എം.കെ. ഹരികുമാറിന്റെ വിമർശനകലയും പുതിയ നോവൽ സങ്കല്പവും

നിരൂപണത്തിലും നോവൽ രചനയിലും നവീനതയും നവദർശനവും കൊണ്ടുവന്ന എം.കെ. ഹരികുമാറിന്റെ പുതിയ നോവലാണ് "വാൻഗോഗിന്'. പ്രശസ്ത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ ജീവിതത്തിലെ പുതിയൊരു മേഖല അനാവരണം ചെയ്യുകയാണ് ഇതിൽ. ഭാഷ, സാംസ്കാരിക അവബോധം, ഭാവിയെക്കുറിച്ചുള്ള ചിന്ത, ചരിത്രബോധം എന്നിവയിലൂടെ പുതിയ സൗന്ദര്യശാസ്ത്രം ആവിഷ്കരിച്ച ഹരികുമാറിന്റെ വാക്കുകൾ:

താങ്കൾ ഇപ്പോൾ മൂന്ന് നോവലുകളുടെ രചയിതാവാണ് - ജലഛായ, ശ്രീനാരായണായ, വാൻഗോഗിന്. നോവലിലേക്കുള്ള ഇൗ ചുവടുമാറ്റത്തിന്റെ അർഥമെന്താണ്?

ഒരു നിർണായക നിമിഷത്തിലാണ് ഇൗ വഴിത്തിരിവുണ്ടാകുന്നത്. ഇത് ഒരു പക്വതയുടെ നിമിഷമാണ്. എന്റെ ആദ്യപുസ്തകമായ ‘ആത്മായനങ്ങളുടെ ഖസാക്ക്’ പ്രസിദ്ധീകരിക്കുന്നത് 1984-ലാണ്. അന്ന് എംഎ വിദ്യാർഥിയായിരുന്നു. ഞാൻ സാഹിത്യവിമർശനത്തിന്, കാവ്യാത്മകവും തത്ത്വചിന്താപരവുമായ അനുഭവാവിഷ്കാരത്തിനു പക്വമായിരുന്നിരിക്കണം. അവ്യക്തവും അവാച്യവുമായ ഒരു ഭാഷയിലൂടെ ഞാൻ ഒഴുകിപ്പോയി. ഒരു സൗന്ദര്യാത്മകമായ ഉന്മാദാവസ്ഥയായിരുന്നു അത്. അന്തർമുഖതയ്ക്ക് സൗന്ദര്യമുണ്ട്. നമുക്ക് ഉള്ളിലേക്കു നോക്കാൻ കഴിയുന്നത് മഹത്തരമാണെന്ന് അറിയാമല്ലോ. അന്നു ഞാൻ നോവലെഴുതിയിരുന്നെങ്കിൽ, അത് ഇതുപോലെയാകുമായിരുന്നില്ല. 

ജലഛായ എന്റെ ആദ്യ നോവലാണ്. പക്ഷേ അത് എനിക്ക് ഇൗ പ്രായത്തിലേ പറ്റുകയുള്ളൂ. സർഗാത്മകത നമ്മുടെയുള്ളിൽ ബാഹ്യപ്രേരണയില്ലാതെ രൂപപ്പെടണം. അതിനുള്ള വിത്ത് മനസ്സിൽ വീണു കിടപ്പുണ്ടാകും. അത് സ്വാഭാവികമായി വളരാൻ അനുവദിക്കണം. അതിനായുള്ള കാത്തിരിപ്പാണ് പക്വത. നാം എടുത്തുചാടി എഴുതിയാൽ, സർഗാത്മകമായ പരീക്ഷണാത്മകതയോ നവീനതയോ നഷ്ടമായേക്കും.

താങ്കൾ എഴുതുന്ന നോവലുകൾ ഏത് രീതിയിലാവും വായനക്കാർ പരിഗണിക്കുക?

ചർച്ചകളിൽ എന്റെ നോവലുകൾ വരണമെന്നില്ല. മലയാള സാഹിത്യത്തിൽ അവ പുതിയൊരു ചാലാണ്. യാഥാർഥ്യത്തെക്കുറിച്ച് എന്റെ ചിന്തയിൽ വന്ന പലതരം അനുഭവ വ്യാഖ്യാനങ്ങൾ, കാലത്തിന്റെ പ്രചോദനത്തിനനുസരിച്ച് ഉയിർകൊള്ളുകയാണ്.

ജലഛായ എന്റെ സങ്കീർണമായ സർഗാത്മക ജീവിതത്തിന്റെ അനേകം തലങ്ങൾ കൊണ്ടുവരുന്നുണ്ട്. അതിനു മെറ്റാഫിക്‌ഷന്റെയും അന്തർപാഠ നിർമിതിയുടെയുമെല്ലാം ഘടനകളുണ്ട്. ഒരു കഥയ്ക്കുള്ളിൽതന്നെ പല കഥകൾ ഭാവന ചെയ്യുക മാത്രമല്ല, അവ തമ്മിൽ ബന്ധമുണ്ടായിരിക്കുകയും ചെയ്യുന്നു. കഥയോ കഥാകാരനോ സ്വയം വിചാരണ ചെയ്യുന്നു. ജീവിതത്തിനും ഇൗ പാഠ സംഗമം ഉണ്ട്. അതായത് ഒരു ജീവിതത്തിനുള്ളിൽ തന്നെ പലരായി മാറുന്നുണ്ട്. നാം ഏറ്റവും സ്നേഹിക്കുന്ന ആളുടെ അടുത്ത് ഒരാൾ രൂപപ്പെടുന്നു. എന്നാൽ അത് എപ്പോഴുമില്ല. എന്നാൽ ഒരാളോട് വെറുപ്പ് തോന്നുകയാണെങ്കിലോ വേറൊരു വ്യക്തി പ്രത്യക്ഷമാകുന്നു. ഇൗ രണ്ടു വ്യക്തികളും തമ്മിൽ ഒരു മുഖാമുഖം സാധ്യമാവുമോ?

എന്നെയും കടന്ന്, സ്വന്തം ആഖ്യാനരീതിയുമായി, സ്വയം വിഘടിച്ച് കുതിച്ച നോവലാണ്  ജലഛായ. അതിലെ ആഖ്യാനങ്ങൾ ഒന്നിനുപിറകെ ഒന്ന് എന്ന മട്ടിൽ വരുന്നില്ല. ചില ഉൾപ്പരിവർത്തനങ്ങൾ പ്രമേയത്തിനു സംഭവിക്കുന്നു. അത് അപ്രതീക്ഷിതമേഖലകളിലേക്ക്  നമ്മെ കൊണ്ടുപോകുന്നു.

താങ്കളുടെ മൂന്നു നോവലുകളും രചനാപരമായ നൈരന്തര്യത്തെ നിരാകരിക്കുന്നു. എഴുത്തുകാരൻ എന്ന സങ്കല്പത്തെതന്നെ താങ്കൾ തള്ളിക്കളഞ്ഞിരിക്കുകയല്ലേ?

ഒരു എഴുത്തുകാരൻ ഉണ്ട്. അയാളാണ് എഴുതുന്നത്. പക്ഷേ, അത് രാവിലെ ഒാഫിസിൽ പോകുന്ന, പൗരബോധത്തോടെ നടന്നുപോകുന്ന ഒരാളല്ല. കൃത്യമായ ലക്ഷ്യത്തോടെ സഞ്ചരിക്കേണ്ടുന്ന ഒരു സോദ്ദേശ്യവ്യക്തിയല്ല ആ എഴുത്തുകാരൻ. അയാൾ പലതരം വഴികളിൽ ഒരേസമയം സഞ്ചരിക്കാൻ കഴിയുമോ എന്ന് ചിന്തിക്കുന്നു. അതിനു കഴിയാതെ വരുമ്പോൾ ലക്ഷ്യത്തിലെത്താൻ പല മാർഗങ്ങൾ ആലോചിക്കുന്നു. ആ യാത്രയിൽ ലക്ഷ്യംതന്നെ ഇല്ലാതാകുന്നു. രേഖീയമായൊരു കഥാതന്തുവോ വിവരണമോ എന്റെ നോവലുകളിലില്ല. ഇതാണ് എന്റെ നോവലുകളെ ഒരു ഗണമായി കാണണമെന്ന് പറയാൻ കാരണം. ഒരു വസ്തുതയെ സമീപിക്കുന്ന മൗലികമായ രീതിയെ ആശ്രയിച്ചാണത്. എന്റെ ആഖ്യാനത്തിൽ ഒരു പ്രത്യേക യാഥാർഥ്യം കടന്നുവരുന്നുണ്ട്. ഇല്ലാത്ത പുസ്തകങ്ങൾ, ചരിത്രപുരുഷന്മാർ, ഉദ്ധരണികൾ, സ്ഥലങ്ങൾ എല്ലാം ഉണ്ടാകുന്നു. ഇത്തരം പുസ്തകങ്ങളും വ്യക്തികളും യഥാർഥ ജീവിതത്തോട് ഒട്ടിച്ചേർന്നുവരുന്നു. ഇത് ഒരു വ്യാജ യാഥാർഥ്യമാണ്. സ്യൂഡോ റിയലിസം എന്നുപറയാം. ഉള്ളതിനകത്ത് പെട്ടെന്ന് വന്നുകയറുന്ന വ്യാജനിർമിതികളാണ്. വളരെ വിശദമായിത്തന്നെ ഇത് ചിത്രീകരിക്കുന്നു. എന്നാൽ അത് കണ്ണടച്ച് തുറന്നാൽ കാണാനില്ല.

എങ്ങനെയാണ് താങ്കളിലെ നിരൂപകൻ ഇൗ വൈവിധ്യപൂർണവും വ്യത്യസ്തവുമായ നോവൽ രചനയെ അനുവദിച്ചുതരുന്നത്. താങ്കൾ എപ്പോഴും രൂക്ഷമായി വിമർശിക്കുന്ന സ്വഭാവക്കാരനാണല്ലോ.

എന്നിലെ വിമർശകൻ നോവൽ രചനയിൽ ഇടപെടുന്നില്ല. അതേസമയം വിമർശകന്റെ ജ്ഞാനം സഹായകമാണ്. എഴുതുന്ന വേളയിൽ നാം പെട്ടെന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെടില്ലെന്ന വിശ്വാസം അതുണ്ടാക്കിത്തരുന്നു. ശ്രീനാരായണായയിൽ ഒരു ഋജുവായ കഥയില്ല. വ്യാജ എഴുത്തുകാരുടെ രചനകൾ സമാഹരിച്ചിരിക്കുകയാണ്. പതിനഞ്ച് പേർ ഗുരുവിനെക്കുറിച്ച് എഴുതുകയാണ്, ഒരു വാർഷികപ്പതിപ്പിനുവേണ്ടി. ഇതാണ് നോവൽ ഘടന. ഇതിൽ സത്യമായിട്ടുള്ളത് ഗുരു മാത്രമാണ്. ഗുരുവിന്റെ കാലഘട്ടത്തിലെ കുറേ സംഭവങ്ങളല്ല ഇതിലുള്ളത്. ഗുരുവിന്റെ ജീവിതകാലത്ത് ആന്തരികമായി നടന്ന സൂക്ഷ്മസംവേദനങ്ങളും അറിവുകളും പരിവർത്തനങ്ങളും, ഒരു വണ്ട് പൂവിൽനിന്ന് തേൻ എടുക്കുന്നപോലെ, പകർത്തുകയാണ്. അങ്ങേയറ്റം ഉൾത്താപവും ദൈവികതയുമാണ് എന്നെ അതിൽ വിജയിപ്പിച്ചത്. ഒരു പുതിയ പാഠമാണത്. ഗുരുവിനെക്കുറിച്ച് ഇതുപോലൊരു കൃതി ഉണ്ടായിട്ടില്ല. അത് പുതിയ ആത്മീയതയും സത്യാന്വേഷണവുമാണ് പരിചയപ്പെടുത്തുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട ഏകപക്ഷീയമായ ഗുരുദർശന അവലോകനം ഞാൻ സ്വീകരിച്ചിട്ടില്ല. എന്റെ ആന്തരികലോകത്തിലൂടെ സഞ്ചരിച്ചാണ് ഞാൻ സത്യാനുഭവമുണ്ടാക്കുന്നത്.

വാൻഗോഗിനെക്കുറിച്ചുള്ള നോവലിനെപ്പറ്റി?

വാൻഗോഗ് എന്നെ എന്നും ആകർഷിച്ചിരുന്നു. ഞാൻ അയ്യായിരം തവണയെങ്കിലും വാൻഗോഗിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ കണ്ടിട്ടുണ്ട്. വാൻഗോഗ് സ്വന്തം ചെവി മുറിച്ച് കാമുകിക്കു കൊടുത്തു എന്ന് എല്ലാവരും വിശ്വസിക്കുന്നു. അതാണ് അദ്ദേഹത്തെ ചർച്ചകളുടെ കേന്ദ്രമാക്കിയത്. എന്നാൽ എനിക്കെന്തോ, തുടക്കം മുതലേ അതിൽ വിശ്വാസക്കുറവുണ്ടായിരുന്നു. ഇത്ര സൂക്ഷ്മമായി റിയലിസ്റ്റിക് ചിത്രങ്ങൾ വരയ്ക്കുന്ന വ്യക്തി എങ്ങനെ ഭ്രാന്തനാകും? സ്വന്തം ചെവിയറുക്കേണ്ട സാഹചര്യം എന്താണ്? ഞാൻ ഇക്കാര്യത്തിൽ കുറേ ഗവേഷണം നടത്തി. വാൻഗോഗ് അങ്ങനെ ചെയ്തിട്ടില്ല. അത് വാൻഗോഗിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരേടാണ്. ആ "മഞ്ഞവീട്ടിൽ' ചില സംഭവങ്ങൾ നടന്നു. അവിടെ  സ്നേഹത്തിന്റെയും പരാജയപ്പെട്ട രതിയുടെയും യുദ്ധം നടന്നു. അതിനു സാക്ഷിയാവുകയാണ് എന്റെ നോവൽ. ഏറ്റവും നിസ്വനും പരാജിതനും ദുഃഖിതനുമായ ഒരു കലാകാരൻ ആദ്യത്തെയും അവസാനത്തെയും ആശ്രയമായി കാണുന്നത് സ്വന്തം രചനയെ ആയിരിക്കും. ഇൗ ലോകം വാൻഗോഗിനുമുന്നിൽ അനാവരണം ചെയ്തില്ല. അതുകൊണ്ട് അദ്ദേഹം ചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു. ആ ചിത്രങ്ങൾ ഒരു പിറവിയാണ്. അവ എന്തിനു വന്നുവെന്ന് ചോദിച്ചാൽ വാൻഗോഗിനെ രചിക്കാൻ എന്നാണ് മറുപടി. വാൻഗോഗിന്റെ പ്രകൃതിദൃശ്യങ്ങളിൽ മനുഷ്യാവസ്ഥയുടെ സംഭാഷണമുണ്ട്. ഉൗരിവച്ചിരിക്കുന്ന ഷൂ പോലും അവയുടെ ദീർഘകാലത്തെ സ്വസ്ഥതയില്ലാത്ത ജീവിതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഏതു വസ്തുവിനാണ് ജീവനില്ലാത്തത്? അതിനോട് നാം എങ്ങനെ പെരുമാറുന്നു എന്നതാണ് ദർശനമായിതീരുന്നത്.

താങ്കൾ രണ്ടു പതിറ്റാണ്ടോളമായി "അക്ഷരജാലകം' എന്ന പംക്തി എഴുതുന്നു. ഇടവേള വന്നെങ്കിലും വീണ്ടും എഴുതിത്തുടങ്ങിയിട്ടുണ്ട്. താങ്കളെ കൂടുതൽ വായനക്കാരുമായി അടുപ്പിച്ചത് ഇൗ പംക്തിയല്ലേ?

തീർച്ചയായും. എന്നെ ഞാൻ തന്നെ കണ്ടെത്തിയത് ഇൗ കോളത്തിലൂടെയാണ്. എനിക്ക് ഒരു ബഹുസ്വരതയുണ്ട്. ഏഴുതരം ഭാഷാശൈലി കൈവശമുണ്ട്. അതിലൊന്നാണ് "അക്ഷരജാലക'ത്തിൽ പ്രയോഗിച്ചത്. അത് സാഹിത്യവിമർശനത്തിനു പറ്റിയതല്ല. അതുസൂക്ഷ്മവും നിശിതവുമാണ്. സത്യം പറയാൻ ആഗ്രഹം മാത്രമുണ്ടായാൽ പോരാ. മനസ്സ് സ്വതന്ത്രമാകണം. മനസ്സ് അടിമയാണെങ്കിൽ അവിടെ ഒന്നും ഉണരുകയില്ല. മനസ്സ് സ്വതന്ത്രമാകുന്നതോടെ പല അറകളും തുറന്ന് സത്യങ്ങൾ വരാൻ തുടങ്ങും. ഞാൻ എഴുതുന്നത് ആളുകൾ എത്ര ഇഷ്ടപ്പെടുന്നുവെന്ന് ഇൗ കോളത്തിലൂടെയാണ് ഞാൻ മനസ്സിലാക്കിയത്. എത്രയോ പേർ ആ പംക്തി വായിച്ച് വിളിക്കുകയും മെയിൽ അയയ്ക്കുകയും ചെയ്തു. ചിലർ പിണങ്ങി. വിമർശിക്കപ്പെടുന്നവരിൽ ചിലർ നിശ്ശബ്ദരായി അഭിനയിക്കും. എന്നാൽ അവർ തക്കം പാർത്തിരുന്ന് ദുരുദ്ദേശത്തോടെ പല വിക്രിയകളും ചെയ്യും. ഇതൊന്നും നമ്മെ അലട്ടരുതെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. അനാവശ്യമായ കാര്യങ്ങൾ ആലോചിക്കരുത്. നമ്മൾ പഠിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളിലേക്ക് ആഴത്തിൽ സഞ്ചരിക്കുകയാണ് വേണ്ടത്. അതിൽ പൂർണമായും മുഴുകണം. ജ്ഞാനദാഹത്തിനായി പാകപ്പെടണം. പുസ്തകം വായിക്കുന്നത് നല്ലതാണ്. എന്നാൽ നമ്മൾ തന്നെ ഒരു പുസ്തകമാകണം. ആധികാരികമായ തലത്തിൽ വ്യാഖ്യാനിക്കുകയും ചിന്തിക്കുകയും വേണം.

താങ്കൾ നവാദ്വൈതം തുടങ്ങിയ ചില സിദ്ധാന്തങ്ങൾ അവതരിപ്പിക്കുകയുണ്ടായല്ലോ?

എന്റെ ചിന്താരീതിയിൽ എപ്പോഴും ഒരു ദർശനാഭിമുഖ്യമുണ്ട്. ജീവിതത്തിന്റെ ഒാരോ പ്രതിസന്ധിയിലും ഞാൻ തത്ത്വചിന്തയെ കൂട്ടുപിടിച്ചിട്ടുണ്ട്. അതിൽ നിന്നാണ് നവാദ്വൈതം  ഉണ്ടായത്. ചുറ്റുമുള്ള എല്ലാറ്റിലും നമ്മെത്തന്നെ ദർശിക്കുന്നതിനാവശ്യമായ അറിവാണത്. തനിമനസ്സ്, വിനിയോഗ സൗന്ദര്യശാസ്ത്രം തുടങ്ങിയ സിദ്ധാന്തങ്ങളും എന്റേതായുണ്ട്. അവയെപ്പറ്റി ഒരു പുസ്തകം ഉടനെ പുറത്തിറങ്ങുകയാണ്.

ഒരു പുതിയ സാഹിത്യദർശനത്തിലേക്കും വിമർശനസമ്പ്രദായത്തിലേക്കും താങ്കൾ എത്തിച്ചേർന്നിരിക്കുകയാണ്. താങ്കൾ ഉത്തര-ഉത്തരാധുനികത, സാഹിത്യത്തിന്റെ നവാദ്വൈതം, എന്റെ മാനിഫെസ്റ്റോ തുടങ്ങിയ നവമാനങ്ങളുള്ള കൃതികൾ രചിച്ചു. മലയാളത്തിൽ വിമർശനം ഇല്ലാതായെന്നു പറയുന്ന ഇൗ ഘട്ടത്തിൽ ഇത്തരം കൃതികൾ ലക്ഷ്യം കാണുന്നുണ്ടോ? 

ആത്മായനങ്ങളുടെ ഖസാക്ക്, മനുഷ്യാംബരാന്തങ്ങൾ തുടങ്ങിയ കൃതികൾ തൊട്ട് ഞാൻ സ്വീകരിച്ച നയം പുതുമയോടുള്ള അടങ്ങാത്ത താൽപര്യമായിരുന്നു. അസ്തിത്വത്തിന്റെ അറിയത്തക്കതല്ലാത്ത ഒരംശമെങ്കിലും നാം എഴുതുന്നതിൽ വരണം. വിമർശനത്തിലും അത് ഉണ്ടാകണം. ഉത്തര-ഉത്തരാധുനികത എന്ന പ്രയോഗം ഞാനാണ് ആദ്യമായി കൊണ്ടുവന്നത്. ഫെയ്സ്ബുക്ക്, ട്വിറ്റർ, ചാനൽ ഫോൺ ഇൻ- പ്രോഗ്രാം തുടങ്ങിയവ ഉത്തരാധുനികതയ്ക്ക് ശേഷമുള്ള അവസ്ഥയാണ്. അവിടെ ഒരാൾത്തന്നെ സ്രഷ്ടാവും എഡിറ്ററും ആകുന്നു.

എന്താണ് താങ്കളുടെ വിമർശന ദർശനം?

നവാദ്വൈതം തുടങ്ങിയ ദർശനങ്ങൾ തന്നെയാണ്. ചുറ്റിമുള്ള വസ്തുക്കളിലും ഉപയോഗിക്കുന്ന വാക്കുകളിലും നമ്മെത്തന്നെ കാണുമ്പോഴാണ് ഒരാൾ എഴുതുന്നതിന് അർഥമുണ്ടാകുന്നത്.

താങ്കളുടെ നോവലുകളിൽ മേൽപ്പറഞ്ഞ സിദ്ധാന്തങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

എന്റെ സിദ്ധാന്തങ്ങളും തത്ത്വചിന്തകളും ആവിഷ്കരിക്കുന്നതിനും നോവൽ രചന സഹായിക്കുന്നുണ്ട്. സിദ്ധാന്തത്തിന്റെ തനിപ്പകർപ്പാകാൻ നോവലിന് കഴിയില്ല. പക്ഷേ, അവബോധത്തിന്റെ പശ്ചാത്തലമുണ്ടാകും.

താങ്കളുടെ രചനകളിലെ സാംസ്കാരിക വീക്ഷണം എന്താണ്?

ഞാൻ സ്വാതന്ത്ര്യമാണ് ആഘോഷിക്കുന്നത്. ഒരു പുസ്തകത്തിനും കീഴടങ്ങാൻ പറ്റാത്തവിധം നാം മാറണം. സ്വയമൊരു പുസ്തകമാകണം. സാധാരണ മനുഷ്യനുകൂടി ഇടമുള്ളതാകണം നാം എഴുതുന്നത്. ബുദ്ധിജീവികളുടെ കാഴ്ചപ്പാട് പലപ്പോഴും അപക്വമായിരിക്കും; പക്ഷപാതപരമായിരിക്കും.  ദീർഘവീക്ഷണമുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഉപരിവർഗത്തിനൊപ്പമേ അവർ നിൽക്കൂ. വിദ്യാസമ്പന്നരും ബുദ്ധിജീവികളും ഒരേ പാതയിലാണ്. എന്റെ നോവലിൽ ഇത്തരം ആൾക്കൂട്ടങ്ങളെ ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നെ എന്നും ചലിപ്പിച്ചിട്ടുള്ളത് സൗന്ദര്യാത്മകമായ, പുതുതായ കണ്ടെത്തലുകളാണ്. ഒാരോ വരിയിലും പുതിയ അനുഭൂതിയും ഉള്ളടക്കവും തേടിയാലേ നവീനത യാഥാർഥ്യമാകൂ. മലയാള സാഹിത്യത്തിൽ ഇപ്പോൾ പാരമ്പര്യജന്യമായ രൂപങ്ങളുടെയും ആശയങ്ങളുടെയും ജീർണതയുടെ ചാകരയാണ്.