കൊല്ലാൻ നോക്കിയ കാർ സ്വന്തം അളിയന്റെതോ? ശ്രമങ്ങള് പാളിയപ്പോൾ വാടകക്കൊലയാളികളുടെ സഹായം തേടി?
.jpg?w=1120&h=583)
Mail This Article
അധ്യായം: പതിനാല്
"അന്ന് രാവിലെ മനാഫിനെ കണ്ടപ്പോൾ നീ അയാളോടൊന്നും സംസാരിച്ചില്ലേ? കോയമ്പത്തൂർക്ക് പോകാതിരുന്നത് എന്തുകൊണ്ടാണെന്നും. പരിക്ക് പറ്റിയത് എങ്ങനെയാണെന്നുമൊന്നും?"
"ഒന്നും സംസാരിക്കാൻ പറ്റിയില്ല സാറേ."
"അതെന്താ?"
"അപ്പോൾ അവിടെ ഭയങ്കരമായ ഒരു സംഭവം നടന്നു!" അവനിത് പറഞ്ഞപ്പോൾ രവിശങ്കർ പിന്നെയും അവനെ തുറിച്ചു നോക്കി.
"എന്ത് സംഭവം?" അയാൾ ആകാംക്ഷയോടെ ചോദിച്ചു.
"മനാഫിക്കക്ക് നേരെ എവിടെ നിന്നോ ഒരു കാർ ചീറിപ്പാഞ്ഞു വന്നു."
റെയിൽവേ ലിങ്ക് റോഡിലെ ശ്രമം പാളിയപ്പോൾ, കളമശ്ശേരിയിൽ വെച്ച് അടുത്ത ശ്രമം!
"എന്നിട്ട്....?" രവിശങ്കർ ഉദ്വേഗത്തിന്റെ മുൾമുനയിൽ ഉറക്കെ ചോദിച്ചു.
"മനാഫിക്ക ചാടി മാറി. അതോടെ കാർ അവിടം വിട്ട് പോയി. 'നീ എന്നെ കൊന്നേ അടങ്ങൂ, അല്ലേ?' എന്നും പറഞ്ഞ് മനാഫിക്ക ഒന്ന് രണ്ട് വലിയ കല്ലുകളെടുത്ത് കാറിന് നേരെ എറിഞ്ഞു.കാറിന്റെ പിന്നിലെ ഗ്ലാസ് പൂർണമായും തകർന്നു."
"ആ കാറിന്റെ നമ്പർ നീ ശ്രദ്ധിച്ചോ?"
"ഇല്ല സർ. ഞാൻ വല്ലാതെ ഭയന്ന് പോയി. നമ്പറൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല."
ഇത്രയുമായപ്പോഴേക്കും ഹരിലാൽ രവിശങ്കറിന്റെ അടുത്തേക്ക് നടന്നെത്തി.
"സർ,ബെൻസ് കാറിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്." അയാൾ പറഞ്ഞു.
"ആരുടേതാണ് ആ കാർ?"
"ആർ.സി ഓണറുടെ പേര് അൻവർ എന്നാണ് സർ."
"അതായത്...?" മിഴിഞ്ഞ കണ്ണുകളോടെ രവിശങ്കർ ഹരിലാലിനെ നോക്കി.
"അതെ സർ. നമ്മുടെ കസ്റ്റഡിയിലുള്ള സിംഫണി ഗ്രൂപ്പിന്റെ ഫിനാൻസ് മാനേജർ അൻവർ തന്നെ! ആർ.സിക്കൊപ്പമുള്ള ഫോട്ടോ അയാളുടേത് തന്നെയാണെന്ന് ഐഡന്റിഫൈ ചെയ്തിട്ടുണ്ട്."
"അപ്പോൾ അൻവർ തന്റെ കാർ ഉപയോഗിച്ച് രണ്ടു വട്ടം മനാഫിനെ കൊല്ലാൻ ശ്രമിച്ചു. രണ്ട് ശ്രമങ്ങളും പാളിയതിനെത്തുടർന്ന് വാടകക്കൊലയാളികളുടെ സഹായത്തോടെ അയാൾ മനാഫിനെ തീർത്തു. ഇതാണോ നടന്നത്?" രവിശങ്കർ ചിന്താഭാരത്തോടെ സ്വയം ചോദിച്ചു.
"ഈ കാറാണോ മനാഫിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചത്?" ഇന്ദ്രജ കൊണ്ടു കൊടുത്ത ഫോട്ടോ കിരണിനെ ഉയർത്തിക്കാണിച്ചു കൊണ്ട് രവിശങ്കർ ചോദിച്ചു.
"അല്ല സർ. അതൊരു ചുവന്ന ഹോണ്ടാസിറ്റി ആയിരുന്നു." കിരൺ സംശയമേതുമില്ലാതെ പറഞ്ഞു. അതുകേട്ടപ്പോൾ രവിശങ്കറിന് തെല്ല് നിരാശ തോന്നി. തന്റെ നീല ബെൻസ് ഉപയോഗിച്ച് അൻവറായിരിക്കാം ആ വധശ്രമം നടത്തിയതെന്ന് രവിശങ്കർ ചിന്തിച്ചിരുന്നു. വധശ്രമത്തിൽ ബെൻസ് കാറിന് പങ്കില്ലെങ്കിൽ പിന്നെ മനാഫ് എന്തിനാണ് ഒരു പരിചയവുമില്ലാത്ത യൂബർ ടാക്സി ഡ്രൈവർ ഷമീറിനോട് അത്തരമൊരു കാറിനെക്കുറിച്ച് അന്വേഷിച്ചത്? ആ കാർ സ്വന്തം അളിയന്റേതായിരിക്കെ? അപ്പോൾ അതിന് പിന്നിൽ ഒരു കഥയുണ്ട് എന്ന് വേണം കരുതാൻ.
“അൻവറിനെ വിശദമായി ഒന്ന് കൂടി ചോദ്യം ചെയ്യുമ്പോൾ ആ കഥയൊക്കെ പുറത്ത് വരും.” അയാൾ മനസ്സിൽ പറഞ്ഞു.
"ശരി,നീ പൊയ്ക്കോ, എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിക്കാം." അയാൾ കിരണിനോട് പറഞ്ഞു.അവൻ അപ്പോൾ തന്നെ അവിടെ നിന്നും യാത്ര പറഞ്ഞ് പോയി.
അപ്പോഴേക്കും 'ഓപ്പറേഷൻ കോർട്ടിയാർഡി'ന്റെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി പ്രതാപ്, രവിശങ്കറിനടുത്തേക്ക് വന്നു. കുറച്ചധികം ഫോൺ കോളുകളിലൂടെയാണ് ആ ഓഫീസർ മിന്നൽ പരിശോധനയുടെ നടപടിക്രമങ്ങളും സജ്ജീകരണങ്ങളും നിർവഹിച്ചത്.
"പ്രതാപ്, വരൂ, ഇവിടെ ഇരിക്കൂ..." രവിശങ്കർ ഒരു കസേര നീക്കിയിട്ടുകൊണ്ട് പറഞ്ഞു.
"താങ്ക്യൂ സർ." ചിരിയോടെ പ്രതാപ് ഇരുന്നു.
"കിരണിൽ നിന്നും കുറച്ച് വിവരങ്ങൾ ലഭിച്ചു." രവിശങ്കർ തലയാട്ടിക്കൊണ്ട് പറഞ്ഞു.
"ഓഹോ...." പ്രതാപ് അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ രവിശങ്കറിനെ നോക്കി.രവിശങ്കർ പറഞ്ഞു: "പ്രതാപ്,ഹസീന ഈ വീട്ടിൽ ഒറ്റക്ക് താമസിക്കരുതെന്ന് മനാഫ് ആഗ്രഹിച്ചിരുന്നു. കോയമ്പത്തൂർക്ക് പോകാനിറങ്ങുമ്പോൾ ആ രാത്രി മുതൽ താൻ മടങ്ങിയെത്തുന്നത് വരെ അവൾ അവളുടെ കുടുംബ വീട്ടിലാണ് താമസിക്കേണ്ടതെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു. വൈകീട്ടോടെ ഇവിടെ വന്ന് ഹസീനയെ പിക്ക് ചെയ്ത് പത്തടിപ്പാലത്തെ അവളുടെ കുടുംബ വീട്ടിൽ ഡ്രോപ്പ് ചെയ്യണമെന്ന് അയാൾ കിരണിനെ പറഞ്ഞേൽപ്പിക്കുകയും ചെയ്തു.എന്നാൽ വൈകീട്ട് ഹസീനയെ പിക്ക് ചെയ്യാനെത്തിയ കിരണിനെ അവൾ അടുത്ത ദിവസം രാവിലെ വരാൻ പറഞ്ഞ് മടക്കി അയച്ചു.ആ രാത്രി ഈ വീട്ടിൽ തനിച്ചാകണമെന്നത് അവളുടെ ഉറച്ച തീരുമാനമോ, തീവ്രമായ അഭിലാഷമോ ആയിരുന്നിരിക്കണം. മനാഫ് കോയമ്പത്തൂർക്ക് പോകാനിറങ്ങിയതോടെ എല്ലാ സ്വാതന്ത്ര്യവും തനിക്ക് കൈവന്നതായി അവൾ കരുതി. അവൾ തന്റെ കാമുകനെ ഇവിടേക്ക് സ്വാഗതം ചെയ്തു.അയാൾ തന്റെ പഴയ സ്റ്റാൻഡില്ലാത്ത ആക്ടീവയുമായി പിന്നാമ്പുറത്തെ പറമ്പിലൂടെ ഇവിടെയെത്തി. അയാളും അവളും അകത്തുള്ളപ്പോഴായിരുന്നിരിക്കണം അപ്രതീക്ഷിതമായ മനാഫിന്റെ മടങ്ങിയെത്തൽ."
"സർ, ഈ അനുമാനം ശരിയാവാൻ തന്നെയാണ് സാധ്യത. പക്ഷേ, മനാഫ് എന്തിന് വീടിന്റെ പിന്നിലെത്തി? അതാണ് മനസ്സിലാകാത്തത്." പ്രതാപ് അലോചനയോടെ പറഞ്ഞു.അയാളത് പറഞ്ഞു തീർന്നപ്പോഴേക്ക് ഇന്ദ്രജ വീടിന്റെ അകത്തു നിന്നും അവിടേക്ക് വന്നു.
"സർ, സൺ ഷെയ്ഡിലും ടെറസിലുമെല്ലാം ആരുടേയോ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. ടെറസിൽ നിന്നും അകത്തേക്ക് തുറക്കുന്ന വാതിൽ റിപ്പയറിങ് ചെയ്യപ്പെട്ടിട്ടുണ്ട്." അവൾ പറഞ്ഞു.
(തുടരും)