Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെന്യാമിനും സുസ്‌മേഷും പിന്നെ അന്ത്രപ്പേറും 

benyamin ബെന്യാമിൻ

ഒരു കഥാപാത്രത്തിന്റെ അസ്തിത്വം അന്വേഷിച്ച് എഴുത്തുകാരനെ തിരക്കി വായനക്കാരനെത്തുക...! ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല, പക്ഷെ അത്തരമൊരു പോസ്റ്റിന്റെ പിന്നാലെയെത്തുമ്പോൾ അതിലുമേറെ അതിശയങ്ങൾ കാത്തുനിൽപ്പുണ്ടെങ്കിലോ? 

"ഇന്ന് അതികാലത്ത്‌ പല്ലു തേച്ചുകൊണ്ട്‌ നിൽക്കുമ്പോൾ ഒരു ബെല്ലടി. ചെന്നു നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ. ഇന്നലെ രാത്രിയാണ്‌ മഞ്ഞവെയിൽ മരണങ്ങൾ വായിച്ചു തീർത്തത്‌. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ ബൈക്കെടുത്ത്‌ പുറപ്പെട്ടു എന്നു പറഞ്ഞു. അന്ത്രപ്പേറിനു പിന്നെ എന്തു സംഭവിച്ചു എന്നാണ്‌ ആ പയ്യന്‌ -അനൂപ്‌ - അറിയേണ്ടത്‌. അന്ത്രപ്പേർ അടുത്തിടെ മരണപ്പെട്ടു എന്ന് ഇന്നലെ രാത്രി ആരോ പറഞ്ഞു കൊടുത്തുവത്രേ. അത്‌ ഫിക്‌ഷൻ മാത്രമാണെന്ന് പറഞ്ഞപ്പോൾ അവൻ കൂടുതൽ നിരാശനായതു പോലെ. സത്യവും ഫിക്‌ഷനും തമ്മിൽ തിരിച്ചറിയാനാവാതെ ആകെ ആടിയുലഞ്ഞാണ്‌ അവൻ മടങ്ങിയത്‌. Anoop, dearest reader enjoy the beauty of fiction.." 

ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളിലെ ക്രിസ്റ്റി അന്ത്രപ്പേറിനെ അന്വേഷിച്ചാണ്, അനൂപ് എന്ന യുവാവ് അതികാലത്തെ എഴുത്തുകാരന്റെ വീട്ടിലെത്തിയത്, അതെ കുറിച്ചാണ് ബെന്യാമിൻ  ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റിട്ടത്, അതെ സമയം തന്നെ എഴുത്തുകാരനായ സുസ്മേഷ് ചന്ത്രോത്ത് മറ്റൊരു പോസ്റ്റ് ഇടുന്നു. ബെന്യാമിനെ അന്വേഷിച്ച് വന്ന ഒരു യുവാവിന് വഴി പറഞ്ഞു കൊടുത്തതിനെ കുറിച്ചും ആ യുവാവ് തന്നെ തിരിച്ചറിയാത്തതിലുള്ള കുഞ്ഞു പരിഭവത്തെ കുറിച്ചും. 

ബെന്യാമിൻ അനൂപിനെ കുറിച്ച്:

സാധാരണ ഞാൻ അതിരാവിലെ എഴുന്നേൽക്കുന്ന പതിവൊന്നുമില്ല, പക്ഷെ കഴിഞ്ഞ ദിവസം പതിവിലും നേരത്തെ എഴുന്നേറ്റു. അപ്പോഴാണ് വീട്ടിലേയ്ക്ക് ഒരു വണ്ടി കയറി വന്നത്. ആദ്യം കരുതിയത് പത്രക്കാരൻ ആകുമെന്നാണ്. എന്നെ അന്വേഷിച്ചാണ് വന്നതെന്ന് സംസാരിച്ചപ്പോൾ ആണ് അറിഞ്ഞത്. അനൂപ് എന്നാണു പേര് എന്ന് പറഞ്ഞു. അയാൾക്ക് അറിയേണ്ടിയിരുന്നത് മഞ്ഞവെയിൽ മരണങ്ങളിലെ ക്രിസ്റ്റിയെ കുറിച്ചായിരുന്നു. തലേന്ന് രാത്രി നോവൽ വായിച്ച ശേഷം ആ പയ്യൻ ഉറങ്ങിയിട്ടേയില്ല, രാത്രി തന്നെ ആരെയോ വിളിച്ച് അന്വേഷിച്ചപ്പോൾ അന്ത്രപ്പേർ മരിച്ചു എന്ന് അറിഞ്ഞു. അതിനെ കുറിച്ച് അറിയാൻ വേണ്ടിയാണ് അതിരാവിലെ എന്നെ അന്വേഷിച്ച് അനൂപ് എത്തിയത്. പക്ഷെ ആവർത്തിച്ച് പറഞ്ഞിട്ടും ക്രിസ്റ്റി അന്ത്രപ്പേർ എന്ന കഥാപാത്രം ഒരു സങ്കൽപ്പം മാത്രമാണെന്ന് വിശ്വസിക്കാൻ അനൂപ് തയ്യാറായില്ല. സത്യമേത് മിഥ്യയേത് എന്നറിയാതെ വല്ലാതെ അസ്വസ്ഥനും അസംതൃപ്തനുമായാണ് അനൂപ് ഇവിടെ നിന്നും മടങ്ങിയതും..."

benyamin-anoop ബെന്യാമിൻ അനൂപിനൊപ്പം

ഇതാദ്യമായല്ല ക്രിസ്റ്റിയെ അന്വേഷിച്ച് ഒരാൾ ബെന്യാമിനെ കാണാനെത്തുന്നത്:

പുസ്തകം ഇറങ്ങി കഴിഞ്ഞ സമയം മുതൽ അന്ത്രപ്പേർ എന്ന കഥാപാത്രത്തെ അന്വേഷിക്കുന്നവർ അനവധിയാണ്. ഇതുവരെ ഇരുപതിലധികം ആൾക്കാരാണ് ആ കഥാപാത്രത്തെ അന്വേഷിച്ച് എന്റെ വീട് തേടിപ്പിടിച്ച് എത്തുന്നത്. മീര എന്നൊരു പെൺകുട്ടിയാണ് മാസങ്ങൾക്കു മുൻപ് വീട്ടിലെത്തിയത്. എട്ടാം ക്ലാസ്സിൽ പഠിച്ചപ്പോൾ മീര വായിച്ച പുസ്തകമാണ് മഞ്ഞവെയിൽ മരണങ്ങൾ. അന്നുമുതൽ ആ കുട്ടിയുടെ ആഗ്രഹം എന്നെ കാണണം, കഥാപാത്രത്തെ കുറിച്ച് സംസാരിക്കണം എന്നതായിരുന്നു. അവളുടെ അമ്മാവൻ പറഞ്ഞത് ജീവിതത്തിൽ ഇന്നേവരെ ഒരു ആഗ്രഹവും പറയാത്ത കുട്ടിയാണ്, അതുകൊണ്ടാണ് ആഗ്രഹം അത്ര തീക്ഷ്ണമാണെന്നു കണ്ടപ്പോൾ കൂട്ടിക്കൊണ്ട് വന്നത് എന്നായിരുന്നു. അവസാനം ഇപ്പോൾ പ്ലസ് ടു ആയപ്പോൾ മീരയുടെ ബന്ധുക്കളോടൊപ്പമാണ് അവളെത്തിയത്. അന്ത്രപ്പേറിനെ കുറിച്ചായിരുന്നു മീരയ്ക്ക് അറിയേണ്ടത്. അന്ന് അതിനെ കുറിച്ചും ഞാൻ ഫെയ്‌സ്ബുക്കിലൊരു പോസ്റ്റ് ഇട്ടിരുന്നു.

 

അന്ത്രപ്പേറിനെ അന്വേഷിച്ച് വരുന്നവർ...

benyamin-meera ബെന്യാമിൻ മീരയ്ക്കൊപ്പം

കൂടുതലും ചെറുപ്പക്കാരാണ് ആ കഥാപാത്രത്തെ അന്വേഷിച്ച് വരുന്നവർ. ക്രിസ്റ്റി എന്ന കഥാപാത്രത്തിൽ അവർ കാണുന്നത് അവരെ തന്നെയാണെന്നാണ് സംസാരങ്ങളിൽ നിന്നും എനിക്ക് മനസ്സിലായത്. അവരുടെ പ്രായത്തിലുള്ള ഒരു കഥാപാത്രമാണ് ക്രിസ്റ്റി അന്ത്രപ്പേർ. അപ്പോൾ അവർ നേരിടുന്ന സംഘർഷങ്ങൾ, പ്രണയ നൈരാശ്യം, ആകുലതകൾ, ജീവിത വിജയത്തെ കുറിച്ചുള്ള സന്ദേഹങ്ങൾ, ഇതൊക്കെ നോവൽ പറയുന്നതുകൊണ്ട് ആ പ്രായത്തിലുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ആ നോവൽ അത്ര പ്രധാനപ്പെട്ടതാന്നെന്നു ഞാൻ കരുതുന്നു. എവിടെ ചെന്നാലും അതുകൊണ്ട് ആ പ്രായത്തിലുള്ളവർ കൂടുതൽ അന്വേഷിക്കുന്നത് അന്ത്രപ്പേറിനെ കുറിച്ചാണ്. 

ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ ഉള്ള മഞ്ഞവെയിൽ മരണങ്ങൾ...:

അക്കാലതത് ഗൾഫിൽ ഞങ്ങൾക്ക് ഒരു വ്യാഴച്ചന്തയുണ്ട്. എല്ലാ സുഹൃത്തുക്കളും അവിടെ ഒന്നിച്ചിരിക്കും സംസാരിക്കും. അതൊക്കെ നോവലിലും ഉള്ളതുകൊണ്ട് അതിലെ സുഹൃത്തുക്കൾ പലരും നോവലിലും കഥാപാത്രങ്ങളായി. ഒരുപക്ഷെ അതുകൊണ്ടു കൂടിയായിരിക്കാം അന്ത്രപ്പേർ എന്ന കഥാപാത്രവും സത്യമാണെന്നു വായനക്കാർക്ക് തോന്നാനുണ്ടായ കാരണം. അതും എഴുത്തിന്റെ ഒരു വഴിയാണ്. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളും സാങ്കൽപ്പിക കഥപാത്രങ്ങളും തമ്മിൽ ഒരു ആന്തരിക ഇടം ഒരുക്കിയെടുക്കുന്നതിലൂടെ എഴുത്തിന്റെ സാധ്യതകളും വർദ്ധിക്കും. മാത്രമല്ല ക്രിസ്റ്റിയുടെ അമ്മയുടെ സത്യവാങ്മൂലമൊക്കെ പുസ്തകത്തിന്റെ അവസാനം പത്ര കുറിപ്പ് പോലെ കൊടുത്തിട്ടുണ്ട്, അത് നോവലിന്റെ പുറത്തുള്ള ഒരു സംഭവം എന്ന പോലെയാണ് കൊടുത്തത്. അതൊക്കെ വായിക്കുമ്പോൾ സംശയം മാറി ആ കഥാപാത്രം ഉണ്ടെന്നു തന്നെ തോന്നിപ്പിക്കും. അത് തന്നെയാണല്ലോ ഫിക്ഷൻ എഴുത്തിന്റെ പ്രത്യേകതയും...! എല്ലാ അതിരുകളും ഭേദിച്ച് നോവൽ വളർന്നു കൊണ്ടിരിക്കുന്ന കാലമല്ലേ, ഈ സമയത്ത് അങ്ങനെയൊക്കെ തന്നെ ആവേണ്ടതുമുണ്ട്.

സുസ്മേഷിന്റെ പരിഭവങ്ങൾ...:

വായനക്കാരൻ അന്വേഷിച്ച് വരുമ്പോൾ അയാളുടെ മനസ്സിൽ മുഴുവനും മഞ്ഞവെയിൽ മരണങ്ങളും അന്ത്രപ്പേരും മാത്രമായിരിക്കാം, മാത്രമല്ല വെളുപ്പാൻകാലത്ത് ഇതുപോലെ ഒരു ഇടത്ത് സുസ്മേഷിനെ പോലെയൊരാളെ അയാൾ ഒരിക്കലും പ്രതീക്ഷിച്ചും കാണില്ല. പക്ഷെ ഞാൻ ഇതിനെ ഒരു മാജിക്കൽ റിയലിസം എന്ന പോലെയാണ് കാണുന്നത്. ഒരു എഴുത്തുകാരനെ തേടി മറ്റൊരു എഴുത്തുകാരന്റെ മുന്നിൽ വരിക, ഒരുപക്ഷെ ആ വഴിയിൽ വേറെ ആരോടൊക്കെ അയാൾക്ക് എന്നെ കുറിച്ച് തിരക്കാമായിരുന്നു! കൃത്യമായി സുസ്മേഷിനോട് തന്നെ ചോദിക്കുമ്പോൾ അതിലൊരു കൗതുകമുണ്ട്. എനിക്കറിയില്ലായിരുന്നു ഈ പയ്യൻ തന്നെയാണ് സുസ്മേഷ് ഇട്ട പോസ്റ്റിലെ പയ്യനെന്ന്. ഞാൻ പിന്നെ സുസ്മേഷിനെ വിളിച്ച് സംസാരിച്ചിരുന്നു. ഫെയ്‌സ്ബുക്കിലെ ഫോട്ടോ കണ്ടപ്പോൾ സുസ്മേഷ് ഉറപ്പിച്ചു, ഇത് തന്നെയാണ് ആളെന്ന്.

അന്ത്രപ്പേർ ഒരു നുണയോ?!!!

ആടുജീവിതത്തിൽ നജീബ് ഒരു യഥാർത്ഥ കഥാപാത്രമായിരുന്നു നജീബിനെ ഏറെ പേർക്ക് അറിയുകയും ചെയ്യാം, പക്ഷെ ക്രിസ്റ്റി അന്ത്രപ്പേർ എന്നൊരാൾ സങ്കല്പം തന്നെയാണ്. ഉള്ള ഒരാൾ ഉണ്ടെന്നും ഇല്ലാത്ത ഒരാൾ ഇല്ലെന്നും തന്നെ പറയണമല്ലോ. അതിനെ ഫിക്ഷൻ എന്ന രീതിയിൽ തന്നെ ആസ്വദിക്കണമല്ലോ.വേണമെങ്കിൽ എനിക്കറിയില്ലാ, എന്നൊക്കെ നുണകൾ പറയാം, പക്ഷെ കഥയ്ക്ക് പുറത്ത് കള്ളം പറഞ്ഞു ജീവിക്കുക എന്ന ആ നിലപാടിനോട് എനിക്ക് താൽപ്പര്യമില്ല. സത്യം അറിഞ്ഞിട്ട് ഫിക്ഷനെ ആസ്വദിക്കുന്നതാണ് നല്ലത്. ആ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ താഴെപ്പോലും ആ കഥാപാത്രത്തെ അന്ധമായി വിശ്വസിക്കുന്നവർ ഒരുപാട് പേരുണ്ട്. കഥപാത്രത്തെ നിർമ്മിച്ചയാൾ പറഞ്ഞിട്ട് പോലും സത്യം വിശ്വസിക്കാൻ മടിക്കുന്നുണ്ട് പലരും. അതൊരു വിശ്വാസമാണ്, നമുക്ക് ഒരു വ്യക്തിയിൽ ഉള്ള വിശ്വാസം, ആരെന്തു പറഞ്ഞാലും ഇളകാത്ത ഒന്നാണ് വിശ്വാസം. വായനക്കാർക്ക് ആ വിശ്വാസം അന്ത്രപ്പേരിൽ വന്നതുകൊണ്ടായിരിക്കാം അവർ കഥാപാത്രത്തെ അത്രയും വിശ്വസിച്ച് പോകുന്നത്. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.