'ഫോണില് നിന്ന് ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുത്തു'; ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് മനാഫിന്റെ മരണത്തിൽ പങ്ക്?

Mail This Article
അധ്യായം: പതിനേഴ്
"അയാൾക്കെന്തിനാണ് ഈ പഴഞ്ചൻ ആക്ടീവ? വിലകൂടിയ ഹൈബ്രിഡ് കാറുകളും ബൈക്കുകളുമൊക്കെ സ്വന്തമായുള്ള അയാൾ സ്റ്റാൻഡ് പോലും ഇല്ലാത്ത ഈ പഴയ ആക്ടീവ ഉപയോഗിക്കുന്നതിന് പിന്നിലെ രഹസ്യമെന്താണ്?"
ഇതൊരു തന്ത്രപൂർവ്വമായ ചോദ്യമായിരുന്നു. വേണുഗോപാലിൽ നിന്നും എന്തെങ്കിലുമൊക്കെ വീണ് കിട്ടാനുള്ള ചോദ്യം. എന്നാൽ അയാൾ ബുദ്ധിമാനാണ്. ചൂണ്ടയിൽ കൊത്തിയില്ല. എന്തോ പറയാൻ വന്നെങ്കിലും പറയാതെ വിഴുങ്ങിക്കളഞ്ഞു. പറയാൻ വന്ന കാര്യം പറയാൻ നിർബന്ധിച്ചിട്ടും പറഞ്ഞുമില്ല. ഏതായാലും പ്രതാപ് വേണുഗോപാലിനേയും പോകാൻ അനുവദിച്ചു.
ലഭിച്ച വിവരങ്ങൾ പ്രകാരം ഇനി ചോദ്യം ചെയ്യേണ്ടത് സിംഫണി ഗ്രൂപ്പിന്റെ എം.ഡി ജമാലുദ്ധീനെയാണ്! സ്റ്റാൻഡില്ലാത്ത ആ പഴയ മോഡൽ ആക്ടീവയുമായി ആ മഴയുള്ള രാത്രി പിന്നാമ്പുറത്തെ പറമ്പിലൂടെ മനാഫിന്റെ വീട്ടിലെത്തിയത് ജമാലുദ്ധീനാണെന്നാണ് മനസ്സിലാകുന്നത്. ലഭിച്ച മൊഴികളും സാഹചര്യത്തെളിവുകളും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്. എന്നാലും സ്ഥിരീകരിക്കേണ്ടതുണ്ട്. മനാഫ് വധക്കേസിലെ ഏറ്റവും നിർണായകമായ ചോദ്യം ചെയ്യലായിരിക്കും ജമാലുദ്ധീൻറെത്. തുടക്കം മുതൽ അന്വേഷണ സംഘം ജമാലുദ്ധീനെ സംശയിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ സംശയം ബലപ്പെട്ടിരിക്കുന്നു. വേണ്ട രീതിയിൽ ആ മനുഷ്യനെ ചോദ്യം ചെയ്താൽ കേസ് തന്നെ തെളിഞ്ഞേക്കുമെന്ന തോന്നൽ ശക്തമാവുകയാണ്. കൃത്യമായ ആസൂത്രണങ്ങളോടെയും തെളിവുകളോടെയും രവിശങ്കറിന്റെ അനുമതിയോടെയും, അദ്ദേഹത്തിന്റെ മേൽനോട്ടത്തിലുമല്ലാതെ ജമാലുദ്ധീനെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് പ്രതാപിനറിയാമായിരുന്നു. അതുകൊണ്ട് അയാൾ നടപടി ക്രമങ്ങൾക്ക് താൽക്കാലിക വിരാമം കുറിച്ചു. അയാൾ രാത്രിയാകാൻ കാത്തിരുന്നു.
രാത്രി രവിശങ്കറിന്റെ ബംഗ്ലാവിൽ വെച്ച് കൂടാൻ തീരുമാനിച്ചിരിക്കുന്ന മീറ്റിങ്ങിലായിരിക്കും മനാഫ് വധക്കേസിന്റെ മുന്നോട്ടുള്ള നീക്കങ്ങൾ സംബന്ധിച്ച നിർണായകമായ തീരുമാനങ്ങൾ രൂപപ്പെടുകയും പരുവപ്പെട്ടുവരികയും ചെയ്യുക എന്നയാൾക്കറിയാമായിരുന്നു. അതിനിടെ, മനാഫിന്റെ വീട്ടിലെ ഫോറൻസിക് പരിശോധന പൂർത്തിയായിരുന്നു. അവിടെ നിന്നും ലഭിച്ച സാമ്പിളുകളോടൊപ്പം ലാബിലയക്കാൻ അൻവറിന്റെയും ബാബുരാജിന്റെയും രക്തസാമ്പിളുകൾ എത്തിച്ചു നൽകാനുള്ള ഏർപ്പാടുകൾ ചെയ്തു. എം.ഡി ജമാലുദ്ധീൻറെ രക്തസാമ്പിളുകളുടെ കാര്യം താനേറ്റു എന്ന് രവിശങ്കർ പറഞ്ഞിരുന്നതിനാൽ പ്രതാപ് ആ വിഷയത്തെക്കുറിച്ച് അധികം ചിന്തിച്ചില്ല. എന്നാൽ സാമ്പിളുകളുമായി ഫോറൻസിക് ഉദ്യോഗസ്ഥർ പോകാനൊരുങ്ങവേ ഒരു ബൈക്കിൽ പാഞ്ഞെത്തിയ പൊക്കം കൂടിയ ഒരാൾ ജമാലുദീന്റെ രക്തസാമ്പിളുകൾ പ്രതാപിന് കൈമാറി! ആഗതൻ ഹെൽമെറ്റ് ഊരിയില്ല. അതുകൊണ്ട് തന്നെ അയാളുടെ മുഖം പ്രതാപിന് വ്യക്തമായില്ല. അയാൾ സ്വയം പരിചയപ്പെടുത്തുകയോ മറ്റുള്ളവരെ പരിചയപ്പെടുകയോ ചെയ്തില്ല. രക്തസാമ്പിളുകൾ കൈമാറി ഉടൻ തന്നെ ബൈക്കിൽ കയറി മടങ്ങിപ്പോയി. ബംഗ്ലാവിലെ മീറ്റിങ്ങിൽ പ്രതാപ് ആകാംക്ഷയോടെ ഏറ്റവും ആദ്യം രവിശങ്കറിനോട് ചോദിച്ചതും ഇതേക്കുറിച്ചാണ്.
"ആരാണാ മനുഷ്യൻ? ജമാലുദീന്റെ രക്തസാമ്പിളുകൾ അയാളെങ്ങനെ ശേഖരിച്ചു? ഇങ്ങനെയൊരു ആവശ്യവുമായി ഈയൊരു ഘട്ടത്തിൽ ജമാലുദീന്റെ അടുത്ത് ചെന്നാൽ അയാൾ പ്രശ്നമുണ്ടാക്കുമെന്നുള്ളതു കൊണ്ടാണല്ലോ നമ്മൾ അതിന് മടിച്ചത്?" പ്രതാപിന്റെ ഈ ചോദ്യത്തിന് മറുപടിയായി രവിശങ്കർ പൊട്ടിച്ചിരിച്ചു. പിന്നെ പറഞ്ഞു:
"അറ്റമില്ലാത്ത കുശാഗ്ര ബുദ്ധിയും വിചിത്രമായ സംശയങ്ങളും ഭ്രാന്തമായ അന്വേഷണ ത്വരയുമുള്ള ഒരാൾക്കേ ഒരു നല്ല കുറ്റാന്വേഷകനാകാൻ പറ്റൂ."
ഇതും പറഞ്ഞയാൾ പൊട്ടിച്ചിരിച്ചു. അയാളുടെ ചിരി കായലിൽ പ്രതിധ്വനികൾ സൃഷ്ടിച്ചു. നീണ്ട ചിരിക്കു ശേഷം അയാൾ പറഞ്ഞു:"ഡേവിഡ് സ്കറിയ ആണെടോ ആ ബൈക്കിൽ വന്ന മനുഷ്യൻ."
"ഡേവിഡ് സ്കറിയ...?" പ്രതാപിന് ആളെ മനസ്സിലായില്ല.
"താനറിയും. മുൻപ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻപെക്ടറായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിലും കുറച്ചു നാൾ ജോലി ചെയ്തു. മൂപ്പരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സഹായം സ്വീകരിച്ചതിലൂടെ എത്ര കേസുകളാണ് തെളിഞ്ഞിട്ടുള്ളത്!"
"ഓ... ഇപ്പോൾ പിടി കിട്ടി .നമ്മുടെ കോര മാപ്പിള." പ്രതാപ് ചിരിയോടെ പറഞ്ഞു.
"അങ്ങനെയും വിളിക്കാറുണ്ട് അയാളെ പലരും. സത്യത്തിൽ കോര എന്നത് അയാളുടെ അപ്പന്റെ പേരാണ്. ഞാനയാളെ രണ്ട് കാര്യങ്ങളാണ് ഏൽപ്പിച്ചത്. ഒന്ന് ജമാലുദ്ധീൻ പോലുമറിയാതെ ജമാലുദ്ധീൻറെ രക്തം ശേഖരിക്കുക എന്ന ദൗത്യം. അതയാൾ ഭംഗിയായി നിറവേറ്റി. ജമാലുദ്ധീൻ ഒരു ഷുഗർ രോഗിയാണ് എന്ന കാര്യം അയാൾ മണത്തറിഞ്ഞു. ഷുഗർ പരിശോധിക്കാൻ ജമാലുദ്ധീൻ കലൂർ സ്റ്റേഡിയത്തിന് പിന്നിലെ ലാബിൽ രക്തം നൽകിയിട്ടുണ്ടെന്നും അയാൾ മനസ്സിലാക്കി. അവിടെ നിന്നും അയാൾ ഫോറൻസിക്കുകാർക്ക് വേണ്ട രക്തസാമ്പിൾ ശേഖരിക്കുകയായിരുന്നു. അതിനായി അയാൾ ലാബ് മാനേജ്മെന്റിനെ കാണുകയും അവരിൽ നിന്നും സമ്മതം വാങ്ങുകയും ചെയ്തു."
"അത് കലക്കി....! എന്തായിരുന്നു അയാളെ ഏൽപ്പിച്ച രണ്ടാമത്തെ ദൗത്യം?" ഹരിലാൽ ആകാംക്ഷയോടെ ചോദിച്ചു.
"ഓപ്പറേഷൻ ഹോണ്ടാസിറ്റി!" രവിശങ്കർ പറഞ്ഞു.
"ഓപ്പറേഷൻ ഹോണ്ടാസിറ്റിയോ?" പ്രതാപ് നെറ്റി ചുളിച്ചു കൊണ്ട് രവിശങ്കറിനെ നോക്കി. മറ്റുള്ളവരും ആകാംക്ഷയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു.
"മനാഫ് വധക്കേസ് അന്വേഷിക്കുന്ന ടീമിലെ എന്റെ സഹപ്രവർത്തകരായ നിങ്ങളെപ്പോലും അറിയിക്കാതെ 'ഓപ്പറേഷൻ കോർട്ടിയാർഡി'നൊപ്പം ഞാൻ പ്ലാൻ ചെയ്ത മറ്റൊരു ഓപ്പറേഷനാണ് 'ഓപ്പറേഷൻ ഹോണ്ടാസിറ്റി'. കൊല്ലപ്പെടുന്നതിന് കുറച്ചു മണിക്കൂറുകൾക്ക് മുൻപ് മാത്രം കളമശ്ശേരിയിൽ വെച്ച് മനാഫിനെ ആക്രമിച്ച ഹോണ്ടാസിറ്റി കാർ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം.
