Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ നായിക എന്നെ രസിപ്പിക്കുന്നവളാണ്, ധൈര്യശാലിയാണ് എന്നാൽ...'

devi-yeshodaran ദേവി യശോദരൻ

ചരിത്രം കഥയായി പറയുക. അതും രാജവംശത്തിന്റെയും യുദ്ധങ്ങളുടെയും ചരിത്രം. ആ ചരിത്രം പറയുന്നത് ഒരു സ്ത്രീ ആകുമ്പോൾ അതിന്റെ  പ്രധാന്യം ഒന്നു കൂടി വർദ്ധിക്കുന്നു. അതുതന്നെയാണ് ദേവി യശോദരന്റെ എമ്പയർ എന്ന നോവലിന്റെ പ്രത്യേകതയും. ചോളരാജവംശത്തിന്റെ ചരിത്രവും ശക്തരായ സ്ത്രീ പോരാളികളുടെ കഥയും നോവൽ പറഞ്ഞുവയ്ക്കുന്നു. എമ്പയർ (Empire) എന്ന നോവലിനെ കുറിച്ച് ദേവി യശോദരൻ മനസ്സ് തുറക്കുന്നു.

∙ചരിത്രം പറയുന്ന സാഹിത്യരചനകൾ താരതമ്യേന കുറവാണ്. ആ ഇടത്തു നിന്നുകൊണ്ട് ചരിത്രം പ്രമേയമാക്കി ഒരു നോവൽ എന്ന ആശയത്തിലേക്ക് എങ്ങനെ എത്തിചേർന്നു?

ചരിത്ര വായനയിൽ എനിക്കു താൽപര്യമാണ്. ചോളരാജ്യത്തിന്റെ നാവികസേനയുടെ, ഇന്ത്യയിലേയും തെക്കൻ ഏഷ്യയിലേയും സാഹസികമായ മുന്നേറ്റങ്ങളുടെ ചരിത്രം വളരെ ആകർഷിച്ചു. ഇങ്ങനെയുള്ള ചരിത്രവായനയിൽ എഴുതിയ കുറിപ്പുകളാണ് എമ്പയർ എന്ന നോവലായി വളർന്നത്.

∙ ചോള രാജവംശത്തിന്റെ ആരംഭത്തെപ്പറ്റിയുള്ള വിവരങ്ങൾ വിരളമാണ്‌. ചോളസാമ്രാജ്യത്തിന്റെ കഥ പറയുന്നതിന് താങ്കൾ സ്വീകരിച്ച മുന്നൊരുക്കങ്ങൾ പങ്കുവയ്ക്കാമോ?

ശരിയാണ്, ചോളരാജ്യത്തെക്കുറിച്ചുള്ള ചരിത്രരേഖകൾ വളരെ കുറവാണ്. തമിഴ്സംഘം കവിതകളുടെ വിവർത്തനങ്ങളും ചോളക്ഷേത്രങ്ങളിലെ ആലേഖനങ്ങളെ ആസ്പദമാക്കിയ ലേഖനങ്ങളും വളരെ സഹായിച്ചു, പ്രത്യേകം എടുത്തു പറയാവുന്നത് George Hart, Daud Ali, Leslie Orr, Vaidehi Herbert എന്നിവരുടെ ലേഖനങ്ങളും വിവർത്തനങ്ങളുമാണ്. ഉദാഹരണത്തിന് കുതിരകൾക്കുള്ള പ്രാമുഖ്യവും ക്രയവിക്രയത്തെക്കുറിച്ചും ഇൗ ലേഖനങ്ങളിൽ പരാമർശിക്കുന്നു. ചോളരുടെ ആഹാര, ജീവിത രീതികളെപ്പറ്റി പല കഥകളും കവിതകളും ഉണ്ട്. ഇവയിൽ നിന്നൊക്കെയാണ് ചോളസംസ്കാരത്തെകുറിച്ചുള്ള ധാരണകൾ രൂപപ്പെടുത്തി എടുത്തത്.

empire

∙ എഴുതപ്പെട്ട ചരിത്രകഥകളിൽ പെൺപോരാളികളുടെ എണ്ണം താരതമ്യേന കുറവാണ്. ദേവി യശോദരന്റെ നോവലിലെ പ്രധാനകഥാപാത്രം അതി ശക്തയായ ഒരു സ്ത്രീയാണ്. അവർ ആയുധമെടുത്തു പോരാടുന്നവളാണ്. യുദ്ധത്തിൽ രാജാവിന്റെ അംഗരക്ഷകയാണ്. ആൺ–പെൺ വേർതിരിവുകൾ ഇനിയും പൂർണ്ണമായി അവസാനിച്ചിട്ടില്ലാത്ത ഇടത്തു നിന്ന് ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ താങ്കളുടെ മനസ്സിലെ ചിന്തകൾ?

ചോളരാജാക്കന്മാരുടെ അംഗരക്ഷകരിൽ സ്ത്രീകളുമുണ്ടായിരുന്നു. നല്ല പരിശീലനം ലഭിച്ച പോരാളികൾ. പുരുഷ നായകൻമാരുടെ ചട്ടക്കൂട്ടിൽ നിന്നും മാറിചിന്തിപ്പിച്ചത് ഇൗ സ്ത്രീശക്തിയാണ്. എന്റെ നായിക എന്നെ രസിപ്പിക്കുന്നവളാണ്, ധൈര്യശാലിയാണ്, അവൾക്ക് ബലഹീനതകളുണ്ട്.

∙ ആയിരത്തിലേറെ വർഷങ്ങൾക്കിപ്പുറം ഇന്ന് നമ്മുടെ നാട്ടിലെ പെൺജീവിതങ്ങളെ എങ്ങനെ നോക്കി കാണുന്നു?

സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ കിട്ടുന്നുണ്ട്, അവളുടെ അവകാശങ്ങളെ കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നു. എന്റെ അമ്മ, അമ്മൂമ്മമാരുടെ കാലഘട്ടത്തെക്കാൾ സ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും ബഹുദൂരം താണ്ടാനുണ്ട്. സമകാല സംഭവവികാസങ്ങളും പേടിപ്പിക്കുന്നുമുണ്ട്

∙ നോവലിൽ എത്രത്തോളം ചരിത്രമുണ്ട്? എത്രത്തോളം ഭാവനയുണ്ട്?

എമ്പയർ എന്ന നോവലിൽ ചരിത്രം വളരെയേറെയുണ്ട്, നാഗപട്ടണം തുറമുഖത്തെ അണയാത്ത വിളക്കുകൾ, അവരുടെ ജീവിതശൈലി, ആഹാരരീതികൾ, ആഘോഷങ്ങൾ എല്ലാം ചരിത്രമാണ്, എന്നാൽ അറമിസ് എന്റെ ഭാവനയാണ്.

∙  ദേവി യശോദരന് എന്താണ് എഴുത്ത്? എഴുത്തിന്റെ ലോകത്തേയ്ക്കുള്ള കടന്നു വരവ്? എഴുത്തനുഭവങ്ങൾ?

 കുട്ടിക്കാലം മുതൽ എഴുത്ത് ഇഷ്ടപ്പെട്ടിരുന്നു, പിന്നീട് എഴുത്തുമായി ബന്ധപ്പെട്ട ജോലികളും. ലോകത്തെ മനസ്സിലാക്കാനുള്ള വേദിയാണ് എഴുത്ത്, പലപ്പോഴും തോന്നാറുണ്ട് ആളുകളെ കൂടതൽ അടുത്തറിയുന്നത് അവരെപ്പറ്റി എഴുതുമ്പോഴാണെന്ന്.

∙  വായനയെ കുറിച്ച് –  ഏറ്റവും ആകർഷിച്ച പുസ്തകം/പുസ്തകങ്ങൾ? എഴുത്തുകാർ

എഴുത്തുപോലെ തന്നെ വായനയും ഇഷ്ടപ്പെടുന്നു. ഒാരോ പുസ്തകവും മറ്റു ജീവിതങ്ങളിലേക്കുള്ള എടുത്തുചാട്ടമാണ്. അടുത്ത കാലത്ത് പുരാതന സാഹിത്യം ഏറെ ആകർഷിക്കുന്നു. ഒടുവിൽ വായിച്ചത് കാളിദാസന്റെ കുമാരസംഭവമാണ്, എന്റെ അപ്പൂപ്പന്റെ ഇഷ്ടകൃതി.

Read more... Novel Review, Literature Review, Malayalam Literature News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.