അപ്രിയ സത്യങ്ങൾ പറയുമ്പോൾ...

ethiran-kathiravan-1
SHARE

മലയാളികളുടെ ജനിതകത്തെപ്പറ്റി ചില അപ്രിയ സത്യങ്ങൾ പറഞ്ഞു കൊണ്ടാണ് എതിരൻ കതിരവൻ ശ്രദ്ധേയനായത്. ആരും സംവരണത്തിന് അർഹമല്ലാത്ത വിധം കലർപ്പുള്ളതാണ് കേരളത്തിലെ ജാതികൾ എന്ന അപകടകരമായ അഭിപ്രായം പറഞ്ഞു കൊണ്ട്. വിശ്വാസത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ സമൂഹം പിന്നോട്ടേ പോവുകയുള്ളു എന്നും അദ്ദേഹം പറയും. ശാസ്ത്രത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ സമൂഹം കണ്ടു പിടിച്ച സെൽ ഫോൺ ഉപയോഗിക്കുന്ന അപരിഷ്കൃതരാണ് നാം. പൂഞ്ഞാർ കൊട്ടാരത്തിലെ ശ്രീധരൻ കർത്താ എങ്ങനെ എതിരൻ കതിരവനായി? 1978-ൽ  അമേരിക്കയിൽ കുടിയേറിപ്പാർത്ത ഈ ശാസ്ത്രജ്ഞൻ എങ്ങനെ കലയും സാഹിത്യവും എഴുതി? എതിരൻ കതിരവനുമായി അഭിമുഖം :

പല വിഷയങ്ങളെപ്പറ്റി താങ്കൾ എഴുതിയിട്ടുണ്ട്. എന്നാൽ സയൻസ് എഴുതിയാലും ഗണിതത്തെക്കുറിച്ചെഴുതിയാലും സാഹിത്യത്തിന്റെ ഏസ്തറ്റിക്സ് സൂക്ഷിക്കുന്നുമുണ്ട്. ഇതെങ്ങനെ സാധിക്കുന്നു?

സ്വാഭാവികമായി വന്നു പോകുന്നതാണ്. ഞാനൊരു എഴുത്തുകാരനേ അല്ല. ബ്ലോഗെഴുതി തുടങ്ങിയതാണ്. ഒരു ആഴ്ചപ്പതിപ്പ് ഏറ്റവും നല്ല ബ്ലോഗ് തിരഞ്ഞെടുത്തപ്പോൾ എന്റെ ലേഖനമാണ് തിരഞ്ഞെടുത്തത്. കോളജ് മാഗസനിൽ പൈങ്കിളിക്കഥകൾ എഴുതിയിരുന്ന ആളാണ് ഞാൻ. അതാണെന്റെ തുടക്കം. എന്റെ എഴുത്ത് വായനക്കാർക്ക് ഇഷ്ടപ്പെട്ടെങ്കിൽ അതിനു കാരണം എന്റെ വായനാശീലം ആയിരിക്കണം. ഞാൻ 1978-ൽ അമേരിക്കയിൽ കുടിയേറി. അന്നും ഞാൻ എല്ലാ മലയാളം വാരികകളും വരുത്തിയിരുന്നു. ഇവിടുന്ന് വിട്ടു പോകാതിരിക്കാൻ വേണ്ടി. ഈ വായനയിൽ നിന്നാണ് എഴുതാനുള്ള കഴിവ് കിട്ടിയത്. എന്റെ കുടുംബത്തിൽ ആരും എഴുതുന്നവരായിട്ടില്ല. ചേട്ടനും ചേച്ചിയും ഒക്കെ കൂടെ കൈയ്യെഴുത്തു മാസിക ഇറക്കിയിട്ടുണ്ടായിരുന്നു. അതെല്ലാമാണ് എഴുത്തിന്റെ പ്രചോദനം. അന്ന് ഗംഭീരമായി കവിതയെഴുതിയിരുന്നത് എന്റെ ചേട്ടനായിരുന്നു .ഇപ്പോൾ ഞാൻ ഷിക്കാഗോയിലാണ് താമസിക്കുന്നത്. അവിടെ വരുന്ന എല്ലാ എഴുത്തുകാരെയും ഞാൻ വീട്ടിൽ വിളിച്ചു താമസിപ്പിക്കാറുണ്ട്. അവരോടൊക്കെ സംസാരിക്കുമ്പോൾ അവര് പറയും 'നിങ്ങൾ നാട്ടിലായിരുന്നെങ്കിൽ എപ്പോഴേ ഒരു സാഹിത്യകാരനായി മാറിയേനെ' എന്ന്. പിന്നെ പതുക്കെ എഴുത്തിലേക്ക് പ്രവേശിച്ച് അതിലേക്ക് വന്നു എന്നതിൽ സന്തോഷമുണ്ട്. 

താങ്കളുടെ ഡി.എൻ.എ പഠനങ്ങളെക്കുറിച്ച് പോസിറ്റീവായും നെഗറ്റീവായും അഭിപ്രായങ്ങൾ ഉണ്ട്. എന്താണ് അതിന്റെ ശാസ്ത്രീയത? 

ഡി.എൻ.എ പഠനത്തെ പുച്ഛിക്കുന്നത് ഇരട്ടത്താപ്പാണ്. അങ്ങനെ എതിർക്കുന്നവർക്ക് ഒരു പത്തു വയസ്സുള്ള മകനുണ്ടെന്ന് വിചാരിക്കുക. ഒരേ ഒരു മകൻ. ആ മകന് ബ്രെയിൻ ട്യൂമർ വന്നെന്നും വിചാരിക്കുക. ഡോക്ടർ പറയുന്നു ഞങ്ങൾ ചില ഡി.എൻ.എ പഠനങ്ങൾ നടത്തി , ഇന്ന മരുന്ന് ഇത്ര ഡോസാണ് കുട്ടിക്ക് കൊടുക്കേണ്ടത് എന്ന് ഞങ്ങൾ കണ്ടെത്തി. അതു കേൾക്കുമ്പോൾ ഈ ഡി.എൻ.എയെ എതിർക്കുന്നവർ അപ്പോൾ അഭിപ്രായം മാറ്റും. ഡി.എൻ.എ ഓപ്പോസിഷൻ വാക്സിനേഷന് എതിരായി നടക്കുന്നതു പോലെ ഉള്ള കാര്യമാണ്. വെറും തട്ടിപ്പാണ്. എനിക്കിത് പറയാൻ ഒരു മടിയുമില്ല. അവരെല്ലാം മുഴുവൻ തട്ടിപ്പുകാരാണ്.

ശാസ്ത്ര ഗവേഷകനാണെങ്കിലും പലതരത്തിലുള്ള പ്രതിഭ താങ്കൾ പ്രദർശിപ്പിച്ചിട്ടുണ്ടല്ലോ. ശാസ്ത്രം പഠിക്കുന്നതു പോലെ കലയെയും കലാരൂപങ്ങളെയും ടെക്നോളജിയെയും കഞ്ചാവിനെയും അശുദ്ധമെന്ന് മറ്റുള്ളവർ ചിന്തിക്കുന്ന ആർത്തവ രക്തത്തെക്കുറിച്ചുമെല്ലാം പഠിക്കുന്നു. ഇതെങ്ങനെ സാധിക്കുന്നു?

നന്ദി, ഇത് കേൾക്കാൻ സുഖമുള്ള വാക്കുകളാണ്. ഇതൊരു പക്ഷേ ഞാൻ വളർന്നു വന്ന ചുറ്റുപാടും അന്തരീക്ഷവും കൊണ്ടാവണം. കുട്ടിക്കാലത്തു തന്നെ കഥകളി കണ്ടാണ് വളർന്നത്. എന്റെ അച്ഛൻ കഥകളി ഭ്രാന്തനായിരുന്നു. കഥകളി രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്ന് ക്ലീഷേ മട്ടിൽ പറയാം. ചേച്ചി പാട്ടു പഠിക്കുന്നുണ്ടായിരുന്നു. വേറെ ചേച്ചിമാർ ഡാൻസ് പഠിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം എനിക്ക് സ്വാഭാവികമായി കിട്ടിയതാണ്. ശാസ്ത്രവിഷയത്തിൽ പിന്നീട് വന്നു പെട്ടതാണ്. ശാസ്ത്ര വിഷയത്തിൽ ബ്ലോഗിലെഴുതാമോ എന്ന് ചോദിച്ചപ്പോൾ എഴുതി തുടങ്ങിയതാണ്. ബ്ലോഗ് തുടങ്ങിയ കാലത്ത് ആരും ശാസ്ത്രം എഴുതാറില്ലായിരുന്നു. സിബു ജോണിയോട് ചോദിച്ചിട്ടാണ് ഞാൻ ഇരട്ടവാലനെക്കുറിച്ച് എഴുതിയത്. അങ്ങനെയാണ് ശാസ്ത്രത്തിലേക്ക് പ്രവേശിക്കുന്നത്. അതിന്  നല്ല സപ്പോർട്ടുകിട്ടി. ഒരുപാടു വായനക്കാരുണ്ടെന്ന് കണ്ടു. അങ്ങനെയാണ് ആ വഴിക്ക് തിരിഞ്ഞത്. വന്ന് വന്ന് കഞ്ചാവിനെക്കുറിച്ചും എഴുതി. ഇനി ഇപ്പോ എന്തിനെക്കുറിച്ച് എഴുതാൻ പറഞ്ഞാലും ഞാനൊരു പക്ഷേ പഠിച്ച് എഴുതമായിരിക്കും.

ഈ വിഷയങ്ങളൊക്കെ എങ്ങനെ കണ്ടെത്തുന്നു?

ശാസ്ത്ര ഗവേഷണമാണെന്റെ ജോലി. ശാസ്ത്രത്തിൽ അധിഷ്ഠിതമായ എല്ലാം വായിക്കുന്നു. പെട്ടെന്ന് ആകർഷിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കും. ചിരിയെക്കുറിച്ച് ഞാനൊരു ലേഖനം എഴുതിയിട്ടുണ്ട്. ചിരിയുടെ ജനറ്റിക്സ് ഒക്കെ അങ്ങനെ കിട്ടിയതാണ്. ആർത്തവകാല രക്തത്തിൽ സ്റ്റെം സെൽസ് ഉണ്ടെന്നാണ് അതിൽ ഞാൻ പറയുന്നത്. സ്റ്റെം സെൽസ് നമുക്കിപ്പോൾ സ്റ്റോർ ചെയ്ത് വയ്ക്കാം. നമുക്ക് ആവശ്യമുള്ളപ്പോഴും നമ്മുടെ സഹോദരങ്ങൾക്ക് ആവശ്യം വരുമ്പോഴും അത് ഉപയോഗിക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ അതിനുള്ള വഴിയുണ്ട്. അത് കണ്ടപ്പോഴാണ് എഴുതണമെന്ന് തോന്നിയത്. മാത്രമല്ല ആ സമയത്ത് ആർത്തവ രക്തത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്ന സമയമായിരുന്നു.

ജനറ്റിക്സ് വച്ചുകൊണ്ട് ജാതിയെ പഠിക്കുന്നതിന്റെ വർത്തമാനകാല പ്രസക്തിയെന്ത്?

ജാതിയുടെ ജനിതകം എന്ന ലേഖനത്തിലൂടെ ഞാൻ സമർത്ഥിക്കാൻ ശ്രമിച്ചത് എല്ലാം കലർപ്പാണെന്നാണ്. പ്രത്യേകിച്ച് മലയാളികളുടെ എല്ലാ ജാതികളും കലർപ്പാണ്. കാരണം നമ്പൂതിരിമാരുടെ ജീനാണ് പുലയരിലുള്ളത്. പുലയരുടെ ജീനാണ് സിറിയൻ കാത്തോലിക്കരിലുള്ളത്. ഈഴവരുടെ ജീനുകൾ ഒരുപാട് നായൻമാരിലുണ്ട്.. ഈ ഡി.എൻ.എ എടുത്ത് പരിശോധിക്കുകയാണെങ്കിൽ നമ്മളെല്ലാവരും മിക്സാണെന്ന് കാണാം. അതിൽ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങൾ വരുന്നത് ഇവിടുത്തെ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും അടിത്തറയിലായതിനാലാണ്. ക്രിസ്ത്യാനികളുടെ കേന്ദ്രമാണെങ്കിൽ ഇലക്ഷന് അവിടെ രണ്ട് ക്രിസ്ത്യാനികളെ നിർത്തും എല്ലാ പാർട്ടിക്കാരും. ഈഴവരുടെ കേന്ദ്രത്തിൽ ഈഴവരെ നിർത്തും. ഇതാണ് നമ്മുടെ രാഷ്ട്രീയം. സംവരണത്തിന്റെ കാര്യത്തിൽ ഇത് കൂടുതൽ സങ്കീർണ്ണമാണ്. ഡി.എൻ.എ  ടെസ്റ്റ് എടുക്കുകയാണെങ്കിൽ സംവരണത്തിന്റെ കാര്യത്തിൽ നിങ്ങൾ എന്തു തീരുമാനം എടുക്കും? എല്ലാവരും മിക്സാണെങ്കിൽ സംവരണം ആർക്ക് കൊടുക്കും. ഇതൊരു വലിയ സോഷ്യോ-പൊളിറ്റിക്കൽ ഇഷ്യൂ ആണ്. അതാണ് നമ്മുടെ ഇപ്പോഴത്തെ ചലഞ്ച്. ഇവിടെ എത്രയോ പഠനങ്ങൾ തമസ്ക്കരിക്കപ്പെടുന്നു. ഡി.എൻ.എ പഠനങ്ങൾ മുഴുവൻ തമസ്ക്കരിക്കപ്പെടുകയാണ്. ഡി.എൻ.എ എല്ലാം കലർപ്പാണെന്ന് കണ്ടു പിടിച്ച മൊയ്ന ബാനർജി എന്ന ബംഗാളി ഇപ്പോൾ തിരുവനന്തപുരത്ത് വന്ന് ജോലി ചെയ്യുന്നു. സെന്റർ ഫോർ മോളിക്കുലാർ റിസേർച്ച് ആണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ജീവന് ഭീഷണി വന്നു. ചെയ്തു കൊണ്ടിരുന്ന പഠനം നിർത്താൻ. കാരണം ഈ പഠനം തുടർന്നാൽ കേരളത്തിലുള്ള എല്ലാവരും ഏകദേശം കലർപ്പാണെന്നുള്ളത് സ്ഥാപിക്കപ്പെടും. അത് ഇന്നത്തെ പൊളിറ്റിക്കൽ സിസ്റ്റത്തിന് ഒട്ടും ഇഷ്ടപ്പെടില്ല. എന്റെ ആർട്ടിക്കിൾ- മലയാളികളുടെ ജനിതകം പബ്ലിഷ് ചെയ്യാൻ പല പ്രസാധകരും ശ്രമിച്ചതേ ഇല്ല. പലരും തിരിച്ചയച്ചു. എല്ലാവർക്കുമുള്ള ചലഞ്ചാണ് ഡി.എൻ.എ പഠനങ്ങൾ അതാണ് സത്യം എന്നുള്ളത് പുറത്തുവരും. അപ്രിയ സത്യങ്ങൾ പറയരുത് എന്നു പറയും പോലെ.

ഡി.എൻ.എ പഠനത്തിന് സമൂഹത്തിൽ ഏതു തരത്തിലുള്ള ഇടപെടൽ നടത്താൻ കഴിയും?

സമൂഹത്തിൽ ഒരു അവബോധം ഉണ്ടാക്കിയെടുക്കാൻ പറ്റും. ശാസ്ത്രത്തെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് കാര്യം. വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു സമൂഹമാണ് നമ്മുടേത്. ഇന്ത്യൻ സമൂഹം പൊതുവെ അങ്ങനെയാണ്. അത് പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ശാസ്ത്രത്തിൽ അധിഷ്ഠിതമായി വരുകയാണ് വേണ്ടത്. അതിന് സമയമെടുക്കും. ഇപ്പോ ഇവിടെ നിന്ന് ശബരിമലക്ക് നടന്നു പോകുന്നവരെ കാണുന്നില്ലേ. വിശ്വാസത്തിന്റെ കാഠിന്യമാണ് നമ്മളവിടെ കാണുന്നത്. ചെരിപ്പില്ലാതെ തിളക്കുന്ന വെയിലത്ത്  നടക്കുന്നു. എത്രമാത്രമാണ് നമ്മുടെ വിശ്വാസമെന്ന് ചിന്തിച്ചാൽ മതി. ബ്രെയിനിൽ അത് ആഴ്ന്നിറങ്ങിയിട്ടുണ്ട്. അത് മാറാൻ സമയമെടുക്കും. സമയം മാത്രം പോരാ വലിയ വിപ്ലവങ്ങൾ വേണ്ടിവരും. അതൊന്നും തീർച്ചയായും എളുപ്പമല്ല. പറയാനെ പറ്റുകയുള്ളു.

ഹരിവരാസനത്തിന്റെ ഇന്നർ കോഡുവരെ ഞാൻ അനലൈസ് ചെയ്തിരിക്കുകയാണ്. അത് വളരെ നല്ല പാട്ടാണ്. ദേവരാജൻ മാസ്റ്ററുടെ സംഗീതം, യേശുദാസിന്റെ ആലാപനം ഓർക്കസ്ട്രേഷൻ, മധ്യമാവതി രാഗം, വളരെ മനോഹരമായ പാട്ടാണ്. പക്ഷേ അതിന്റെ വരികൾ മുഴുവൻ വ്യാകരണപരമായി തെറ്റാണ്. അതാർക്കും ഇഷ്ടപ്പെട്ടിട്ടില്ല. ഇങ്ങനെയുള്ള കണ്ടുപിടിത്തങ്ങൾ നടത്തുമ്പോൾ ഞാൻ പത്തുപേരെ അറിയിക്കാൻ ശ്രമിക്കുകയാണ്. അതാണ് റിബലായി തോന്നുന്നത്. എന്റെ പേരിൽ തന്നെ ഒരു റിബലിന്റെ ലക്ഷണമുണ്ട്.

ശ്രീധരൻ കർത്ത എതിരൻ കതിരവനായതെങ്ങനെ?

ഈ മറ ഞാൻ മനഃപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്. തുറന്ന് എഴുതാൻ വേണ്ടി, തുറന്ന് പറയാൻ വേണ്ടി. തുറന്ന് പറഞ്ഞാൽ സ്വീകാര്യത കിട്ടാൻ വേണ്ടി. ഈ പേര് വലിയൊരു സ്വാതന്ത്ര്യമാണ് എനിക്ക് തന്നത്. മറ്റു പേരുകൾ ചേർന്നാൽ ഉടനെ നമ്മളെ വേറെ കള്ളികളിൽ ഒതുക്കപ്പെടും. 'നീ ഇന്നയാളല്ലേ നീ ഇതൊക്കെയേ പറയൂ എന്ന് ഞങ്ങൾക്കറിയാം' എന്നു പറയും. ആ അനുഭവം ഉണ്ടായിട്ടുമുണ്ട്. ഇപ്പോഴുള്ള ഒരു റൂമർ ഇദ്ദേഹം സവർണ്ണനിൽ നിന്ന് അടികിട്ടിയ ഒരു ദളിതനാണെന്നാണ്. എനിക്കു വളരെ ഇഷ്ടപ്പെട്ടു. എനിക്കൊരു ഐഡന്റിറ്റി ആയി അത്. എന്നെയൊരു കള്ളിയിലാക്കിയിരിക്കുന്നു. എനിക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടി. കൂടുതൽ സ്വീകാര്യതയും ഉണ്ട്. എല്ലാവർക്കും ഞാനൊരു റിബലിന്റെ അംശം കൊടുക്കുകയാണ് എന്റെ പേരു മൂലം. എന്നാൽ സത്യത്തിൽ ഞാനൊരു അതിസവർണ്ണ ഹിന്ദു മൂരാച്ചിയാണ്. എന്റെ അച്ഛൻ ഒരു നമ്പൂതിരിയാണ് അമ്മ ഒരു കോവിലകത്തെ തമ്പാട്ടിയാണ്.

കേൾക്കുമ്പോൾ ഞാനൊരു തമിഴ് എഴുത്തുകാരനാണെന്നേ തോന്നൂ. ഈ ഇടക്ക് ഉണ്ണി ആർ നെക്കുറിച്ച് ഞാനെഴുതിയിരുന്നു. ലീല കഥയും സിനിമയും തമ്മിലുള്ള താരതമ്യം. ഉണ്ണി എന്നെ കണ്ടപ്പോൾ ചോദിച്ചു 'നെയ്യാറ്റിൻകരക്കാരനാണോ .' 

'അല്ല '. എന്താ ചോദിച്ചത്? '

'തമിഴിലെഴുതി മലയാളത്തിലാക്കുകയാണോ?'

'അല്ല. മലയാളത്തിൽ തന്നെയാ എഴുതുന്നത്.'

'അപ്പോ ശരിക്കും എവിടുന്നാ?'

'ഉണ്ണീടെ അടുത്തു നിന്ന്. പാലായിലേക്ക് പന്ത്രണ്ട് മൈൽ ദൂരമേ ഉള്ളു '

ഈ പേരെനിക്ക് വലിയ സ്വാതന്ത്ര്യം തരുന്നു. പിന്നെ എന്റെ വീട്ടുകാർ പറയുന്നത് ഈ കിട്ടുന്ന പ്രശസ്തി എനിക്കു കിട്ടുന്നില്ല എതിരൻ കതിരവന് പോകുന്നു എന്നേയുള്ളു. എനിക്കാ കാര്യത്തിൽ സന്തോഷമേയുള്ളു. ഞങ്ങൾക്ക് രാജഭരണം ഉണ്ടായിരുന്നതാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പെരുന്ന അമ്പലത്തിലെ ചെമ്പോടിനകത്ത് ഉള്ള ചരിത്രപുരുഷനാണ് എതിരൻ കതിരവൻ. ഇളങ്കുളം കുഞ്ഞൻപിള്ളയുടെ പുസ്തകത്തിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട്. അക്കാലത്തെ സാമ്പത്തിക അവസ്ഥ പറയുന്ന സാഹചര്യത്തിലാണ്. ദൈവത്തിന്റെ സ്വത്ത് നാടുവാഴിയുടെ / രാജാവിന്റെ സ്വത്ത് എന്ന ഒരു സംഘർഷമാണ് ചെമ്പോടിലുള്ളത്. അന്ന് നെല്ലും തേങ്ങയുമാണ് പണം. എതിരൻ കതിരവന് ഓരോ മാസവും ഇത്രയും കൊടുത്തിരിക്കണമെന്നും അല്ലങ്കിൽ ദൈവത്തിന്റെ ശിക്ഷയുണ്ടാകുമെന്നാണ്. എല്ലാത്തിനും രേഖകളുണ്ട്. ഇത് രേഖകളിലുള്ള, ചരിത്രനാമമാണ്. ഞാൻ കണ്ടു പിടിച്ചതൊന്നുമല്ല. ഞങ്ങൾ മധുരയിൽ നിന്ന് കുടിയേറിപാർത്തവരാണെന്നാണ് സങ്കൽപം. ബുദ്ധമതക്കാരാണ് ഞങ്ങൾ എന്നും ഒരു സങ്കൽപമുണ്ട്. കാരണം ഞങ്ങളുടെ കുടുംബം വലിയ ആയുർവേദ വൈദ്യൻമാരുള്ളതായിരുന്നു. ബുദ്ധമതക്കാരുടേതാണ് ആയുർവേദം. ഞങ്ങളുടെ കുലദൈവം മധുര മീനാക്ഷിയാണ്. ശാസ്ത്രാവിന്റെ ഒരു ക്ഷേത്രവുമുണ്ട്. ചരിത്രം എത്ര ശരിയാണെന്നറിയാൻ വയ്യ. ചരിത്രത്തിലുള്ള  പേരാണ്. ടിപ്പിക്കൽ ദ്രവീഡിയൻ പേര്.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA