Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പനും ജോൺ എബ്രഹാമും പിന്നെ ഞാനും...

kuzhoor-wilson

അയ്യപ്പൻ ഒരു കാലത്തിന്റെ ഓർമ്മയാണ്. പാറി പറന്നു കിടക്കുന്ന വെളുത്ത ഇഴകളുള്ള മുടിയും വെളുക്കെയുള്ള ചിരിയും അലസമായുള്ള നടത്തവും.. ജീവിതവും കവിതയും ഒന്നായി തീർന്ന അയ്യപ്പൻ അവധൂതനായി ജീവിച്ചു മരിച്ച മനുഷ്യനായിരുന്നു, വെറും മനുഷ്യനല്ല, പച്ച മനുഷ്യൻ. കവി എന്ന അടയാളപ്പെടുത്തൽ പോലും തിരസ്കരിക്കാൻ ശ്രമിച്ചവൻ, ആരെയും സ്വന്തമായി കരുതുന്നവൻ, അല്ലെങ്കിൽ എല്ലാവരും സ്വന്തമായവൻ. 

അയ്യപ്പന് ഒരു വയസ്സുള്ളപ്പോഴാണ് സ്വർണപ്പണിക്കാരനായ അച്ഛൻ ആത്മഹത്യ ചെയ്യുന്നത്. കൗമാരകാലമെത്തിയപ്പോൾ അമ്മയും അതേവഴി വിട ചൊല്ലാൻ സ്വീകരിച്ചു. പിന്നെയങ്ങോട്ട് എന്നും അനാഥനായിരുന്നു അയ്യപ്പൻ. പക്ഷേ ആ വാക്ക് ആധികാരികമായി മാത്രം ഉപയോഗിക്കാവുന്നതാണ്. ആരുടേയും അല്ലാതായിട്ടും എല്ലാവരുടേതുമായി തീർന്ന മനുഷ്യനാണ് അദ്ദേഹം. ഒന്ന് പരിചയപ്പെട്ടാൽ ഒരു നൂറു രൂപാ തന്നെ എന്ന് ചോദിക്കാൻ മാത്രം അടുപ്പം സൂക്ഷിക്കുന്ന മനുഷ്യരെ അദ്ദേഹത്തിന്റെ ചുറ്റും ഉണ്ടായിട്ടുള്ളൂ. അയ്യപ്പന്റെ കാലം ഓർമ്മകളുടെയും സാഹിത്യത്തിന്റെയും സുവർണ കാലമായും അടയാളപ്പെട്ടിരിക്കുന്നു. അലഞ്ഞു നടക്കുന്ന അയ്യപ്പനെ തൊട്ടിട്ടില്ലാത്ത സാഹിത്യ കുതുകികളും കുറവ്... കവി കുഴൂർ വിത്സന് പറയാനുള്ളത് അയ്യപ്പനോടൊപ്പം ഉണ്ടായിരുന്ന നാല് ദിവസത്തെ കുറിച്ചാണ്... ഒരു വലിയ ജോലിയ്ക്ക് അയ്യപ്പനൊപ്പം കൂടെ കൂടിയ കഥ...

അയ്യപ്പനും ജോണും ഞാനും..

അയ്യപ്പനും ജോൺ എബ്രഹാമും അന്ന് വെറുതെ ഒന്ന് കവറിൽ മുഖം വന്നാൽ മാത്രം മതി അത് നന്നായി വിറ്റു പോകുന്ന അവസ്ഥയുള്ള സമയമാണ്. അയ്യപ്പനെ കുറിച്ചും ജോണിനെ കുറിച്ചും പുസ്തകങ്ങൾ ഇറങ്ങുന്നുണ്ട്, പക്ഷേ മലയാളത്തിലെ ഒരു പ്രമുഖ പ്രസാധകനു അയ്യപ്പൻ പറയുന്ന ജോൺ കഥകൾ വേണം. അതിനായി ഞാൻ ആണ് നിയോഗിക്കപ്പെട്ടത്, അങ്ങനെയാണ് അയ്യപ്പനൊപ്പം കൂടുന്നത്. പതിനഞ്ചു ദിവസത്തേയ്ക്ക് ആയിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. അന്ന് അയ്യപ്പൻറെ ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനുകൾ ആലുവയും കൊടുങ്ങല്ലൂരുമാണ്. അന്ന് അയ്യപ്പൻറെ ഏറ്റവും അടുത്ത സ്നേഹിതനാണ് കവി സെബാസ്റ്റിയൻ. അദ്ദേഹം വഴിയാണ് അയ്യപ്പനിലേയ്ക്ക് ഞാനെത്തുന്നത്. 

അയ്യപ്പനും ഞാനും..

kuzhoor-wilson-poet

ഞാൻ ചന്ദ്രികയിൽ ഇന്റേൺഷിപ്പ് ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയം. പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. 26 വയസ്സൊക്കെ ഉണ്ട് അപ്പോൾ. അയ്യപ്പനൊക്കെ കത്തി നിൽക്കുന്ന സമയമാണ്. ആ സമയം എന്റെ രണ്ടാമത്തെ പുസ്തകമായ "ഇ" പുറത്തിറങ്ങി. അയ്യപ്പനെ ഞാൻ പലവട്ടം കണ്ടിരുന്നു അപ്പോഴൊക്കെ. കോഴിക്കോട് നടക്കുന്ന ഒരു പരിപാടിയിൽ ഞങ്ങൾ ഒന്നിച്ച് യാത്ര ചെയ്തു ആ സമയത്ത്. ഞാനന്ന് പയ്യനല്ലേ, മദ്യപാനം ഒക്കെ തുടങ്ങിയിട്ടേയുള്ളൂ. വളരെ നിയന്ത്രിച്ചൊക്കെയാണ് അന്ന് കഴിക്കൽ. ആ സമയത്ത് അയ്യപ്പൻറെ മദ്യ നിയന്ത്രണത്തിനുള്ള അധികാരം എനിക്ക് കിട്ടി. ബസിലാണ് കുറെ എഴുത്തുകാർ ഒന്നിച്ചുള്ള യാത്ര. ഞാൻ അദ്ദേഹത്തിന്റെ ഒപ്പമാണ് ഇരുന്നത്. മദ്യം ഒഴിച്ച് കൊടുക്കുന്നതും ഞാനായിരുന്നു. അന്ന് പോകുന്ന വഴിയിൽ എവിടെയോ എത്തിയപ്പോൾ അയ്യപ്പൻ വഴിയിലുള്ള ഒരു വീട്ടിൽ പുറത്തിറങ്ങി നിൽക്കുന്ന ഒരു സ്ത്രീയെ കൈ വീശി കാണിക്കുന്നു... എനിക്ക് അമ്പരപ്പായി എന്തിനാണെന്ന് ചോദിച്ചപ്പോൾ കുസൃതി ചിരിയോടെ പറഞ്ഞത്, കൈവീശി കാണിക്കുന്നത് കണ്ട ആ സ്ത്രീയുടെ ഭർത്താവ് അവരോടു അതാരാണെന്ന് ചോദിക്കും. അവർക്കറിയില്ലല്ലോ, അയാൾ സംശയിക്കും... വെറുതെ ഒരു കുസൃതി.. ഇതായിരുന്നു അയ്യപ്പന്റെ സ്വഭാവം. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ അടിമുടി കുസൃതിയും കുറുമ്പും നിറഞ്ഞ ഒരാൾ..

ആലുവ കഥകൾ അയ്യപ്പനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ആലുവയിലെ മാർക്കറ്റിൽ അയ്യപ്പന് ഒരു മുറിയുണ്ടായിരുന്നു. ഒരുപക്ഷേ ഒരു എഴുത്തുകാരൻ ജീവിച്ചിരിക്കെ അയാൾക്ക് ഒരു പ്രദേശത്ത് ഒരു സ്മാരകം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അയ്യപ്പനാണ്. ആ മുറിയുടെ പേര് സത്രം എന്നായിരുന്നു. കവി സെബാസ്റ്റിയൻ ആണ് അയ്യപ്പന് വേണ്ടി ആ മുറി പണിതു കൊടുത്തത്. മധ്യകേരളം അല്ലെ, കേരളത്തിന്റെ ഏതു ഭാഗത്തേക്കും യാത്ര പോകാൻ എളുപ്പവുമുണ്ട്. അവിടെ അയ്യപ്പൻ എത്തിയാൽ പിന്നെ എല്ലാവർക്കും സന്തോഷമാണ്. ഭിക്ഷക്കാരും തൊഴിലാളികളും എല്ലാവരും അയ്യപ്പന്റെ സുഹൃത്തുക്കൾ, അവരോടൊക്കെ നല്ല സുഹൃത്തുക്കളെ പോലെ അദ്ദേഹം സംസാരിക്കും, ഇടയ്ക്ക് മദ്യപിക്കും, കവിതകൾ ചൊല്ലും. പക്ഷേ അയ്യപ്പൻ ഒരു വലിയ കവി ആയിരുന്നെന്നൊന്നും അവർക്കാർക്കും വലിയ അറിവൊന്നും ഉണ്ടായിരുന്നതേയില്ല. ഒരിക്കൽ അയ്യപ്പന്റെ മുഖചിത്രം വച്ച് മലയാളത്തിലെ ഒരു പ്രമുഖ ആഴ്ചപ്പതിപ്പ് പുറത്തിറങ്ങി. അന്ന് ആലുവ മാർക്കറ്റിൽ എത്ര ആഴ്ചപ്പതിപ്പ് എത്തിയിട്ടും അത് വിറ്റു പോയി. അവരുടെ സുഹൃത്തിന്റെ ചിത്രം വന്ന താളുകൾ. സാധാരണക്കാർ വരെ വന്നു പുസ്തകം വാങ്ങി. അങ്ങനെയാണ് അയ്യപ്പനും ആലുവയും തമ്മിലുള്ള ബന്ധം. 

ജോണില്ലാത്ത അയ്യപ്പൻ കഥകൾ...

ജോണും അയ്യപ്പനും വളരെ വലിയ സുഹൃത്തുക്കളാണ്. ഞാൻ ജോണിനെ കണ്ടിട്ടില്ല. കവി സെബാസ്റ്റ്യൻ ആണ് പ്രസാധകർക്ക് വേണ്ടി ഈ ജോലി ചെയ്തൂടെ എന്ന് ചോദിക്കുന്നത്. അയ്യപ്പന്റെ കൂടെ അടുത്ത് നിൽക്കാൻ പറ്റുന്ന അവസരമല്ലേ, എങ്ങനെ വേണ്ടെന്നു പറയും. സന്തോഷത്തോടെ ഏറ്റെടുത്തു. സെബാസ്റ്റ്യന്റെ വീട്ടിൽ ചെന്ന് അയ്യപ്പനെ ഏറ്റെടുത്തു, ഒപ്പം ജോലിയ്ക്ക് മുൻകൂറായി കുറച്ചു പണവും തന്നു. സത്യം പറഞ്ഞാൽ നല്ല ടെൻഷൻ ഉണ്ട്, അയ്യപ്പനെ പോലെ ഒരാൾ ഒപ്പമിങ്ങനെ നടക്കുന്നു, ഇനി കുറച്ചു ദിവസത്തേയ്ക്ക് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം എനിക്കാണ്... ഇടയ്ക്ക് കൈപിടിച്ചും പിടിയ്ക്കാതെയും ഞാൻ റോഡിന്റെ വലതുവശം  ചേർന്ന് അദ്ദേഹത്തെ ഇടതു വശം ചേർത്ത് കുട്ടികളെ ശ്രദ്ധിക്കുന്നത് പോലെയാണ് കൊണ്ട് പോയത്. ശരിക്കും കുട്ടികളെ പോലെ തന്നെയായിരുന്നു അയ്യപ്പൻ എന്ന കവി, അത്രയും നിഷ്കളങ്കൻ. മദ്യം നന്നായി ഉപയോഗിക്കും, ഭക്ഷണം കഴിക്കൽ കുറവാണ്. 

പിന്നെ കഥകളുടെ ഒരു ഒഴുക്കായിരുന്നു... എണ്ണിയാലൊടുങ്ങാത്ത കഥകൾ, പക്ഷെ അതിലൊന്ന് പോലും ജോൺ എബ്രഹാമിനെ കുറിച്ചുള്ളത് ഇല്ല. ജോണിനെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞു മാറിയങ്ങു പോകും. പക്ഷെ കഥകൾ ബാക്കിയൊക്കെയും ഇങ്ങനെ സംസാരിച്ചുകൊണ്ടേയിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് ഇനി എന്ത് ചെയ്യണമെന്ന തോന്നൽ വരാൻ തുടങ്ങി. ഭക്ഷണം പോലും കൃത്യമായി ഇല്ല, മദ്യപാനം ഉണ്ട് താനും. അന്ന് രാവിലെ താഴെ കടയിൽ പോയി ദോശ കഴിച്ച് അദ്ദേഹത്തിനുള്ളത് പൊതിഞ്ഞെടുത്തു. മുറിയിൽ വന്നപ്പോൾ തനിയെ കഴിക്കാൻ മടി, ദോശ മുറിച്ചെടുത്ത് വായിൽ വച്ച് കൊടുത്തു. അപ്പോഴൊക്കെയും കുട്ടികളെ പോലെ കുറുമ്പുകൾ ... നാലാം ദിവസമായപ്പോൾ ഞാൻ കവി സെബാസ്റ്റ്യനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ ആ കൂട്ട് അവിടെ അവസാനിച്ചു. ജോണിനെ കുറിച്ച് അയ്യപ്പൻ ഒന്നും പറഞ്ഞതേയില്ല, അങ്ങനെ ഒരു പുസ്തകവും ഇറങ്ങിയില്ല...

പക്ഷേ അന്ന് പറഞ്ഞ കഥകളിൽ ഒന്ന് ഇപ്പോഴും വല്ലാതെ ഹൃദയത്തെ തൊടാറുണ്ട്. അത് അച്ഛനെ കുറിച്ചാണ്. അദ്ദേഹം പറയുന്നു

"എന്റെ അച്ഛൻ ഒരു സ്വർണ പണിക്കാരനായിരുന്നു

ഞാൻ ഒരു സ്വർണവുമായിരുന്നു"

ആ കവിത മറ്റെങ്ങും കേട്ടിട്ടേയില്ല. ഇത്ര ഗംഭീരമായ വരികൾ എന്തെ അയ്യപ്പൻ എവിടെയും എഴുതാതെ വീട്ടു എന്ന് ഞാൻ സംശയിച്ചു. പണത്തിനു ആവശ്യം വന്നാൽ കവിതകൾ എഴുതി കൊടുത്ത് പണം വാങ്ങുന്ന ആളാണ്, പഴയ കവിതകൾ മറിച്ചു വരെ ചിലപ്പോൾ എഴുതി കൊടുക്കുന്ന ആളാണ്, പക്ഷെ സമാനമായ മറ്റു വരികൾ അല്ലാതെ ഈ ഗംഭീര വരികൾ എവിടെയും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. ആ വരികൾ നഷ്ടപ്പെടാൻ പാടില്ല... അത്ര തീക്ഷ്ണമാണ് ആ വരികൾ.. സ്വർണമാണ് എന്നൊക്കെ പറയുന്നത് അത്ര തീക്ഷ്ണമാണ്...

മറ്റൊന്ന് പ്രശസ്തയായ ഒരു എഴുത്തുകാരിയെ കുറിച്ചാണ്... അവരെല്ലാം അന്നത്തെ വളരെ വലിയ ഒരു സാഹിത്യ ഗ്രൂപ്പാണ്. എല്ലാവരും ഒന്നിച്ച് നിൽക്കുന്നു അയ്യപ്പനുമുണ്ട്. സുന്ദരിയായ എഴുത്തുകാരിയെ അയ്യപ്പൻ കൈ കൊണ്ട് സ്പർശിക്കുന്നൊക്കെയുണ്ട്. ഞാൻ കണ്ടുകൊണ്ടു നിൽക്കുന്നുണ്ട് എല്ലാം... ഒടുവിൽ അവർ അയ്യപ്പന്റെ കൈപിടിച്ച് സ്വന്തം വയറ്റിൽ വച്ചു. എല്ലാവരുടെയും മുന്നിൽ വച്ചാണ്, എന്നിട്ട് "നീ തൊട്ടോടാ" എന്നൊരു ഡയലോഗും... വളരെ മനോഹരമായൊരു സീനായിരുന്നു അത്. അത്ര നിഷ്കളങ്കമായാണ് അയ്യപ്പന്റെ പ്രവൃത്തികൾ. അത് മനസ്സിലാക്കിയാൽ മാത്രമേ അയ്യപ്പനെയും തിരിച്ചറിയാനും കണ്ടെത്താനുമാകൂ.

അയ്യപ്പനും ജോണും അവരുടെ കഥകളും ...

john-ayyappan

എത്രയോ കഥകളുണ്ടെന്നോ അയ്യപ്പനും ജോണും തമ്മിൽ. ഇതൊക്കെയും അയ്യപ്പനിൽ നിന്നും അറിഞ്ഞതല്ല, പലതും അല്ലാതെ അറിഞ്ഞ കഥകളാണ്. ഒരിക്കൽ രണ്ടു പേരും മദ്യം ഒക്കെ കഴിച്ച് റോഡിലൂടെ നടക്കുമ്പോൾ പോലീസ് തടഞ്ഞു നിർത്തി. ജോൺ പോലീസിനോട് താനൊരു സിനിമാ സംവിധായകനാണ്, നാഷണൽ പുരസ്കാരമൊക്കെ ലഭിച്ചിട്ടുണ്ട് എന്നൊക്കെ പറയാൻ ശ്രമിക്കുന്നുണ്ട്, പോലീസുകാരൻ അതൊന്നും വിശ്വസിക്കാതെ പുച്ഛത്തിലാണ് നോട്ടം. അപ്പോൾ അയ്യപ്പന്റെ ഡയലോഗ് ഇങ്ങനെയാണ്, സാർ, ഇത് പുള്ളിയുടെ സ്ഥിരം പരിപാടിയാണ്, ഇന്നലെ പോലീസ് പിടിച്ചപ്പോൾ ഇയാൾ പറഞ്ഞത് ആൾ എബ്രഹാം ലിങ്കൺ ആണെന്നാണ്... അങ്ങനെയാണ് അവർ തമ്മിലുള്ള കഥകൾ. അത്തരം രസകരമായ കഥകൾ. അവർ തമ്മിലുള്ള തമാശകൾ സിനിമകളിലൊക്കെയും നിരവധി തവണ ഉപയോഗിച്ചതായി കേട്ടിട്ടുണ്ട്. 

ഞാനും അയ്യപ്പനെന്ന പ്രൂഫ് റീഡറും...

അയ്യപ്പനെ പരിചയപ്പെടുന്ന സമയത്താണ് ഞാൻ എന്റെ രണ്ടാമത്തെ പുസ്തകം ചെയ്യുന്നത്."ഇ" എന്ന സ്‌കൂൾ സംബന്ധിയായ പുസ്തകം. അതിന്റെ ജോലിയുമായി ഞാൻ കൊടുങ്ങല്ലൂർ ഉള്ള സമയമാണ്. അതിന്റെ ഡിടിപി നടന്നുകൊണ്ടിരുന്നപ്പോൾ അയ്യപ്പൻ വിളിച്ചു. ഞാനിതുപോലെ വർക്കിലാണ് എന്ന് പറഞ്ഞു, അപ്പോൾ എവിടെയാണ് എന്നായി ചോദ്യം. സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ അദ്ദേഹം അവിടെ വന്നു. ഡിടിപി പ്രിന്റ് എടുത്ത് ഞാൻ ആവശ്യപ്പെടാതെ തന്നെ അത് വായിച്ച്, പിന്നീട് തിരുത്തിയും തന്നു. അത് തന്ന സന്തോഷം വളരെ വലുതാണ്.

അയ്യപ്പന് വിട...

പിന്നീട് അദ്ദേഹത്തെ ഒരുപാടൊന്നും കണ്ടിട്ടില്ല. കവിതകൾ വായിക്കും, വിവരങ്ങളൊക്കെ അറിയും എല്ലാമുണ്ട്. ഞാൻ അപ്പോഴേക്കും ഗൾഫിലേക്കും ജോലിക്കായി പോയിരുന്നു. ഇടയ്ക്ക് ഒരു തവണ നാട്ടിൽ വന്നപ്പോൾ തിരുവനന്തപുരത്ത് വച്ചു അയ്യപ്പനെ കണ്ടു, അപ്പോൾ അദ്ദേഹത്തിന്റെ ചോദ്യം, നീ ഗൾഫിൽ എന്റെ കവിത വിൽക്കുന്നതായി ഞാനറിഞ്ഞു, ഇന്ന് ദിർഹത്തിൽ ചെലവ് ചെയ്യണം അപ്പോൾ... ഞാൻ പ്രോഗ്രാമുകളിലൊക്കെ അയ്യപ്പന്റെ വരികൾ പലപ്പോഴും ഉപയോഗിക്കുന്നത് അറിഞ്ഞിട്ടായിരുന്നു ആ ചോദ്യം. അങ്ങനെ ആ കൂടി കാഴ്ചയ്ക്കു ശേഷം ജോലിയിലേക്ക് തിരികെ മടങ്ങി.

ഒരിക്കൽ ഒരുരാത്രിയിലാണ് അയ്യപ്പന്റെ മരണ വാർത്ത കേൾക്കുന്നത്. എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല. അന്ന് ഞാൻ ഒരു കറുത്ത മുണ്ടാണ് ഉടുത്തിരുന്നത്, ആ രാത്രിയിൽ ആ മുണ്ടുമുടുത്ത് വെറുതെ ഗൾഫിൽ തെരുവിലൂടെ നടന്നു. മുണ്ടു പോലും അനുവദനീയമായ ഇടമല്ല, അപ്പോഴാണ് കറുത്ത മുണ്ട്, പക്ഷെ അപ്പോൾ അതൊന്നും ആലോചിക്കാവുന്ന അവസ്ഥ ആയിരുന്നില്ല. രണ്ടു ദിവസം മദ്യത്തിലും കവിതയിലും മുങ്ങി നടന്നു. മൂന്നാമത്തെ ദിവസം ഓഫീസിൽ ചെന്നപ്പോഴും മദ്യം ഉള്ളിലുണ്ടായിരുന്നു, അത് ഓഫീസിൽ പ്രശ്നമായി. പക്ഷെ അയ്യപ്പനെ അത്ര പെട്ടെന്ന് മറക്കാൻ ആകുമായിരുന്നില്ല...

kuzhoor-wilson-img

അതിനു ശേഷം അയ്യപ്പന് വേണ്ടി അവസാന കവിതയെഴുതി..

"നീറി നീറി / കറുപ്പിൽ പച്ചയായ്

കുഴൂരിൽ നീ വന്നിട്ടില്ല 

ആലുവച്ചന്തയും 

കൊടുങ്ങല്ലൂർക്കാവും

വിളിപ്പാടകലെയായിട്ടും 

ഒരിക്കൽ പോലും 

കുഴൂർക്കരയിൽ

എല്ലാക്കൊല്ലവുമമ്പുണ്ട് 

അമ്പിന്റെയന്ന് 

നീറി നീറി നില്ക്കുന്നത് 

പിള്ളേരുടെ ഒരു കൊല്ലം 

നീണ്ട്നില്ക്കുന്ന സ്വപ്നമാണ്

അമ്പ് കൊള്ളാത്ത പിള്ളേർ

നീറി നീറി

വഴി നീളെ തുള്ളൂന്ന

കുഴൂരമ്പ് നീ കണ്ടിട്ടില്ല

കുഴൂരിൽ നീ വന്നിട്ടില്ല

സെബാസ്റ്റ്യൻ,

പുണ്യവാളനേക്കാൾ

പുണ്യശരണമായിട്ടും 

കുഴൂരിലെ സെബസ്ത്യാനോസിന്റെ

കുഴൂരമ്പിന് നീ വന്നിട്ടില്ല

കുഴൂരിലെ അമ്പുകൾ

മാത്രം കൊണ്ടിട്ടില്ല

കുഴൂരിൽ നീ വന്നിട്ടില്ല

ബാറുകളില്ലാത്തതിനാൽ

ഒരു ബാറിലും പുലർച്ചെ പോയി

ഇളിച്ച് നിന്നിട്ടില്ല

കുഴൂരിലോ

കുഴൂരമ്പിനോ

കുഴൂർ ബാറിലോ

വന്നിട്ടില്ല

കുഴൂരിൽ  നീ വന്നിട്ടില്ല

എന്നിട്ടും 

എല്ലാക്കൊല്ലവും 

കുഴൂരിലെ പിള്ളേരും 

വലിയവരും 

നിന്റെ പേരു പാട്ട് പോലെ

പാടുന്നത് കേൾക്കാം

വർഷം  മുഴുവൻ  നീറി നീറി

ഒഴുകിയൊഴുകി 

നടക്കുന്നവർ പോലും 

ഒരു മാസം 

കറുപ്പണിഞ്ഞ്

കല്ലും മുള്ളും ചവിട്ടി

നടക്കുന്നത് കാണാം

നിന്റെ പേര് മാത്രമുച്ചരിച്ച്

മനമുരുകി കരയുന്നത് കാണാം 

നിന്നെ വിളിച്ച്

ചിന്തുപ്പാട്ടുകൾ പാടുന്നത് കേൾക്കാം

കുഴൂരിൽ നീ വന്നിട്ടില്ല

എന്നിട്ടും എല്ലാ വർഷവും

സെബസ്ത്യാനോസിന്റെ പെരുന്നാളിന്

അമ്പേല്ക്കാത്ത പിള്ളേർ

നീറി നീറി നില്ക്കുന്നുണ്ട്

കുഴൂരിൽ നീ വന്നിട്ടില്ല

എന്നിട്ടും

എല്ലാ വർഷവും പിള്ളേരും വലിയവരും 

പച്ചയ്ക്ക് കറുപ്പും കനവുമണിഞ്ഞ് 

നിന്നെക്കുറിച്ച് പാടുന്നുണ്ട്

കുഴൂരവസാനിക്കും വരെ

കുഴൂരമ്പണ്ടാകും 

നീ വരാത്ത കുഴൂരിൽ  പിള്ളേർ

നീറി നീറിത്തന്നെ നില്ക്കും 

കുഴൂരവസാനിക്കും വരെ

എല്ലാ വർഷവും നിന്റെ പേരുകൾ പാട്ടായ് ഉയരും 

പച്ചയ്ക്ക് മനുഷ്യരെല്ലാം നിന്നെക്കുറിച്ച് പാടും

ഇനിയൊരിക്കലും 

കുഴൂരിലെ പിള്ളേരിലൊരാൾ

ഒരമ്പിനും നീറിനീറി നില്ക്കില്ല

ഇനിയൊരിക്കലും 

കുഴൂരിലെ പിള്ളേരിലെയും 

വലിയവരിലേയും ഒരാൾ

കറുപ്പുടുത്ത് നിന്റെ പേര് പാട്ടായ് പാടില്ല

മുള്ളും കല്ലും ചവിട്ടില്ല

കുഴൂർ

നിന്റെ ശവത്തെ പോലും കണ്ടിട്ടില്ല"

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം