പ്രസംഗ മത്സരത്തിനു പോകാനൊരുങ്ങി തിത്തിമി; സഹായത്തിനു അമ്മയും മുത്തശ്ശിയും

Mail This Article
അധ്യായം: പതിനഞ്ച്
ചില ദിവസം തിത്തിമി അമ്മയോട് പറയും, 'അമ്മേ ഇംഗ്ലിഷ് പ്രസംഗമത്സരത്തിന് ടീച്ചർ എന്നെ ചേർത്തു. തിത്തിമി ഏതായാലും പാർട്ടിസിപ്പേറ്റ് ചെയ്യണമെന്ന് ടീച്ചറാ പറഞ്ഞത്.'
അമ്മ ഇതു കേട്ട് ആകെ അങ്കലാപ്പിലായി. 'ഞാനിനി എവിടെപ്പോയി ഇംഗ്ലിഷ് പ്രസംഗം തയാറാക്കും. അല്ലെങ്കിൽത്തന്നെ ഇതിനൊക്കെ നിനക്കെവിടുന്നാ നേരം? ക്ലാസിൽ പഠിപ്പിച്ചത് പഠിക്കുമോ ഇംഗ്ലിഷ് പ്രസംഗം പഠിക്കാൻ പോവ്വോ.'
'അതൊന്നും സാരമിലല്ല. ക്ലാസിൽ പഠിക്കാനുള്ളതൊക്കെ ഞാൻ വേഗം പഠിക്കും. അന്നേരം അമ്മ എന്നെ പ്രസംഗം പഠിപ്പിക്കണ.' തിത്തിമി കൊഞ്ചി. ചിലപ്പോൾ ടീച്ചർ പറഞ്ഞിരിക്കുക, ഈ ക്ലാസിൽ നിന്ന് ആരങ്കിലും ഇംഗ്ലീഷ് പ്രസംഗമത്സരത്തിന് പേര് കൊടുക്കുന്നോ എന്നായിരിക്കും. ഉടനെ കുട്ടികൾക്കിടയിൽ ക്രെഡിറ്റ് കിട്ടാൻ തിത്തിമിയങ്ങ് ചാടിയെണീറ്റ് പറയുന്നതാ മിസ് ഞാൻ ചേരുന്നുണ്ട് എന്ന്.
തിത്തിമി സ്കൂളിൽ നിന്നു വന്നാലുടൻ അമ്മ തയാറാക്കിക്കൊടുത്ത ഇംഗ്ലിഷ് പ്രസംഗം റിഹേഴ്സൽ തുടങ്ങും. അമ്മയെ ആദ്യം തന്നെ പിടിച്ച് മുന്നിലിരുത്തും. മുത്തശ്ശിയും വന്ന് അത് കേട്ടോണ്ടിരിക്കണം. മുത്തശ്ശിക്ക് ഇംഗ്ലിഷ് അറിയത്തില്ല എന്നതൊന്നും തിത്തിമിക്ക് പ്രശ്നമല്ല. ചിലപ്പോ തിത്തിമീടെ ചില ആക്ഷനൊക്കെ കാണുമ്പം മുത്തശ്ശിക്ക് അറിയാതെ ചിരി വരും. അതു തന്റെ പ്രസംഗത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തും എന്നതിനാൽ തിത്തിമി മുത്തശ്ശിയെ രൂക്ഷമായൊന്നു നോക്കും. അതോടെ മുത്തശ്ശി ശ്രദ്ധിക്കുന്നുണ്ട് എന്ന മട്ടിലിരിക്കും. എന്നും തിത്തിമി ക്ലാസിൽ നിന്നു വന്നാലുടൻ തിത്തിമീടെ ടിഫിൻ ബോക്സ് പൊതിയുന്ന ടവ്വൽ കഴുകി വിരിക്കുന്നത് മുത്തശ്ശിയാണ്. അതിനായി മുത്തശ്ശി ആദ്യം തന്നെ ടിഫിൻ ബാഗ് തുറന്ന് ടിഫിൻ പൊതിഞ്ഞ ടവ്വൽ എടുത്തുകൊണ്ടുപോവും. എന്നും ഉച്ച കഴിഞ്ഞാണ് മുത്തശ്ശിയുടെ കുളി. തിത്തിമി ക്ലാസ് കഴിഞ്ഞുവരുന്ന സമയത്താവും മുത്തശ്ശി കുളിക്കാൻ തയാറാവുക. അതാണ് അക്കൂട്ടത്തിൽ തിത്തമിമിയുടെ ടിഫിൻ പൊതിയുന്ന ടവ്വലും കൂടി മുത്തശ്ശി കഴുകിയിടുന്നത്.
തിത്തിമിക്ക് എന്തെങ്കിലും പിണക്കം മുത്തശ്ശിയോട് ഉണ്ടെങ്കിൽ തിത്തിമി പറയും, 'ഇന്ന് ഇയാള് എന്റെ ടവ്വല് കഴുകേണ്ട അമ്മ കഴുകിയാൽ മതി' എന്ന്. അപ്പോ പിണക്കത്തിന്റെ കാരണം തിത്തിമി ഇങ്ങനെയായിരിക്കും പുറത്തെടുക്കുക, 'ഇന്നലെ ഞാൻ പ്രസംഗം പറഞ്ഞുകേൾപ്പിച്ചപ്പം എന്തുവാടോ ഇയാള് എന്നെ കളിയാക്കിച്ചിരിച്ചത്?'
തിത്തിമിയുടെ മട്ട് മാറുന്നത് കണ്ട് മുത്തശ്ശിക്ക് അപ്പോഴും ചിരി വരും. ഉടനെ തിത്തിമി, 'എന്തുവാടോ ഇയാള് എന്നെ നോക്കിച്ചിരിക്കുന്നെ, എന്തുവാടോ? എന്റെ അമ്മ കഴുകിയാൽ മതി ടവ്വല്.'
ഉടനെ മുത്തശ്ശി, 'ഇനി ഇയാള് എന്റടുത്തിങ്ങ് വരണേ പുറം ചൊറിഞ്ഞു തരാമോ എന്നൊക്കെ ഓരോ കൂട്ടം ചോദിച്ചോണ്ട്.'
തിത്തിമി പഠിക്കാനിരിക്കുമ്പം മുത്തശ്ശി അടുത്ത് ചെന്ന് കുത്തിയിരിക്കണമെന്നാണ് തിത്തിമിയുടെ റൂൾ. അപ്പോ തിത്തിമിക്ക് പുറം ചൊറിയണമെന്നോ മറ്റോ തോന്നിയാൽ പറയേണ്ട താമസം തിത്തിമിയുടെ പുറം മുത്തശ്ശി മെല്ലെ ചൊറിഞ്ഞുകൊടുക്കും. അതാണ് മുത്തശ്ശി വിളിച്ചു പറഞ്ഞത്. തിത്തമിയുടെ അടുത്തു ചെന്ന് അവൾ പറയുന്നതെല്ലാം കേട്ട് മിണ്ടാതിരിക്കാനുള്ള ക്ഷമ മുത്തശ്ശിയെപ്പോലെ വേറെയാർക്കുമില്ല. മുത്തശ്ശിക്കാവട്ടെ അതൊക്കെ വലിയ ഇഷ്ടവുമാണ്.
പ്രസംഗം പറഞ്ഞുകേൾപ്പിക്കുന്നതിനിടെ ഇത്തിരിക്കട്ടിയുള്ള ഇംഗ്ലിഷ് വാക്കുകളൊക്കെ വരുമ്പോൾ തിത്തിമി കാലെടുത്ത് നിലത്ത് പ്ധും പ്ധും എന്നു ചവിട്ടും. അപ്പോൾ അവളുടെ അച്ഛൻ അതുവഴിയെങ്ങാനും പോയാൽ അവളെ കളിയാക്കും. 'ചുമ്മാ തറ ചവിട്ടിപ്പൊട്ടിക്കല്ലേ.'
തിത്തിമിക്ക് പിണക്കം തോന്നാൻ അത്രയൊക്കെ മതി. അതൊന്നും സാരമാക്കണ്ട, മോള് പറഞ്ഞോ എന്ന് അമ്മ തിത്തിമിയെ കണ്ണു കൊണ്ട് ആംഗ്യം കാണിക്കും. തനിക്കിതൊന്നും പ്രശ്നമല്ല താൻ വലിയ പ്രസംഗകയാ എന്ന മട്ടിൽ തിത്തിമി തറയിൽ വീണ്ടും രണ്ട് പ്ധും പ്ധും ചവിട്ടു കൊടുക്കും.
(തുടരും)