'ഭാര്യയ്ക്കൊപ്പം കാമുകൻ; രാത്രിയിൽ വീട്ടിലെത്തി കൈയോടെ പിടികൂടി, രഹസ്യങ്ങൾ ഇനിയും ബാക്കി...'

Mail This Article
അധ്യായം: പതിനഞ്ച്
രവിശങ്കർ തലയാട്ടിക്കൊണ്ട് ചിരിച്ചു. പിന്നെ എഴുന്നേറ്റു.
"വരൂ പ്രതാപ്..." അയാൾ പ്രതാപിനേയും കൂട്ടി ആ വീടിന്റെ ടെറസിലേക്കെത്തി. ഇന്ദ്രജയും അവരെ അനുഗമിച്ചു.
"കണ്ടില്ലേ ഈ കാൽപ്പാടുകൾ...! ഇതും മനാഫിന്റെ തന്നെ.അതായത് അയാൾ ആ രാത്രി ഈ വീടിനകത്ത് പ്രവേശിച്ചത് പിന്നിലൂടെ വന്ന്, സൺ ഷെയ്ഡിലേക്ക് കയറി,അവിടെ നിന്നും ടെറസിലെത്തി, ടെറസിൽ നിന്നും അകത്തേക്ക് തുറക്കുന്ന വാതിൽ തകർത്താണ്!" രവിശങ്കർ ആവേശത്തോടെ പറഞ്ഞു.
"ശരിയായിരിക്കാം സർ. തെളിവുകൾ നൽകുന്ന സൂചനയും അതാണ്. പക്ഷേ എന്തിന്? സ്വന്തം വീട്ടിലേക്ക് എന്തിനിങ്ങനെ പതുങ്ങിയെത്തണം?" പ്രതാപിന് ആശയക്കുഴപ്പം മാറുന്നില്ല.
"എടോ സ്വന്തം വീട്ടിൽ സംശയാസ്പദമായ എന്തെങ്കിലും കണ്ടു കഴിഞ്ഞാൽ പിന്നെ ആരായാലും അങ്ങനെയൊക്കെ ചെയ്ത് പോകും." രവിശങ്കർ പറഞ്ഞു.
"സർ, എനിക്ക് മനസ്സിലായില്ല." പ്രതാപ് ജാള്യതയോടെ രവിശങ്കറിനെ നോക്കി.
"പ്രതാപ്, രാത്രി യൂബർ ടാക്സിയിൽ ഇവിടെ വന്നിറങ്ങിയ മനാഫിന്റെ ധാരണ എന്തായിരുന്നിരിക്കും? തന്റെ ഭാര്യ അവളുടെ കുടുംബ വീട്ടിലായിരിക്കും എന്നല്ലേ? ഈ ധാരണയോടെ അയാൾ തന്റെ പക്കലുള്ള താക്കോലെടുത്ത് വീടിന്റെ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചു കാണും. എന്നാൽ വാതിൽ അകത്തു നിന്നും ബോൾട്ടിട്ടിരിക്കുകയാണെന്ന് ഒട്ടും വൈകാതെ അയാൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അകത്ത് ഹസീനയുണ്ട് എന്നയാൾക്ക് ഉറപ്പായിട്ടുണ്ടാകും. തന്റെ നിർദേശം മറി കടന്ന് അവൾ എന്തിന് ആ രാത്രി വീട്ടിൽ തുടർന്നു എന്ന ചോദ്യം അയാളുടെ ഉള്ളിൽ ഉദിച്ചു കാണും. പുരുഷ സഹജമായ ഒരു സംശയം അയാളിൽ രൂഢമൂലമായിക്കാണും. അങ്ങനെ പതിയെ വീടിന് പിന്നിലെത്തി, സൺ ഷെയ്ഡിൽ കയറി,ടെറസിലെത്തി, അവിടെ നിന്നും അകത്തേക്കുള്ള വാതിൽ തകർത്ത് അകത്തു ചെന്നിട്ടുണ്ടാകും."
"സർ, അങ്ങനെയെങ്കിൽ അയാൾ തന്റെ ഭാര്യയേയും കാമുകനേയും കൈയോടെ പിടിച്ചും കാണും. അയാളുടെ ഒരു സ്വഭാവം വെച്ച് അയാൾ വലിയൊരു കലഹത്തിന് തിരികൊളുത്തേണ്ടതാണ്. പക്ഷേ ഇവിടെ ഈ വീട്ടിൽ ഒരു സ്ട്രഗിൾ നടന്നതിന്റെ യാതൊരു വിധ ലക്ഷണങ്ങളും ഇല്ല. ഒരു ബഹളവും അയൽക്കാരാരും കേട്ടിട്ടുമില്ല."
"അതാണ് ഇനിയും മനസ്സിലാകാത്തത് പ്രതാപ്. ഇവിടെ ഒന്നും സംഭവിച്ചില്ല. രാവിലെത്തന്നെ ഹസീന, മാധവൻ ആശാരിയെ വിളിച്ച്, മനാഫ് തകർത്ത വാതിൽ ശരിപ്പെടുത്താൻ ഏർപ്പാടാക്കി. കിരൺ പിക്ക് ചെയ്യാൻ എത്തിയപ്പോൾ അവന്റെ ഓട്ടോയിൽ ഹസീന പത്തടിപ്പാലത്തേക്ക് പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് മനാഫും വീട് പൂട്ടിയിറങ്ങി. അപ്പോൾ ഈ കാമുകന് എന്ത് സംഭവിച്ചു? അല്ലെങ്കിൽ ആ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടു? അത് മനസ്സിലാകുന്നില്ല."
"ഇനി അകത്തുണ്ടായിരുന്ന ആൾ അവളുടെ കാമുകൻ അല്ലായിരുന്നെങ്കിലോ? പവിത്രതയോടെ മാത്രം ഇടപഴകേണ്ട ആരെങ്കിലുമായിരുന്നെങ്കിലോ? ആങ്ങളമാരോ അവരുടെ മക്കളോ അങ്ങനെ ആരെങ്കിലും?"
"അങ്ങനെ ആരെങ്കിലുമാണെങ്കിൽ അവരെന്തിന് വീടിന് പിന്നിലൂടെ വരണം? ഒറ്റപ്പെട്ട,ആരാലും ശ്രദ്ധിയ്ക്കപ്പെടാത്ത ആ പറമ്പ് കടന്ന് വരണം? വണ്ടി രഹസ്യമായി വീടിന് പിന്നിലെ ഷെഡ്‌ഡിൽ ഒതുക്കി വെക്കണം?"
"ഓ... അത് ശരിയാണ് സർ." പ്രതാപ് പറഞ്ഞു.
ഫോറൻസിക്കുകാരുടെ വണ്ടി വീടിന് മുന്നിൽ വന്ന് നിൽക്കുന്നത് രവിശങ്കർ കണ്ടു. അയാൾ ഇന്ദ്രജയോട് പറഞ്ഞു: "മോളേ... ആ വണ്ടി കുറച്ചപ്പുറത്തേക്ക് നീക്കിയിട്ടിട്ട് വരാൻ പറയ് അവരോട്."
ഇന്ദ്രജ ഉടൻ തന്നെ പടിക്കലേക്ക് ചെന്ന് വണ്ടി, പൊലീസ് വാഹനം നിർത്തിയിരിക്കുന്നിടത്തേക്ക് മാറ്റിയിടാൻ പറഞ്ഞു. അവരപ്രകാരം ചെയ്തു.
ഫോറൻസിക്ക് ഉദ്യോഗസ്ഥർ വീടിനകത്തേക്ക് ചെന്നു. രവിശങ്കർ ചിരിയോടെ അവരെ സ്വാഗതം ചെയ്തു. കുശലപ്രശ്നങ്ങൾക്ക് ശേഷം അയാൾ പറഞ്ഞു:
"സിംഫണി ഹോട്ടൽസിലെ കൊലപാതകം ഞങ്ങളെയിട്ട് വട്ടം ചുറ്റിച്ചു കൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും ഇതൊന്ന് തീരുമാനമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഞങ്ങൾ. നിങ്ങളുടെ സഹായമുണ്ടെങ്കിൽ ഞങ്ങൾക്ക് പല കാര്യങ്ങളിലും വ്യക്തതയും ആധികാരികതയും ലഭിക്കും."
"പറയൂ രവിശങ്കർ, എന്ത് സപ്പോർട്ടാണ് ഞങ്ങൾ ചെയ്ത് തരേണ്ടത്?" ഫോറൻസിക്ക് സംഘത്തിന്റെ തലവൻ ആകാശ് ചോദിച്ചു.
"ആകാശ്, ഇത് കൊല്ലപ്പെട്ട മനാഫ് എന്നയാളുടെ വീടാണ്. ഈ വീട്ടിൽ, അയാൾ കൊല്ലപ്പെടുന്നതിന്റെ തലേ രാത്രി അയാളേയും അയാളുടെ ഭാര്യയേയും കൂടാതെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. അതാരാണെന്ന് തീർച്ച വരുത്തണം. അതിനാണ് എനിക്ക് നിങ്ങളുടെ അസിസ്റ്റൻസ് വേണ്ടത്. അതായത് നിങ്ങൾ ഈ വീട് മുഴുവൻ അരിച്ചു പെറുക്കണം.കിടക്കകൾ, ബെഡ് ഷീറ്റുകൾ, തലയിണകൾ, തലയിണ ഉറകൾ, ചായക്കപ്പുകൾ, ആഷ് ട്രേസ്, ജ്യൂസ് ഗ്ലാസുകൾ, സോഫകൾ, ബാത്ത് റൂം ടവ്വലുകൾ, ഷവറുകൾ, ഹെൽത്ത് ഫോസെറ്റുകൾ ഇങ്ങനെ തുടങ്ങി സകലതും പരിശോധിച്ച് സാമ്പിളുകളെടുക്കണം. ഈ സാമ്പിളുകൾക്കൊപ്പം ഞങ്ങൾ സംശയിക്കുന്നവരുടെ ബ്ലഡ് സാമ്പിൾസും ചേർത്ത് ലാബിലയച്ച് ഡി.എൻ.എ ടെസ്റ്റ് നടത്തിയാൽ അജ്ഞാതനായി തുടരുന്ന ആ മനുഷ്യൻ ആരെന്ന് തീർച്ച വരുത്താമല്ലോ!"
"ഗുഡ് ഐഡിയ രവിശങ്കർ! നിങ്ങൾ സമർത്ഥനാണ്." ആകാശ് രവിശങ്കറിനെ അഭിനന്ദിച്ചു.
"താങ്ക്യൂ ആകാശ്." രവിശങ്കർ പുഞ്ചിരിച്ചു.
"എന്നാൽ ഞങ്ങൾ ജോലി തുടങ്ങട്ടെ. ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിക്കും."
"ശരി ആകാശ്... ക്യാരി ഓൺ."
രവിശങ്കർ ഫോറൻസിക്ക് ഉദ്യോഗസ്ഥർക്ക് ആ വീടിന്റെ എല്ലാ ഭാഗങ്ങളും തുറന്നു കൊടുത്തശേഷം അയാൾ പ്രതാപിനോട് പറഞ്ഞു:
"എടോ, ഞാനീ വീടിന്റെ പിന്നിലുള്ള ആ പറമ്പിലൂടെ ഒന്ന് നടക്കാൻ പോവുകയാണ്. ആ പറമ്പ് എവിടെ അവസാനിക്കുന്നു എന്നറിയണം. ആ പ്രദേശത്തെ ഒന്ന് പഠിക്കണം. നമ്മുടെ മനസ്സിലുള്ള,ചില ചോദ്യങ്ങൾക്കെങ്കിലും ഉത്തരങ്ങൾ കണ്ടെത്താൻ അതിലൂടെ സാധിക്കുമെന്ന് തോന്നുന്നു."
"സർ തനിച്ച്....?" പ്രതാപ് ആശങ്കയോടെ അർദ്ധോക്തിയിൽ നിർത്തി.
"എന്റെ കൈയിൽ സർവീസ് റിവോൾവറുണ്ടല്ലോ. ഒന്നും പേടിക്കാനില്ല. താനും ഹരിലാലും ഇന്ദ്രജയും ഫോറൻസിക്കുകാർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കണം. പരിശോധന പൂർത്തിയായാൽ നിങ്ങൾ ഓഫീസിലേക്ക് പൊയ്ക്കൊള്ളൂ. എന്നിട്ട് മനാഫിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈപ്പറ്റണം. ബോഡി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനുള്ള ഏർപ്പാടുകൾ ചെയ്യണം. പിന്നെ 'ഓപ്പറേഷൻ കോർട്ടിയാർഡി'ന്റെ കാര്യങ്ങൾ ഫോളോ ചെയ്യണം. രാത്രി നമുക്ക് എന്റെ വീട്ടിൽ കൂടാം. രാത്രി വരെ എനിക്ക് കുറച്ചധികം ജോലികളുണ്ട്."
"അങ്ങനെയാകട്ടെ സർ. സാമ്പിളുകൾ ലഭിച്ചു കഴിഞ്ഞാൽ അൻവറിന്റേയും ബാബുരാജിന്റെയും ബ്ലഡ് സാമ്പിൾസ് നമുക്കെടുക്കാം. പക്ഷേ എം.ഡി ജമാലുദീന്റെത് നമ്മളെങ്ങനെ ശേഖരിക്കും?"
"അക്കാര്യം എനിക്ക് വിട്ടേക്കൂ പ്രതാപ്." പറഞ്ഞശേഷം രവിശങ്കർ വീടിന് പുറത്തിറങ്ങി പിൻവശത്തെ പറമ്പിലേക്ക് നടന്നു.
(തുടരും)