Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുല്ലാങ്കുഴലൂതിയ മലയാളകാവ്യം

onv

മറ്റൊരു സന്ധ്യ! ഇത്തോണിയിലിന്നെന്റെ ഒപ്പമിരിപ്പതു വാഴ്‌വോ മരണമോ? – ഒഎൻവി_

മലയാളത്തിലെ സകലമാന സാഹിത്യകാരൻമാരെയും പൊക്കവും പുകഴും നോക്കാതെ ഇരുമ്പുലക്ക പോലുള്ള അഭിപ്രായം കൊണ്ട് അടിച്ചു നിരപ്പാക്കിയിട്ടുള്ള പ്രശസ്‌ത നിരൂപകൻ പ്രഫ. എം. കൃഷ്‌ണൻനായർ ഒഎൻവി കുറുപ്പിനെപ്പറ്റി കുറിച്ചത് ഇങ്ങനെയായിരുന്നു:‘കടലാസുകൊണ്ടു വള്ളമുണ്ടാക്കി അരുവിയിലൊഴുക്കി അതു മുങ്ങുന്നതു കണ്ടു കൈകൊട്ടിച്ചിരിക്കുന്ന ബാലകവികൾ ഏറെയുണ്ട് ഇക്കേരളത്തിൽ. ഒഎൻവിയാകട്ടെ, സാർവലൗകിക ദുരന്തം കണ്ടു ദുഃഖിക്കുന്നു. അതുകൊണ്ടാണ് അവരിൽനിന്ന് ധ്രുവനക്ഷത്രംപോലെ അദ്ദേഹം അകന്നു നിൽക്കുന്നത്.’

wedding-4col ഒഎൻവിയും ഭാര്യ സരോജിനിയും വിവാഹവേളയിൽ

ഭാവാത്മകതകൊണ്ട് മലയാള കവിതയെ സമ്പന്നമാക്കുകയും അതിനെ ജ്‌ഞാനപീഠമെന്ന ഉത്തുംഗമഞ്ചത്തിൽ ഇരുത്തുകയും ചെയ്‌ത കവിയുടെ ദർശനം എന്നും വിശ്വമാനവികത ആയിരുന്നു. മാനവ മോചന സ്വപ്‌നങ്ങളുടെ നിലയ്‌ക്കാത്ത തുടിപ്പുകളും. അപ്രകാരമാണ് ഒഎൻവി മലയാളത്തിന്റെ കാവ്യ സ്വപ്‌നഭൂമികയിൽ എഴുതിത്തുടങ്ങിയ കാലം മുതൽ അവസാനനിമിഷം വരെ നക്ഷത്രമായി തിളങ്ങിയത്. കവിതകളിലൂടെ ആ പ്രകാശം ഇനി ഈ ഭാഷയ്‌ക്കു കാവൽനിൽക്കും.

കമ്യൂണിസത്തിന്റെ ചുവന്ന മാനവികതയിൽ ആവേശംകൊണ്ടും എന്നാൽ കാൽപനികതയുടെ അന്തർമുഖത്വത്തിലും ഭാവാത്‌മകതയിലും മുങ്ങിനിവരുകയും ചെയ്‌ത കവികളുടെ സാഹോദര്യത്തിലൂടെയാണ് ഒഎൻവി കാവ്യലോകത്തേക്കു വരുന്നത്. വയലാറും പി. ഭാസ്‌കരനും തിരുനല്ലൂരും പുതുശ്ശേരിയുമൊക്കെ തോളിൽ കയ്യിട്ട് ഈ കാവ്യഭൂമിയിൽ മാർച്ച്‌പാസ്‌റ്റ് നടത്തി. മെല്ലെ മെല്ല ഒഎൻവിക്കവിത പ്രത്യയശാസ്‌ത്രത്തിന്റെ നേരിട്ടുള്ള പ്രഖ്യാപനങ്ങൾക്കപ്പുറത്തേക്കുപോയി ആത്മദർശനത്തിന്റെ അന്വേഷണപാതകളിലൂടെ നീങ്ങി.

father-and-mother ഒഎൻവിയുടെ പിതാവ് ഒ എൻ കൃഷ്ണക്കുറുപ്പും മാതാവ് ലക്ഷ്മിക്കുട്ടിയും

ദുഃഖനിർഭരമാവാതെൻ ചേതനയ്‌ക്കില്ലാ നാദം എന്നു കണ്ടുപിടിക്കുകയും ചെയ്‌തു. ആ കവിതകൾ ഭാരതത്തിന്റെ കാവ്യപാരമ്പര്യത്തിന്റെ അർഥംതേടി അതിനെ പൂരിപ്പിച്ചു മുഴുമിക്കാൻ നിരന്തരം ശ്രമിച്ചു. ഉജ്‌ജയിനി എന്ന മഹദ്‌കാവ്യം മലയാളത്തിനു കിട്ടിയത് ഈ യാത്രയുടെ സഫലതയാണല്ലോ. മലയാളത്തിന്റെ തനി നാട്ടുഭാഷയിൽ കാവ്യങ്ങളും ഗാനങ്ങളും സമ്മാനിച്ചപ്പോഴും ഒഎൻവിക്കവിത മഹത്തായ സാർവദേശീയതയുടെ പതാകപിടിച്ചു.

എവിടെ മനുഷ്യനുണ്ടവിടെയെല്ലാം ഉയിർത്തെഴുന്നേൽക്കുമെന്റെയീ ഗാനം എന്നതാണ് ഈ കവിയുടെ പ്രിയപ്പെട്ട വരികൾ. കറുത്തപക്ഷിയുടെ പാട്ടിലൂടെ ഒഎൻവി, പോൾ റോബ്‌സൻ എന്ന ഗായകനോടു സാഹോദര്യം പ്രഖ്യാപിച്ച് വിദൂരമായ ഈ തീരത്തിരുന്നു കറുത്തവർഗക്കാരെ ആലിംഗനം ചെയ്‌തു. ഇവിടെയും എനിക്കൊരു വീടുണ്ട് എന്നു കവിതയിലൂടെ ചൊല്ലി മാസിഡോണിയയിലെ രാജ്യാന്തര കവിസമ്മേളനത്തിൽ ഒഎൻവി ഭാരതീയന്റെ സാർവദേശീയ വീക്ഷണം ലോകപ്രശസ്‌തമാക്കി.

റഷ്യയോട് ആത്മബന്ധം ഉണ്ടായിരുന്ന കവി പക്ഷേ, എപ്പോഴും പാടിക്കൊണ്ടിരുന്നതു മാനവികതയുടെ എഴുത്തുകാരായ മയക്കോവ്‌സ്‌കിയെയും ടോൾസ്‌റ്റോയിയെയും അലക്‌സാണ്ടർ പുഷ്‌കിനെയും പറ്റിയാണ്; ലെനിനെയും സ്‌റ്റാലിനെയും പറ്റി ആയിരുന്നില്ല. ഒരു അരയാലും ഒരു ഈന്തപ്പനയും ഒരു ഒലീവ് മരവും അടുത്തടുത്തുനിന്ന് സ്‌നേഹ മർമരം കൈമാറുന്ന ഭൂമി എന്റെ സ്വപ്‌നമാണ് എന്നു കവി എഴുതിയിട്ടുണ്ട്. പിന്നീട് ആ ഭുമിയുടെ ആസന്ന മരണത്തിന്റെ ആശങ്കപേറുന്ന ‘ഭൂമിക്കൊരു ചരമഗീത’ത്തിലേക്ക് ആ കവിത സഞ്ചരിച്ചു. കേവലം പരിസ്‌ഥിതി കവിത എന്നതിനപ്പുറത്തേക്കു മനുഷ്യകുലത്തിന്റെ മുഴുവൻ ആധിയായി ആ കവിത വായനക്കാരനെ പിടികൂടി.

Jnanpith 2011ൽ ജ്ഞാനപീഠം പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽനിന്ന് ഏറ്റുവാങ്ങുന്നു. വിഎസ് അച്യുതാനന്ദൻ സമീപം.

കവിതയുടെ ഭാരതീയമായ കരുത്തിനെയും ആത്മബലത്തെയും അന്വേഷിക്കുന്നതിനുമപ്പുറം കവിയുടെ മനഃസഞ്ചാരങ്ങളെത്തന്നെ പിന്തുടരുകയായിരുന്നു ഉജ്‌ജയിനി എന്ന മഹാകാവ്യത്തിലൂടെ ഒഎൻവി. കാളിദാസന്റെ ജീവിതപാതകളിലൂടെ ഒഴുകി കവിതയുടെയും കലാകാരന്റെ ജീവിതത്തിന്റെയും രഹസ്യസ്‌ഥലങ്ങൾ വരച്ച ഉജ്‌ജയിനി മലയാളത്തിന്റെ ഉന്നതമായ കാവ്യഭാഷണം ആയി മാറി.കാലത്തിന്റെ ചരിത്രമാണ് പലപ്പോഴും ഒഎൻവി കവിതയ്‌ക്കു വിധേയമാക്കിയത്. അതുകൊണ്ടുതന്നെ ഒട്ടേറെ കഥാഗീതങ്ങൾ കവിയിലൂടെ പിറന്നു.

വാക്കുകളിൽ സംഗീതം മുഴങ്ങി. തനിമയുള്ള നാടൻ പദങ്ങൾ മലയാളത്തിന്റെ മുത്തുകളാണെന്ന് അവയെ കവിതയിൽ മോഹനമായി പ്രതിഷ്‌ഠിച്ചുകൊണ്ട് ഒഎൻവി പ്രഖ്യാപിച്ചു. ഒരു കാളവണ്ടിക്കാരന്റെ പാട്ടിലൂടെ നാടൻ ഈണവും ബിംബങ്ങളും കൊണ്ട് ഒഎൻവി വരച്ചിട്ടതു കാലത്തിന്റെയും വഴിയുടെയും ചരിത്രം തന്നെയാണ്. ഇനി, ഒഎൻവി കവിയായത് എങ്ങനെയായിരിക്കും? ഏകാന്തതയാണ് അതു ചെയ്‌തതെന്നാണു കവി പറഞ്ഞിട്ടുള്ളത്. തനിക്ക് ഏഴര വയസ്സുള്ളപ്പോൾ അച്‌ഛൻ മരിച്ചു. മദ്രാസിൽ ചികിൽസയ്‌ക്കുപോയ അച്‌ഛൻ തിരിച്ചുവന്നില്ല. അതേത്തുടർന്ന് കൊല്ലത്തിന്റെ നാഗരികതയിൽ നിന്ന് അമ്മയുടെ നാടായ ചവറ എന്ന ചെറുഗ്രാമത്തിലേക്കു മാറ്റിനടപ്പെട്ടു കുടുംബം.

padmasri 2001ൽ പത്മശ്രീ പുരസ്കാരം രാഷ്ട്രപതി കെ ആർ നാരായണനിൽനിന്ന് ഏറ്റുവാങ്ങുന്നു

വാരിയെല്ലുപോലത്തെ അഴികളുള്ള ഒരു 12 സീറ്റ് ബസ്, ടാറിടാത്ത റോഡ്, വിചിത്രരീതികൾ പുലർത്തുന്ന നാട്ടുകുട്ടികൾ, അപരിചിത സംഭാഷണങ്ങൾ... അവിടെ താൻ മിസ്‌ഫിറ്റാണ് എന്നു മനസ്സിലാക്കിയ കൂട്ടുകാരില്ലാത്ത കുട്ടിയായി. പിന്നെയുള്ളതു ചിത്രവാരിക, സർവോദയം, വിവേകോദയം മാസികകൾ, അച്‌ഛന്റെ പുസ്‌തകങ്ങൾ. വെറുതേയിരിക്കുമ്പോൾ മുറ്റത്തെ നാലുമണിപ്പൂക്കളുടെ രഹസ്യങ്ങൾപോലും കൗതുകങ്ങൾ വിരിയിച്ചു. അച്‌ഛന്റെ വലിയ ഇഷ്‌ടക്കാരനായ പണ്ഡിതർ കൊച്ചുനാണു എന്ന അധ്യാപകൻ വീട്ടിൽവന്നു പഠിപ്പിച്ച സംസ്‌കൃതശ്ലോകങ്ങൾ പാടിനടക്കുമ്പോൾ അതേതാളത്തിൽ കാവ്യങ്ങൾ ക്ഷണിക്കാതെ വന്നെത്തി.

മുറ്റത്തുകൂടി തോർത്തും ചുഴറ്റി നടന്ന ഒരു കൃഷിക്കാരൻ കാരണവർ സംശയംകൊണ്ടു ചോദിച്ചു, അപ്പു തോന്ന്യാക്ഷരം എഴുതുമോ? തോന്നിവാസം പോലെ എന്തോ ഒന്ന് എന്നാണ് ഒഎൻവിക്ക് അപ്പോൾ തോന്നിയതത്രേ.കവിയെന്നു തോന്നിപ്പിച്ച ആ കാരണവർക്കാണു തന്റെ തോന്ന്യാക്ഷരങ്ങൾ എന്ന സമാഹാരം കവി സമർപ്പിച്ചിട്ടുള്ളത്. അങ്ങനെ, സന്തോഷത്തിൽനിന്നു ദുഃഖത്തിലേക്ക്; നല്ലനിലയിൽ നിന്നു ബുദ്ധിമുട്ടുകളിലേക്കു വീണപ്പോൾ കൈപിടിച്ചതു കവിതയായിരുന്നു. ഏകാന്തതയുടെ മാവാസിയിൽ കൈവന്ന വെളിച്ചം പോലെയാണത് എന്നു കവി അനുസ്‌മരിക്കുന്നു. പക്ഷിക്കൂട്ടിലെ മിന്നാമിനുങ്ങു വെളിച്ചം പകരുന്നതു പോലെയെന്ന്.

അങ്ങനെ കാവ്യലോകത്തേക്കു വന്ന ഒഎൻവി മറ്റൊരു സാമ്രാജ്യം കൂടി സ്വന്തമാക്കി–ഗാന ലോകവീഥി. നാടകത്തിന്റെയും സിനിമയുടെയും ഭാവങ്ങൾ പി. ഭാസ്‌കരനും വയലാറിനും മറ്റു സഹയാത്രികർക്കുമൊപ്പം ഒഎൻവി ഗാനങ്ങളിലൂടെ ഹൃദ്യമാക്കി. ഒരുഘട്ടത്തിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ കച്ചവടലോകം ആവശ്യപ്പെടുന്ന ഇറക്കങ്ങളിലേക്കു പോകാതെ ഉന്നതമായ അന്തസ്സു പാലിച്ചു.

Padma-Vibhushan 2011 ൽ പത്മ വിഭൂഷൺ പുരസ്കാരം രാഷ്ട്രപതി രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽനിന്ന് ഏറ്റുവാങ്ങുന്നു

കുമാരസംഭവം സിനിമയ്‌ക്ക് ഒരു മേശയ്‌ക്കപ്പുറവും ഇപ്പുറവും ഇരുന്നാണ് ഒഎൻവിയും വയലാറും ഗാനങ്ങൾ സൃഷ്‌ടിച്ചത്. ഇങ്ങനെ: പൊൽത്തിങ്കൾക്കലപൊട്ടുതൊട്ട ഹിമവൽ ശൈല...(ഒഎൻവി) ആദിമ മന്ത്രം, അനശ്വരമന്ത്രം...(വയലാർ)പ്രിയ സഖി ഗംഗേ, പറയൂ...(ഒഎൻവി) ഇന്ദുകലാ മൗലി തൃക്കയ്യിലോമനിക്കും...(വയലാർ)1982ൽ വയലാർ അവാർഡ് സ്വീകരിച്ചുകൊണ്ട് ഒഎൻവി ചൊല്ലിയ കവിത വേർപിരിയുവാൻ മാത്രമൊന്നുകൂടി നാം വേദനകൾ പങ്കുവയ്‌ക്കുന്നു എന്നു തുടങ്ങുന്നതായിരുന്നു.കാളിദാസനെ മനസ്സിൽ പ്രതിഷ്‌ഠിച്ച കവിയുടെ ഭാഷ ഒരിക്കലും അതീവ ഗഹനമോ സങ്കീർണമോ ആയില്ല. അതു വായനക്കാരന്റെ ചാരത്തു നിന്നു. അവർ ഈ കാവ്യധന്യതകളെ ആദരപൂർവം ആലിംഗനം ചെയ്‌തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.