ADVERTISEMENT

അധ്യായം: പന്ത്രണ്ട്

മുത്തശ്ശി നാരങ്ങ അച്ചാറിടുന്നത് എന്നല്ല എന്തുജോലി ചെയ്യുന്നതും കാണാൻ രസമാണ്. കരി പിടിച്ച് കരിമ്പൻ കയറിയ തോർത്തും മുണ്ടുമൊക്കെ മുത്തശ്ശി കഴുകി വെളുപ്പിക്കും. അതിനായി മുത്തശ്ശി അലക്കുകാരമിട്ട് മുണ്ട് കലത്തിൽ വച്ച് പുഴുങ്ങും. എന്നിട്ട് കഴുകി വെളുപ്പിച്ചിട്ട് ചോദിക്കും. 

"ഇപ്പം എങ്ങനൊണ്ട് കൊള്ളാമോ? ഇത് നേരത്തെ എങ്ങനിരുന്നതാര്ന്ന്.."

ആരും സമ്മതിച്ച് തല കുലുക്കിപ്പോവും. മുത്തശ്ശി തലയിൽ തേക്കാൻ എണ്ണ കാച്ചുന്നതിനുമുണ്ട് പ്രത്യേകത. നേരത്തെ തന്നെ മുത്തശ്ശി തിത്തിമീടച്ഛനോട് പറയും, എണ്ണ കാച്ചാനുള്ള സാധനങ്ങൾ അങ്ങാടിമരുന്ന് കടയിൽ നിന്ന് വാങ്ങിക്കൊണ്ടു വരേണ്ടതിനെപ്പറ്റി. പച്ചക്കർപ്പൂരം, അഞ്ജനക്കല്ല്, ചിറ്റമൃത് എന്നു വേണ്ട കരിക്കിൻ വെള്ളം വരെ ചേർത്താണ്  മുത്തശ്ശിയുടെ എണ്ണ കാച്ചൽ. അതിന് മുത്തശ്ശിയുടെ കയ്യിൽ സാധനങ്ങളുടെ ലിസ്റ്റ് ഉണ്ട്. അക്കാര്യം ചോദിച്ചാൽ തിത്തിമീടെ അമ്മ മുത്തശ്ശിയെ കളിയാക്കും.

"അതിനമ്മ ആ ലിസ്റ്റ് അടിച്ചു മാറ്റിയതാ. ഞാൻ ഗർഭിണിയായിരിക്കുമ്പം എനിക്കു തേക്കാൻ വൈദ്യൻ കുറിച്ചു തന്ന എണ്ണയുടെ കൂട്ടാ, മുത്തശ്ശി  അടിച്ചു മാറ്റിയത്." 

ഇതു കേട്ട മുത്തശ്ശി ചമ്മലോടെ മിണ്ടാതിരിക്കും.ഇനി അതു സത്യമാണെങ്കിലും തിത്തിമി അതിൽ നിന്നും ഒരു പാഠം പഠിച്ചിട്ടുണ്ട്. എന്തു കാര്യവും കൃത്യമായി ചെയ്യാൻ മുത്തശ്ശിയെ ഏൽപിച്ചാൽ മതി എന്നതാണ് അത്. വീട്ടിൽ ആർക്കെങ്കിലും രാത്രി ഏഴരയ്ക്ക് മരുന്ന് കഴിക്കണം എന്നിരിക്കട്ടെ. ആരൊക്കെ മറന്നുപോയാലും ഏഴരയ്ക്ക് കൃത്യം അഞ്ചു മിനിറ്റുള്ളപ്പോൾ തൊട്ട്  മുത്തശ്ശി അടുത്തു വന്ന് ഓർമിപ്പിച്ചോണ്ടിരിക്കും. 

"മറ്റേ മരുന്നു കഴിക്കാൻ മറന്നു പോവല്ലേ. മരുന്ന് എവിടിരിക്കുവാ." എന്നിട്ട് ആ മരുന്നുകുപ്പിയുടെ അടുത്തുചെന്നിരിക്കും. തിത്തിമി വിചാരിക്കും, "മുത്തശ്ശി ഒരു അലാറത്തിന് തുല്യമാണ്."

സാധാരണ മഴക്കാലത്ത് തീപ്പെട്ടി കത്താൻ ഭയങ്കര പാടാണ്. തിത്തിമീടമ്മ ഓരോ തീപ്പെട്ടിക്കൊള്ളിയെടുത് ഉരയ്ക്കുമ്പോഴും കത്താതെ ഒടിഞ്ഞുപോവും. ഒരു ദിവസം ഇതു കണ്ട് മുത്തശ്ശി  പറഞ്ഞുകൊടുത്തു.

