം സ്കൂൾ. അതിന്റെ പരിസരത്ത് ജീവിക്കുന്നവർക്കൊക്കെ ഗുരുത്വം, വിധേയത്വം ഒക്കെ ഉണ്ടെന്നു വേഗം മനസ്സിലാക്കാം. പന്മന ആശ്രമത്തിലേക്ക് പോവുന്ന സന്യാസിമാരെ ചിലപ്പോൾ എവിടെയെങ്കിലുമൊക്കെ കണ്ടെന്നു വരാം. ഇനിയെങ്ങാനും കണ്ടില്ലെങ്കിലും അവിടുത്തെ വഴികളിലൂടെയൊക്കെ സന്യാസിമാർ നടന്നുപോവുന്നതായി തോന്നാറുണ്ട്. വീടുകളോട് ചേർന്നുള്ള തെച്ചിക്കാവുകളിൽ തെച്ചിപ്പഴങ്ങൾ ചുവന്നു പഴുത്ത് കിടക്കുന്നു.
എന്തിനും എപ്പോഴും സംസാരത്തിൽ തിരുവടികൾ എന്ന നാമം കടന്നുവരുന്നവരുടെ നാട്. അപ്പോൾ അവരുടെ മുഖത്ത് അനായാസേന വിളങ്ങുന്ന ഭക്തിഭാവം. തിത്തിമി അത് പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്.
സന്ധ്യയ്ക്ക് ഒരു ദിവസം അമ്മയോടൊപ്പം പന്മന ആശ്രമത്തിൽ പോയപ്പോൾ അവിടെ വരുന്ന അമ്മൂമ്മമാരെയാക്കെ തിത്തിമി കണ്ടു. സൽസംഗം, പ്രാർഥന, പൂജ എന്നിവയ്ക്കൊക്കെ പൂക്കളുമായി വരുന്ന മുത്തശ്ശിമാരെ കണ്ടപ്പോൾ അവര്‍ തലയിലും ഭസ്മം പൂശി വരുന്നവരാണ് എന്നാണ് തിത്തിമിക്ക് തോന്നിയത്. എന്നുവച്ചാൽ തലമുടി അത്രയ്ക്ക് നരച്ചവർ. തിരിച്ചു വീട്ടിൽ വന്നപ്പോൾ കണ്ടവരെക്കുറിച്ചുള്ള വർണനകൾ നടത്തി തിത്തിമി. അപ്പോൾ മുത്തശ്ശിക്ക് മനസ്സിലായി തിത്തിമി ആശ്രമത്തിൽ കണ്ടത് ആരെയൊക്കെയാണെന്ന്. ഓരോരുത്തരുടെയും പൊക്കവും തലമുടിയും സംഭാഷണരീതിയുമൊക്കെ വച്ച് മുത്തശ്ശി ആളുകളെ തിരിച്ചറിഞ്ഞു.

'പിന്നെ എനിക്കെല്ലാവരെയും അറിഞ്ഞൂടായോ, ഞാനവിടെ കളിച്ചുവളർന്നതല്യോ.' മുത്തശ്ശി താൻ പന്മക്കാരിയാണെന്നതിൽ അഭിമാനം കൊണ്ടു. മുത്തശ്ശി പറഞ്ഞു, 'ഓ നീളം കുറഞ്ഞത്. തല നല്ല പോലെ നരച്ചത്. ആടു പോലെ നരച്ചത്. അത് നമ്മുടെ കാർത്ത്യായനിയമ്മ സാറാ. അവർക്കവിടെ എന്നും വൈകിട്ട് ഭാഗവതം ചൊല്ലാൻ വരണം. മറ്റേത് വലിയ വർത്തമാനക്കാരി. അത് മഹേശ്വരിയമ്മ സാറാ. അവര്‍ ശാസ്ത്രി സാറിന്റെ വീടിന്റെ അപ്പുറത്താ താമസം. ആറളേഴത്ത് കാവിനടുത്താ അവര്‍ പണ്ട് താമസിച്ചിരുന്നത്. കാലിനു ചെറിയ ഏന്തുള്ളതോ. ഗൗരിക്കുട്ടിയാ അത്. തയ്യിൽ വീട്ടിനപ്പുറത്താ അവളുടെ വീട്.അവള്‍ എന്നും സ്വാമിക്ക് മാല കെട്ടിയിടാൻ വരും.'
പിന്നീടൊരിക്കൽ പന്മന ദേശത്തെക്കുറിച്ച് അച്ഛനും തിത്തിമിക്ക് പറഞ്ഞുകൊടുത്തു. 'കുമ്പളത്തദ്ദേഹമാ, പന്മന ആശ്രമത്തിലെ കാരണവര്. ചട്ടമ്പിസ്വാമികളെപ്പോലെ വല്യ സ്വാമിയായിരുന്ന ആഗമാനന്ദയും പന്മനക്കാരനാ. ഇവരൊക്കെ ആരാ എന്നു ചോദിച്ചപ്പം അച്ഛൻ പറഞ്ഞു. മോള്‍ വലുതാവുമ്പം മനസ്സിലാക്കിയാൽ മതി ഇവരെക്കുറിച്ച് കൂടുതൽ കാര്യങ്ങള്‍.'
'ചിത്തിര തിരുനാള്‍ വന്നപ്പം ഞങ്ങള്‍ വടക്കേ പള്ളിക്കൂടത്തിൽ നാലാം ക്ലാസില്‍ പഠിക്കുവാ. അന്നങ്ങ് ഇടപ്പള്ളിക്കോട്ടേന്ന് മനേപ്പള്ളിക്കൂടം വരെ പൂമെത്ത വിരിച്ചിരിക്കുവാരുന്ന്, പൂമെത്ത... മഹാരാജാവ് വരുന്നത് പ്രമാണിച്ച്. അന്ന് ഞങ്ങക്ക് പള്ളിക്കൂടം അവധിയാരുന്ന്.' അമ്മൂമ്മയുടെ വർത്തമാനം കേട്ടതിൽപ്പിന്നെ എന്ന് ഇടപ്പള്ളിക്കോട്ടയിലൂടെ പോയാലും തിത്തിമിക്ക് ആ റോഡിൽ നിറയെ അരളിപ്പൂക്കൾ വിരിച്ചിട്ടിരിക്കുന്നതു പോലെ തോന്നും.
എത്രയോ കാലം മുൻപേ വിരിച്ച പൂക്കളുടെ കാര്യം ഇപ്പോൾ തിത്തിമി ഓർക്കുന്നതെന്തിന്? പക്ഷേ എന്തുചെയ്യാം, തിത്തിമിയുടെ മനസ്സിൽ ആ പൂക്കൾ ഇപ്പോഴും വാടിയിട്ടില്ല. മുത്തശ്ശിയുടെ മനസ്സിലും. ആ നാടിനോടുള്ള ഇഷ്ടം കൊണ്ടാണ്. പന്മനയിലെയാ എന്നു കേൾക്കുമ്പം തിത്തിമിക്ക് ഇന്നും ശുചീന്ദ്രം, പട്ടാമ്പി എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരു സ്ഥലം എന്നു തോന്നുന്നത്.അവിടെ ജനിക്കുന്ന എല്ലാവരിലും അവിടെക്കൂടി നടന്നുപോവുന്ന ഓരോരുത്തരിലും ഒരിത്തിരി സന്യാസി ഭാവം അഥവാ ഋഷിഭാവം ഉണ്ടെന്നു തിത്തിമിക്ക് തോന്നുന്നത്.
(തുടരും)