Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസഹിഷ്ണുതകളോടുള്ള എന്റെ പ്രതികരണമാണ് 'പൂജ്യം': രവിവർമ്മ തമ്പുരാൻ

ravivarma-thampuran രവിവർമ്മ തമ്പുരാൻ

ഭൂമിക്കാരാണ് അതിരുകൾ നിശ്ചയിച്ചത്? അതിർത്തിക്ക് ഇരുവശങ്ങളിലുമുള്ളവരെ തമ്മിൽ തിരിച്ചത്? അതിർത്തികൾ രൂപപ്പെട്ടതിനു ശേഷമാണ് അതിർത്തിക്കപ്പുറമിപ്പുറം ഉള്ളവർ പരസ്പരം അന്യരായി തീർന്നത്. ചിലർക്ക് അതിര്‍ത്തികൾ കടന്ന് അഭയമിരന്നു പോകേണ്ടിവന്നത്. മതിലുകൾ ഉയർന്നു തുടങ്ങിയതിനു ശേഷമാണ് മതിലിനപ്പുറമെന്തെന്ന് നമുക്ക് കാണാൻ കഴിയാതെ വന്നത്. ദിവസം ചെല്ലും തോറും അതിർത്തിയുടെ വരകൾ കൂടുതൽ തെളിഞ്ഞു വരുന്നു. മതിലുകൾ ഉയരത്തിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. ആ ഇടത്തിലേക്കാണ് അതിരുകളില്ലാത്ത, മതിലുകളില്ലാത്ത ലോകത്തിന്റെ ചർച്ചകളുമായി 'പൂജ്യം' എന്ന നോവലുമായി രവിവർമ്മ തമ്പുരാൻ കടന്നു വരുന്നത്.

പുസ്തകത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ചുകൊണ്ട് ടി. പത്മനാഭൻ പറഞ്ഞതിങ്ങനെ– 

'ഇത്തരം പുസ്തകങ്ങൾ മലയാള നോവൽ ചരിത്രത്തിൽ അധികം ഉണ്ടാവുകയില്ല. നോവൽ വഴിയിൽ മുമ്പേ പലരും സഞ്ചരിച്ച് കല്ലും മുള്ളുമൊക്കെ തെളിച്ചിട്ടുണ്ടാവും. അതിലെ പോകാൻ എളുപ്പമാണ്. പക്ഷേ ചില പ്രതിഭാശാലികൾ അതിലെ പോകാതെ സ്വന്തം വഴി വെട്ടിത്തുറക്കും. അത്തരം ഒരു പുസ്തകമാണ് പൂജ്യം. ഇതു വായിക്കുമ്പോൾ ഇത്തിരി ബുദ്ധിമുട്ട് നിങ്ങൾക്ക് അനുഭവപ്പെടാം. പക്ഷേ, നിങ്ങൾ  വായിക്കണം. ലോക നോവൽ സാഹിത്യ ചരിത്രത്തിൽ ചിലരൊക്കെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അവർ സാഹിത്യ ലോകത്ത് വളരെ പ്രശസ്തരായി വിരാജിക്കുന്നുണ്ട്. നോവൽ സാഹിത്യം ഇങ്ങനെയും വളരാം, ഇങ്ങനെയും എഴുതാം എന്നതിന് ഉദാഹരണമാണ് പൂജ്യം.' മതങ്ങളും ജാതികളും രാഷ്ട്രീയഭിന്നതകളുമില്ലാത്ത ലോകം തൂലിക കൊണ്ട് രചിച്ച രവിവർമ തമ്പുരാൻ സംസാരിക്കുന്നു.  

∙ അതിരുകളില്ലാത്ത ആകാശത്തിന്റെയും ഭൂമിയുടെയും കഥ, മതിലുകളില്ലാത്ത വീടുകളും മനസ്സുകളും, അങ്ങനൊരു ലോകമാണ് പൂജ്യം എന്ന നോവൽ മുമ്പോട്ട് വെയ്ക്കുന്നത്. നോവൽ പുറത്തുവരുന്ന കാലഘട്ടത്തിൽ നിന്ന് ചുറ്റും കണ്ണോടിച്ചാൽ കാണുന്നതാവട്ടെ, അതിർത്തികളിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ, സിറിയയിൽ നിന്ന്, മ്യാൻമറിൽ നിന്ന്, നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വരുന്ന മനുഷ്യർ. സർവ്വസമത്വത്തിന്റെ ലോകം നോവലിൽ സൃഷ്ടിച്ച എഴുത്തുകാരന് പറയാനുള്ളത്?

ലോകമൊട്ടാകെ അസഹിഷ്ണുതയും സ്പർധയും നിറഞ്ഞുനിൽക്കുകയാണ്. ഒരു വിധത്തിൽപെട്ട ഉൾക്കൊള്ളലിനും തയാറല്ലാത്ത രീതിയിൽ ആളുകളും ആൾക്കൂട്ടങ്ങളും എതിരഭിപ്രായങ്ങളുടെ മേൽ കുരച്ചുചാടുന്നു. കടിച്ചു കുടയുന്നു, കുടഞ്ഞുകൊല്ലുന്നു. ഇൗ അസഹിഷ്ണുതകളോട് എഴുത്തുകാരൻ എന്ന നിലയിലുള്ള എന്റെ പ്രതികരണമാണ് പൂജ്യം. എല്ലാക്കാലത്തും അസഹിഷ്ണുത മനുഷ്യരാശിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ, കാൽ നൂറ്റാണ്ടായി അതിന്റെ അളവ് കൂടിക്കൂടിവരികയാണ്. ഇപ്പോൾ ഒട്ടുമിക്ക രാജ്യങ്ങളിലും അസഹിഷ്ണുതയാൽ നയിക്കപ്പെടുന്നവരും ഭരിക്കപ്പെടുന്നവരും ആണ് ജനക്കൂട്ടത്തിലെ മഹാഭൂരിപക്ഷം.

∙ നോവൽ മനുഷ്യനോടെന്നപോലെ പ്രകൃതിയോടും വല്ലാതെ അടുത്തു നിൽക്കുന്നു. മനുഷ്യനില്‍ നിന്ന് അടർത്തിമാറ്റി ചിന്തിക്കാനാവാത്ത ഒന്നാണ് പ്രകൃതി. പ്രകൃതിയുടെ സ്വഭാവിക താളം മനുഷ്യന്റെ ഇടപെടലുകളിൽ തെറ്റികൊണ്ടിരിക്കുന്നു. ഇവിടെ ഹൃദയനഗരികൾ കൂടുതൽ പ്രസക്തങ്ങളാകുന്നു. ഹൃദയനഗരി എന്ന ആശയത്തെ കുറിച്ച്?

ഹൃദയനഗരി എന്നത് ഞാൻ സ്വപ്നം കാണുന്ന ആദർശലോകവും സാമൂഹിക വ്യവസ്ഥയുമാണ്. ഇതു പുതിയ ആശയമെന്നൊന്നും അവകാശപ്പെടുന്നില്ല. ഭാരതത്തിലെ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും എല്ലാം കൂടി അന്ത:സത്ത ഒറ്റ വാചകത്തിൽ പറഞ്ഞാൽ സമസ്ത ലോകത്തിനും സുഖവും സന്തോഷവും ഐശ്വര്യവും എപ്പോഴും ഉണ്ടായിരിക്കണം എന്നതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു: എന്നതാണ് ആപ്തവാക്യം. ബൈബിളിന്റെ ആകമാന ആശയവും ഏതാണ്ടിതു തന്നെ. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ക്ഷമിക്കുന്നവനും സഹിക്കുന്നവനുമാണ് അല്ലാഹുവിന്റെ അടുക്കൽ ഇരിക്കുക എന്ന് ഖുർ ആനും പറയുന്നു. 

poojyam 'പൂജ്യം' പ്രകാശന വേദിയിൽ ടി. പത്മനാഭൻ

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന കമ്യൂണിസ്റ്റ് ആശയവും വോറൊന്നല്ല. ലോകത്തെ ഇന്ന് പ്രധാനമായും നിയന്ത്രിക്കുന്നത് ഇൗ നാലു കൂട്ടരും കൂടിയാണ്. സംഘർഷം ഉണ്ടാക്കാനല്ല ഇപ്പറഞ്ഞ ഒരു തത്വശാസ്ത്രവും നിർദേശിക്കുന്നത്. പക്ഷേ, ഇൗ നാല് ആശയത്തിന്റെയും പ്രയോക്താക്കളിൽ നിന്ന് സംഘർഷവും സ്പർധയും സമൂഹശരീരത്തിനുമേൽ വർഷിക്കപ്പെടുന്നു. ഇൗ സ്പർധാവർഷത്തിനുള്ള ആഗോളപരിഹാരമാണ് ഹൃദയനഗരി. ആ സാങ്കൽപ്പികലോകത്തിന്റെ മിനിയേച്ചറാണ് നോവലിൽ പരാമർശിക്കുന്ന ഹൃദയനഗരി.

∙ കഥാപാത്രങ്ങൾ തമ്മിലുള്ള ചർച്ചകളിലൂടെയാണ് നോവലിന്റെ ആദ്യ ഭാഗം വികസിക്കുന്നത്. നോവലിലെ ഒരു സംഭാഷണരംഗം ഇങ്ങനെ–  

'എല്ലാക്കാര്യത്തിലും ഒരു പോലെയുള്ള, ഭൂമുഖത്തെ ഏറ്റവും ബുദ്ധിശാലിയും യുക്തിശാലിയുമായ മനുഷ്യൻ തമ്മിൽത്തമ്മിൽ വെട്ടിയും വെടിവെച്ചും ബോംബിട്ടും മരിക്കുന്നു. ഒരൊറ്റ പ്രശ്നത്തിന്റെ പേരിൽ'

'ഏത് പ്രശ്നം?'

'വിശ്വാസം.'

'എന്ത് വിശ്വാസം?'

'മതം, രാഷ്ട്രീയം'

സമകാലീക സമൂഹത്തിൽ ചർച്ചചെയ്യപ്പെടേണ്ട രണ്ട് വിഷയങ്ങൾ. മതവും രാഷ്ട്രീയവും. ഈ വിഷയങ്ങളിൽ ഈ ചർച്ചകളുടെ സ്രഷ്ടാവ് രവിവർമ്മ തമ്പുരാന് പറയാനുള്ളത്?

മതങ്ങളുടെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും സംഘർഷങ്ങളും ഉന്മൂലനങ്ങളും വ്യാപകമായി ഉണ്ടാവുന്നുണ്ടെന്നു പറഞ്ഞല്ലോ. മതങ്ങളും ജാതികളും രാഷ്ട്രീയഭിന്നതകളുമില്ലാത്ത ലോകം ആണ് ചിലരെങ്കിലും സ്വപ്നം കാണുന്നത്. പക്ഷേ, അത് പ്രായോഗികമല്ല. എല്ലാക്കാലത്തും വേർപിരിഞ്ഞു കൂട്ടംകൂടുകയാണ് മനുഷ്യൻ ചെയ്യുന്നത്. ഏതെങ്കിലും രൂപത്തിൽ മനുഷ്യരുടെ കൂട്ടങ്ങളും കൂട്ടങ്ങൾ തമ്മിലുള്ള ഭിന്നതകളും ലോകമുള്ള കാലത്തോളം ഉണ്ടാവും. ഇക്കാലത്തെ ഇത്തരം കൂട്ടങ്ങളായ ജാതി, മതം, രാഷ്ട്രീയം എന്നിവയൊന്നും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ പാകത്തിൽ വളരരുത്. ഇവയൊക്കെ ഒാരോരുത്തരും അവരവരുടെ മനസ്സിലോ വീട്ടുവളപ്പിലോ നിർത്തിയേക്കണം. റോഡിലേക്കിറക്കരുത്. സമൂഹത്തിലേക്കിറക്കരുത്. അക്കാര്യം നോവലിൽ എടുത്തു പറയുന്നുമുണ്ട്.

∙ ചർച്ചകൾക്കിടം കുറയുന്നകാലത്ത് നിന്ന് കഥാപാത്രങ്ങൾക്കിടയിൽ രൂപപ്പെടുന്ന ചർച്ചകളിലൂടെ കഥയുടെ ആമുഖം രൂപപ്പെടുത്തിയെടുക്കാനുള്ള ഒരു കൗശലം നോവലിന്റെ ആദ്യഭാഗത്ത് കാണാം, ചർച്ചകളിലൂടെയും ചിന്തകളിലൂടെയും പങ്ക് വയ്ക്കപ്പെടുന്ന ഒരു ആശയമാണ് കഥയുടെ ആദ്യ ഭാഗം. കഥാപാത്രങ്ങളെ കുറിച്ചുള്ള വിശദീകരണം പോലും രണ്ടാംഭാഗത്താണ് കടന്നുവരുന്നത്, ഇത്തരത്തിലൊരു ക്രാഫ്റ്റിനെ കുറിച്ച്?

ഇൗ നോവലിന്റെ ഏറ്റവും പ്രധാന പ്രത്യേകതയായി ഞാൻ കാണുന്നത് ഇതിന്റെ ക്രാഫ്റ്റ് ആണ്. മുൻ മാതൃകകളില്ലാത്ത ഒരു ആഖ്യാനരീതിയാണതെന്ന് ഞാൻ വിശ്വസിക്കുന്നു. പറയുന്ന വിഷയം ആവശ്യപ്പെടുന്ന ഒരു രചനാതന്ത്രം. പൊസിറ്റീവും നെഗറ്റീവും തമ്മിലുള്ള ഇക്കാലത്തിന്റെ ഏറ്റുമുട്ടലിനെക്കുറിച്ചു പറയുമ്പോൾ ഇതുതന്നെയാവും നല്ല ക്രാഫ്റ്റ് എന്ന് തോന്നി. ഒത്തിരി ആലോചനകളിലൂടെയാണ് ഇങ്ങനെയൊരു ക്രാഫ്റ്റ് സ്വീകരിച്ചത്. ഒരു പാട് ഭയമുണ്ടായിരുന്നു, ഇൗ രീതി എങ്ങനെ സ്വീകരിക്കപ്പെടുമെന്ന്. പുതുമകളെ അംഗീകരിക്കുന്ന വായനക്കാർ എന്നും ഉള്ളതിനാൽ അവരിൽ പ്രതീക്ഷയർപ്പിച്ചാണ് ഇൗ അതിനൂതന ആഖ്യാനരീതി പ്രയോഗിച്ചത്. എന്റെ പ്രതീക്ഷ തെറ്റിയില്ല. പുസ്തകം വായിച്ചവരിൽ നിന്നെല്ലാം വിസ്മയകരമായ പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

poojyam

∙ 'കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതസന്ദർഭങ്ങളിലൊന്നും ഇത്രയ്ക്കു തീക്ഷണമായൊരു പെൺതീർപ്പ് ഓർത്തെടുക്കാനാവുന്നില്ല.' തന്റെ നിലപാടും, തീരുമാനങ്ങളും മുഖം നോക്കാതെ ഉറക്കെ വിളിച്ചുപറയുന്നുണ്ട് പൂജ്യത്തിലെ കാദംബരി എന്ന പെണ്ണ്. 'ഒൻപത് പെൺകഥകൾ' എന്ന പേരിൽ ഒരു കഥാസമാഹാരം തന്നെ രവിവർമ്മ തമ്പുരാന്റേതായുണ്ട്. പെണ്ണ് ശബ്ദമുയർത്തി തുടങ്ങിയ ഈ കാലഘട്ടത്തിൽ പോലും പൊതു ഇടങ്ങളിൽ അവൾ അക്രമിക്കപ്പെടുന്നു. അങ്ങയുടെ അഭിപ്രായത്തിൽ എവിടെയാണ് തിരുത്തലുകൾ ഉണ്ടാവേണ്ടത്?

എന്റെ പല കഥകളിലും നോവലുകളിലുമായി ആത്മബലമുള്ള ഒട്ടേറെ സ്ത്രീകഥാപാത്രങ്ങളുണ്ട്. ഒൻപതു പെൺകഥകൾ എന്ന സമാഹാരത്തിലെ 'സ്ത്രീ വെറും ശരീരം മാത്രമല്ല' എന്ന കഥയിലെ നായികാകഥാപാത്രം ഇങ്ങനെ പറയുന്നുണ്ട്.

പുരുഷൻ സ്ത്രീയെ കാണുന്നത് ഒരു ശരീരം മാത്രമായിട്ടാവും- ഭോഗസുഖാർജ്ജനയന്ത്രം. പക്ഷേ, സ്ത്രീകൾക്ക് പുരുഷനോടുള്ള അഭിനിവേശം ഒരിക്കലും ഇണചേരാനുള്ള ആർത്തിയല്ല. പ്രാഥമികമായും ദ്വിതീയമായും ത്രിതീയമായും അത് ശരീരബദ്ധമല്ല. മാനസികാവശ്യമാണ് സ്ത്രീക്ക് പുരുഷൻ.

ഇൗ പ്രയോഗത്തിന്റെ പേരിൽ ഒരുപാട് സ്ത്രീകൾ ഫോണിലൂടെയും ഫെയ്സ്ബുക് മെസഞ്ജറിലൂടെയുമൊക്കെ സന്തോഷമറിയിച്ചിട്ടുണ്ട്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളിലും നല്ലവരും ചീത്തകളുമൊക്കെയുണ്ടാവാം. പക്ഷേ, പ്രകൃതിയോടും സഹജീവികളോടും ജീവിതത്തോടുമൊക്കെ അൽപം കാരുണ്യം കൂടുതൽ സ്ത്രീകൾക്കാവും. 

പുരുഷൻ അതിവേഗം സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. പ്രായോഗിക നേട്ടത്തിന്റെ പക്ഷത്തുനിന്നുവെന്നും വരും. പക്ഷേ, സ്ത്രീകൾ അങ്ങനെയല്ല. ജൈവഘടനയുടെ പ്രത്യേകത കൊണ്ടു കൂടിയാവാം പല കാര്യങ്ങളിലും പുരുഷനേക്കാൾ ആത്മാർഥമായ പ്രതികരണമാവും അവർ നടത്തുക. ഇവിടെ പരാമർശിച്ച കാദംബരിയും അങ്ങനെയാണ്. പ്രകൃതിയോടുള്ള തന്റെ താദാത്മ്യപ്പെടലിനെ തടസ്സപ്പെടുത്താൻ ആളുകൾ ശ്രമിക്കുമ്പോൾ അവർ ശാന്ത ദുർഗയിൽ നിന്ന് ഉറയുന്ന ഭദ്രകാളിയായി അതിവേഗം മാറുന്നു. മൂന്ന് അധ്യായത്തിൽ മാത്രമേ കടന്നുവരുന്നുള്ളുവെങ്കിലും കാദംബരി നോവലിലെ ഏറ്റവും ശക്തമായ ഒരു സാന്നിധ്യമായാണ് ഉടനീളം അനുഭവപ്പെടുന്നത്. 

സ്ത്രീകളെ ബഹുമാനിച്ചിരുന്നവരാണ് ഭാരതീയർ. അമ്മയായും ദേവിയായും സഹോദരിയായുമൊക്കെ. പക്ഷേ, കടൽകടന്നുവന്ന കമ്പോള സാമ്പത്തികശാസ്ത്രവും ഉപഭോക്തൃസംസ്കാരവും ഒപ്പം കൊണ്ടുവന്ന ഒരു ദുരന്തമുണ്ട്. അതിൽ പെട്ടതാണ്, ദുർബലമായതിനെയെല്ലാം കീഴ്പെടുത്തി അനുഭവിക്കാനും ആവശ്യം കഴിഞ്ഞ് വലിച്ചെറിയാനുമുള്ള കൗശലം. സ്വയം സംരക്ഷിക്കാൻ സ്ത്രീ ശക്തയാവുക മാത്രമേ രക്ഷയുള്ളൂ. ദുർബലയല്ല എന്നു തെളിയിക്കാൻ പാതിരാത്രിയിൽ വിജനമായ റോഡിലൂടെ ഒറ്റയ്ക്കിറങ്ങി നടക്കണമെന്നല്ല ഉദ്ദേശിച്ചത്. പൊതു ഇടങ്ങളിലെ വാക്കും നോക്കും പെരുമാറ്റവുമൊക്കെ കരുത്തു തെളിയിക്കുന്നതാവട്ടെ. സ്ത്രീ തന്നെ സ്ത്രീക്കു പാര പണിയുന്ന സാമൂഹിക യാഥാർഥ്യങ്ങളും നമുക്കു മുന്നിലുണ്ടെന്നതും വിസ്മരിക്കരുത്.

ravivarma രവിവർമ്മ തമ്പുരാൻ

∙ 'കൃഷ്ണന്റെ പിൻഗാമികളായതുകൊണ്ടാകും ലോകത്ത് വാഹനമോടിക്കുന്ന സകലർക്കും ബഹുവചനത്തിൽ ഡ്രൈവർ എന്നു വിളിപ്പേരു വന്നത്. ഒരാളേയുള്ളുവെങ്കിലും ഏകവചനമാക്കി ഡ്രൈവൻ എന്നാരും വിളിക്കാറില്ലല്ലോ, വി.കെ.എൻ അല്ലാതെ-' എഴുത്തുകാരന്റെ  വി.കെ.എൻ വായനയുടെ സൂചനകൾ പൂജ്യം എന്ന നോവൽ നൽകുന്നുണ്ട്. വി.കെ.എൻ വായാനാനുഭവങ്ങൾ പങ്കുവയ്ക്കാമോ?

വികെഎൻ മലയാള സാഹിത്യത്തിലെ അത്യപൂർവ ജീനിയസുകളിലൊരാളാണ്. ചെറുപ്പകാലത്ത് വായനയിൽ കൂടുതലായി കടന്നുവന്നിട്ടുള്ള ഒരാളാണ് അദ്ദേഹം. വൈക്കം മുഹമ്മദ് ബഷീറും ഒവി വിജയനും ആയിരിക്കും പിന്നീട് കൂടുതലായി അക്കാലത്ത് വായനയിലേക്കു കടന്നു വന്നിട്ടുള്ളത്. അന്നു വായിച്ചതുകൊണ്ടാവും അവയിൽ പലതും മനസ്സിന്റെ അടിത്തട്ടിലങ്ങനെ കിടക്കുന്നത്.

∙ വായനയെ കുറിച്ച്– കൂടുതൽ ആകർഷിച്ച പുസ്തകം/പുസ്തകങ്ങൾ? എഴുത്തുകാർ?

സ്കൂളിൽ പഠിക്കുമ്പോൾ വിഷുക്കൈനീട്ടം കൂട്ടിവച്ച് പുസ്തകം വാങ്ങുമായിരുന്നു. ജന്മനാടായ വെണ്മണിയിലെ പഞ്ചായത്ത് ലൈബ്രറിയിലും സ്ഥിരമായി പോകുമായിരുന്നു. ഡിറ്റക്ടീവ് നോവലുകളും നാടകങ്ങളും നോവലുകളു കഥകളുമൊക്കെ വായിക്കും. കവിതയോടു പക്ഷേ, വലിയ താൽപ്പര്യം തോന്നിയിട്ടില്ല. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ പഠിക്കുമ്പോൾ എന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ബ്രയിൻസ് ട്രസ്റ്റും വായനയ്ക്ക് ദിശാബോധം നൽകിയിട്ടുണ്ട്. പക്ഷേ, അപ്പോഴും മലയാള സാഹിത്യത്തിൽ ഒതുങ്ങിനിൽക്കുകയായിരുന്നു. 1987ൽ കാക്കനാട്ട് പ്രസ് അക്കാദമിയിൽ ജേണലിസം പഠിക്കാൻ ചേർന്നതോടെയാണ് ലോക സാഹിത്യത്തിലേക്ക് വായന കടന്നു ചെല്ലുന്നത്.

കഴിഞ്ഞവർഷം വായിച്ച വിദേശകൃതികളിൽ ഏറെ ഇഷ്ടപ്പെട്ടത് മിലൻ കുന്ദേരയുടെ ബുക് ഒാഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്, ഹാൻ കാങ്ങിന്റെ വെജിറ്റേറിയൻ എന്നിവയാണ്.

Read More Articles on Malayalam Literature & Books to Read in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.