ഭാര്യയെയും കാമുകനെയും കൈയോടെ പിടികൂടിയിട്ടും വെറുതെ വിടാൻ കാരണമെന്ത്; ആരാണ് ആ കാമുകൻ?

Mail This Article
അധ്യായം: പത്തൊൻപത്
"അജ്ഞാത വാഹനം തട്ടി വഴിയാത്രികൻ മരിച്ചു എന്ന ചെറിയ കോളം വാർത്തയിൽ മനാഫ് ഒടുങ്ങണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഒരു തെളിവും അവശേഷിക്കരുത്. ഒരാളും ഒന്നും അറിയരുത്. ജാസ്മിൻ പോലും. എന്റെ പദ്ധതികൾ കൃത്യമായി നടക്കുമെന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു. റെയിൽവേ ലിങ്ക് റോഡിൽ വെച്ച് എനിക്ക് ലഭിച്ചത് ഒരു സുവർണാവസരമാണ്. തൊണ്ടകീറി നിലവിളിച്ചാൽ പോലും ആരും കേൾക്കാത്ത ഒറ്റപ്പെട്ട ഒരിടമാണത്. എന്നാൽ അവിടെ വെച്ച് അയാൾ കാട്ടിലേക്ക് ചാടി രക്ഷപ്പെട്ടു. കളമശ്ശേരിയിലെ ഒറ്റപ്പെട്ട നാട്ടുവഴിയിൽ വെച്ചും അയാളെ തലനാരിഴക്ക് എനിക്ക് നഷ്‌ടമായി. രണ്ടു വട്ടവും അയാളുടെ പിന്നിലൂടെയാണ് ഞാൻ കാറുമായി കുതിച്ചു ചെന്നത്. പിന്നിലും കണ്ണുള്ള ഒരാളെപ്പോലെയാണ് അയാൾ ഒഴിഞ്ഞു മാറിയതും രക്ഷപ്പെട്ടതും...."
"കളമശ്ശേരിയിൽ വെച്ചും ശ്രമം പരാജയപ്പെട്ടതോടെ എനിക്ക് വല്ലാത്ത നിരാശ തോന്നി. അവിടെ വെച്ച് അയാൾ എന്റെ കാർ ആക്രമിക്കുകയും ചെയ്തല്ലോ. അയാളെറിഞ്ഞ കല്ലുകൾ കാറിന്റെ പിൻഭാഗത്തെ ചില്ലും തകർത്ത് മുൻസീറ്റിൽ എന്റെ തൊട്ടടുത്താണ് വന്ന് പതിച്ചത്. ഭാഗ്യത്തിനാണ് ഞാൻ രക്ഷപ്പെട്ടത്. ഞാൻ പക്ഷെ തോറ്റ് പിന്മാറാൻ തയ്യാറായിരുന്നില്ല. അടുത്ത ശ്രമത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. എന്നാൽ അയാൾ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് ഒട്ടും വൈകാതെ എന്നെത്തേടി വന്നത്! സർ, ഞാൻ മനാഫിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടവളാണ്. കൊലപ്പെടുത്താൻ ശ്രമിച്ചവളുമാണ്. എന്നാൽ ഞാൻ കൊന്നിട്ടില്ല. കൊല്ലാൻ എനിക്ക് പറ്റിയില്ല. 'സിംഫണി ഹോട്ടൽസി'ലെ ആ കൊലപാതകത്തിൽ എനിക്കൊരു പങ്കുമില്ല സർ...!"
വീഡിയോ അവസാനിച്ചു. ഒരു സിനിമ കണ്ടു കഴിഞ്ഞത് പോലെ എല്ലാവരും മൂരി നിവർന്നു. രവിശങ്കർ ഫോൺ ചാർജ് ചെയ്യാനിട്ടിട്ട് വന്നു.
"എന്ത് തോന്നുന്നു? ആൻസി മേരി മനാഫിനെ കൊന്നിട്ടില്ല എന്ന് നമുക്ക് കരുതാം. അല്ലേ?" അയാൾ ചോദിച്ചു. അയാൾ എല്ലാവരേയും മാറി മാറി നോക്കി. ആരും ഒന്നും മിണ്ടുന്നില്ല. മറുപടി പറയാൻ പറ്റാത്ത വിധം എല്ലാവരും ആശയക്കുഴപ്പത്തിലാണെന്ന് അയാൾക്ക് മനസ്സിലായി.
അയാൾ പറഞ്ഞു: "സിംഫണി ഹോട്ടൽസിലെ മനാഫിന്റെ കൊലപാതകവുമായി ആൻസി മേരിക്ക് ഒരു പങ്കുമില്ല എന്ന് തന്നെയാണ് മനസ്സിലാകുന്നത്. ആ കൊലപാതകവുമായി അവളെ ബന്ധിപ്പിക്കുന്ന ഒന്നും നമുക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. അവളുടെ ഫോൺ കോൾസ്, വാട്സാപ്പ് ചാറ്റുകൾ, സോഷ്യൽ മീഡിയയിലെ ഇടപാടുകൾ, യാത്രകൾ, ക്രയവിക്രയങ്ങൾ, തൊഴിലിടത്തെ കാര്യങ്ങൾ ഇങ്ങനെ തുടങ്ങി ആ സ്ത്രീയുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഞാനും ഡേവിഡ് സ്കറിയയും കടന്നു ചെന്ന് പരിശോധിച്ചു. ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ആൻസി മേരിയും അൻവറും തമ്മിൽ നിരന്തരമായ കോണ്ടാക്ടുകളൊന്നും ഉണ്ടായിരുന്നില്ല. ഇടക്ക് കുഞ്ഞിന്റെ ചില കാര്യങ്ങൾ പരസ്പ്പരം സംസാരിച്ചിരുന്നു എന്നല്ലാതെ അവർ തമ്മിൽ ഒരു ബന്ധവും ഇല്ലായിരുന്നു. അത്തരം കോളുകളും ചാറ്റുകളുമെല്ലാം ആൻസി മേരി അപ്പപ്പോൾ മൊബൈലിൽ നിന്നും നീക്കം ചെയ്തിരുന്നു. അൻവറും അപ്രകാരം ചെയ്തിട്ടുണ്ടെന്നാണ് അയാളുടെ മൊബൈൽ പരിശോധിച്ചതിൽ നിന്നും മനസ്സിലായത്.
ആൻസി മേരി, മനാഫിനോട് പണം തട്ടൽ പരിപാടി അവസാനിപ്പിക്കണമെന്ന് മെസേജുകളിലൂടെ നിരന്തരം ആവശ്യപ്പെട്ടിരുന്നു. വളരെ മോശമായാണ് മനാഫ് അതിനൊക്കെയും മറുപടി നൽകിയിരിക്കുന്നത്. ഈ മെസേജുകളും അവൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ശരിപ്പെടുത്താൻ നൽകിയ മനാഫിന്റെ മൊബൈൽ നാളെ രാവിലെ ലഭിക്കും. ആ മൊബൈൽ കൂടി പരിശോധിക്കുന്നതോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരും. മനാഫ് കൊല്ലപ്പെടുന്നതിന്റെ തൊട്ട് തലേ ദിവസം രാത്രിയാണ് ആൻസി മേരി തന്റെ മർഡർ അറ്റംറ്റിനെക്കുറിച്ച് അൻവറിനോട് ഒരു വാട്സാപ്പ് ചാറ്റിലൂടെ പറയുന്നത്. 'ആൻസി ചേച്ചി ഇനി മെനക്കെടേണ്ടതില്ല. അയാളുടെ ശല്യം തീർക്കാൻ ഞാൻ ചില വഴികൾ കണ്ടിട്ടുണ്ട്' എന്നാണ് ആൻസി മേരിക്ക് അൻവർ നൽകിയ മറുപടി. ഈ ചാറ്റ് അൻവർ തന്റെ മൊബൈലിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്തായാലും ഈ മറുപടി അൻവറിനെ ഈ കേസിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്നുണ്ട്." രവിശങ്കർ പതിയെ എഴുന്നേറ്റ് ബാൽക്കണിയുടെ കൈവരിയിൽ ചെന്നിരുന്നു.
ശേഷം പറഞ്ഞു: "മനാഫിന്റെ ശല്യം തീർക്കാൻ എന്ത് വഴിയാണ് അൻവർ മനസ്സിൽ കണ്ടതെന്ന് അയാൾ പറഞ്ഞേ മതിയാവൂ. അവനെക്കൊണ്ട് പറയിക്കുന്ന കാര്യം ഞാനേറ്റു." രവിശങ്കർ കൈ രണ്ടും കൂട്ടിത്തിരുമ്മി.
"സർ, മനാഫിന്റെ വീടിന് പിന്നിലുള്ള പറമ്പിലൂടെ നടന്നിട്ട് എന്ത് തോന്നി?" പ്രതാപ് താൽപര്യപൂർവം ചോദിച്ചു.
"ആ പറമ്പ് അവസാനിക്കുന്നത് വളരെ പഴയ ഒരു ഹൌസിങ് കോളനിയിലാണ്.മുപ്പത് മുപ്പത്തിയഞ്ചു കൊല്ലം പഴക്കമുള്ള വീടുകളും പീടികകളുമൊക്കെയുള്ള ഒരു ഏരിയ ആണത്. അവിടെ ക്യാമറകളില്ല എന്നത് വിചിത്രമായി തോന്നി. വീടുകളിൽ അധികവും പ്രായമേറിയവരാണ്. അവർ ഉപരിവർഗ്ഗത്തിൽപ്പെട്ട ആളുകളാണ്. ചിട്ടയായ ജീവിതം നയിക്കുന്നവർ. നല്ല പ്രായത്തിൽ നിർമ്മിച്ച വീടുകളിൽ ഇന്നവർ റിട്ടയർമെന്റ് ജീവിതം ആഘോഷിക്കുകയാണ്. വെളുപ്പിന് ഒരു നാല് മണി മുതൽ അവിടം സജീവമാകും. പ്രായമുള്ള ആളുകളാണെങ്കിലും ഭൂരിഭാഗം പേരും വെളുപ്പിന് തന്നെ എഴുന്നേൽക്കും. ചിലർ മോണിങ് വോക്കിനിറങ്ങും. മറ്റു ചിലർ ഗാർഡനിങ്ങിലും മറ്റുമൊക്കെ മുഴുകും. ഇനിയും ചിലർ വെറുതെ വെടിവട്ടം പറഞ്ഞിരിക്കുകയോ, മക്കളേയും പേരക്കുട്ടികളെയുമൊക്കെ ഫോണിൽ വിളിച്ച് സംസാരിക്കുകയോ ചെയ്യും. അപ്പോൾ വെളുപ്പിന് നാല് മണിക്ക് ശേഷം അതിലെ ആര് പോയാലും അവിടെയുള്ളവർ അത് ശ്രദ്ധിച്ചിരിക്കും എന്നത് തീർച്ചയാണ്. അപരിചിതനായ ഒരു ഔട്ട് സൈഡറാണ് അതിലേ പോകുന്നതെങ്കിൽ പ്രത്യേകിച്ചും. എന്നാൽ മനാഫ് കൊല്ലപ്പെട്ട ദിവസം പുലർച്ചെ നാല് മണിക്ക് ശേഷം അപരിചിതരായ ആരും അതിലേ ആക്ടീവയിൽ കടന്നു പോയിട്ടില്ല എന്ന് അവിടെയുള്ളവർ എന്നോട് പറഞ്ഞു. അതിനർത്ഥം രാത്രി മനാഫിന്റെ വീട്ടിൽ വന്നയാൾ, പുലർച്ചെ നാല് മണിക്ക് മുൻപ് തന്നെ മടങ്ങി പോയി എന്നാണ്. വീടിന്റെ മുൻവശത്ത് നിന്നും നമുക്ക് ആക്ടീവയുടെ ടയർ പാടുകൾ ലഭിച്ചിട്ടില്ല. ഇനി അഥവാ അയാൾ വീടിന്റെ മുൻവശത്തെ ഗേറ്റിലൂടെയാണ് മടങ്ങിപ്പോയതെങ്കിൽ മഴ പെയ്ത് കുതിർന്ന മുൻവശത്തെ മുറ്റത്ത് തീർച്ചയായും ആക്ടീവയുടെ ടയർ പാടുകൾ പതിയുമായിരുന്നു. അപ്പോൾ പിന്നിലൂടെത്തന്നെ അയാൾ മടങ്ങിപ്പോയി. അതായത് രാത്രി പന്ത്രണ്ടരയോടടുപ്പിച്ച് വീട്ടിലെത്തിയ മനാഫ് ഹസീനയെയും കാമുകനെയും കൈയോടെ പിടിച്ചെങ്കിലും കാമുകന് അധികം വൈകാതെ അവിടെ നിന്നും മടങ്ങി പോവാൻ സാധിച്ചു. അത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യം പ്രസക്തമാണ്. മനാഫിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ അവിടെ ഒരു വലിയ പ്രശ്നം ഉടലെടുക്കേണ്ടതായിരുന്നു. എന്നാൽ അയാൾ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. എന്ന് പറഞ്ഞാൽ ഒരു ബഹളവും ആരും കേട്ടിട്ടില്ല. ഒരു സ്ട്രഗിൾ നടന്നതിന്റെ ലക്ഷണം വീട്ടിൽ ഇല്ല. ഉപദ്രവത്തിന്റേതായ ഒരു പരിക്കും ഹസീനക്ക് സംഭവിച്ചിട്ടുമില്ല. കാമുകനെ പോകാൻ അനുവദിക്കുകയും ചെയ്തിരിക്കുന്നു."
(തുടരും)