ADVERTISEMENT

അധ്യായം: പതിനാറ്

അന്ന് രാത്രി ഡി.വൈ.എസ്.പി പ്രതാപും സബ് ഇൻസ്‌പെക്ടർമാരായ ഹരിലാൽ, ഇന്ദ്രജ, രാജേഷ് കുമാർ എന്നിവരും രവിശങ്കറിന്റെ ബംഗ്ലാവിൽ ഒരുമിച്ചു കൂടി. തൃപ്പൂണിത്തുറയിൽ കായലിന്റെ കരയിലായിരുന്നു രവിശങ്കറിന്റെ ബംഗ്ലാവ്. 'ആതിര' എന്നായിരുന്നു ആ ബംഗ്ലാവിന്റെ പേര്.അതയാളുടെ മകളുടെ പേരാണ്. ബാംഗ്ലൂരിൽ മെഡിസിന് പഠിക്കുകയാണ് ആതിര.

രവിശങ്കറിന്റെ ഭാര്യ നന്ദിത നല്ല ചിക്കൻ മന്തിയൊക്കെ ഉണ്ടാക്കി അതിഥികളെ സത്കരിച്ചു.കളിചിരികളും തമാശകളുമൊക്കെയായി എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു. സമയമെടുത്ത് ആസ്വദിച്ച് കഴിച്ചതിന് ശേഷം ഓരോ ഐസ്ക്രീം ബോളുമായി രവിശങ്കറടക്കമുള്ള അഞ്ചു പേരും ബംഗ്ലാവിന്റെ രണ്ടാമത്തെ നിലയിലെ ബാൽക്കണിയിലേക്കിരുന്നു. മനോഹരമായ നിലാവിൽ നനുത്തതും തണുത്തതുമായ കായൽക്കാറ്റിന്റെ തലോടലേറ്റ് അവരിരുന്നു. മുന്നിൽ കറുത്ത കമ്പിളിയും പുതച്ച് താളം തുള്ളുന്ന കായൽപെണ്ണ്...!

ഏതാനും ദിവസങ്ങൾക്കുശേഷം രവിശങ്കറിന്റെ മുഖത്ത് ചിരിയും പ്രസാദവുമൊക്കെ മടങ്ങിയെത്തിയിരിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. കേസന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായത് കൊണ്ടാണതെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. അന്വേഷണം ഏറ്റെടുത്തത് മുതൽ അയാളുടെ മുഖത്ത് മാനസീക സംഘർഷങ്ങളുടെയും പിരിമുറുക്കങ്ങളുടെയും കാർമേഘങ്ങൾ അലഞ്ഞു തിരിയുകയായിരുന്നു. എന്നാലിപ്പോഴത്‌ അൽപ്പാൽപ്പമായി മാഞ്ഞു പോകാൻ തുടങ്ങിയിരിക്കുന്നു. അയാളുടെ പല അനുമാനങ്ങളും നിഗമനങ്ങളും തീരുമാനങ്ങളും ശരിയാണെന്ന് തെളിയുന്നതാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളിൽ കാണാൻ സാധിച്ചിരിക്കുന്നത്! സമർത്ഥനും അനുഭവ സമ്പന്നനുമായ ആ പോലീസ് ഓഫീസറുടെ അന്വേഷണ പാടവം, മറഞ്ഞിരിക്കുന്ന പല യാഥാർഥ്യങ്ങളെയും അനാവൃതമാക്കിത്തുടങ്ങിയിരിക്കുന്നു.

അയാൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയ 'ഓപ്പറേഷൻ കോർട്ടിയാർഡി'ന്റെ വിജയം മനാഫ് വധക്കേസ് അന്വേഷണത്തെ മറ്റൊരു വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്!ഒരു ചെറിയ അബദ്ധം പറ്റിയാൽ പോലും  തകിടം മറിഞ്ഞേക്കാവുന്ന അത്തരമൊരു ഓപ്പറേഷൻ വിജയകരമായി പര്യവസാനിച്ചെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അയാൾക്കും അയാളുടെ നേതൃഗുണത്തിനുമാണ്.