മനാഫിനെ എറണാകുളത്തെ റെയിൽവേ ലിങ്ക് റോഡിൽ വെച്ച് കൊല്ലാൻ ശ്രമിച്ചതും ഇതേ കാറായിരിക്കാനാണ് സാധ്യത എന്ന് ഞാൻ ചിന്തിച്ചു. അപ്പോൾ ആ കാർ കണ്ടെത്താനായാൽ കേസന്വേഷണത്തിന്റെ മറ്റൊരു വഴിത്തിരിവിലേക്കെത്താൻ സാധിക്കുമെന്ന് ഞാൻ കണക്കുകൂട്ടി. മനാഫ് കല്ലെറിഞ്ഞ് പൊട്ടിച്ച ഗ്ലാസ് ശരിപ്പെടുത്താൻ ആ വണ്ടി ഏതെങ്കിലും വർക്ക് ഷോപ്പിലോ, സർവീസ് സെന്ററിലോ കൊടുത്തല്ലേ പറ്റൂ. ഇനി അഥവാ ഗ്ലാസ് സ്വന്തമായി മാറ്റി വെക്കാനറിയാവുന്ന ആരെങ്കിലുമാണ് സംഭവത്തിന് പിന്നിലെങ്കിൽ പോലും ഏതെങ്കിലും ഷോപ്പിൽ നിന്നും ഗ്ലാസ് വാങ്ങാതെ പറ്റില്ലല്ലോ. ഹോണ്ടാസിറ്റിയുടെ ഗ്ലാസ് വിൽക്കുന്ന എറണാകുളം ജില്ലക്കകത്തെ മുഴുവൻ സ്പെയർ പാർട്സ് ഡീലർമാരുടെയും സ്ഥാപനങ്ങളിൽ ഡേവിഡ് സ്കറിയ അയാളുടെ വിശാലമായ നെറ്റ് വർക്ക് ഉപയോഗിച്ച് അന്വേഷണം നടത്തി. അതുപോലെ ജില്ലക്കകത്തെ മുഴുവൻ ഓട്ടോ മൊബൈൽ സർവീസ് സ്റ്റേഷനുകളിലും പരിശോധനയും നടത്തി.വിജയിക്കുമെന്ന് ഒരുറപ്പുമില്ലായിരുന്നു. ഒരു ഭാഗ്യ പരീക്ഷണം എന്ന നിലക്ക് മാത്രമായിരുന്നു ഈ ഓപ്പറേഷൻ. സംഭവത്തിന് പിന്നിലുള്ളവർ വണ്ടി റിപ്പയറിങ്ങിന് കൊടുക്കാതെ ഒരിടത്തിട്ടിരുന്നെങ്കിൽ ഈ ഓപ്പറേഷൻ പരാജയപ്പെടുമായിരുന്നു. അതുപോലെ എറണാകുളം ജില്ലക്ക് പുറത്തോ കേരള സംസ്ഥാനത്തിന് പുറത്തോ ഒക്കെ കാർ സർവീസിന് കൊടുത്തിരുന്നെങ്കിലും ഈ ഓപ്പറേഷൻ വിജയിക്കില്ലായിരുന്നു.
എന്നാൽ നമ്മളിതിന് പിന്നാലെയുണ്ടെന്ന് അറിയാഞ്ഞിട്ടാവാം ആ കാർ റിപ്പയറിങ്ങിന് കൊടുക്കപ്പെട്ടു! അങ്കമാലിക്കടുത്തുള്ള ഒരു സർവീസ് സ്റ്റേഷനിൽ ഒരു ചുവന്ന ഹോണ്ടാസിറ്റി പിൻവശത്തെ ഗ്ലാസ് ശരിപ്പെടുത്താനായി കൊടുത്തേൽപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഡേവിഡ് സ്കറിയയുടെ ടീം കണ്ടെത്തി. അയാളവിടെപ്പോയി ആ കാറിന്റെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു. ആലുവക്കടുത്തുള്ള പറമ്പയം എന്ന പ്രദേശത്ത് താമസിക്കുന്ന ഒരു ആൻസി മേരിയുടെ പേരിലുള്ള കാറായിരുന്നു അത്. ഞാനും ഡേവിഡ് സ്കറിയയും ആർ.സി ബുക്കിൽ നിന്നും ആൻസി മേരിയുടെ അഡ്രസ് എടുത്ത് അവരുടെ വീട്ടിൽ നേരിൽ ചെന്നു. വരേണ്യ വർഗത്തിൽപ്പെട്ട, ബാങ്ക് ഉദ്യോഗസ്ഥയായ, സമൂഹത്തിൽ മാന്യതയോടെ ജീവിക്കുന്ന ആൻസി മേരി എന്ന സ്ത്രീക്ക് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ചിന്തിക്കാനേ പാടില്ലെന്ന് ഞങ്ങൾ പരസ്പ്പരം ഓർമപ്പെടുത്തിയിരുന്നു. അവരുടെ കാർ ഉപയോഗിച്ച് മറ്റാരെങ്കിലുമായിരിക്കാം മനാഫിനെ അപകടപ്പെടുത്താൻ ശ്രമിച്ചത് എന്നായിരുന്നു ഞങ്ങളുടെ ഊഹം.
പക്ഷേ അവരുടെ കാർ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് എങ്ങനെ ഉറപ്പിക്കും? ചുവന്ന ഹോണ്ടാസിറ്റി കാർ ധാരാളമുണ്ട്. പിൻവശത്തെ ഗ്ലാസ് പൊട്ടലൊക്കെ സാധാരണവുമാണ്. ഈ രണ്ട് സംഗതികളും ഒത്ത് വന്നത് കൊണ്ട് മാത്രം ആൻസി മേരിയുടെ കാറാണ് സംഭവത്തിന് പിന്നിലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുമായിരുന്നില്ല. എങ്കിലും അന്വേഷിക്കാതിരിക്കാനാവില്ലല്ലോ. വിജയം ഉറപ്പില്ലെങ്കിലും ചില കാര്യങ്ങളിൽ നമ്മൾ ചില ശ്രമങ്ങളൊക്കെ നടത്തി നോക്കാറില്ലേ. എന്നു പറഞ്ഞാൽ ലോട്ടറി എടുക്കുന്നത് പോലെ. ചില സർക്കാർ പരീക്ഷകൾ എഴുതുന്നത് പോലെ...."
"ഞങ്ങൾ പോലീസിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ തന്നെ ആൻസി മേരി പരുങ്ങി. അതോടെ അവളെ ഞങ്ങൾ സംശയിക്കാൻ തുടങ്ങി. അവൾ എന്തൊക്കെയോ മറച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. അതോടെ ഞങ്ങൾ അവളുടെ മൊബൈൽ പിടിച്ചെടുത്തു. കർശനമായി ചോദ്യം ചെയ്തു. ഡിലീറ്റ് ചെയ്യപ്പെട്ട ചാറ്റുകൾ വീണ്ടെടുക്കാനുള്ള സാങ്കേതിക വിദ്യ വശമുണ്ട് ഡേവിഡ് സ്കറിയക്ക്. ആൻസി മേരിയുടെ ഫോണിലെ നിരവധി ഡിലീറ്റഡ് ചാറ്റുകൾ അയാൾ കുറഞ്ഞ സമയം കൊണ്ട് വീണ്ടെടുത്തു. അവളുടെ ഫോണിൽ 'തൊന്തരവ്' എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന നമ്പർ മനാഫിന്റേതായിരുന്നു. 'പപ്പ' എന്ന പേരിൽ അൻവറിന്റെ നമ്പറും കണ്ടു. ഇവർ മൂവരും തമ്മിലുള്ള ചാറ്റുകളും കണ്ടെത്തി.അതിലൂടെ അവർ തമ്മിലുള്ള കണക്ഷൻ ഞങ്ങൾക്ക് വെളിപ്പെട്ടു."
"എന്തായിരുന്നു സർ ആ കണക്ഷൻ?" ഇന്ദ്രജ ആകാംക്ഷയോടെ ചോദിച്ചു. സൂചി വീണാൽ കേൾക്കാവുന്ന നിശബ്‌ദതയായിരുന്നു അവിടെ. ഉദ്വേഗജനകമായ ഒരു ത്രില്ലർ സിനിമ കാണുന്നത് പോലെ നെഞ്ചിടിപ്പോടെ ഇരിക്കുകയായിരുന്നു എല്ലാവരും. രവിശങ്കറിലേക്ക് മാത്രമായിരുന്നു എല്ലാ കണ്ണുകളും കേന്ദ്രീകരിക്കപ്പെട്ടത്.
"എന്താണ് അവർ തമ്മിലുള്ള കണക്ഷനെന്ന് ആൻസി മേരി തന്നെ പറയട്ടെ." ഇതും പറഞ്ഞ് രവിശങ്കർ തന്റെ ലാപ്ടോപ്പിൽ ഒരു വീഡിയോ പ്ലേ ചെയ്തു. ആൻസി മേരിയുമായുള്ള സംഭാഷണങ്ങൾ രവിശങ്കർ മൊബൈലിൽ ഷൂട്ട് ചെയ്തിരുന്നു. ആ വീഡിയോ ആണയാൾ പ്ലേ ചെയ്തത്. ആൻസി മേരിയുടെ ഗദ്ഗദം നിറഞ്ഞ, വിറയലോടെയും പരിഭ്രമത്തോടെയുമുള്ള സംസാരത്തിലേക്ക് എല്ലാവരുടേയും ശ്രദ്ധ ചുരുങ്ങി....
(തുടരും)