ADVERTISEMENT

അധ്യായം: പതിനെട്ട്

ആൻസി മേരി പറഞ്ഞു: "എന്റെ അനുജത്തി ജാസ്മിനും മനാഫിന്റെ അളിയൻ അൻവറും കോളജിൽ ഒന്നിച്ച് പഠിച്ചവരാണ്. ആലുവയിലെ ഒരു സ്വകാര്യ കോളേജിൽ നിന്നും ബിരുദമെടുത്തതിന് ശേഷം അൻവർ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യാനായി എറണാകുളം മഹാരാജാസ് കോളജിൽ ചേർന്നു. ജാസ്മിനാകട്ടെ എൽ.എൽ.ബിക്ക് എറണാകുളം ലോ കോളജിലും. അങ്ങനെ എറണാകുളത്തെ ഹോസ്റ്റലുകളിലായി രണ്ടു പേരുടേയും ജീവിതം. 

ഈ സമയത്ത് അവർ തമ്മിൽ അടുപ്പത്തിലായി. ഏറെ താമസിയാതെ ജാസ്മിൻ ഗർഭിണിയായി. വിവരം വീട്ടിലറിഞ്ഞു. അൻവറിന്റെ വീട്ടിൽ അയാൾ തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു. ജാസ്മിനെ ഒട്ടും വൈകാതെ വിവാഹം ചെയ്യാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അൻവർ അയാളുടെ വീട്ടുകാരെ ധരിപ്പിച്ചു. യാഥാസ്ഥിതികരാണെങ്കിലും സാഹചര്യം അയാളുടെ വീട്ടുകാർക്ക് മനസ്സിലായി. അവർ വിവാഹത്തിന് സമ്മതിച്ചു. പെണ്ണ് ചോദിച്ച് അവർ ഞങ്ങളുടെ അപ്പച്ചനെ വന്ന് കണ്ടു. എന്നാൽ അപ്പച്ചൻ ഒരുതരത്തിലും വിവാഹത്തിന് സമ്മതിച്ചില്ല. അപ്പച്ചന്റെ വാശി മൂലം അൻവറിനും കുടുംബത്തിനും വിവാഹത്തിൽ നിന്നും പിന്മാറേണ്ടി വന്നു. വൈകാതെ ജാസ്മിൻ പ്രസവിച്ചു. സുന്ദരിയായ ഒരു പെൺകുഞ്ഞിനെ!

ഞങ്ങൾ അവളെ ഏയ്ഞ്ചൽ എന്ന് വിളിച്ചു. ഏയ്ഞ്ചലിന്റെ പപ്പ ആയതിനാലാണ് ഞാൻ എന്റെ ഫോണിൽ അൻവറിന്റെ നമ്പർ 'പപ്പാ' എന്ന പേരിൽ സേവ് ചെയ്തിരിക്കുന്നത്. സുൽത്താന എന്നാണ് അൻവറിന്റെ വീട്ടുകാർ കുഞ്ഞിനെ വിളിച്ചത്. ആ കുഞ്ഞിനെ അപ്പച്ചൻ തന്റെ ചില ബന്ധങ്ങൾ ഉപയോഗപ്പെടുത്തി കാസർഗോഡ്, ബദിയഡ്ക്കയിലുള്ള ഒരു കോൺവെന്റിലേക്ക് മാറ്റി. ആ കുഞ്ഞ് അവിടെ വളരാൻ തുടങ്ങി.

എല്ലാ രഹസ്യങ്ങളും രണ്ടു കുടുംബങ്ങളുടെയും നാൽചുവരുകൾക്കുള്ളിൽ ഒതുങ്ങി. ജാസ്മിൻ എൽ.എൽ.ബി പാസായി. കാക്കനാട് ഇൻഫോപാർക്കിൽ ജോലിയുള്ള ഒരു ചെറുപ്പക്കാരനുമായി അവളുടെ വിവാഹവും കഴിഞ്ഞു. അതിന് മുൻപേ തന്നെ കോഴ്സ് പൂർത്തിയാക്കി ജോലിക്ക് കയറിയിരുന്ന അൻവർ അയാളുടെ വീടിനടുത്ത് തന്നെയുള്ള ഒരു കുടുംബത്തിൽ നിന്നും വിവാഹം കഴിച്ച് പുതിയൊരു ജീവിതമാരംഭിച്ചിരുന്നു.

രണ്ടുപേർക്കും പ്രായോഗിക ക്ഷമത ഉണ്ടായിരുന്നു. അതുകൊണ്ട് വിരഹവും കണ്ണീരും അതിന്റെ പേരിൽ ജീവിതം നശിപ്പിക്കലും ഒന്നും ഉണ്ടായില്ല. മാസത്തിലൊരിക്കൽ അതീവ രഹസ്യമായി അൻവറും ജാസ്മിനും ബദിയഡ്ക്കയിലെത്തി കുഞ്ഞിനെ കണ്ടു. ആ സമയത്ത് 'വിൻസന്റ് ഗ്രൂപ്പി'നൊപ്പമാണ് മനാഫ് ജോലി ചെയ്തിരുന്നത്. സ്റ്റാഫ് മെസുകളും,കോളജ് ക്യാന്റീനുമൊക്കെ എടുത്ത് നടത്തുന്ന പാർട്ടിയാണ് 'വിൻസന്റ് ഗ്രൂപ്പ്'. ബദിയഡ്ക്കയിലെ ആ കോൺവന്റിലെ മെസ് 'വിൻസന്റ് ഗ്രൂപ്പ്' നടത്തിപ്പിനെടുത്തു. ജോലിക്കായി മനാഫ് അവിടെയെത്തുകയും ചെയ്തു.

മനാഫ് അവിടെ എത്തിയതോടെ അൻവറിനും ജാസ്മിനും കോൺവെന്റിൽ എത്താൻ സാധിക്കാതെയായി. അവർ അവിടെയുള്ള ചില സിസ്റ്റർമാരെ  കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തങ്ങൾ വരുന്ന സമയത്ത് കുഞ്ഞിനെ കോൺവെന്റിന് പുറത്തെത്തിക്കാൻ ശട്ടം കെട്ടി. പിന്നെ കുറെക്കാലം ആ വിധത്തിലായിരുന്നു അവർ കുഞ്ഞിനെ കണ്ടത്. കോൺവെന്റിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള ഏതെങ്കിലും ഹോട്ടലിൽ അൻവറും ജാസ്മിനും കാത്തിരിക്കും. അവിടേക്ക് സിസ്റ്റർമാർ കുഞ്ഞിനേയും കൊണ്ടെത്തും. ഈ രീതിയിൽ മുന്നോട്ട് പോകുന്നതിനിടെ കുഞ്ഞിനെ പുറത്ത് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കോൺവെന്റിന്റെ സെക്യൂരിറ്റി ചുമതലയുള്ള അഗസ്റ്റിനുമായി അൻവറും ജാസ്മിനും വഴക്കിട്ടു.

ആ കുഞ്ഞിന്റെ കഥ അറിയാവുന്ന അവിടത്തെ ചുരുക്കം ചിലരിൽ ഒരാളായിരുന്നു അഗസ്റ്റിൻ. ഞങ്ങളുടെ അപ്പച്ചൻ ഗവൺമെൻറ് സർവീസിലുണ്ടായിരുന്ന സമയത്ത് അയാൾ അപ്പച്ചന്റെ ഓർഡർലിയായി നിരവധി വർഷങ്ങൾ പല ഓഫീസുകളിലും ജോലി ചെയ്തിട്ടുണ്ട്.അപ്പച്ചന് അയാളെ വലിയ വിശ്വാസമായിരുന്നു. റിട്ടയർമെന്റിന് ശേഷം അയാൾ ജോലി ചെയ്ത് വന്ന കോൺവെന്റിലേക്ക് തന്നെ അപ്പച്ചൻ കുഞ്ഞിനെ അയക്കാനുണ്ടായ കാരണവും അതായിരുന്നു. അയാൾ അവിടെയുള്ളിടത്തോളം ഒന്നും പേടിക്കാനില്ലെന്ന് അപ്പച്ചൻ വിശ്വസിച്ചു.

എന്നാൽ അൻവറും ജാസ്മിനുമായുള്ള വഴക്ക് അയാളിലെ പിശാചിനെ ഉണർത്തി. വാശി തീർക്കാൻ അയാൾ എല്ലാ രഹസ്യങ്ങളും മനാഫിനോട് പറഞ്ഞു. അൻവറിന്റെ അളിയനാണ് അയാൾ എന്നറിഞ്ഞു കൊണ്ടുതന്നെ! അൻവറും ജാസ്മിനും അവിടെ എത്തി കുഞ്ഞിനെ കാണുന്നതും മറ്റും മനാഫ് നേരിൽ കണ്ട് ബോധ്യപ്പെട്ടു. പിന്നെ വിവരം അങ്ങാടിപ്പാട്ടാക്കുമെന്ന ഭീഷണിയുമായി അയാൾ അൻവറിന്റെയും ജാസ്മിന്റെയും പിന്നാലെ കൂടാൻ തുടങ്ങി. ഒന്നും പുറത്ത് പറയാതിരിക്കാൻ പണം ആവശ്യപ്പെട്ട് തുടങ്ങി.ആകെ ഭയന്ന അവർ പണം നൽകാനും തുടങ്ങി….."   

“…അൻവറിനും ജാസ്മിനും അവരവരുടെ ജീവിത പങ്കാളികളിൽ കുഞ്ഞുങ്ങൾ പിറന്നിരുന്നു. എങ്കിലും അവർക്ക് ബദിയഡ്ക്കയിലെ കോൺവെന്റിൽ വളരുന്ന തങ്ങളുടെ ആദ്യത്തെ കൺമണിയെ മറക്കാൻ സാധിക്കുമായിരുന്നില്ല. ആ കുഞ്ഞിനോടുള്ള സ്നേഹത്തിനും വാത്‌സല്യത്തിനും അവർ ഒരു കുറവും വരുത്തിയില്ല. തങ്ങളുടെ ജീവിതം തകർക്കാൻ പോന്ന ഒരു ആറ്റം ബോംബാണ് ആ കുഞ്ഞെന്ന് അവർ ചിന്തിച്ചില്ല. മനാഫ് ആ രീതിയിലാണ് ആ കുഞ്ഞിനെ കുറിച്ച് അവരോട് പറയാറുള്ളതെങ്കിൽപ്പോലും. ആ കുഞ്ഞിനെയോർത്തും, തങ്ങളുടെ ജീവിത പങ്കാളികളെ ഓർത്തും, തങ്ങൾക്ക് അവരിലുണ്ടായ കുഞ്ഞുങ്ങളെ ഓർത്തുമൊക്കെ അവർ രണ്ടു പേരും മനാഫിനെ സഹിച്ചു പോന്നു.

അയാൾ ആവശ്യപ്പെടുന്ന പണവും പണ്ടങ്ങളും നൽകി അവർ അയാളെ പിണക്കാതെ കൂടെ നിർത്തി. വൈകാതെ മനാഫ് കളമശ്ശേരിയിൽ സ്ഥലം വാങ്ങി.വീട് വെച്ചു. അയാളുടെ ഭാര്യ ഹസീനയുടെ കാതിലും കഴുത്തിലും ആഭരണങ്ങൾ നിറഞ്ഞു. 'വിൻസന്റ് ഗ്രൂപ്പു'മായി തെറ്റിപ്പിരിഞ്ഞ മനാഫ് തനിക്ക് 'സിംഫണി ഗ്രൂപ്പി'ൽ ജോലി വാങ്ങി നൽകണമെന്ന് അൻവറിനോട് ആവശ്യപ്പെട്ടു. അങ്ങനെ അൻവറിന്റെ ശുപാർശയിൽ വമ്പൻ ശമ്പളത്തിന് മനാഫ് 'സിംഫണി ഗ്രൂപ്പി'ൽ ജോയിൻ ചെയ്തു...."

"...എത്ര കിട്ടിയിട്ടും മനാഫിന് മതി വരുന്നുണ്ടായിരുന്നില്ല.അയാൾ പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഇതിനൊരവസാനമുണ്ടാകില്ലെന്നും മനഃസമാധാനത്തോടെയുള്ള ഒരു ജീവിതം രണ്ടാൾക്കും ഉണ്ടാകാൻ പോകുന്നില്ലെന്നും എനിക്ക് തോന്നിത്തുടങ്ങി. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം അധികവും എവിടേക്കാണ് ഒഴുകിപ്പോകുന്നതെന്ന തരത്തിലുള്ള ചില പ്രശ്നങ്ങൾ ജാസ്മിന്റെ ജീവിതത്തിൽ തലപൊക്കിത്തുടങ്ങി. അപ്പച്ചന്റെ മരണത്തിന് ശേഷം അവൾക്ക് എന്തിനും ഞാനേ ഉണ്ടായിരുന്നുള്ളൂ. അവളെന്തും തുറന്നു പറയുന്ന ഒരേ ഒരാളായിരുന്നു ഞാൻ.അവളുടെ കണ്ണീരും സങ്കടവും എന്നെ അസ്വസ്ഥയാക്കാൻ തുടങ്ങി. പണം എവിടെയോ നഷ്ടമാകുന്നുണ്ട് എന്ന് തോന്നിത്തുടങ്ങിയതോടെ ജാസ്മിന്റെ ഭർത്താവ് സാമ്പത്തിക കാര്യങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കാനും പരിശോധിക്കാനുമൊക്കെ ആരംഭിച്ചു. അതോടെ അവൾ മനാഫിന് പണം നൽകൽ നിർത്തി.അതേ ചൊല്ലി മനാഫ് വഴക്കിടാനും തുടങ്ങി. അയാൾ എപ്പോൾ വേണമെങ്കിലും സകലതും പുറത്ത് പറഞ്ഞേക്കാം എന്ന് എനിക്ക് തോന്നി.ഞാൻ അയാളെ ഇല്ലാതാക്കാൻ തീരുമാനിച്ചു...."

“ആഴ്ചകളോളം ഞാനയാളെ നിരീക്ഷിച്ചു.അയാൾ പോലുമറിയാതെ ഞാൻ അയാളെ പിന്തുടർന്നു. അങ്ങനെ അയാൾ സ്ഥിരം സഞ്ചരിക്കുന്ന വഴികളും പോകുന്ന ഇടങ്ങളുമൊക്കെ ഞാൻ മനസ്സിലാക്കി. അതിൽ ക്യാമറകൾ ഇല്ലാത്തതും ആൾസഞ്ചാരം കുറവുള്ളതുമായ വഴികളും ഒറ്റപ്പെട്ട ഇടങ്ങളും ഞാൻ കണ്ടു വെച്ചു. പിന്നെ ഒരവസരത്തിനായി കാത്തിരുന്നു...."

(തുടരും)

English Summary:

Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com