വൈകീട്ട് കൃത്യം അഞ്ചു മണിക്ക് തന്നെ 'സിംഫണി ഗ്രൂപ്പി'ന്റെ മുപ്പത്തി മൂന്ന് സ്ഥാപനങ്ങളിലും രണ്ട് ഗോഡൗണുകളിലും എം.ഡി ജമാലുദ്ധീൻറെ രണ്ട് വസതികളിലും അയാളുടെ സെക്രട്ടറി വേണുഗോപാലിന്റെ വസതിയിലും മൂന്ന് പേർ വീതമുള്ള പോലീസ് സംഘങ്ങൾ സെർച്ച് വാറണ്ടുമായി കുതിച്ചെത്തി.സ്ഥാപനങ്ങളുടെ കോമ്പൗണ്ടുകളിലും പാർക്കിങ് ഏരിയകളിലും പിന്നാമ്പുറങ്ങളിലും അണ്ടർ ഗ്രൗണ്ടുകളിലുമൊക്കെ കാർക്കശ്യത്തോടെയുള്ളതും കൃത്യതയോട് കൂടിയതുമായ പരിശോധനകൾ നടന്നു.

പരിശോധനകൾ തകൃതിയായി നടക്കവെ സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ മുണ്ടമ്പാലം എന്ന പ്രദേശത്തുള്ള 'സിംഫണി ഗ്രൂപ്പി'ന്റെ ഗോഡൗണിന് പിന്നിലെ തകര ഷെഡ്‌ഡിൽ നിന്നും ആ സ്റ്റാൻഡില്ലാത്ത, പഴയ മോഡൽ ആക്ടീവ കണ്ടെടുക്കപ്പെട്ടു! സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാറും സംഘവുമായിരുന്നു ആക്ടീവ കണ്ടെത്തിയത്. ഉടൻ തന്നെ രാജേഷ്‌കുമാർ വിവരം പ്രതാപിന് കൈമാറി. പ്രതാപ് അത് രവിശങ്കറിന് റിപ്പോർട്ട് ചെയ്തു. പ്രതാപിൽ നിന്നും വിവരമറിയുമ്പോൾ രവിശങ്കർ മനാഫിന്റെ ബോഡി പൊതുദർശനത്തിന് വെച്ച കളമശ്ശേരി മുനിസിപ്പൽ ഹോളിലായിരുന്നു.

"താങ്ക് ഗോഡ്!"-അയാൾ സന്തോഷത്തോടെ പറഞ്ഞു.

"പ്രതാപ്, ഉടൻ തന്നെ ഡിപ്പാർട്മെന്റിന്റെ ഗുഡ്സ് വണ്ടി 'സിംഫണി ഗ്രൂപ്പി'ന്റെ ഗോഡൗണിലേക്കെത്തിക്കണം. കനത്ത പോലീസ് ബന്ദവസിൽ ആക്റ്റീവ ഗുഡ്സ് വണ്ടിയിൽ കയറ്റി കമ്മീഷണർ ഓഫീസിലേക്കെത്തിക്കണം. ആക്രമിക്കപ്പെടാനും അട്ടിമറിക്കപ്പെടാനുമുള്ള എല്ലാ സാധ്യതകളും ഉണ്ട്. അതുകൊണ്ട് മാൻ പവറിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ട." രവിശങ്കർ നിർദേശിച്ചു.

"ശരി സർ." പ്രതാപ് ഉടൻ തന്റെ സബോഡിനേട്സിന് അതുപ്രകാരമുള്ള ഉത്തരവുകൾ നൽകി. ആക്ടീവ എത്രയും വേഗം കമീഷണർ ഓഫീസിലേക്കെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. ഒട്ടും വൈകാതെ മുണ്ടമ്പാലത്തെ ഗോഡൗൺ ഇൻചാർജ് വസീറിനെ പ്രതാപ് ചോദ്യം ചെയ്തു.   

“"മിനിഞ്ഞാന്ന് രാവിലെയാണ് സർ ഈ ആക്ടീവ ഗോഡൗണിലെത്തിയത്. ഗോഡൗണുകളുടെ ചുമതലയുള്ള പർച്ചേസ് മാനേജർ ജോയ് തോമസാണ് കുറച്ചു നാളത്തേക്ക് ആക്ടീവ ഗോഡൗണിൽ സൂക്ഷിക്കണമെന്ന നിർദേശം തന്നത്. വസീർ പറഞ്ഞു.

"ആരാ ആക്ടീവ അവിടെ കൊണ്ട് വന്നത്?" പ്രതാപ് ചോദിച്ചു.

"എം.ഡി ജമാലുദീന്റെ പേഴ്സണൽ സെക്രട്ടറി വേണുഗോപാൽ."

"ശരി.താൻ പൊയ്ക്കോ." പ്രതാപ് വസീറിനോട് പറഞ്ഞു. വസീർ ഉടൻ തന്നെ തന്റെ ജോലിത്തിരക്കുകളിലേക്ക് മടങ്ങി.

"സിംഫണി ഗ്രൂപ്പിന്റെ മുണ്ടമ്പാലത്തെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത ആക്ടീവ അവിടെ സൂക്ഷിക്കണമെന്ന നിർദേശം നൽകിയത് നിങ്ങളാണെന്നറിയാൻ സാധിച്ചു. കപ്പലണ്ടിമുക്കിലെ വണ്ടിയാണതെന്നാണ് കമ്പനിയുടെ രേഖകളിൽ നിന്ന് മനസ്സിലാകുന്നത്. കപ്പലണ്ടിമുക്കിലെ റെസ്റ്റോറന്റിൽ ഉപയോഗിക്കുന്ന ഈ ആക്ടീവ എന്തുകൊണ്ടാണ് പൊടുന്നനെ ഗോഡൗണിലേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്?" പ്രതാപ് സിംഫണി ഗ്രൂപ്പിന്റെ പർച്ചേസ് മാനേജർ ജോയ് തോമസിനോട് ചോദിച്ചു.

"എം.ഡി വിളിച്ചു പറഞ്ഞത് പ്രകാരമാണ് സർ ഞാനത്തരമൊരു നിർദേശം ഗോഡൗൺ ഇൻചാർജിന് നൽകിയത്. ആക്ടീവ മുണ്ടമ്പാലത്തെ ഗോഡൗണിലേക്ക് മാറ്റുന്ന കാര്യം വേണുഗോപാൽ നോക്കിക്കൊള്ളുമെന്നും എം.ഡി പറഞ്ഞു." ജോയ് തോമസ് പറഞ്ഞു.

"ശരി." പ്രതാപ് അയാളേയും പോകാൻ അനുവദിച്ചു.

അടുത്തതായി വേണുഗോപാലിനെയാണ് പ്രതാപ് ചോദ്യം ചെയ്തത്.അതിനായി വേണുഗോപാലിനെ അയാൾ തന്റെ ഓഫിസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

"ഈ ആക്ടീവ ഇടക്കിടെ എം.ഡി ഉപയോഗിക്കാറുണ്ട് സാറേ.എം.ഡിക്ക് ആവശ്യമുള്ളപ്പോൾ ഞാൻ പോയി കപ്പലണ്ടിമുക്കിലെ റെസ്റ്റോറന്റിൽ നിന്നും വണ്ടിയെടുത്ത് മൂപ്പരുടെ കാക്കനാട്ടെ വീട്ടിൽ കൊണ്ട് പോയി വെക്കും. അദ്ദേഹത്തിന്റെ ആവശ്യം കഴിഞ്ഞാലുടൻ തിരികെ റെസ്റ്റോറന്റിലെത്തിക്കുകയും ചെയ്യും."-വേണുഗോപാൽ പറഞ്ഞു.

"ആ വണ്ടിയുടെ സ്റ്റാൻഡ് ശരിയാക്കാത്തതെന്താണ്?"

"പഴയ മോഡൽ ആക്ടീവയായത് കൊണ്ട് അതിന്റെ സ്റ്റാൻഡുകൾ കിട്ടാനില്ല സാറേ.ഓടുന്നിടത്തോളം ഓടട്ടെ എന്ന് കരുതി കളയാത്തതാണ്."

 "ഏറ്റവും ഒടുവിൽ എം.ഡിക്കായി നീ ആ വണ്ടി റെസ്റ്റോറന്റിൽ നിന്നും എടുത്ത് കൊടുത്തത് എന്നാണ്?"

"രണ്ട് മൂന്ന് ദിവസം മുൻപാണ് സർ."

"എന്ന് പറഞ്ഞാൽ മനാഫ് കൊല്ലപ്പെട്ടതിന്റെ തൊട്ട് തലേ ദിവസം. അല്ലേ?" ആ ചോദ്യം കേട്ടപ്പോൾ വേണുഗോപാൽ ഒന്ന് നിശബ്ദനായി. സ്തബ്ധനായി എന്ന് പറയുന്നതാവും കുറച്ചു കൂടി ഉചിതം. ഓരോ കാര്യങ്ങളും ഏതൊക്കെ തരത്തിലാണ് കണക്ട് ചെയ്യപ്പെടുന്നതെന്ന് ചിന്തിച്ച് അയാൾ അതിശയിച്ചു.

"ചോദിച്ചത് കേട്ടില്ലേ? മറുപടി പറയടാ..."-പ്രതാപിന്റെ ശബ്ദം ഉയർന്നു.

വേണുഗോപാൽ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

"അന്ന് എപ്പോഴാണ് നീ ആക്ടീവ എം,ഡിയുടെ വീട്ടിലെത്തിച്ചത്?"

"വൈകീട്ട് മൂന്ന് മൂന്നരയോടെയാണ് ആക്ടീവ വേണമെന്ന് എം.ഡി എന്നെ വിളിച്ച് പറഞ്ഞത്. ഞാനപ്പോൾ അദ്ദേഹത്തിന്റെ ഒരു വസ്തു നികുതി അടക്കാനായി കോർപറേഷനിൽ നിൽക്കുകയാണ്.വേഗം ആ ജോലി തീർത്ത് കപ്പലണ്ടിമുക്കിലെ റെസ്റ്റോറന്റിൽ പോയി വണ്ടിയെടുത്ത് കാക്കനാട്ടെ വീട്ടിൽ കൊണ്ട് പോയ് കൊടുത്തു."

"ഉദ്ദേശ്യം എത്ര മണിയോടെയാണ് നീ കാക്കനാടുള്ള എം.ഡിയുടെ വീട്ടിലെത്തിയത്?"

"വൈകീട്ട് ഒരു അഞ്ചു മണിയോടടുപ്പിച്ച്."

"എല്ലാ തവണയും എം.ഡിയുടെ ഉപയോഗം കഴിഞ്ഞാൽ തിരികെ കപ്പലണ്ടിമുക്കിലെ റെസ്റ്റോറന്റിൽ കൊണ്ട് പോയി വെക്കുന്ന ആക്ടീവ ഇത്തവണ മാത്രം എന്ത് കൊണ്ടാണ് മുണ്ടമ്പാലത്തെ ഗോഡൗണിൽ വെച്ചത്?"

"അത് സർ അങ്ങനെ ചെയ്യാൻ എം.ഡി പറഞ്ഞു."

"അതിന്റെ കാരണം പറഞ്ഞില്ലേ?"

"ഇല്ല സർ."

"നീ ചോദിച്ചുമില്ല...?"

"ഇല്ല സർ.അങ്ങനെ ചോദിക്കുന്നത് അദ്ദേഹത്തിനിഷ്ടമല്ല."

"എം.ഡിക്ക് ആക്ടീവയുമായി എവിടെയാണ് പോകാറുള്ളത്?"

"അറിയില്ല സർ.എന്തായാലും രാത്രിയാണ് ആക്ടീവയിലുള്ള യാത്ര."

(തുടരും)

English Summary:

Symphony hotelsile Kolapathakam Enovel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com