Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംടി വളർത്തിയ, എംടിയെ വളർത്തിയ കോഴിക്കോട്

mt-calicut എം.ടി.വാസുദേവൻ നായർ കോഴിക്കോട്ട് താമസമാക്കിയിട്ട് ആറു ദശകങ്ങൾ കഴിഞ്ഞു. എംടി ഓർക്കുന്നു, കോഴിക്കോട്ടെ കാലം..

ബാലാമണിയമ്മയ്ക്ക് കൊൽക്കത്തയിൽ ജോലിയുള്ള വി.എം. നായരുടെ വിവാഹാലോചന വന്നപ്പോൾ ഇത്ര ദൂരേക്ക് കുട്ടിയെ അയയ്ക്കേണ്ട എന്നു ശങ്കയുണ്ടായതിനാൽ ആദ്യമൊന്നു മടിച്ചു. പിന്നെ മുതിർന്നവർക്ക് ആകെയൊരു സമാധാനം അവിടെ രബീന്ദ്രനാഥ് ടഗോർ ഉണ്ടല്ലോ എന്നതായിരുന്നുവത്രേ. നാലപ്പാട്ട് തറവാട്ടുകാർക്കു ടഗോർ അത്ര വലിയ വികാരമായിരുന്നു. 

ജീവിതത്തിൽ ഒരു പുസ്തകമെങ്കിലും വായിച്ചിട്ടുള്ളവർ ആദ്യമായി കോഴിക്കോട്ടേക്കു വണ്ടി കയറുമ്പോൾ ആശ്വസിച്ചിരിക്കുക അവിടെ എം.ടി. വാസുദേവൻ നായർ ഉണ്ടല്ലോ എന്ന് ഓർത്തായിരിക്കും. എംടി അത്രമാത്രം കോഴിക്കോടിന്റെ വികാരമായിട്ട് അറുപതു വർഷം പിന്നിട്ടു.. 1956 ൽ ആണ് എംടി ജോലി കിട്ടി കോഴിക്കോട്ടെത്തുന്നത്. 

കോഴിക്കോട്ടെ വീട്ടിലിരുന്ന് എംടി ബീഡിവലിച്ചുകൊണ്ട് എഴുതുന്നതു കണ്ടാൽ നമുക്കറിയാം, ഏതിലാണ് കൂടുതൽ തീ എന്ന്. ബീഡിയിലല്ല, ആ പേനയിൽത്തന്നെ. കൂടല്ലൂർ എന്ന മരച്ചില്ലയിൽനിന്നാണ് പറക്കാൻ പഠിച്ചത്. പക്ഷേ, കോഴിക്കോട്ടാണ് എംടി ചിറകു വിരിച്ചത്. കോഴിക്കോടാണ് എംടിക്ക് ആകാശമായത്. സുഗന്ധം മുഴുവൻ ഒതുക്കിവച്ച ഒരു പൂമൊട്ടാണീ പെൺകുട്ടി എന്ന് ‘കാല’ത്തിലെ തങ്കമണിയെക്കുറിച്ച് എംടി എഴുതിയതുപോലെ... 

എം.ടി. വരുമ്പോൾ കോഴിക്കോട് സാഹിത്യത്തിലെ സുഗന്ധം ഉള്ളിലൊതുക്കിയ പൂമൊട്ടായിരുന്നു. എസ്.കെ. പൊറ്റെക്കാട്ടും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും ഉറൂബും എൻ.പി. മുഹമ്മദും ഒക്കെ നിറഞ്ഞുനിന്ന കോഴിക്കോടായിരുന്നു അത്. പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞതുപോലെ സോക്രട്ടീസിന്റെ കാലത്തെ ഗ്രീസ് പോലെയായിരുന്നു അന്നു കോഴിക്കോട്. എഴുത്തുകാരുടെയും ചിന്തകരുടെയും നഗരം. 

എംടി വന്നതുകൊണ്ടുകൂടിയാണ് കോഴിക്കോട് ഇത്ര വലുതായത് എന്നാണ് പറയേണ്ടത്. അങ്ങനെയാണ് രണ്ടു ജ്ഞാനപീഠം ജേതാക്കളുടെ നഗരമായി കോഴിക്കോട് വളർന്നത്. നടന്നെത്താവുന്ന ദൂരത്ത് എസ്കെയുടെയും എംടിയുടെയും വീടുകൾ ഇവിടെ ഉണ്ടായത്. നിള മാത്രമല്ല സാഹിത്യവും ഇന്നു കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിലൂടെയാണ് ഒഴുകുന്നത്. അതെ, നിള ഒഴുകുന്ന വീടിന്റെ പേരു കൂടിയാണ് സിതാര. 

മലബാർ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായിരിക്കെ മാനാ‍ഞ്ചിറയിലൂടെ സൈക്കിളോടിച്ചു പോയ ഒ.വി. വിജയന്റെ കോഴിക്കോട്, മിഠായിത്തെരുവിനെക്കുറിച്ചുള്ള ഓർമകളുടെ കുപ്പിഭരണിയിലിരുന്നു ചിരിക്കുന്ന എസ്.കെ. പൊറ്റെക്കാട്ടിന്റെ കോഴിക്കോട്, ലോകത്തെ മുഴുവൻ തന്റെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലാക്കാമെന്നു തെളിയിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ കോഴിക്കോട്, തിക്കോടിയൻ കാലൻകുടയും പിടിച്ച് വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങിയ കോഴിക്കോട്, ജോൺ എബ്രഹാം വീണുമരിച്ച കോഴിക്കോട്, പത്മരാജൻ മരിച്ചുവീണ കോഴിക്കോട് ...അങ്ങനെ ജനി–മൃതി –കർമബന്ധങ്ങളിലൂടെ എഴുത്തുകാർക്ക് വിട്ടുപിരിയാനാവാത്ത കോഴിക്കോടുമായി എംടിക്കുള്ള ബന്ധം ‘ഷഷ്ടിപൂർത്തി ’ പിന്നിടുന്നു. 

അച്ഛന്റെ വിരൽ പിടിച്ച് ആദ്യ വരവ് 

എം.ടി. ഓർക്കുന്നു..... താൻ എന്നാണ് ആദ്യമായി ഈ നഗരത്തിലേക്ക്, വന്നതെന്ന്. എഴുത്തുകാരനായല്ല കൊച്ചുകുട്ടിയായിട്ടായിരുന്നു ആ വരവ്.‘‘അന്ന് എനിക്കു പന്ത്രണ്ടു വയസ്സ്. അച്ഛൻ കൊല്ലത്തിലൊരിക്കൽ സിലോണിൽനിന്നു നാട്ടിൽ വരും. അച്ഛന്റെ ബാങ്ക് അക്കൗണ്ട് കോഴിക്കോട്ടായിരുന്നു. ഇപ്പോഴത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേര് അന്ന് ഇംപീരിയൽ ബാങ്ക് എന്നാണ്. ഒരിക്കൽ അച്ഛൻ ബാങ്കിൽ പോയപ്പോൾ എന്നെയും ഒപ്പം കൂട്ടി. വീട്ടിനടുത്തുള്ള പള്ളിപ്പുറം സ്റ്റേഷനിൽനിന്നാണ് തീവണ്ടി കയറിയത്. ഇപ്പോൾ എസ്ബിഐയുടെ നഗരത്തിലെ പ്രധാനകെട്ടിടം നിൽക്കുന്നിടത്തുതന്നെയായിരുന്നു ഇംപീരിയൽ ബാങ്ക് അന്ന്. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി ബാങ്ക് വരെ നടന്നു. ആദ്യമായി നഗരം കാണുന്ന ഒരു കുട്ടിയുടെ കൗതുകം എന്നിലുണ്ടായിരുന്നു. അന്നത്തെ കാഴ്ചകളിൽ മറക്കാനാവാത്തത് ഇവിടെ ധാരാളം കുതിരവണ്ടികൾ ഉണ്ടായിരുന്നു എന്നതാണ്. വലിയ വക്കീലന്മാരും ബിസിനസുകാരുമൊക്കെ അന്നു കുതിരവണ്ടികളെയാണ് ആശ്രയിച്ചിരുന്നത്. പിന്നീടാണ് വലിക്കുന്ന റിക്ഷ വന്നത്.’’ 

നഗരത്തിലൂടെ കുതിരവണ്ടികൾ പോകുന്നത് കൗതുകത്തോടെ നോക്കിനിന്ന കുട്ടി പിന്നീട് എഴുത്തിന്റെ അശ്വമേധം നടത്തി. 

എംടിയുടെ മുഖത്ത് പഴയനഗരത്തിന്റെ ഒരു ചിത്രം തെളിഞ്ഞു. കുതിരവണ്ടികൾ തലങ്ങും വിലങ്ങും പായുന്ന കോഴിക്കോട് നഗരം നോക്കി അച്ഛന്റെ വിരൽ പിടിച്ചു നിൽക്കുന്ന വാസു എന്ന ട്രൗസറിട്ട കുട്ടിയുടെ ചിത്രം. ആർട്ടിസ്റ്റ് നമ്പൂതിരി വരച്ചാൽ എന്നപോലെ. കുട്ടിയായ വാസു പിന്നീടും കോഴിക്കോട് വന്നിട്ടുണ്ട്. അതുപക്ഷേ ഏട്ടനോടൊപ്പമായിരുന്നു. കോഴിക്കോട് ജോലി ചെയ്യുന്ന ബാലേട്ടൻ (അന്തരിച്ച എം.ടി.ബി. നായർ). അന്നു മിഠായിത്തെരുവിൽവച്ച് തിക്കോടിയനെ പരിചയപ്പെടുത്തിയ കാര്യം എംടി എഴുതിയിട്ടുണ്ട്. ‘വാസൂ, ഇതാണ് തിക്കോടിയൻ’ എന്നു പറഞ്ഞതും അദ്ഭുതാദരങ്ങളോടെ കുട്ടി നോക്കിനിന്നതും. അന്നു തിക്കോടിയൻ അവരുമായി മിഠായിത്തെരുവിലെ ഹോട്ടൽ ആര്യഭവനിലേക്കു പോയി. അന്നാണ് ജിലേബി എന്ന പലഹാരം താൻ ആദ്യമായി അനുഭവിച്ചതെന്ന് എംടി പറയുമ്പോൾ ഓർക്കണം മിഠായിത്തെരുവിൽവച്ചുതന്നെ വേണം ഒരാൾ ജിലേബി ആദ്യമായി കഴിക്കേണ്ടത് എന്ന്. 

രുചി പകർന്ന് സൗഹൃദങ്ങൾ 

കോഴിക്കോട്ട് ജോലി കിട്ടി എത്തിയ എം.ടി. ആദ്യം താമസിച്ചത് ചാലപ്പുറത്ത് ഒരു ചെറിയ വെജിറ്റേറിയൻ ഹോട്ടലിന്റെ പിന്നിൽ മുറിയെടുത്താണ്. എം.ടിയുടെ മനസ്സിലൂടെ കോഴിക്കോട്ട് താമസിച്ച സ്ഥലങ്ങൾ കടന്നുപോയി. ‘‘ജയിലിനു പിന്നിൽ ഒരു വീട് വാടകയ്ക്കെടുത്തു.... താമസിച്ചത് പിന്നീടാണ്. ആനിഹാൾ റോഡിൽ ഒരു വീടിനു മുകളിൽ രണ്ടു മുറി വാടകയ്ക്കെടുത്തു. അവിടെ മൂന്നു കൊല്ലം കഴിഞ്ഞു. ‘ഇരുട്ടിന്റെ ആത്മാവ് ’ എഴുതിയത് അവിടെവച്ചാണ്. സെന്റ് വിൻസന്റ് കോളനിക്കടുത്ത് ഒരു വീട് വാടകയ്ക്ക് എടുത്തും താമസിച്ചിട്ടുണ്ട്.’’ 

കോഴിക്കോട്ട് ജോലി കിട്ടി എത്തിയശേഷം എം.ടി. ആദ്യം പരിചയപ്പെട്ട എഴുത്തുകാരൻ എൻ.പി. മുഹമ്മദാണ്. ‘‘ആദ്യം കണ്ട ദിവസം ഞങ്ങൾ മിഠായിത്തെരുവിലെ ലക്കിഹോട്ടലിൽനിന്നു ചായ കുടിച്ചു. പിന്നീടു പലദിവസവും എൻ.പിയുടെ വീട്ടിൽനിന്നു ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്.’’ അന്നു ഞായറാഴ്ചകളിൽ തിയറ്ററിൽ മാറ്റിനിക്ക് പോകുന്നത് പലപ്പോഴും എംടിയും എൻ.പി. മുഹമ്മദും കൂടിയാവും. 

അന്നത്തെ പ്രധാനപ്പെട്ട ഒരാകർഷണം കടലായിരുന്നു എന്ന് എം.ടി. ‘‘വൈകുന്നേരങ്ങളിൽ ആകാശവാണിയിലേക്കു പോവും. അവിടെപ്പോയാൽ അക്കിത്തം, തിക്കോടിയൻ, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂർ തുടങ്ങിയവരുമായി സംസാരിക്കാം. തൊട്ടടുത്തുള്ള കടലു കാണാം. തിരിച്ചുപോകുന്ന വഴിക്ക് ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കും.’’ 

mt-house-calicut

സംഭാഷണത്തിനിടെ അന്നു കോഴിക്കോട്ട് ഉണ്ടായിരുന്ന ഹോട്ടലുകളുടെ ഒരു നീണ്ട പട്ടിക എം.ടി. നിരത്തി. ‘‘ബഷീർ രാവിലെ ബേപ്പൂരിൽനിന്നു ബസിൽ നഗരത്തിലെത്തി എഴുത്തുകാരെയൊക്കെ കണ്ടു സംസാരിച്ച ശേഷമേ മടങ്ങാറുള്ളൂ. ബീച്ചിനു സമീപമുള്ള ബോംബെ ഹോട്ടൽ, രാധാ തിയറ്ററിന്റെ എതിർവശത്ത് ഉണ്ടായിരുന്ന മോഡേൺ ഹോട്ടൽ, കോർട്ട്റോഡിലെ വീറ്റ് ഹൗസ്, കല്ലായി റോഡിലെ കോമളവിലാസ് ഹോട്ടൽ, ഇപ്പോഴത്തെ ഇംപീരിയൽ ഹോട്ടലിനു കുറച്ചപ്പുറത്ത് ഉണ്ടായിരുന്ന പാരീസ് ഹോട്ടൽ ... ഇവിടെയൊക്കെ എസ്.കെ.പൊറ്റെക്കാട്ടും എൻ.പിയും ഞങ്ങളും ഒത്തുകൂടും. അന്ന് ഇതൊക്കെയായിരുന്നു പ്രധാനം. ഹോട്ടൽ അളകാപുരി തുടങ്ങിയ കൃഷ്ണൻനായരുടെ ഹോട്ടലായിരുന്നു ശാന്തഭവൻ. ഇടത്തരം വെജിറ്റേറിയൻ ഹോട്ടൽ. അവിടെ ചെറിയൊരു ഹാൾ ഉണ്ട്. എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും ചെറിയ യോഗങ്ങൾ അവിടെ കൂടിയിരുന്നു...’’

എങ്കിലും കോഴിക്കോട്ടെ വലിയ ഹോട്ടലുകൾ എന്നു പറയുമ്പോൾ ആദ്യം ഓർമയിലെത്തുന്നതു ബീച്ച് ഹോട്ടലാണെന്ന് എം.ടി. ‘‘ഓലമേഞ്ഞ കെട്ടിടമായിരുന്നു ബീച്ച് ഹോട്ടൽ. കോംട്രസ്റ്റിന്റെ ജനറൽ മാനേജരായിരുന്ന എ.ഡി. ബോളണ്ട് എന്ന സായ്പ് ബീച്ച് ഹോട്ടലിൽ വരും. കഥകളിയുടെ ചിത്രങ്ങൾ എടുക്കുന്നതിൽ കമ്പമുള്ള നല്ലൊരു ഫൊട്ടോഗ്രഫർ കൂടിയായിരുന്നു ബോളണ്ട്. പിയേഴ്സ് ലെസ്‌ലി, കോംട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ തലപ്പത്ത് അന്നു സായ്പന്മാരാണ് ഉണ്ടായിരുന്നത്. അന്നു വിദേശികൾ അധിപന്മാരായിട്ടുള്ള ധാരാളം സ്ഥാപനങ്ങൾ കോഴിക്കോട്ട് ഉണ്ടായിരുന്നു. അവരൊക്കെ പോകുന്നതു ബീച്ച് ഹോട്ടലിലാണ്. അതിന്റെ ഉടമയായിരുന്ന ബാലേട്ടന്റേത് സായ്പന്മാരുടേതുപോലുള്ള രീതികളായിരുന്നു. ഇംഗ്ലിഷാണ് അധികവും പറയുക. ചലനങ്ങളിലും ശരീരഭാഷയിലും വരെ സായ്പന്മാരെപ്പോലെ. മുഴുക്കയ്യൻ ഷർട്ടിട്ട് ടൈയൊക്കെ കെട്ടിയാണ് നടപ്പ്. ബാലാമണിയമ്മയുടെയും വി.എം. നായരുടെയും അൻപതാം വിവാഹവാർഷികം ബീച്ച് ഹോട്ടലിലാണ് ആഘോഷിച്ചത്. അൻപതോ അറുപതോ പേരെ ക്ഷണിച്ചിരുന്നു. ഞാനും അതിൽ ഒരാളായി. എല്ലാവർക്കും രാത്രി ഭക്ഷണം അവിടെയായിരുന്നു. മാധവിക്കുട്ടി അന്നു മുംബൈയിലോ കൊൽക്കത്തയിലോ ആയിരുന്നതിനാൽ എത്തിയില്ല.’’ 

‘‘ബീച്ച് ഹോട്ടലിൽ വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റ് സോമർസെറ്റ് മോം താമസിച്ചിട്ടുണ്ട്. എന്നോട് ബാലേട്ടനാണ് അക്കാര്യം പറഞ്ഞത്. സോമർസെറ്റ് മോം ഏഷ്യൻ രാജ്യങ്ങൾ മുഴുവൻ കപ്പലിൽ സ‍ഞ്ചരിച്ചയാളാണ്. അതിനിടയ്ക്കാവാം ഇവിടെ എത്തിയത്. അതുപോലെ എഴുത്തുകാരനായ ഓബ്രി മേനൻ ബീച്ച് ഹോട്ടലിൽ താമസിച്ചപ്പോൾ ഞങ്ങൾ എഴുത്തുകാരും മറ്റുമായി പത്തിരുപതു പേർ അവിടെച്ചെന്ന് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഓബ്രിയുടെ ‘രാമ റീടോൾഡ്’ എന്ന പുസ്തകം ഇന്ത്യയിൽ നിരോധിച്ച സമയത്തായിരുന്നു അത്. ഓബ്രി മാധവിക്കുട്ടിയുടെ കസിനാണെന്നതിനാൽ അങ്ങനെയും എനിക്ക് അദ്ദേഹത്തെ അറിയാം.’’ 

ഹോട്ടൽ മുറി: എഴുതാനൊരിടം 

mt-house

എം.ടിക്ക് കോഴിക്കോട് എന്നു പറയുമ്പോൾ അത് ഹോട്ടലുകളിൽനിന്നു ഹോട്ടലുകളിലേക്കുള്ള ഓർമകൂടിയാണ്. ഭക്ഷണശാലകളായ ഹോട്ടലുകളിൽനിന്ന് താമസസ്ഥലങ്ങളായ ഹോട്ടലുകളെക്കുറിച്ചായി പിന്നീട് സംഭാഷണം. എം.ടിയുടെ ഭാഷയിൽ പറഞ്ഞാൽ എഴുത്തുമേശ ഇടാൻ ഒരിടമായിരുന്നു ആ ഹോട്ടലുകൾ. വീട്ടിലിരുന്ന് അധികവും എഴുതുക പതിവില്ല എന്ന് എം.ടി. പറഞ്ഞു. അതുകൊണ്ടുതന്നെ എം.ടിയുടെ എഴുത്തിനു സാക്ഷ്യം വഹിക്കാൻ കോഴിക്കോട്ടെ ഹോട്ടലുകൾക്കു ഭാഗ്യമുണ്ടായി.

‘‘ആനിഹാളിന്റെ എതിർവശത്ത് ഉണ്ടായിരുന്ന രത്നഗിരിഹോട്ടലിൽ മുറിയെടുത്താണ് നിർമാല്യം, ഓളവും തീരവും എന്നിവ എഴുതിയത്. രത്നഗിരി ഇന്നില്ല. ബീച്ചിലെ ഹോട്ടൽ സീക്വീനിൽ മുറിയെടുത്ത് താഴ്‌വാരം, സദയം എന്നിവയുടെ തിരക്കഥ എഴുതി. ഹോട്ടൽ കാലിക്കറ്റ് ടവേഴ്സിൽ മാസക്കണക്കിനു മുറിയെടുത്ത് എഴുതിയിട്ടുണ്ട്‌. നീലത്താമരയുടെ റീമേക്ക് എഴുതിയതു വീടിനു തൊട്ടടുത്തുള്ള ഈസ്റ്റ് അവന്യൂ ഹോട്ടലിലിരുന്നാണ്. പഴശ്ശിരാജയുടെ തിരക്കഥയുടെ കുറെ ഭാഗങ്ങൾ ഈസ്റ്റ് അവന്യൂവിൽവച്ചെഴുതി. പകുതി ഭാഗം ചെന്നൈയിൽ പോയാണ് എഴുതിയത്. ഈസ്റ്റ് അവന്യൂവിൽ ഞാൻ താമസിച്ച മുറിയിൽനിന്നു നോക്കിയാൽ എന്റെ വീടു കാണാം. അവിടെയാവുമ്പോൾ ചിലപ്പോൾ വീട്ടിൽ നടന്നുപോയി ഭക്ഷണം കഴിക്കാം. അല്ലെങ്കിൽ ഭക്ഷണം വീട്ടിൽനിന്നു കൊണ്ടുവരും.’’ 

എംടി രത്നഗിരി ഹോട്ടലിൽ താമസിക്കുന്ന ഒരു രാത്രി. എഴുതിക്കൊണ്ടിരിക്കുമ്പോൾ അടുത്ത മുറിയിൽനിന്നു വലിയ ബഹളം. അപസ്വരങ്ങൾ‌ കൂടിക്കൂടി വരുന്നു. എഴുതാനേപറ്റുന്നില്ല. ഇവർക്കു കുറച്ചു പതുക്കെ ബഹളം വച്ചാലെന്താ എന്ന് അദ്ദേഹം ഓർത്തു. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കിയാണോ മുറിയെടുത്തു താമസിക്കുന്നത് എന്നൊക്കെ ആലോചിച്ച് എംടി സമയം തള്ളിനീക്കി. പിറ്റേന്നു രാവിലെ ഓഫിസിൽ പോയി. ഉച്ചയ്ക്കു തിരിച്ചെത്തിയപ്പോൾ ഹോട്ടലിന്റെ മുന്നിൽ പൊലീസും ആൾക്കൂട്ടവും. അവരിൽ ആരോ പറഞ്ഞു, ഒരാൾ വിഷം കഴിച്ചു മരിച്ചതാണെന്ന്. പിന്നീടാണ് അറിഞ്ഞത് തന്റെ തൊട്ടപ്പുറത്തെ മുറി എടുത്തയാളാണ് മരിച്ചതെന്ന്. രാത്രി താൻ കേട്ടതൊന്നും ബഹളമല്ല, മരണവെപ്രാളത്തിൽ അയാൾ പുറപ്പെടുവിച്ച ശബ്ദങ്ങളായിരുന്നു. ഇതു മനസ്സിൽവച്ചാണ് 'അവർ' എന്ന കഥയെഴുതിയതെന്ന് എം.ടി. 

കൂടല്ലൂരിൽനിന്നാണ് തനിക്കു കൂടുതൽ കഥകൾക്കുമുള്ള വിഭവങ്ങൾ കിട്ടിയതെങ്കിലും നഗരജീവിതവും എഴുത്തിനു വിഷയമായിട്ടുണ്ട് എന്നു പറഞ്ഞപ്പോഴാണ് എം.ടി. ഈ സംഭവം ഓർ‌ത്തത്. 

ഹോട്ടലിൽ താമസിക്കുന്നു എന്നു വച്ചാൽ എഴുതാനൊരിടം എന്നേയുള്ളൂ എന്ന് എം.ടി. പറയുന്നു. ‘‘ദിവസം മുഴുവനും എഴുത്തല്ല. പതിവുപോലെ ഓഫിസിൽ പോവും. ചില ദിവസം ഉച്ചയ്ക്കോ വൈകിട്ടോ മുറിയിലെത്തി എഴുതും. ചിലപ്പോൾ രാത്രി വീട്ടിൽ പോകും. ഇതാണ് രീതി. രത്നഗിരി ഹോട്ടലിൽ താമസിക്കുമ്പോൾ മറ്റൊരു സംഭവവും ഉണ്ടായി.

മുകളിലത്തെ മുറിയിലാണ് ഞാൻ താമസം. ഒരു ദിവസം മുറി പൂട്ടി പോയിട്ട് തിരിച്ചെത്തിയപ്പോൾ എന്തോ ഒരു പന്തികേട്. മുറിയിൽ പലതും ഞാൻ വച്ചതുപോലെയല്ലല്ലോ എന്നൊരു തോന്നൽ. ജനാല പൊളിച്ച് ആരോ അകത്തു കയറിയതാണ്. ജനലിനപ്പുറം കുപ്പിച്ചില്ലുകളും മറ്റുമാണ്. അതിലൂടെ നോക്കിയപ്പോഴുണ്ട് എന്റെ ബ്രീഫ്കെയ്സ് വെട്ടിപ്പൊളിച്ച് ഉപേക്ഷിച്ചിരിക്കുന്നു. ഒരാൾ എനിക്കു സമ്മാനിച്ച വിലകൂടിയ പെട്ടിയായിരുന്നു അത്. അങ്ങനെയൊന്നും പൊളിക്കാൻ പറ്റുന്നതല്ല. അതിൽ ചില കഥകൾക്കുവേണ്ടിയുള്ള കുറിപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസൊക്കെ വന്നു. പക്ഷേ, കാര്യമായൊന്നും നഷ്ടപ്പെട്ടിരുന്നില്ല.’’ 

വർഷങ്ങൾക്കു മുൻപാണ്. ഒരു ദിവസം വൈകിട്ടു നടക്കാനിറങ്ങിയ എം.ടി. ഒരു വീടിനു മുന്നിൽ ആളു കൂടിനിൽക്കുന്നതു കണ്ട് അവിടേക്കു ചെന്നു. അവിടെ ഒരാൾ മരിച്ചു. എം.ടിക്ക് അറിയാവുന്ന ആരുടെയും വീടല്ല. എങ്കിലും അവിടെ നടക്കുന്നതൊക്കെ നോക്കിക്കൊണ്ട് ഏറെനേരം അദ്ദേഹം അങ്ങനെ നിന്നു. ‘‘കൂടിനിന്നവർ കരുതി ഞാൻ അവരിൽ ഒരാളാണെന്ന്. പോരുമ്പോൾ നിങ്ങൾ മരിച്ചയാളുടെ ആരായിട്ടുവരും എന്നായി ചോദ്യം. ഞാൻ പ്രത്യേകിച്ചൊന്നും പറയാതെ അവിടെനിന്നിങ്ങു പോന്നു. ആരുമല്ലെങ്കിലും ചില കാര്യങ്ങളുടെ ഭാഗമായി നാം മാറിപ്പോകുന്ന ഈ അവസ്ഥ മനസ്സിൽ വച്ചാണ് ‘മരണം’ എന്ന കഥ എഴുതിയത്.’’ 

ദിവസേന നടക്കാൻപോകുമ്പോൾ പല സംഭവങ്ങളും ഉണ്ടാവാറുണ്ടെന്ന് എംടി. ഈയിടെ ഒരു ദിവസം രാവിലെ നടപ്പു മുടങ്ങി. അതുകൊണ്ട് വൈകിട്ടാണ് നടക്കാനിറങ്ങിയത്. വീട്ടിൽനിന്നു ജവാഹർനഗർ വരെയും തിരിച്ചുമാണ് റൂട്ട്. അന്നു വൈകിട്ടു നടക്കാനിറങ്ങിയ തന്നെ ഒരാൾ ഓട്ടോയിൽ പിന്തുടർന്നെത്തി.... സാർ കയറുന്നോ വീട്ടിൽകൊണ്ടുവിടാം എന്നു പറഞ്ഞതോർത്ത് എംടി ചെറുതായി ചിരിച്ചു. 

ആദ്യമായി കാർ വാങ്ങിയത് 1966 ൽ ആണെന്നാണ് എം.ടിയുടെ ഓർമ. മദിരാശിയിലെ ഒരു സുഹൃത്തിൽനിന്നാണ് അതു വാങ്ങിയത്. സെക്കൻഡ്ഹാൻഡ് കാർ. കറുത്ത അംബാസിഡർ. അക്കാലത്ത് ഡ്രൈവിങ് പഠിക്കാൻ ഒരു ശ്രമം നടത്തി. ഡ്രൈവറോടൊപ്പം വെസ്റ്റ് ഹിൽ മൈതാനത്തുപോയി മൂന്നു നാലു ദിവസം പഠിച്ചുനോക്കി. ‘‘ശരിയാവില്ല എന്നു തോന്നിയതോടെ വേണ്ടെന്നുവച്ചു.’’ അങ്ങനെ എം.ടി. എഴുത്തിന്റെ ഡ്രൈവിങ് സീറ്റിലേക്കു മാറിയിരുന്നു. 

ജോലിക്കു ചേരുന്നതു സംബന്ധിച്ചുള്ള ടെലിഗ്രാം കിട്ടിയാണ് എം.ടി. കോഴിക്കോട്ടു വന്നത്. ഒരുപക്ഷേ കോഴിക്കോട്ട് ഇന്നും ഏറ്റവും കൂടുതൽ കത്തുകൾ വരുന്ന വീട് എം.ടിയുടേതായിരിക്കും. കത്തെഴുത്തു കുറഞ്ഞുവരുന്നു എന്നു പറയുന്ന ഇക്കാലത്തും നാൽപ്പതോ അൻപതോ കത്തുകളെങ്കിലും ദിവസവും ഇവിടെ എത്തുന്നു. ‘‘പണ്ടൊക്കെ നൂറ് കത്തുകളൊക്കെ ദിവസവും വന്നിരുന്നു. ഇന്നും ധാരാളം കുട്ടികൾ കത്തയയ്ക്കാറുണ്ട്. കുട്ടികളുടെ കത്തുകൾക്കാണ് എത്ര വയ്യെങ്കിലും മറുപടി അയയ്ക്കുന്നത്. അവരെഴുതുന്നതാവുമ്പോൾ കളയാൻ തോന്നാറുമില്ല.’

’ ഇതു പറഞ്ഞശേഷം മലയാളത്തിന്റെ മഹാനായ കഥാകാരൻ അലമാരകളിൽനിന്നു കുറെ കടലാസു കെട്ടുകൾ എടുത്തുതന്നു. ‘‘ഒക്കെയും കുട്ടികൾ അയച്ചതാണ്’’ ഇതു പറയുമ്പോൾ ചോദിച്ചു ഇവിടത്തെ കുട്ടി എവിടെപ്പോയി എന്ന്. മകൾ അശ്വതിയുടെ മകൻ യുകെജിക്കാരനായ മാധവനെയാണ് ഉദ്ദേശിച്ചത്. ‘‘അവൻ ഇവിടെയുണ്ട്. സരസ്വതി (എം.ടിയുടെ പത്നി കലാമണ്ഡലം സരസ്വതി)യോടൊപ്പം കിടന്നുറങ്ങുന്നു.’’ എന്നു മറുപടിയും വന്നു. 

MT-house-calicut എംടിയുടെ വീട്

അശ്വതി അടുത്തുള്ള ഫ്ലാറ്റിലാണ് താമസം. അശ്വതിയും ഭർത്താവ് ശ്രീകാന്തും മാധവനും മിക്കദിവസങ്ങളിലും ഇവിടെ വരും. അവൻ എപ്പോഴും ഇവിടെ ഉണ്ടാവും എന്നു പറയാൻ എംടിക്കു വ്യഗ്രത. മാധവൻ തന്നോടൊപ്പമാണ് എന്നു പറയുന്നതിൽ മുത്തച്ഛന് വല്ലാത്ത ഇഷ്ടം. കുറച്ചുനേരം കഴിഞ്ഞതും മാധവൻ മുത്തച്ഛനടുത്തെത്തി അദ്ദേഹത്തെ നോക്കി തൊട്ടും തലോടിയുമിരുന്നു. പേരക്കുട്ടി മുത്തച്ഛന്റെ കവിളത്തും മുടിയിലുമൊക്കെ തടവുമ്പോൾ എം.ടിയുടെ മുഖത്ത് അത്ര ഗൗരവമില്ല. ഒരു ചെറുപുഞ്ചിരി വായിച്ചെടുക്കാം. 

‘‘താമസിച്ച നഗരങ്ങൾക്കെല്ലാം മനസ്സിൽ പേരു വിളിക്കുന്നത് ഒരു വിനോദമായിരുന്നു. ക്രൂരതയുടെ നഗരം. വേദനയുടെ നഗരം. കന്യകയായ നഗരം.’’ എം.ടി. അവർ എന്ന കഥയിൽ എഴുതി. അങ്ങനെയെങ്കിൽ കോഴിക്കോടിനെ എന്തു വിളിക്കും എന്നു ചോദിച്ചപ്പോൾ ഒരു നിമിഷത്തെ മൗനത്തിനു ശേഷം എം.ടി. ബീഡിക്കു തീ കൊളുത്തി. അതേ കഥയിൽ താൻ അതിനു മുൻപ് ഒരു വരി എഴുതിയ കാര്യം ഓർമിപ്പിച്ചു. ‘ഒരുപക്ഷേ നഗരം തന്നെ തിരിച്ചറിഞ്ഞിരിക്കും’ എന്ന നായകന്റെ ആത്മഗതം. ഇത് എംടിയുടെ കൂടി ആത്മഗതമാവാം. തന്നെ തിരിച്ചറിഞ്ഞ നഗരമാണിത് എന്ന സൂചന എം.ടി. മറുപടിയിൽ ഒളിപ്പിച്ചു. 

തന്നെ തിരിച്ചറിഞ്ഞ നഗരം എന്ന് എം.ടി. കോഴിക്കോടിനെ വിളിക്കാനിഷ്ടപ്പെടുന്നെങ്കിൽ അതു വെറുതെയല്ല. ഇന്നും നടക്കാൻ പോവുമ്പോൾ എത്രയോ പേർ അടുത്തേക്കു വരുന്നു പരിചയപ്പെടാൻ. സ്വന്തം പേരു പറഞ്ഞു പരിചയപ്പെടേണ്ടിവന്ന ഒരനുഭവവും ഇവിടെ ഉണ്ടായിട്ടില്ല. ഇതു പറയുമ്പോൾ എം.ടി. ഓർത്തത് അദ്ദേഹം അടുത്തിടെ ഒരു പുസ്തകത്തിൽ വായിച്ചതാണ്. 

‘‘ഇംഗ്ലണ്ടിലെയും അമേരിക്കയിലെയുമൊക്കെ വലിയ നടനാണ് മൈക്കൽ കെയ്ൻ. ഒരിക്കൽ അമേരിക്കയിൽ അദ്ദേഹത്തിനു സ്വീകരണം നൽകി. പതിനായിരക്കണക്കിനാളുകൾ പങ്കെടുത്ത സ്വീകരണം. ഇതിനിടയിൽ ഒരാൾ എവിടെനിന്നോ വന്ന് അദ്ദേഹത്തോടു ചോദിച്ചത്രേ, മിസ്റ്റർ കെയ്ൻ, നിങ്ങൾ ആരാണെന്ന്.’’ 

ഇതു വിദേശങ്ങളിൽ മാത്രമല്ല നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞ എം.ടി. പെട്ടെന്ന് റോസി തോമസിനെക്കുറിച്ചു പറഞ്ഞു. സി.ജെ. തോമസുമായുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ ഒരിടത്തു ചെന്നപ്പോഴുണ്ടായ അനുഭവം റോസി എഴുതിയത്. ‘‘ആ നാട്ടിലെ ചില സ്ത്രീകൾ റോസിയോടു ചോദിച്ചു, ഹസ്ബൻഡ് എന്തു ചെയ്യുന്നു എന്ന്. ഹസ്ബൻഡ് റൈറ്റർ ആണ് എന്നു റോസിയുടെ മറുപടി. ഉടൻ വന്നു സ്ത്രീകളുടെ ചോദ്യം. ഏത് എസ്റ്റേറ്റിലെയാണ് എന്ന്. ഏതോ എസ്റ്റേറ്റിലെ റൈറ്റർ ആണെന്നാണ് സ്ത്രീകൾ കരുതിയത്.’’ 

ഈ നഗരം പക്ഷേ തനിക്കു പറയാൻ അങ്ങനെയൊരോർമപോലും തന്നിട്ടില്ല എന്ന് എംടി പറഞ്ഞപ്പോൾ അദ്ദേഹം സ്വന്തം സിനിമയുടെ പേര് ഓർമിച്ചോ, എന്തോ: നഗരമേ നന്ദി.