അമേരിക്കയിലെ മലയാളം പറയുന്ന സർവകലാശാല: ദർശന സംസാരിക്കുന്നു

Darshana
SHARE

അഭിമുഖങ്ങളിലും വേദികളിലും സിനിമാതാരങ്ങളുൾപ്പെടെ പല മലയാളികളും മലയാളികളായ സദസ്യർക്കും പ്രേക്ഷകർക്കും മുന്നിൽ ഇംഗ്ലിഷിൽ സംസാരിക്കുമ്പോൾ അത് കേൾക്കുന്നവർ പലരും പ്രതികരിക്കുന്നത് കാണാറുണ്ട്. സ്വന്തം നാടിന്റെ, ഭാഷയുടെ, മണ്ണിന്റെ ഗന്ധമറിയാതെ മറ്റാരുടെയോ ഭാഷയെ നെഞ്ചേറ്റുന്ന ഒരു ജനതയാണല്ലോ നമ്മുടേതെന്നോർത്ത് പലപ്പോഴും പല എഴുത്തുകാരും വിഹ്വലരാകുന്നതും കണ്ടിട്ടുണ്ട്. നാമെപ്പോഴും കടമെടുക്കുന്നത് ഇംഗ്ലിഷ് ഭാഷയെ ആണ്. സാർവലൗകികമായ, സർവാത്മനാ അംഗീകരിക്കപ്പെടുന്ന ഒരു ഭാഷയായതുകൊണ്ടുതന്നെ ഇംഗ്ലിഷിന് വളരെ ആഴത്തിലുള്ള സ്വീകാര്യതയുമുണ്ട്. പക്ഷേ മലയാളത്തിന്റെ മണം തിരിച്ചറിഞ്ഞ മലയാളി പൂർണമായും തങ്ങളെ മറ്റൊരു ഭാഷയ്ക്കു മറിച്ചു വിൽക്കുന്നതിൽ മടിയുള്ളവരാണ്. പ്രവാസികളായ മലയാളികളാണ് ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടവർ. എന്നാലും വിദേശത്തു ജനിച്ചു വളർന്ന കുഞ്ഞുങ്ങളെ എങ്ങനെ മലയാളം ആരാധകരാക്കി മാറ്റും? വീട്ടിൽ സംസാരിക്കുന്നതിനു പോലും പലപ്പോഴും പല പ്രവാസി മാതാപിതാക്കളും അനുഭവിക്കുന്ന നിസ്സഹായത പ്രകടമാണ്. ഇത്തരം തിരിച്ചറിവുകളൊക്കെ അമ്പരപ്പോടെ നോക്കുന്ന ഒരിടം വിദേശത്തു തന്നെയുണ്ട്. ഒരു വിദേശ സർവകലാശാല അവരുടെ ഭാഷകളിൽ ഒന്നായി മലയാളം പഠിപ്പിക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. അമേരിക്കയിലെ ടെക്സസ് യൂണിവേഴ്‌സിറ്റിയിലാണ് മലയാളം വിഭാഗം ഉള്ളത്. മലയാളികളും വിദേശികളുമായ കുട്ടികൾ ഇവിടെ ബിരുദം മുതൽ പി എച്ച് ഡി വരെയുള്ള വിവിധ തലങ്ങളിൽ പഠിക്കുകയും ചെയ്യുന്നു.  

പത്തനംതിട്ടക്കാരിയായ ദർശന മനയത്ത് ശശിയാണ് ടെക്സസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം വിഭാഗം പ്രധാനാധ്യാപിക. അവിടുത്തെ വിശേഷങ്ങൾ ദർശന പറയുന്നു,

അമേരിക്കയിലും മലയാളം വേണം

എല്ലാ സർവകലാശാലയിലും മലയാളം വിഭാഗമില്ല, സ്ഥിരമായി നടക്കുന്നത് ഇപ്പോൾ ഇവിടെ ടെക്‌സാസ് യൂണിവേഴ്സിറ്റിയിലാണ് (യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിൻ). പെൻസിൽവേനിയയിൽ ഒരു സർവകലാശാലയിൽ ഉണ്ടെന്നറിഞ്ഞിട്ടുണ്ട്, പക്ഷേ അതൊരു വലിയ പ്രോജക്ട് ആയിട്ടില്ല, കുട്ടികൾ വരുമ്പോൾ അവർ ക്ലാസെടുക്കും എന്നേയുള്ളൂ. നമ്മുടെ സർവകലാശാല ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിലാണ്. ഇവിടെ മലയാളം, തമിഴ്, തെലുങ്ക്, സംസ്കൃതം എന്നീ വിഭാഗങ്ങളുണ്ട്. ഏതെങ്കിലും ഒരു ഭാഷ രണ്ടാം ഭാഷയായി പഠിക്കാൻ നമ്മുടെ നാട്ടിലും ഉണ്ടല്ലോ, അതുപോലെ ഇവിടെയും ബിരുദ വിദ്യാർഥികൾക്ക് ഒരു വിദേശഭാഷ നിർബന്ധമായും എടുക്കണമെന്നുണ്ട്. അങ്ങനെ വന്ന ചിലരുണ്ട് മലയാളം പഠിക്കാൻ. മലയാളം മേജർ ആയി പഠിക്കാൻ വരുന്ന കുട്ടികളും പിഎച്ച്ഡി ചെയ്യുന്ന കുട്ടികളുമുണ്ട്. പക്ഷേ പഠിക്കുന്നത് മലയാളം ആണെങ്കിലും അവരുടെ തീസിസും പ്രോജക്ടും ഒക്കെ ഇംഗ്ലിഷിൽ തന്നെയാണ്. അതുകൊണ്ട് നാട്ടിലെ സംവിധാനം പോലെയാണെന്നു പറയാൻ പറ്റില്ല. 

Darshana

നാൽപതു വർഷത്തെ മലയാളം വിഭാഗം

നാൽപതു വർഷമായി ടെക്‌സസ് സർവകലാശാലയിൽ മലയാളം വിഭാഗം പ്രവർത്തനം ആരംഭിച്ചിട്ട്. ഡോ റോഡ്‌നി മോഗൻ എന്ന അമേരിക്കക്കാരനാണ് ഇവിടെ ആദ്യമായി മലയാളം വിഭാഗം ആരംഭിക്കുന്നത്. പതിനാലു ഭാഷകൾ അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം കാഴ്ച ഇല്ലാത്ത ആളുമാണ്. അദ്ദേഹം മലയാളത്തിൽ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഇവിടെ ക്ലാസ്സിൽ റഫറൻസിനായി ആ പുസ്തകമാണ് ഉപയോഗിക്കുന്നത്. ഇത്രയും വർഷമായി നല്ല രീതിയിലാണ് മലയാളം പ്രോഗ്രാം ഇവിടെ നടക്കുന്നത്. അദ്ദേഹം പിരിഞ്ഞു പോയതിനു ശേഷമാണ് ഡോക്ടർ മാധവൻ ആർ. ഉണ്ണികൃഷ്ണൻ വന്നത്. ഇന്ത്യയിലെ മുസൂറിയിൽ സിവിൽ സർവീസ് പ്ലേസ്മെന്റ് ഉള്ളവർക്ക് ക്ലാസ് എടുക്കുന്ന ആളായിരുന്നു അദ്ദേഹം. റിട്ടയർമെന്റിനോട് അടുത്തായിരുന്നു അദ്ദേഹം

ഇവിടേക്കു വന്നത്, എന്നാലും ഏഴെട്ടു വർഷം ഇവിടെ ജോലി ചെയ്തു. പക്ഷേ ഇവിടെന്തോ അദ്ദേഹത്തിനു മടുപ്പായിരുന്നു, അതുകൊണ്ടു ഇവിടെനിന്നു പിരിഞ്ഞു നാട്ടിലേക്കു മടങ്ങാൻ തയാറായി ആ സമയത്താണ് എന്റെ പ്രോജക്ട് ഒക്കെ അവസാനിച്ചു തീസിസ് നൽകിയത്. ഉണ്ണിത്താൻ സാറിന് എന്നെ അറിയാമായിരുന്നു. ഡോ. എം ജെ ശശിഭൂഷണായിരുന്നു എന്റെ ഗൈഡ്. നാട്ടിൽ ഞാൻ മലയാളം മിഷനിൽ ഒരു പ്രോഗ്രാം നടത്തിയിരുന്നു, വിദേശികൾക്കു വേണ്ടി. വിശ്വ മലയാള മഹോത്സവത്തിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഏജീസ് ഓഫിസിൽ വിദേശികൾക്കു വേണ്ടി ക്‌ളാസ് എടുത്തിരുന്നു. അതെല്ലാം ഇവിടെ അറിഞ്ഞിരുന്നു.  ഉണ്ണികൃഷ്ണൻ സാർ എന്റെ പേര് ഇവിടെ നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് സർവകലാശാലയിൽ നിന്ന് മെയിൽ വന്നു. ഞാൻ മറുപടിയും അയച്ചു. ഇവിടുത്തെ മാർത്ത മാം ആ സമയത്ത് ചെന്നൈയിൽ വന്നിരുന്നു, ഞങ്ങൾ കണ്ടു. ഒന്നര മണിക്കൂറോളം അഭിമുഖവും അന്നു നടന്നു. ഒരാഴ്ചയ്ക്കു ശേഷം അപ്പോയിന്റ്മെന്റ് ഓർഡർ കിട്ടി. പിന്നെ നാലു മാസത്തിനുള്ളിൽ ഇങ്ങോട്ടു പോന്നു. ഞാൻ വന്ന ശേഷം 2016 ൽ ഞങ്ങൾ മലയാളം വിഭാഗത്തിൽ ഓണം ആഘോഷിച്ചിരുന്നു, അതിനു സൗത്ത് ഏഷ്യൻ വിഭാഗത്തിൽനിന്ന് ഞങ്ങൾക്ക് ഫണ്ടൊക്കെ അനുവദിച്ചു. അങ്ങനെ ഇപ്പൊ മിക്ക സാംസ്‌കാരിക പരിപാടികളും ആഘോഷിക്കും. മലയാളി അസോസിയേഷനൊക്കെ നമ്മുടെ വിഭാഗത്തിൽ സന്ദർശനം നടത്താറുണ്ട്. നമ്മുടെ നാട്ടിൽ പോലും കാണാത്ത പല പുസ്തകങ്ങളും ഇവിടുത്തെ വായനശാലയിൽ ഉണ്ട്. മലയാളത്തിൽത്തന്നെ പതിനായിരത്തോളം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ വായനശാലകളിലൊന്നാണ് ഇവിടുത്തേത് . 

darshana5

അടുത്ത ആഴ്ച ഒരു സെമിനാർ നടത്തുന്നുണ്ട്. ആദ്യമായാണ് ഇത്ര വലിയൊരു സെമിനാർ മലയാളം വിഭാഗത്തിൽ ചെയ്യുന്നത്. മറ്റു വിഭാഗത്തിൽ വലിയ വലിയ സെമിനാറുകൾ നടക്കാറുണ്ട്. നമുക്കിത് ആദ്യമായാണ്. നാട്ടിൽനിന്ന് ഒരാളെ കൊണ്ടുവരാനുള്ള ഫണ്ട് ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടില്ല. അങ്ങനെ അന്വേഷിച്ചപ്പോഴാണ് സിനിമാനടനും എഴുത്തുകാരനുമൊക്കെയായ തമ്പി ആന്റണി സാറിനെക്കുറിച്ചറിയുന്നത്. അദ്ദേഹമാണ് ഈ പ്രോഗ്രാമിൽ ക്ലാസ്സെടുക്കുന്നത്. 

നാട്ടിൽ വന്നും പ്രോജക്ട്

Darshana

ചില പ്രോജക്ടുകൾക്ക് കുട്ടികൾക്ക് നാട്ടിൽ വന്നു ചിലതൊക്കെ കണ്ടെത്തേണ്ടതുണ്ട്. ഇക്കഴിഞ്ഞ ജൂൺ- ജൂലൈ മാസത്തിൽ ഇവിടെനിന്നു കുട്ടികൾ അവരുടെ പ്രോജക്ടിനു വേണ്ടി കേരളത്തിലേക്കു വന്നിരുന്നു. ഇവിടുന്നു രണ്ടു കുട്ടികൾ മലയാളത്തിനു വേണ്ടി ഫെല്ലോഷിപ്പോടെ ആണ് വന്നത്. മലയാളം ഓണേഴ്‌സ് പഠിച്ചിരുന്ന ഒരു കുട്ടി ശ്രീനാരായണഗുരുവിന്റെ വചനങ്ങളെക്കുറിച്ചാണ് പഠനം നടത്തിയത്. അമേരിക്കൻ പൗരയായ ഒരു കുട്ടിയാണത്.  മികച്ച പ്രകടനം നടത്തുന്ന മലയാളം കുട്ടികൾക്ക് ബിരുദ തലത്തിൽ പുരസ്‌കാരം നൽകുന്നുണ്ട്, ഫെല്ലോഷിപ്പുകളുണ്ട്. ഇവിടെയുള്ള കുട്ടികൾ നന്നായി  മലയാളം സംസാരിക്കും. ഹിന്ദിയും മലയാളവും രാമായണവും താരതമ്യ പഠനം ഒരു കുട്ടി ചെയ്യുന്നുണ്ട്. മലയാളിക്കുട്ടികൾ റിസേർച് ലെവലിൽ പോകാറില്ല, മൈനർ ആയി സാഹിത്യ ക്ലാസ്സുകൾ ആണ് കൂടുതലും ചെയ്യുക. മാധവിക്കുട്ടി, ഒഎൻവി എന്നിങ്ങനെ സാമാന്യ സാഹിത്യമാണ് പഠിക്കുന്നത്. പിന്നെ സാഹിത്യ വിഭാഗത്തിൽ കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഒരു വിഭാഗം തിരഞ്ഞെടുത്ത ശേഷം അതിൽ വിശദമായ പഠനം നടത്തും. നോവൽ താല്പര്യമുള്ളവർക്ക് അതെടുക്കാം, നാടകമാണെങ്കിൽ അങ്ങനെ... 

മലയാളിക്കുട്ടികളുമുണ്ട് ....

എന്റെ ക്ലാസിൽ ഏറ്റവും കൂടുതൽ പഠിക്കുന്നത് പ്രവാസികളായ മലയാളികളുടെ കുട്ടികൾ തന്നെയാണ്. പക്ഷേ രണ്ടോ മൂന്നോ കുട്ടികൾക്കേ മലയാളം അറിയാവൂ. ഇവിടെ ജനിച്ചു വളർന്ന കുട്ടികളാണ്, പലർക്കും രണ്ടോ മൂന്നു വാക്കുകൾ മാത്രമാണ് അറിയുന്നത്. നാട്ടിൽ പോകുമ്പോഴോ മുത്തശ്ശിമാർ ഒക്കെ ഇവിടേക്കു വരുമ്പോഴോ ആണ് അവർ മലയാളം സംസാരിക്കുന്നത്. അതുപോലും അവർക്ക് ബുദ്ധിമുട്ടാണ്. പറയുന്നത് ചിലപ്പോൾ മനസ്സിലാകും പക്ഷേ മറുപടി നൽകാൻ അറിയാത്ത അവസ്ഥ. പക്ഷേ കുട്ടികൾ നന്നായി ജോലി ചെയ്യുന്നുണ്ട്. ക്ലാസ് ഒരു വർഷം കഴിയുമ്പോഴേക്കും കുട്ടികൾ നന്നായി വായിക്കുകയും സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. 

മലയാളം എടുക്കുന്ന വിദേശിക്കുട്ടികൾ ഗവേഷണമൊക്കെ ഗൗരവമായി ചെയ്യുന്നവരാണ്. കൂടുതൽ പേരും സാംസ്‌കാരിക പഠനത്തിനായാണ് മലയാളം എടുക്കുന്നത്. കേരളം ചെറുതാണെങ്കിലും സാംസ്‌കാരിക പഠനത്തിന് ഇപ്പോഴും നല്ല സാദ്ധ്യതകൾ ഉള്ള സ്ഥലമാണല്ലോ. ഇംഗ്ലിഷിലൊന്നും അത്ര ആഴത്തിലുള്ള പഠനവും ഉണ്ടായിട്ടില്ലല്ലോ, അപ്പോൾ അതിനെക്കുറിച്ചുള്ള അന്വേഷണത്തിനും സാധ്യതകൾക്കുമായാണ് അവർ മലയാളം എടുക്കുന്നത്. ചിലർ ആത്മീയമായുള്ള അറിവിന് വേണ്ടിയും എടുക്കുന്നുണ്ട്. 

ഏഷ്യൻ സ്റ്റഡീസ് ഇൻ അമേരിക്ക

ഏഷ്യൻ സ്റ്റഡി പ്രോജക്ടുകൾ മിക്ക സർവകലാശാലകൾക്കുമുണ്ട്. പക്ഷേ എല്ലാ ഭാഷകളും പലർക്കും ഉണ്ടാവില്ല. ഷിക്കാഗോ സർവകലാശാലയിൽ മലയാളം ഉണ്ടായിരുന്നു, പെൻസിൽവേനിയയിൽ ഉണ്ട്, പക്ഷേ അവിടെയൊക്കെ കുട്ടികളുടെ ആവശ്യം അനുസരിച്ചു മാത്രമേ ക്ലാസ് നടക്കുന്നുള്ളൂ. അമേരിക്കയിൽ ഇവിടെ മാത്രമാണ് മലയാളം ഒരു നല്ല പ്രോജക്ട് ആയി മുന്നോട്ടു പോകുന്നത്. ഓസ്റ്റിൻ എന്ന സ്ഥലത്തെ പ്രധാന ഓഫിസ് സ്ഥലം നാൽപ്പത് ഏക്കറുണ്ട്, ക്യാംപസ് മുഴുവൻ നാനൂറോളം ഏക്കറുണ്ട്. അമേരിക്കയിൽ പലയിടത്തും ഇതിന്റെ ബ്രാഞ്ചുകളുണ്ട്. ഇതിൽ എല്ലായിടത്തും എല്ലാ വിഷയങ്ങളും ഇല്ല. ലിബറൽ ആർട്സ് എന്ന വിഭാഗം ഉണ്ട്, ബിസിനസ് ഉണ്ട്, ചരിത്രം ഉണ്ട്, അങ്ങനെ പല വിഭാഗമുണ്ട്. ലിബറൽ ആർട്സിലാണ് ഏഷ്യൻ സ്റ്റഡീസ്. ഇതിൽ ഒരു വിധം എല്ലാ ഭാഷയും പഠിപ്പിക്കുന്നുണ്ട്. തെലുങ്ക് പ്രോഗ്രാമിന്റെ ഒരു അധ്യാപകന് പ്രൊമോഷൻ ലഭിച്ചു മറ്റൊരു സർവകലാശാലയിലേക്കു പോയി, തെലുങ്ക് അധ്യാപകനു വേണ്ടി പല അഭിമുഖങ്ങളും നടത്തിയെങ്കിലും ആളെ ലഭിച്ചില്ല. മലയാളത്തിൽ ഇപ്പോൾ ഞാനാണ് ക്ലാസ്സുകൾ ചെയ്യുന്നത്. മലയാളം വിഭാഗം ഉയർന്നു വരുന്നതേയുള്ളൂ. നമ്മളൊരു ആവശ്യം പറഞ്ഞാൽ ആരും എതിർക്കില്ല, നല്ല സപ്പോർട്ടും ഉണ്ട്. അതാണ് ഏറ്റവും വലിയ കാര്യമായി തോന്നിയത്. 

അതിശയിക്കുന്ന മാതാപിതാക്കൾ

പലപ്പോഴും മലയാളി അസോസിയേഷന്റെ പരിപാടികൾക്കൊക്കെ പോകുമ്പോൾ, മലയാളം പഠിപ്പിക്കുന്നു എന്ന അറിവു തന്നെ പല പ്രവാസികൾക്കും അമ്പരപ്പാണ്. ഇവിടെയൊക്കെ മലയാളം പഠിക്കാൻ ആരു വരാനാണ് എന്നൊരു വിചാരവും പലരും പ്രകടിപ്പിക്കാറുണ്ട്. പക്ഷേ നമ്മുടെ സർവകലാശാലയിൽ ഏതു വിഷയം എടുത്തു ബിരുദം പഠിക്കണമെങ്കിലും ഒരു വിദേശ ഭാഷ തിരഞ്ഞെടുക്കണം. മലയാളിക്കുട്ടികൾ അങ്ങനെയാണ് മിക്കപ്പോഴും മലയാളം തിരഞ്ഞെടുക്കുന്നത്. അത് പലപ്പോഴും മാതാപിതാക്കൾ പോലും അറിയണമെന്നില്ല, ദൂരെനിന്നു വന്ന് ഇവിടെ താമസിച്ചു പഠിക്കുന്ന കുട്ടികൾ തിരിച്ചു ചെല്ലുമ്പോൾ മലയാളം സംസാരിക്കുകയും മുത്തശ്ശിമാരോടൊക്കെ മലയാളം പറയുകയും വായിക്കുകയും ഒക്കെ ചെയ്യുന്നതു കാണുമ്പോഴാണ് പലപ്പോഴും മാതാപിതാക്കൾ അമ്പരക്കുക. എത്ര വർഷം കഴിഞ്ഞാലും തലമുറ കഴിഞ്ഞാലും നമ്മൾ ഒരിക്കലും ഇവിടെ അമേരിക്കൻസ് അല്ല, ഏഷ്യൻ തന്നെയാണ്, അപ്പോൾ നമുക്ക് നമ്മുടെ ഭാഷ അറിയില്ല എന്ന് പറയുന്നത് ഒരു നാണക്കേട് തന്നെയാണ്. 

എന്റെ അനുഭവങ്ങൾ...

ആദ്യമായി ഇവിടെ വന്നു ഡിപ്പാർട്ട്മെന്റിൽ കയറിയപ്പോൾ അത്ഭുതലോകത്തിൽ വന്നുപെട്ടതു പോലെയായിരുന്നു. കൂടെ ജോലി ചെയ്യുന്നവരെല്ലാം വളരെ വലിയ ആളുകൾ, എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയില്ല. നാട്ടിലായിരുന്നപ്പോൾ സർവകലാശാലയിൽ പഠിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു, അവിടെ പിജി ചെയ്യാനും ഗവേഷണം നടത്താനും പറ്റി. ശശിഭൂഷൺ സാറിനോടൊപ്പം ഗവേഷണം നടത്താൻ പറ്റി, പഠിപ്പിച്ച അധ്യാപകരുടെ അനുഗ്രഹം, മാതാപിതാക്കളുടെ പ്രാർഥന, എല്ലാം കൂടെ ഉണ്ടെന്നു വിശ്വസിക്കുന്നു. 

ഞാനിവിടെ വന്ന സമയത്ത് ഒപ്പമുള്ള എല്ലാവരും മുതിർന്ന ആളുകളാണ്; പുപ്പുലികൾ. ഞാനാണ് ഏറ്റവും ചെറുത്. മീറ്റിങ്ങിനൊക്കെ ചെല്ലുമ്പോൾ ആകെ പരിഭ്രമം, ക്ലാസ്സ് എടുക്കുന്നതിനെക്കുറിച്ചൊക്കെ പറയും, പക്ഷേ അവർ നമ്മളെ വളരെ വാത്സല്യത്തോടെയാണ് സമീപിച്ചത്. അങ്ങനെ ഭയം തനിയെ പോയി. 

ഡോ. റോഡ്‌നി മൊഗനെ കണ്ടു അനുഗ്രഹം വാങ്ങിയിട്ടാണ് ഞാൻ ഇവിടെ വന്നു ജോയിൻ ചെയ്തത്. അദ്ദേഹത്തിനു വാത്സല്യവും സ്നേഹവും ഒക്കെയുണ്ടായിരുന്നു. ഡോ. ഡോണൾഡ് ഡേവിസ് ആണ് ഇവിടെ സംസ്കൃതം അധ്യാപകൻ. ഞാൻ വന്നപ്പോൾ അദ്ദേഹം എന്നോടു സംസാരിക്കുന്നത് മലയാളത്തിലാണ്. മോഗ് സാറിന്റെ വിദ്യാർഥിയായിരുന്നു അദ്ദേഹം. കേരളത്തിൽ വരികയും നന്നായി വായിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. എം മുകുന്ദന്റെ കൃതികൾ ഇംഗ്ലിഷിലേക്കു തർജ്ജമ ചെയ്തിരുന്നു. എന്നെ മലയാളം അസോസിയേഷൻ എന്തെങ്കിലും പരിപാടികൾക്കു വിളിക്കുമ്പോൾ ഞാൻ അദ്ദേഹത്തെക്കുറിച്ചു പറയാറുണ്ട്, അങ്ങനെ ഒരു പരിപാടിക്ക് അദ്ദേഹത്തെ പ്രവാസി മലയാളികൾ ക്ഷണിച്ചു . അവിടെ വന്ന് അദ്ദേഹം പ്രസംഗിച്ചത് നല്ല മലയാളത്തിൽ. അതും അര മണിക്കൂർ. എല്ലാവരും അമ്പരപ്പിലായിപ്പോയി. ഭയങ്കര കയ്യടിയായിരുന്നു. സർവകലാശാലയിലെ സൗത്ത് ഏഷ്യൻ വിഭാഗത്തിന്റെ ഇപ്പോഴത്തെ തലവനും അദ്ദേഹമാണ്. 

ഫാമിലി

നാട്ടിൽ പത്തനംതിട്ട കുമ്പഴയിലാണ് വീട്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. അച്ഛന് നല്ല വായനാശീലമുണ്ടായിരുന്നു. ഒരു അനിയനുണ്ട്. ഈ ജോലിക്കാര്യം അറിഞ്ഞപ്പോൾ എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു. ഞാൻ ഇവിടെ ഇരിക്കുന്നതിന്റെ കാരണം തന്നെ അവരാണ്. എന്റെ റോൾ മോഡൽസ് അമ്മയും അച്ഛനും തന്നെയാണ്. പിന്നെ അധ്യാപകർ. ഞാൻ വിവാഹിതയല്ല, സ്വാഭാവികമായും ബന്ധുക്കളൊക്കെ ഒരുപാടു നെഗറ്റീവ് ആയി സംസാരിച്ചിരുന്നു, പക്ഷേ അതിലൊക്കെ എന്റെ കൂടെ നിന്നത് മാതാപിതാക്കൾ തന്നെയാണ്. അച്ഛൻ എം.വി. ശശി, അമ്മ രത്നമ്മ, സഹോദരൻ ഹരി, അവനിപ്പോൾ ബെംഗളൂരു ആണ്. കഴിഞ്ഞ വർഷം അച്ഛനും അമ്മയും ഇവിടെ വന്നിരുന്നു, ഡിപ്പാർട്ട്മെന്റിൽ എല്ലാവരെയും കാണാനും പരിചയപ്പെടാനും കഴിഞ്ഞു. പിന്നെ എന്റെ ഏറ്റവും അടുത്തൊരു കൂട്ടുകാരിയുണ്ട്, മിഖായേല എന്നാണ് പേര്. ഈ നാടുമായിട്ടൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ സാധിച്ചത് അവൾ കാരണമാണ്. ഈ നാടുമായി പൊരുത്തപ്പെടാൻ സഹായവുമായും ഉപദേശവുമായും ഒരുപാടുപേർ എന്റെ കൂടെയുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്, അതുതന്നെയാണ് എന്റെ അനുഗ്രഹം.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA