Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേനൊഴുകിയ മാമ്പഴക്കാലം

vyloppilli-image

ജീവിതഗന്ധിയായ കവിതകൾ കൊണ്ടു മലയാളസാഹിത്യത്തെ പരിപോഷിപ്പിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. ആറ് പതിറ്റാണ്ടോളം നീണ്ട വൈലോപ്പള്ളിയുടെ കാവ്യസപര്യയിൽ നിന്നു മലയാളത്തിനു ലഭിച്ചതാകട്ടെ അനർഘരത്നങ്ങളാണ്. എറണാകുളം കലൂരിൽ വൈലോപ്പിള്ളി കളപ്പുരയ്ക്കൽ വീട്ടിൽ 1911 മേയ് 11 ന് ആയിരുന്നു ശ്രീധരമേനോന്റെ ജനനം. ചേരാനല്ലൂർ കൊച്ചുകുട്ടൻ കർത്താവായിരുന്നു പിതാവ്. മാതാവ് നാണുക്കുട്ടിയും.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ ചേർന്നു. പഠിക്കാൻ സമർഥനായിരുന്നതിനാൽ എട്ടിൽ പഠിക്കുമ്പോൾ മുതൽ പകുതി സ്കോളർഷിപ്പ് ലഭിച്ചു വന്നു.

ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ തുടക്കത്തിൽ തന്നെ കവിതകളോട് കമ്പം കയറി. സ്വന്തം നോട്ടുബുക്കുകളിൽ കവിതകൾ എഴുതി സൂക്ഷിച്ചു. 1927ൽ സ്കൂൾ ഫൈനൽ പാസായി. പിന്നീട് കോളജിൽ ചേർന്നു. എന്നാൽ ഇവിടെ സ്കോളർഷിപ്പ് ലഭിച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ വൈലോപ്പിള്ളിയെ ഏറെ വിഷമിപ്പിച്ചു.

കോളജിൽ ഫീസടയ്ക്കാൻ നന്നെ ബുദ്ധിമുട്ടി. പല മാസങ്ങളിലും ഫീസ് അടയ്ക്കുന്നതിനു സുഹൃത്തുക്കളെ ജാമ്യം നിർത്തി കോളജിലെ സഹകരണസംഘത്തിൽ നിന്നു പണം കടമായി പറ്റിയിരുന്നു. ബി.എ യ്ക്കു പഠിക്കുമ്പോൾ മുണ്ടും ബനിയനും മാത്രം ധരിച്ച് ക്ലാസ്സിൽ പോകേണ്ടതായും വന്നു ഒരിക്കൽ.

ബി.എ ഒന്നാം വർഷം മലയാളം കവിതാ പരീക്ഷയിൽ രണ്ടാ സമ്മാനവും രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം സമ്മാനവും കരസ്ഥമാക്കി. ബി.എ. സെലക്ഷൻ പരീക്ഷയിൽ മലയാളത്തിന് ഒന്നാം സമ്മാനവും ലഭിക്കുകയുണ്ടായി. 1931 ൽ ബി.എ. പാസായി. പിന്നീട് അധ്യാപകനായി. കവിതാരചന ഇൗ കാലത്തും അനുസ്യൂതമായി തുടർന്നു. കവിതകൾ ‘ശ്രീ’ എന്ന തൂലികാനാമത്തിലായിരുന്നു രചിച്ചത്.

ഒല്ലൂരിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരിക്കെ ആറു കൊല്ലത്തോളം തൃപ്പൂണിത്തുറ ഹൈസ്കൂളിൽ ശാസ്ത്രാധ്യാപകനായും ജോലിനോക്കി. എറണാകുളം എസ്.ആർ.വി. ഹൈസ്കൂളിൽ പത്തു കൊല്ലത്തോളവും ശാസ്ത്രാധ്യാപകനായി ജോലി നോക്കിയിരുന്നു. 1933 മുതൽ എഴുതിയ കവിതകളെല്ലാം ചേർത്ത് 1947 ൽ ‘കന്നിക്കൊയ്ത്ത് ’എന്ന പേരിൽ പ്രസിദ്ധീകരിച്ചു. മദ്രാസ് സർക്കാരിന്റെ പുരസ്കാരം ആ കൃതിക്കു ലഭിച്ചു.

ഇൗ കവിതാസമാഹാരത്തിലെ ‘മാമ്പഴം’ എന്ന കവിത അനുവാചകരുടെ ഇടയിൽ ഏറെ ചർച്ചാവിഷയമായി. കന്നിക്കൊയ്ത്തിനു സാഹിത്യ പരിഷത്തിന്റെ സമ്മാനവും ലഭിച്ചു.

1949 ൽ ‘കുടിയൊഴുപ്പിക്കൽ’ എഴുതി. മാതൃഭൂമി ആഴ്ചപതിപ്പിൽ ഇതു ഖണ്ഡശം പ്രസിദ്ധീകരിച്ചു. ഇൗ കവിതയ്ക്ക് 1970 ലെ സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് ലഭിച്ചു. 1950 ൽ ‘ശ്രീരേഖ’ എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. രണ്ടു വർഷത്തിനുശേഷം ഓണപ്പാട്ടുകാർ എന്ന സമാഹാരം പ്രസിദ്ധീകരിച്ചു. തുടർന്നെഴുതിയ കവിതകൾ ‘കുന്നിമണികൾ’ എന്ന പേരിൽ 1954 ൽ പ്രസിദ്ധീകരിച്ചു.

ഋശ്യശ്യംഗൻ, അലക്സാണ്ടർ ഇന്ത്യയിൽ എന്നീ നാടകങ്ങൾ എഴുതി 1956 ൽ പ്രസിദ്ധപ്പെടുത്തി. ‘വിത്തും കൈക്കോട്ടും’ എന്ന കവിതാസമാഹാരം 1956 ലെ എം.പി. പോൾ സമ്മാനം കരസ്ഥമാക്കി. 1955 ൽ നല്ലങ്കരയിൽ താറ്റാട് വീട്ടിലെ ഭാനുമതിയമ്മയെ വിവാഹം കഴിച്ചു. ശ്രീകുമാരൻ, വിജയകുമാർ എന്നിവരാണ് മക്കൾ. 1958 ൽ ‘കടൽക്കാക്കകൾ’ പ്രസിദ്ധീകരിച്ചു. ഇൗ കവിതാസമാഹാരത്തിന് കല്യാണി കൃഷ്ണമോനോൻ അവാർഡ് ലഭിച്ചു. 1961 ൽ ‘കുരുവികൾ’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.

1963 ൽ പ്രസിദ്ധീകരിച്ച ‘കയ്പവല്ലരി’ക്കു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1970 ൽ പ്രസിദ്ധീകരിച്ച ‘വിട’യ്ക്കു ഓടക്കുഴൽ പുരസ്കാരം ലഭിച്ചു. ഇതേ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1970 ൽ റഷ്യ സന്ദർശിക്കാൻ വൈലോപ്പിള്ളിക്ക് അവസരം ലഭിച്ചു.

1980 ൽ ‘മകരക്കൊയ്ത്ത്’ പ്രസിദ്ധീകരിച്ചു. ഇൗ കൃതിക്ക് വയലാർ അവാർഡ് ലഭിച്ചു. 1985 ഡിസംബർ 22ന് മലയാളത്തിന്റെ ഇൗ പ്രിയപ്പെട്ട കവി നിര്യാതനായി.

Your Rating: