എൺപതാം വയസ്സിലെത്തിയ യുവാവ്...

perumbadavam
SHARE

‘‘വയസ്സോ!! എനിക്കോ!! 

ഞാൻ ഒന്നാന്തരം ചെറുപ്പക്കാരനാണ്’’– എൺപതാം വയസ്സിലെത്തിയ യുവാവ് പെരുമ്പടവം ശ്രീധരൻ പ്രഖ്യാപിച്ചു. 

പറഞ്ഞതു പെരുമ്പടവമെങ്കിലും പറയിപ്പിച്ചതു ഗുരുവാണ്– സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ. 

പത്തു മുപ്പതു കൊല്ലം മുൻപാണ്. ബഷീറിനോടു പെരുമ്പടവം ചോദിച്ചു: ‘ഗുരോ, വയസ്സായി എന്നാണല്ലോ പത്രക്കാരൊക്കെ പറയുന്നത്’. 

‘‘പോടാ അവ്ടന്ന്...’’ ഗുരു ഒറ്റ ആട്ട് ആട്ടി. 

‘‘എനിക്കെങ്ങനെയാടാ വയസ്സാകുന്നത്?’’ 

ഇമ്മിണി വല്യ നേരല്ലേ അത്. ഗുരുവിനു വയസ്സാകുന്നില്ലെങ്കിൽ ശിഷ്യനും അങ്ങനെ തന്നെ. 

എങ്കിലും ഔദ്യോഗികമായി ഇന്ന് എൺപതാം വയസ്സിലേക്കു കടക്കുകയാണ് മലയാള സാഹിത്യത്തിൽ ഹൃദയംകൊണ്ട് ഒപ്പുവച്ച സാഹിത്യകാരൻ. ഹൃദയത്തിൽ കുരിശിന്റെയും നക്ഷത്രത്തിന്റെയും ചിഹ്നമുള്ള എഴുത്തുകാരൻ എന്ന് ഒഎൻവി വിശേഷിപ്പിച്ച പെരുമ്പടവം ശ്രീധരൻ. പ്രായത്തെ പക്ഷേ അംഗീകരിക്കാത്തതു പെരുമ്പടവം മാത്രം. 

‘‘ഒന്നോ രണ്ടോ വയസ്സ് പിശകിയിട്ടുണ്ടെന്ന് ഉറപ്പ്. അന്നത്തെ കാലം... പാവം, നിരാലംബയായ ഒരു സ്ത്രീ കൊച്ചിനെ പള്ളിക്കൂടത്തിൽ ചേർത്തു. ഏതോ വാധ്യാന്മാർ ഒരു ജനനത്തീയതിയും കൊടുത്തു. അത്ര തന്നെ’’. 

കാര്യമൊക്കെ അറിയാമെങ്കിലും അതു കുത്തിപ്പൊക്കാനും തിരുത്തി ലാഭമുണ്ടാക്കാനും നാളിതുവരെ പെരുമ്പടവം പോയിട്ടില്ല. അതിന്റെ ആവശ്യമൊട്ടു തോന്നിയിട്ടുമില്ല. 

‘‘രണ്ടു വയസ്സ് കുറഞ്ഞിട്ട് എന്തു കാര്യം’’–തിരുവനന്തപുരം തമലത്തെ ‘പെരുമ്പടവം’ വീട്ടിൽ കാണുമ്പോൾ അദ്ദേഹം നിർമമനായി. ആ പറച്ചിലിൽ അടയാളപ്പെടുത്താം സരളവും സുതാര്യവും ഋജുവുമായ ഒരു ജീവിതത്തെ. വഴിത്തർക്കങ്ങൾക്കില്ല; വഴി മുടക്കാനുമില്ല. 

ജീവിതത്തിന്റെ പുറമ്പോക്കിൽ, അതുമല്ലെങ്കിൽ കൊയ്ത്തൊഴിഞ്ഞ പാടത്ത് കാലാ പെറുക്കി നടക്കുന്ന ഒരു നിസ്സാരൻ– അങ്ങനെയാണ് അദ്ദേഹം സ്വയം വിലയിരുത്തിയത്. 

പക്ഷേ, അരനൂറ്റാണ്ടിലേറെയായി മലയാളം പെരുമ്പടവത്തെ വായിക്കുകയാണ്, ഒട്ടും മുഷിയാതെ; ഒട്ടേറെ സ്നേഹത്തോടെ. 

 

∙ പ്രതിഭകൾ പ്രകാശം വിതറിയ സാഹിത്യനഭസിൽ ‘ഒരു കീറ് ആകാശ’ത്തിന് ഉടയോനല്ലേ പെരുമ്പടവം? 

അവകാശവാദങ്ങളൊന്നുമില്ലാത്ത എളിയൊരു എഴുത്തുകാരനാണ് ഞാൻ. ഒപ്പമുള്ളവർക്കിടയിൽ തല ഉയർത്തിപ്പിടിക്കാനുള്ള ഗർവോ പൊക്കമോ എനിക്കില്ല. എങ്ങനെയോ എഴുത്തുകാരനായി. ഇല്ലായിരുന്നെങ്കിൽ ചെണ്ടക്കാരനായേനെ. അമ്പലങ്ങളേറെയുള്ള പെരുമ്പടവം എന്ന കുഗ്രാമത്തിലെ കുട്ടിയുടെ ആരാധനാമൂർത്തിയായിരുന്നു ചെണ്ടയിൽ അദ്ഭുതം കാട്ടുന്നയാൾ. 

 

∙ ഈ എളിമയാണോ പെരുമ്പടവത്തിനെ സർവജന പ്രിയനാക്കുന്നത്? ശത്രുബാധയില്ലാതെ എങ്ങനെ ഇത്രയും നീണ്ട കാലം? 

കേരളത്തിലെ എല്ലാ എഴുത്തുകാരുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. എല്ലാവരോടും എനിക്കു സ്നേഹവും ബഹുമാനവുമാണ്. ഞാൻ ആരുടെയും തോളിൽ കയ്യിട്ടു നടക്കുന്നില്ലായിരിക്കും. ആഘോഷസദസ്സുകളിൽ കാണുന്നില്ലായിരിക്കും. പക്ഷേ ഞാൻ ആരുടെയും വഴിമുടക്കിയല്ല. 

∙ എന്റെ ഭാഷയിലെ ഏറ്റവും പ്രതിഭാശാലികളായ എഴുത്തുകാരുടെ കാലത്തു ജീവിക്കാനും അവരുടെ സ്നേഹവും കരുതലും അനുഭവിക്കാനും കഴിഞ്ഞതാണു ജീവിതത്തിലെ മഹാഭാഗ്യം എന്നു പറഞ്ഞിട്ടുണ്ട്. 

വയലാർ അവാർഡ് കിട്ടിയപ്പോൾ, ഇതെല്ലാമൊരു ഭാഗ്യമല്ലേ എന്ന ചോദ്യത്തോടാണു ഞാൻ ഇങ്ങനെ പ്രതികരിച്ചത്. സത്യമാണ്. വിടിയും തകഴിയും ബഷീറും മുതൽ എംടിയും ടി. പത്മനാഭനും മാധവിക്കുട്ടിയും സക്കറിയയും എന്നിങ്ങനെ നീ​ളുന്ന പ്രതിഭകളുടെ കാലത്തു ഞാൻ ജീവിച്ചല്ലോ. 

∙ ‘ഒരു സങ്കീർത്തനം പോലെ’ നേടിയ പ്രശസ്തി അസൂയക്കാരെയൊന്നും സൃഷ്ടിച്ചില്ലെന്നാണോ? 

അല്ലേയല്ല. ആ നോവൽ എഴുതും വരെ ഞാൻ എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു. അതെഴുതിക്കഴിഞ്ഞപ്പോൾ ചിലയാളുകൾക്ക് ഒരു വിഷമം. ആ നോവൽ മോഷണമാണെന്നു വരെ പറഞ്ഞവരുണ്ട്. ഒന്നും എന്നെ ബാധിച്ചില്ലെന്നു പറയാം. ഒരിക്കൽ മാത്രം അൽപം കടുത്തു പറയേണ്ടിവന്നു. എന്റെയൊരു ആത്മമിത്രം, പത്തിരുപതു വർഷം ഒരേ ഇഷ്ടാനിഷ്ടങ്ങളുമായി ഒന്നിച്ചുണ്ടായിരുന്ന ആൾ. അദ്ദേഹമാണു തിരിഞ്ഞുനിന്ന് എനിക്കെതിരെ വിരൽചൂണ്ടുന്നത്, അപഹസിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കുമെല്ലാം വിഷമമായി – ആ ആൾ അങ്ങനെ ചെയ്തല്ലോയെന്ന്. സഹികെട്ടപ്പോൾ പറഞ്ഞുപോയി: വാടക്കാറ്റ് അടിച്ച് ഒരു കുന്നും പറന്നുപോയിട്ടില്ല എന്ന്. എന്റെ നോവൽ ഒരു ക്ലാസിക് കൃതിയാണെന്ന് എഴുതിയ ആളാണ് ആ പുസ്തകം വല്ലാതങ്ങ് ഉയർന്നു പോകുന്നതു കണ്ടപ്പോൾ നേരെ തിരിഞ്ഞത്. പിന്നീട് ഞാൻ അക്കാദമി പ്രസിഡന്റായപ്പോൾ അദ്ദേഹത്തെ ഒരു യോഗത്തിലേക്കു ക്ഷണിച്ച് ആദരിച്ചു. 

∙ പെരുമ്പടവം സമം ഒരു സങ്കീർത്തനം പോലെ എന്നു പേരു വീണെങ്കിലും അങ്ങു തന്നെ പറയൂ, അതാണോ പെരുമ്പടവത്തിന്റെ ഏറ്റവും മികച്ച കൃതി? 

അല്ല. ‘അരൂപിയുടെ മൂന്നാം പ്രാവി’നെ ഞാൻ കാണുന്നത് ഒരു പടികൂടി മുകളിലാണ്. അത് ആദ്യം പറഞ്ഞത് നരേന്ദ്രപ്രസാദാണ്. സങ്കീർത്തനം ഏറെ ഇഷ്ടപ്പെട്ടിരുന്ന, ദസ്തയേവ്സ്കിയായി അഭിനയിക്കാൻ കഴിഞ്ഞാൽ മഹാഭാഗ്യമായിരിക്കുമെന്നു പറഞ്ഞ അതേ പ്രസാദാണ് അരൂപിയെക്കുറിച്ച് അതിദീർഘമായ ആസ്വാദനം എഴുതിയത്. സങ്കീർത്തനം എന്റെ സങ്കൽപങ്ങൾക്കുമപ്പുറത്തേക്ക് ഉയർന്നുപോയി. ഇഷ്ടപ്പെട്ട പല  കൃതികളും സങ്കീർത്തനത്തിന്റെ പ്രശസ്തിയുടെ നിഴലിലായി. 

∙ സങ്കീർത്തനം എഴുതിയില്ലായിരുന്നുവെങ്കിൽ... 

അരൂപിയുടെ മൂന്നാം പ്രാവിന്റെ പേരിലാകും പെരുമ്പടവത്തെ അടയാളപ്പെടുത്തുക എന്നു ഞാൻ വിശ്വസിക്കുന്നു. വർഷങ്ങൾക്കു മുൻപൊരു ദിവസം, താടിയും മുടിയും നീട്ടിവളർത്തി ചപ്രശ്ശനായി ഒരാൾ എന്നെത്തേടി വന്നു. മുഷിഞ്ഞ വേഷം, മദ്യപിച്ചിട്ടുമുണ്ട്. കയറി വാ സ്നേഹിതാ.. എന്നു ഞാൻ ക്ഷണിച്ചു. ഇല്ല, ഞാൻ കുളിച്ചിട്ടില്ല. പെരുമ്പടവത്തിനെ ഒന്നു കാണാനാണു ഞാൻ വന്നത്. പേരെന്താണ്–ഞാൻ കുശലം ചോദിച്ചു. ആൻഡ്രൂസ് സേവ്യർ– അപ്പോൾ ഞാൻ നടുങ്ങിപ്പോയി. അത് അരൂപിയിലെ കഥാപാത്രമാണ്. എന്റെ കയ്യെടുത്ത് ചുംബിച്ച ശേഷം ആ മനുഷ്യൻ നടന്നുപോയി. 

ഹൃദയത്തിൽ കുരിശും നക്ഷത്രവുമുള്ള എഴുത്തുകാരൻ. എല്ലാ കൃതികളിലും –‘നാരായണ’ത്തിൽ വരെ– ഉണ്ട് ജീവിതത്തിന്റെ പീഡാനുഭവം. എഴുത്ത് മരണസദൃശമായ വേദനയാണെന്നും ആത്മ ബലിയാണെന്നും മരണം തന്നെയെന്നും സദാ ആവർത്തിക്കുന്നു പെരുമ്പടവം.. 

എഴുത്തും ജീവിതവും രണ്ടല്ല, ഒന്നു തന്നെയാണ് എനിക്ക്. എന്റെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന പീഡനം എന്റെ മനസ്സു തന്നെയാണ്. അതുകൊണ്ടാണ് ‘തോരാതെ പെയ്യുന്ന പെരുമഴയിൽ എന്റെ മനസ്സിലെ പച്ചിലക്കാടുകൾ കത്തികൊണ്ടിരുന്നു’ എന്നു സങ്കീർത്തനത്തിന്റെ എഴുത്തനുഭവത്തെ ഞാൻ വിവരിച്ചത്. ദസ്തയേവ്സ്കിയുടെ മനസ്സും എനിക്കൊപ്പം എരിഞ്ഞു. കൊടുങ്കാറ്റിൽ എന്റെ ജീവിതനൗക ഉലഞ്ഞാടിയപ്പോൾ, കപ്പൽച്ചേതങ്ങളുണ്ടായപ്പോൾ എന്റെ കൃതികളിലും വൈകാരികക്ഷോഭങ്ങളുണ്ടായി. 

വിപരീതങ്ങളോടു പൊരുതിക്കയറി വന്നതാണ് എന്റെ ജീവിതം. പെരുമ്പടവത്തെ കുഗ്രാമം. നാലാം വയസ്സിൽ അച്ഛൻ മരിച്ച കുട്ടി. അമ്മയ്ക്കും പെങ്ങൾക്കുമൊപ്പം ഓല മറച്ചുകുത്തിയ ഒരു കുടിലിൽ ജീവിക്കാൻ ഒരു നിവൃത്തിയുമില്ലാതെ കൗമാരവും യൗവനവും. ചെറിയ തോതിലുള്ള കവിത, കഥയെഴുത്ത് മാത്രം. സ്ഥിര വരുമാനമില്ല. ഒറ്റപ്പെടുത്തലും അവഗണനയും മാത്രം. എന്നിട്ടും എന്നെ മാത്രം വിശ്വസിച്ച് എല്ലാം ഇട്ടെറിഞ്ഞ് ഒരു പെൺകുട്ടി ഇറങ്ങിവന്നു. അവളെയും കൊണ്ട് ഒരു ഗതി തേടി എന്തുമാത്രം അലഞ്ഞു. വീണുപോകും എന്നു തോന്നിയ എത്രയോ സന്ദർഭങ്ങൾ... അവൾ പൂർണഗർഭിണിയായിരിക്കെ, ആത്മഹത്യയെക്കുറിച്ചു ചിന്തിച്ച ഭർത്താവാണ് ഞാൻ. മരിച്ചാൽ അവളെയും കുഞ്ഞിനെയും വീട്ടുകാർ കൊണ്ടുപോകുമല്ലോ, അവരെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതി. എന്റെ ഭീരുത്വമാകാം ഒരു ഉൾവിളി പോലെ, വിഭ്രമം പോലെ, ഞാൻ എഴുതിക്കൊണ്ടിരുന്ന നോവലിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ശബ്ദം എന്നെ മരണത്തിൽ നിന്നു പിന്തിരിപ്പിച്ചു. ആ നോവൽ ഞാൻ പൂർത്തിയാക്കി. അതാണ് ‘അഭയം.’ അന്ന് (1964ൽ) ആയിരം രൂപയുടെ അവാർഡ് നേടി ആ നോവൽ. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടും ശോഭനാ പരമേശ്വരൻ നായരും ചേർന്ന് അതു സിനിമയാക്കി. അഭയത്തിൽ നിന്നാണു ‍ഞങ്ങളുടെ ജീവിതം തുടങ്ങുന്നത്. പത്തു വർഷത്തോളം സിനിമാരംഗത്തു നിന്നു. കുറെ നോവലുകൾ സിനിമയാക്കി. തിരക്കഥയെ​ഴുതി. അവാർഡുകളും കിട്ടി. പിന്നെ ആ വഴി വിട്ടു. 

 

ഓരോ ദുരന്തവും ജീവിതത്തെ കൂടുതൽ സ്നേഹിക്കാനാണ് എന്നെ പഠിപ്പിച്ചത് എന്നാണു പെരുമ്പടവം പറഞ്ഞുതന്നത്. 

സങ്കീർത്തനത്തിൽ ദസ്തയേവ്സ്കി പറയുന്ന ആ വാചകം എന്റെ ജീവിതസങ്കൽപമാണ്. അല്ലെങ്കിൽ ഓർത്തുനോക്കൂ, എത്രമാത്രം ഏകാകിയായ ഒരു മനുഷ്യനാണു ഞാൻ. ദുരന്തങ്ങളും വേദനകളുംകൊണ്ട് ഇരുൾമൂടിയ ജീവിതം. നാലാം വയസ്സിൽ അനാഥനായവൻ. തോളിൽ കയ്യിട്ടു ‘വിഷമിക്കാതെ’ എന്നുപറഞ്ഞു ചേർത്തുനിർത്താൻ ആരും ഉണ്ടായിരുന്നില്ല, അമ്മയും ഭാര്യയുമല്ലാതെ. 

കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘അവനി വാഴ്‍വ് കനവ്’ ആണു വായനക്കാർ ഇനി പ്രതീക്ഷിക്കുന്നത്. 

ലൈലയുടെ അസുഖങ്ങൾമൂലം എഴുത്തു നീണ്ടുപോയി. ഇപ്പോഴാണ് അതിലേക്കു മടങ്ങിവന്നത്. ഈ വർഷം തന്നെ പുറത്തിറങ്ങും. ദേശകാലങ്ങൾ കടന്നുപോവുന്നുണ്ട് ആ കൃതി. കച–ദേവയാനിമാരെക്കുറിച്ച് എഴുതാനുള്ള ആലോചനയ്ക്കിടെയാണ് ആശാൻ മരിക്കുന്നത്. ദേവയാനിയുടെ ജീവിതം പുരാണത്തിലുണ്ട്. പക്ഷേ കചന് എന്തു സംഭവിച്ചു എന്നു മിണ്ടുന്നില്ല. അതും ഞാൻ അന്വേഷിക്കുന്നുണ്ട്. യുഗാന്തരങ്ങൾക്കിപ്പുറത്തു നിന്നു ശുക്രാചാര്യരുടെ ആശ്രമത്തിലെത്തുന്ന ആശാനെ സങ്കൽപിച്ചാണ് ആ നോവൽ തുടങ്ങുന്നത്. മറ്റൊന്നും മനസ്സിലുണ്ട്. അലക്സാണ്ടറെക്കുറിച്ചുള്ള നോവൽ – അശ്വാരൂഢന്റെ വരവ്.

സ്റ്റെല്ലോവ്സ്കി എന്ന പ്രസാധകനെ ‘ദുഷ്ടൻ’ എന്നാണു ദസ്തയേവ്സ്കി വിളിക്കുന്നത്. ആശ്രാമം ഭാസി എന്ന പ്രസാധകനെ പെരുമ്പടവം വിളിക്കുന്നതോ? 

ആത്മമിത്രമെന്നല്ല, സഹോദരൻ എന്നു തന്നെ. ഒരു സങ്കീർത്തനം പോലെ അച്ചടിച്ച ശേഷം വിതരണത്തിനു സാഹിത്യപ്രവർത്തക സഹകരണ സംഘത്തെ ഏൽപിക്കാമെന്ന ആശയം ഭാസിയുടേതായിരുന്നു. പക്ഷേ അച്ചടിക്കാൻ കാശില്ല. വായന മരിച്ചെന്ന് എല്ലാവരും എഴുതിത്തള്ളി ശവദാഹവും നടത്തിയിരിക്കുന്ന സമയമാണ്. ഒരു റഷ്യൻ സാഹിത്യകാരന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള നോവൽ ഇവിടെ ആരു വായിക്കും എന്നു ഞാൻ ആശങ്കപ്പെട്ടു. പക്ഷേ ഭാസി സധൈര്യം അച്ചടിയുടെ ‘റിസ്ക്’ ഏറ്റെടുത്തു. 1000 കോപ്പി മതിയെന്നു പറഞ്ഞിട്ടും 3000 കോപ്പി അച്ചടിച്ചു. ഒന്നര മാസംകൊണ്ട് അതു വിറ്റുതീർന്നു. ഭാസിയെപ്പോലെ എഴുത്തുകാരെ കൂടെ കൊണ്ടുനടക്കുന്ന നല്ല പ്രസാധകർ വരണം. എന്നാലേ എ​ഴുത്തുകാർ രക്ഷപ്പെടൂ. 

സങ്കീർത്തനം എഴുതിയ ശേഷമാണ് അങ്ങ് ദസ്തയേവ്സ്കിയുടെ നാടു കാണുന്നത്. നേരെ തിരിച്ചായിരുന്നു എങ്കിൽ..? 

ഒരു മാറ്റവുമുണ്ടാകില്ല. വായിച്ചതും കേട്ടതുമായ അറിവുകൾ വച്ചാണ് ഞാൻ ആ ദേശകാലങ്ങൾ സങ്കൽപിച്ചത്. സെന്റ് പീറ്റേഴ്സ്ബർഗിലെ തെരുവുകൾ, ദസ്തയേവ്സ്കിയുടെ എഴുത്തുമുറി, ഉരുളക്കിഴങ്ങിന്റെ തൊലിയുരിഞ്ഞുകൊണ്ട് അന്ന നിന്ന ആ അടുക്കള, അവളുമൊത്ത് അദ്ദേഹം പോയ പള്ളികൾ, നടപ്പാതകൾ – ഞാൻ വിസ്മിതനായി. അതെല്ലാം ഞാൻ സങ്കൽപിച്ചതുപോലെ തന്നെ. നേവാ നദിക്കു മാത്രം മാറ്റം. പെരിയാറോ മൂവാറ്റുപുഴയാറോ ഭാരതപ്പുഴയോ ഒക്കെ ആയിരുന്നു എന്റെ മനസ്സിൽ. നിറയെ വെണ്ണക്കൽ പാകിയ ആ നദീതീരം ഞാൻ സങ്കൽപിച്ചതു പോലെയല്ല. 

‘ഒരു കീറ് ആകാശ’ത്തിൽ പറയുന്നതു പോലെ തിരികല്ല് തേടിയ ഒരു ധാന്യമണിയാണോ പെരുമ്പടവവും? 

അതെ, പൊടിഞ്ഞു തീരാൻ തിരികല്ല് തേടിക്കൊണ്ടേയിരിക്കുന്ന ഒരു ധാന്യമണി. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA