Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകലങ്ങളിൽനിന്ന് അകലങ്ങളിലേക്ക്

devarajan-old-3col ജി ദേവരാജനും ഒഎന്‍വിയും

മലയാള മനോരമയും ഒ.എൻ.വി. കുറുപ്പുമായി പതിറ്റാണ്ടുകൾ നീണ്ട ഊഷ്മള ബന്ധമാണ് ഉണ്ടായിരുന്നത്. മനോരമയുടെ ദ്യാരംഭം പരിപാടി തുടങ്ങിയ നാൾമുതൽ പ്രധാന ഗുരുശ്രേഷ്ഠൻ ഒഎൻവി ആയിരുന്നു. മനോരമയുടെ ശതോത്തര രജത ജൂബിലി ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾക്കു ഗാനമെഴുതിയതും ഒഎൻവി തന്നെ.

കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം മനോരമയുടെ തിരുമുറ്റത്തു 2000ൽ തുടങ്ങിയപ്പോൾ തലസ്ഥാന നഗരിയിൽ അതിനു തിരിതെളിച്ചത് ഒഎൻവി ആയിരുന്നു. അന്നു ലഭിച്ച ഗുരുദക്ഷിണ, കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനത്തിൽ കാൽ നഷ്ടപ്പെട്ട അസ്നയ്ക്കാണ് അദ്ദേഹം നൽകിയത്. അന്നുമുതൽ എല്ലാ വർഷവും മുടങ്ങാതെ ഈ ചടങ്ങിന് അദ്ദേഹം എത്തി.

മനോരമയുടെ അങ്കണത്തിൽവച്ചു നൂറുകണക്കിനു കുരുന്നുകൾക്കാണു മലയാളത്തിന്റെ പ്രിയ കവി ആദ്യാക്ഷരത്തിന്റെ മധുരം പകർന്നു നൽകിയത്. അനാരോഗ്യം മൂലം ഇക്കഴിഞ്ഞ വിദ്യാരംഭത്തിനു മാത്രം അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല. മനോരമയുടെ ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ച് ഒഎൻവി എഴുതിയ ‘സദയമനുഗ്രഹമരുളുക ഭുവനം’ എന്നു തുടങ്ങുന്ന ഗാനം.

mk-arjunan എം കെ അർജുനനുമൊത്ത് ഒഎൻവി

സംഗീതജ്ഞ ദമ്പതികളായ എൽ. സുബ്രഹ്മണ്യവും കവിതാ കൃഷ്ണമൂർത്തിയും ചേർന്നാണു ജൂബിലി ഉദ്ഘാടനവേദിയിൽ അവതരിപ്പിച്ചത്. മാതൃഭാഷയുടെ മഹത്വം വിളിച്ചോതി മനോരമ സംഘടിപ്പിച്ച ‘എന്റെ മലയാളം’ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് മലയാള സംഗീതത്തിലെ അപൂർവ പ്രതിഭകളുടെ സംഗമംകൂടിയായിരുന്നു. ഒഎൻവി രചിച്ചു ജി. ദേവരാജൻ ഈണമിട്ടു യേശുദാസ് ആലപിച്ച മലയാള വന്ദനത്തോടെയാണു തിരൂർ തുഞ്ചൻപറമ്പിൽ ‘എന്റെ മലയാളം’ പരിപാടി സമാരംഭിച്ചത്. ‘തുഞ്ചൻ തൻ തിരുനാരായത്തിൻ തുഞ്ചത്തൂഞ്ഞാലാടി...’ എന്നു തുടങ്ങുന്നതായിരുന്നു ഗാനം. ദേശീയ ഗെയിംസ് സംഘാടക സമിതിക്കു വേണ്ടി മലയാള മനോരമ സംഘടിപ്പിച്ച ‘റൺ കേരള റൺ’ കൂട്ടയോട്ടത്തിന്റെ തീം സോങ് രചിച്ചതും ഒഎൻവി തന്നെയായിരുന്നു. എം. ജയചന്ദ്രൻ ഈണമിട്ടു ഹരിചരൺ ആലപിച്ച ‘അകലങ്ങളിൽ നിന്ന് അകലങ്ങളിലേക്ക് ഇതിലേ പായുക നമ്മൾ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ മധുരം ഇന്നും മായാതെ നിൽക്കുന്നു.

മലയാളത്തിന്റെ സുഗന്ധം: മാമ്മൻ മാത്യു

മലയാളിയുടെ മനസ്സിൽ മായാത്ത സംഗീതം നിറച്ച മഹാകവിയായിരുന്നു ഒഎൻവി എന്ന് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു അനുസ്മരിച്ചു.ഒഎൻവിയുടെ കവിതയിൽ നിറഞ്ഞുനിൽക്കുന്നതു മലയാളത്തിന്റെ സുഗന്ധമാണ്. ആ സുഗന്ധം എന്നും നമ്മോടുകൂടെയുണ്ടാവും. മനോരമയുടെ ‘എന്റെ മലയാളം’ നാടുണർത്തൽ പോലുള്ള എല്ലാ സംരംഭങ്ങൾക്കും കാവ്യതിലകം ചാർത്തിയത് ഒഎൻവിയാണ്– മാമ്മൻ മാത്യു പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.