 "അതിന് തീപ്പെട്ടി ഒരു ഡബ്ബയിലിട്ട് അടച്ചുവച്ചാൽ മതി. അപ്പോ ഈർപ്പം പിടിക്കത്തില്ല.പിന്നെ അമ്മ എപ്പോ ഡബ്ബയിൽ നിന്നെടുത്ത് തീപ്പെട്ടി കത്തിച്ചാലും കത്തും. ഇങ്ങനെ ഒത്തിരി പൊടിക്കൈകൾ മുത്തശ്ശിക്കറിയാം, അല്യോ.?" തിത്തിമിയുടെ ചോദ്യം കേട്ട് മുത്തശ്ശി പറഞ്ഞു." ഇതൊക്കെ നമ്മള് കണ്ട് മനസ്സിലാക്കുന്നതല്യോ. അല്ലാണ്ട് ആരാണ്ടെങ്ങാണ്ട് പറഞ്ഞുതന്നതാണോ.?"

മുത്തശ്ശി ഇങ്ങനെ നേരത്തെ പറഞ്ഞ കാര്യങ്ങളും തിത്തിമി മറന്നിട്ടില്ല. തിത്തിമി അമ്മ പഠിപ്പിച്ചുകൊടുത്ത കണക്ക് ചെയ്യാൻ പാടുപെടുമ്പം മുത്തശ്ശി പറഞ്ഞു,

"മോളേ, നിന്റച്ഛൻ പുതിയതായി ജോലിക്ക് ചെന്നിടത്ത് പറഞ്ഞുകൊടുക്കുന്നതൊക്കെ മനസ്സിലാക്കാൻ ഭയങ്കര പാട്. അവൻ എന്റടുത്ത് വന്ന് വിഷമം പറഞ്ഞു. അവന് എത്ര നോക്കിയിട്ടും പലതും പഠിച്ചെടുക്കാൻ പറ്റുന്നില്ലെന്ന് വിഷമം.  ഞാനന്ന് പറഞ്ഞുകൊടുത്തു– മോനേ, എനിക്കാദ്യം ഓല മെടയാൻ അറിഞ്ഞൂടാരുന്നു. മുക്കാട്ടേരിക്കാരാ എന്നെ ഓല മെടയാൻ പഠിപ്പിച്ചത്. ഒരോല മടക്കി ഇങ്ങനെ വച്ചിട്ട് അത് മറ്റൊരോലക്കാലിനോട് കോർത്ത് വച്ചിട്ട്. ഒന്ന് മെടയുന്നതു പോലെ തന്നെ അടുത്തതും മെടയുന്നത്. അതിന്റെ അടിസ്ഥാനം മനസ്സിലാക്കിയതോടെ എനിക്ക് എളുപ്പമായി. അതുപോലെ മോനും അതങ്ങ് ശരിയാവും എന്ന് ഞാൻ പറഞ്ഞു കൊടുത്തു. പിന്നെ ഞാൻ അമ്പലത്തിച്ചെന്ന് പൈസായിട്ട് പ്രാർഥിച്ചോളാം എന്നു പറഞ്ഞു. മുത്തശ്ശി മക്കൾക്ക് വേണ്ടിയും അമ്പലത്തിച്ചെന്ന് അമ്മയോട് പറഞ്ഞോളാം." 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

തിത്തിമിയുടെ വീടിനടുത്തുള്ള വീടാണ് മുക്കാട്ടേരി. അവിടുത്തെ മുത്തശ്ശിയാണ് തിത്തിമീടമ്മൂമ്മയെ ഓല മെടയാൻ പഠിപ്പിച്ചത് എന്നാണ്  മുത്തശ്ശി പറഞ്ഞത്. അമ്പലത്തിച്ചെന്ന് അമ്മയോട് പ്രാർഥിക്കാം എന്ന് മുത്തശ്ശി പറഞ്ഞത് കാവിലെ ദേവിയോട് പ്രാർഥിക്കാം എന്നാണ്. കാവിലെ ദേവിയാണ് അന്നാട്ടുകാരുടെ എല്ലാവരുടെയും അമ്മ എന്നാണ് വിശ്വാസം.

(തുടരും)

English Summary:

Ennu Swantham Thithimikutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com