Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായനയെന്ന ഭയവും അഭയവും

മനോജ് കുറൂർ

ജീവിതം നൂറായിരം നൂലാമാലകളുടെ കെട്ടുപിണയലാണെന്നിരിക്കെ, അവയിൽ ഏതെങ്കിലും വളരെക്കുറച്ചു ചില നൂലുകളോടു മാത്രം ഇഷ്ടം തോന്നുകയും ആ ചുരുക്കം ചിലവയൊഴിച്ചു മറ്റൊന്നിനോടും വലിയ താൽപര്യം തോന്നാതിരിക്കുകയും ചെയ്യുന്നത് ഒരസുഖമാവാം. ചില വിഷയങ്ങളിൽ അത്യഗാധമായ ജ്ഞാനവും മറ്റു കാര്യങ്ങളിൽ സമ്പൂർണ്ണമായ അജ്ഞാനവും കൊണ്ടുനടക്കുന്നവർ അവരുടെ ഇഷ്ടമേഖലകളിൽ വലിയ പ്രതിഭകളാകാമെങ്കിലും അവരുടെ മാനസികാരോഗ്യത്തിൽ എനിക്കു സംശയമുണ്ട്.

പുസ്തകങ്ങൾ വായിച്ചു കൂട്ടുന്നതിൽ മാത്രം ശ്രദ്ധിച്ച ഒരാളെ ഒരിക്കൽ പരിചയപ്പെട്ടിട്ടുണ്ട്. ഏതു വിഷയത്തെപ്പറ്റി ചോദിച്ചാലും വളരെ വിചിത്രമായ ആശയങ്ങളാണ് അദ്ദേഹം പങ്കു വച്ചിരുന്നത്. വലിയൊരു പുസ്തകശേഖരത്തിനിടയിലിരുന്നായിരുന്നില്ല അദ്ദേഹം അതു പറഞ്ഞിരുന്നെങ്കിൽ ചില ജല്പനങ്ങൾ മാത്രമായി ഞാൻ അതൊക്കെ തള്ളിക്കളഞ്ഞേനെ എന്ന് അന്നു തോന്നി. അദ്ദേഹത്തിന്റെ അന്ത്യകാലം ഓർക്കുമ്പോഴൊക്കെ ഭയവും അസ്വസ്ഥതയും തോന്നാറുണ്ട്. മറ്റുള്ളവരിൽനിന്നെല്ലാം ഒറ്റപ്പെട്ട് സ്വന്തം മുറിയിൽ മാത്രമായി അദ്ദേഹം കഴിച്ചു കൂട്ടി. എന്തൊക്കെയോ ഇനിയും വായിച്ചു തീർക്കാനുണ്ട് എന്ന സംഭ്രമത്തോടേ മാറിമാറി പുസ്തകങ്ങൾ പരതി. പുസ്തകവുമായി ടോയ്‌ലെറ്റിൽ കയറിയാൽപ്പിന്നെ ആരു വിളിച്ചാലും മിണ്ടാതെ അവിടെ ധ്യാനനിരതനായി. പുറത്തിറങ്ങിയാൽ അധികം താമസിയാതെ അതേ കാര്യത്തിലേക്കുതന്നെ തിരിച്ചു പോയി. വീട്ടുകാർ മുറിയിലെത്തിക്കുന്ന ആഹാരം അവിടെയിരുന്നു തണുത്തു. കാണാൻ ചെന്നവരെയെല്ലാം ഇറക്കിവിട്ടു. അദ്ദേഹത്തിന്റെ മരണശേഷം ആ മുറിയിൽ ചെന്നപ്പോൾ ഷെൽഫിലിരുന്ന പുസ്തകങ്ങൾ ഒരു ശ്മശാനത്തിൽ കാണുന്ന കാഴ്ചകളെക്കാൾ എന്നെ ഭയപ്പെടുത്തി.

പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയിരുന്ന മറ്റൊരാൾ എന്റെ മുത്തച്ഛനാണ്. കഥകളിയും പാടത്തു കൃഷിയുമായിരുന്നു അദ്ദേഹത്തിന്റെ ജീവനമാർഗ്ഗങ്ങൾ. കഥകളിക്കു പോയാൽ അന്നൊക്കെ പ്രതിഫലമായി കിട്ടുന്ന തുച്ഛമായ തുകകൊണ്ടു പുസ്തകങ്ങളും വാങ്ങിയാണ് അദ്ദേഹം മിക്കപ്പോഴും വീട്ടിലെത്തുക. വീട്ടുചെലവിനു പണം തികയാതെ മുത്തശ്ശി പശുക്കളെയും കോഴികളെയും വരെ വളർത്തി. അതിനെക്കുറിച്ചു മുത്തശ്ശി പരിഭവം പറയാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. എന്തായാലും ആ പുസ്തകശേഖരമാണ് മറ്റെന്തെങ്കിലും ഒരു കഴിവുണ്ട് എന്നു സ്വയം തോന്നാത്ത എനിക്ക് ഒരേയൊരു അഭയസ്ഥാനമായത്.

എനിക്ക് ഇഷ്ടപ്പെട്ടതായി വളരെക്കുറച്ചു മേഖലകളേയുള്ളു. കല, സാഹിത്യം, ചരിത്രം, സംസ്കാരം, തത്വശാസ്ത്രം എന്നിവയാണവ. ഇതു കേൾക്കുമ്പോൾ ഇവയിലെല്ലാം ഒരു പണ്ഡിതനോ മേൽപറഞ്ഞ തരത്തിൽ ഒരു പ്രതിഭയോ ആണു ഞാനെന്ന് അവകാശപ്പെടുന്നതായി ധരിക്കരുത്. ജ്ഞാനമല്ല, ജിജ്ഞാസ മാത്രമാണ് എനിക്ക് ഇക്കാര്യങ്ങളിലുള്ളത്. പക്ഷേ ഇപ്പറഞ്ഞ മേഖലകളിൽ മിക്കതും പുസ്തകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാവും പുസ്തകങ്ങൾ ശേഖരിക്കുകയായിരുന്നു ചെറുപ്പം മുതലുള്ള ആനന്ദം. വീട്ടിൽനിന്നു പണം മോഷ്ടിച്ചുപോലും പുസ്തകം മേടിച്ചിട്ടുണ്ട് എന്നു പറയുമ്പോൾ ഈ ശീലത്തെയും മഹത്വവത്കരിക്കേണ്ടതില്ല എന്നു വ്യക്തമാണല്ലൊ. മാത്രമല്ല, വായിക്കാത്തപ്പോൾപ്പോലും പുസ്തകങ്ങൾക്കിടയിലായിരിക്കുന്നത് ഒരാനന്ദമായി തോന്നുന്നുവെങ്കിൽ അത് എത്രത്തോളം വലിയ അസംബന്ധമാണെന്നും ഊഹിക്കാമല്ലൊ. ഈ ലോകത്തിനൊപ്പം ഒരു അപരലോകം കൂടി തരുന്നു എന്നതാണ് പുസ്തകലോകത്തിനുള്ള മെച്ചം എന്നു തോന്നാം. ശരിയാണ്. മദ്യമോ മയക്കുമരുന്നോ പോലെ നമുക്ക് മറ്റൊരു ലോകത്തേക്കു രക്ഷപ്പെടാനുള്ള പഴുത് ഏതു പുസ്തകവും ഒരുക്കിവച്ചിട്ടുണ്ട്. ജീവിതത്തിൽ മറ്റു വലിയ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ഈ അപരലോകസഞ്ചാരം നമുക്ക് ആസ്വദിക്കുകയും ചെയ്യാം. പക്ഷേ മേല്പറഞ്ഞപോലെ നൂലാമാലകൾ നിറഞ്ഞ ജീവിതത്തിലെ ചില നിർണ്ണായക ഘട്ടങ്ങളിൽ നാം തനിച്ചായിപ്പോകും. അപ്പോൾ ഒരു പുസ്തകവും നമ്മുടെ രക്ഷയ്ക്കെത്തില്ല. അത്തരം ചില സന്ദർഭങ്ങളിൽ മുറിയിലടുക്കിവച്ച പുസ്തകങ്ങൾക്കു തീയിടാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. മേൽക്കൂരയിലെ വിള്ളലിലൂടെ ഒഴുകിയിറങ്ങി വരുന്ന വെള്ളം പുസ്തകങ്ങളിലേക്കു പടരുന്നതു കണ്ടിട്ടും ചോർച്ചയടയ്ക്കുകയോ പുസ്തകങ്ങൾ എടുത്തു മാറ്റുകയോ ചെയ്യാതെ അനങ്ങാതിരുന്നിട്ടുണ്ട്. പടർന്നു കയറുന്ന ചിതലുകളെ തട്ടിക്കളയാതെ അവ പുസ്തകങ്ങളെ കാർന്നു തിന്നുന്നതു കണ്ടിരുന്നിട്ടുണ്ട്. ഒരിക്കൽ ലാളിച്ചു സൂക്ഷിച്ച അവയിലൊന്നിനെപ്പോലും തൊടുകയേ ചെയ്യാതെ നാളുകൾ കഴിച്ചിട്ടുണ്ട്.

പിന്നീടു വലിയ കുറ്റബോധവും തോന്നും. മുമ്പു നഷ്ടപ്പെടുത്തിയ സ്നേഹം അതിലിരട്ടിയായി തിരിച്ചുപിടിച്ചു കൊണ്ട് ഞാൻ പുസ്തകങ്ങൾക്കടുത്തേക്ക് ഓടിച്ചെല്ലും ഒരിക്കൽ... പക്ഷേ അപ്പോഴേക്കും താമസിച്ചു പോയിരുന്നു. അപൂർവമായ പല പുസ്തകങ്ങളും ചിതലുകൾ വായിച്ചു തീർത്തിരുന്നു. അവശേഷിച്ചവയിൽ ഓരോ താളിലും കറുപ്പുനിറമുള്ള ഒരുതരം പൊടി ആഴത്തിൽ പടർന്ന് അക്ഷരങ്ങളെ മായ്ച്ചുതുടങ്ങിയിരുന്നു. അതു തുടച്ചുമാറ്റാൻ നോക്കിയപ്പോൾ അക്ഷരങ്ങൾകൂടി കൈയിൽ പടർന്നു. ആ പുസ്തകമോരോന്നും സ്വന്തമാക്കാനെടുത്ത പ്രയത്നവും കൈയിലെത്തിയപ്പോഴുണ്ടായ ആനന്ദവുമോർത്തപ്പോൾ കണ്ണു നിറഞ്ഞു. പുസ്തകങ്ങളില്ലെങ്കിൽ ഞാൻ എന്നൊരാളില്ലെന്നു ബോധ്യമായ നിമിഷമായിരുന്നു അത്.

എന്തായാലും ഞാൻ പിന്തിരിഞ്ഞില്ല. അവശേഷിച്ച പുസ്തകങ്ങൾ ആവുന്നതുപോലെ വീണ്ടെടുത്തു. വിപണിയിൽ ലഭ്യമായവ വീണ്ടും വാങ്ങി. പഴയതിലും ആവേശത്തോടെ മറ്റു പുസ്തകങ്ങളും ശേഖരിക്കാൻ തുടങ്ങി. ഇടം തികയാതെ വന്നപ്പോൾ പുതിയ ഷെൽഫുകൾ വാങ്ങി. വീണ്ടും പുസ്തകങ്ങൾക്കിടയിലിരിക്കുന്നതിലെ ആനന്ദത്തിലേക്കു തിരികെയെത്തി.

എനിക്കു മനസ്സിലായത് ഇത്ര മാത്രം: ചിലതിൽനിന്നു നമുക്കു മോചനമില്ല; പ്രത്യേകിച്ച്, നമ്മുടെ ജീവിതം അവയിലേക്കു മാത്രമായി ഒതുങ്ങുമ്പോൾ. അതുകൊണ്ട് പുസ്തകങ്ങളെയോ വായനയെയോ മഹത്വവത്കരിക്കുന്നില്ല. പക്ഷേ ജീവിക്കണമെങ്കിൽ ഇങ്ങനെ ചിലതില്ലാതെവയ്യ എന്ന ദാരുണമായ തിരിച്ചറിവിൽ ഞാൻ വീണ്ടും പുസ്തകങ്ങൾക്കിടയിലെ എന്റെ ലോകത്തേക്കു മടങ്ങുന്നു. ആ ലോകത്തുനിന്നു ചിലർ എന്നിലേക്കു വന്നതുപോലെ എഴുത്തിലൂടെ മറ്റുള്ളവരിലേക്കു ചെല്ലാൻ ഞാനും കൊതിക്കുന്നു; എനിക്ക് ഇതല്ലാതെ വേറേ വഴിയൊന്നുമില്ലല്ലൊ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം