അതാണ് ഞങ്ങളുടെ അച്ഛൻ

soorya-arya
SHARE

ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് ജീവിതം പറിച്ചു നട്ടപ്പോഴും ഉള്ളിലെ നന്മ കെടാതെ സൂക്ഷിച്ച ഒരാൾ, അതാണ് എഴുത്തുകാരനായ പി.കെ. ഗോപി. കോഴിക്കോടിന്റെ മണ്ണിൽ നിന്നു കൊണ്ട് കവിതകളും സിനിമ ഗാനങ്ങളും എഴുതിയ കവിയായും ബാലസാഹിത്യം എഴുതിയ കുട്ടികളുടെ മനസ്സുകണ്ട എഴുത്തുകാരനായും അദ്ദേഹം അടയാളപ്പെടുന്നു. "ഓലച്ചൂട്ടിന്റെ വെളിച്ചം" എന്ന ബാല സാഹിത്യകൃതിയ്ക്ക് ഇത്തവണ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരവും പി കെ ഗോപി സ്വന്തമാക്കി. ഒരു വ്യക്തിയെ കുറിച്ച് ഏറെ ആധികാരികതയോടെ സംസാരിക്കേണ്ടത് അദ്ദേഹത്തെ ചേർന്ന് നിൽക്കുന്നവർ തന്നെയാണ്. ഒരു ചെടിയിൽ നിന്നും പൂത്തു വിടർന്ന പൂക്കൾ പോലെ ഗോപി മാഷിന്റെ രണ്ടു പെൺമക്കൾ, ആര്യ ഗോപിയും സൂര്യ ഗോപിയും. നവമലയാള കവിതാവഴിയിൽ പേരുകൾ കുറിച്ച് വയ്ക്കപ്പെട്ടവർ. സൂര്യയും ആര്യയും അച്ഛനെ കുറിച്ച് സംസാരിക്കുന്നു. അല്ലെങ്കിലും അച്ഛനെ കുറിച്ചു സംസാരിക്കാൻ പെൺമക്കളോളം അവകാശം വേറെ ആർക്കാണ്!

ആര്യാ ഗോപി : 

"അച്ഛനെക്കുറിച്ചു പറയുന്നതാണ്, ഒരുപക്ഷേ ഏറ്റവും പ്രയാസമുള്ള കാര്യം, കാരണം വാക്കുകളൊന്നും വരുതിക്ക് നിൽക്കാതെ വഴുതി പോകും. അച്ഛനെ കുറിച്ചു ഞാനൊരു കവിത എഴുതിയിരുന്നു, ആ സമയത്ത് എന്തുമാത്രം ആത്മസംഘർഷമാണ് അനുഭവിച്ചതെന്ന് പറഞ്ഞറിയിക്കാൻ എളുപ്പമല്ല. എല്ലാവർക്കും അച്ഛനമ്മമാർ പ്രിയപ്പെട്ടവരാണ്, പക്ഷേ രണ്ടു പെൺമക്കളുണ്ടായതിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ അഭിമാനിക്കുന്ന ഒരാളാണ് ഞങ്ങളുടെ അച്ഛൻ. "ഓലച്ചൂട്ടിന്റെ വെളിച്ചം" എന്ന പുസ്തകം ഞങ്ങൾക്ക് ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞു തന്ന അദ്ദേഹത്തിന്റെ ഗ്രാമത്തിലെ കഥകളാണ്. അച്ഛന്റെ ബാല്യകാലത്തു ഉണ്ടായ ഓർമകളാണ് പുരസ്‌കാരം കിട്ടിയ പുസ്തകം. ഞാനും സൂര്യയുമായിരുന്നു ആ പുസ്തകത്തിലെ കഥകളുടെ ആദ്യ കേൾവിക്കാർ. ഞങ്ങൾ കുഞ്ഞുങ്ങളുടെ മുഖത്തുള്ള ആകാംക്ഷ തന്നെയായിരുന്നു അച്ഛന്റെ സന്തോഷം, പണ്ടൊക്കെ കഥ പറഞ്ഞു തരുമ്പോൾ ഞങ്ങളുടെ കണ്ണുകളിലേയ്ക്ക് അച്ഛൻ നോക്കും, അപ്പോൾ അച്ഛന് മനസ്സിലാകും, അത് എങ്ങനെയുണ്ട് എന്ന്, ഞങ്ങളുടെ കണ്ണുകളിലെ കൗതുകം അച്ഛനെ കൂടുതൽ പറയാൻ പ്രേരിപ്പിക്കും.

അച്ഛന് ഒരുപാട് മുൻപേ ഈ പുരസ്‌കാരം കിട്ടേണ്ടിയിരുന്നു എന്നു തോന്നിയിട്ടുണ്ട്, ഞാനും സൂര്യയും ഈ വിഷയം മുൻപ് സംസാരിച്ചിട്ടുമുണ്ട്, ഞങ്ങളുടെ സ്വാർഥത കൊണ്ട് തോന്നുന്നതല്ല, വായനക്കാരെന്ന നിലയിൽ തോന്നിയതാണ്, അദ്ദേഹത്തിന്റെ കവിതകൾക്കും പുരസ്‌കാരം ലഭിക്കാൻ ഉള്ള കഴിവുണ്ട്. പക്ഷേ കാലത്തിന്റെ നിയോഗമുണ്ടല്ലോ. അച്ഛൻ എഴുത്തിന്റെ ലോകത്തു വളരെ നിശബ്ദനായി നിൽക്കുന്ന ഒരാളാണ്, യാതൊരുവിധ എടുത്തുചാട്ടങ്ങളിലോ ഏതെങ്കിലും സംഘങ്ങളിലോ ഒന്നും അച്ഛനെ കാണാനാവില്ല. അതു തന്നെയാണ് ഞങ്ങളുടെ മുൻപിലുള്ള മാതൃകയും. അച്ഛൻ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം പ്രശംസയേയും ആക്ഷേപങ്ങളെയും ഒരേപോലെ കാണുക എന്നതാണ്. ഞങ്ങൾ രണ്ടു പേരും എഴുത്തിന്റെ ലോകത്തേയ്ക്ക് വന്നപ്പോൾ അച്ഛൻ തന്ന ഉപദേശമായിരുന്നു രണ്ടു അവസ്ഥകളെയും ഒരേപോലെ സ്വീകരിക്കണം, കാലം നമുക്കായി കാത്തു വയ്ക്കുന്നത് കിട്ടും, ഒന്നിലും അമിത പ്രതീക്ഷ വയ്ക്കരുത്, ഒന്നിലും നിരാശയും ഉണ്ടാവരുത്, ആ സ്നേഹതണലിന്റെ കീഴിൽ നിൽക്കുമ്പോൾ തോന്നും ലോകത്തിലെ ഒന്നും നമ്മളെ ബാധിക്കില്ല, ഞങ്ങൾ ഭാഗ്യവതികളാണ് എന്ന്. 

arya-gopi

കുട്ടിക്കാലത്തു പുസ്തകങ്ങളായിരുന്നു അച്ഛൻ സമ്മാനം തന്നിരുന്നത്. കലയും നാടകവും സിനിമയും ഉൾപ്പെടെയുള്ള കലയും സാഹിത്യവും ഒക്കെ തന്നെയായിരുന്നു അച്ഛൻ ഞങ്ങളിലേക്ക് ചേർത്തു വച്ചത്. ഞങ്ങൾ രണ്ടു പേരുടെയും എഴുത്തുവഴികളിലൊന്നും തന്നെ അച്ഛൻ കൈകടത്തിയിട്ടേയില്ല. വായിക്കാനും എഴുതാനും യാത്ര ചെയ്യാനും ഒക്കെയുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്വാതന്ത്ര്യമാണ് ഏറ്റവും നല്ല കവിത അച്ഛന്. അച്ഛൻ എന്തെങ്കിലും പറയുമ്പോഴോ അച്ഛനെ കാണിക്കുമ്പോഴോ നന്നായി ശ്രദ്ധിക്കും കയ്യക്ഷരവും അക്ഷരത്തെറ്റുകളും ഒന്നും അച്ഛന് സഹിക്കാൻ പറ്റില്ല. സാധാരണ ഞങ്ങൾക്ക് വഴക്കു കിട്ടിയിട്ടുള്ളതു കൂടുതലും ഇതേ കാരണങ്ങൾ കൊണ്ടാവണം. അക്ഷരങ്ങൾക്കും ഭാഷയ്ക്കും ജീവനുണ്ട്, അതിനെ മനുഷ്യനെ പോലെ കൈകാര്യം ചെയ്യണം എന്ന് എപ്പോഴും അച്ഛൻ പറയും. 

ഞങ്ങളുടെ വീട് ഒരു സ്നേഹത്തണലാണ്, ഒരുപാടു പേര് മിക്കപ്പോഴും അച്ഛനെ കാണാൻ വരും. അച്ഛൻ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്നു, അദ്ദേഹത്തെ കാണാൻ പേഷ്യന്റ്സ് വീട്ടിൽ വരുമ്പോൾ എന്തു ശാന്തനായി ഒരു കവിതയെ എന്നപോലെയാണ് അച്ഛൻ ആൾക്കാരെ കൈകാര്യം ചെയ്യുന്നത്. അമ്മയും അതെ പോലെയാണ്, ഒരേ പോലെ. അന്യരെ പോലും സ്വന്തം പോലെ കാണുന്ന അമ്മ. അച്ഛൻ ഒരുപാടുപേരെ സഹയിക്കുന്നത് ഞാൻകണ്ടിട്ടുണ്ട്, പക്ഷേ അതൊന്നും ആർക്കും അറിയില്ല, കവിതയ്ക്കും അപ്പുറത്ത് കാരുണ്യത്തിന്റെ ഒരു കടൽ അച്ഛൻ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. അച്ഛൻ എഴുതി വച്ചത് അദ്ദേഹം കാണാതെ എടുത്തു വായിക്കുന്നതൊക്കെ കുട്ടിക്കാലത്തെ ഏറ്റവും വലിയ കൗതുകങ്ങളായിരുന്നു. അച്ഛൻ ചെല്ലുന്നതു പോലെ കവിത ചൊല്ലണം, അച്ഛൻ എഴുതുന്നത് പോലെ എഴുതണം അച്ഛൻ പ്രസംഗിക്കുന്നത് പോലെ പ്രസംഗിക്കണം എന്നൊക്കെ ആഗ്രഹിച്ചിട്ടാണ് ഞാനൊക്കെ കവിത എഴുതി തുടങ്ങിയതെന്ന് തോന്നുന്നു. എന്തായാലും അച്ഛൻ അന്നു തന്ന സ്വാതന്ത്ര്യം തന്നെയാണ്, ഇപ്പോഴും ഞങ്ങളുടെ ഉള്ളിലുള്ള ധൈര്യം അതുറപ്പ്.

അച്ഛനു വേണ്ടി ആര്യ എഴുതിയ കവിത : 

നാമ്പിലപ്പച്ച

ആഴിയോളമൊരക്ഷരച്ചിപ്പിയിൽ 

കോരി വയ്‍ക്കുന്ന വാത്സല്യദൂതിനെ 

ആദിതൊട്ടെന്റെ ജീവന്റെയുച്ചിയിൽ 

തൂലികാമുദ്ര ചാർത്തിച്ച നേരിനെ 

തീ പടർത്തുന്ന സ്വാതന്ത്ര്യസൂര്യനെ

വേരുറപ്പിച്ച വിശ്വസ്തവിദ്യയെ 

വേർപെടാക്കനൽകൂട്ടിലെ വീണയെ 

നീറുമോർമ്മക്കരുത്തിന്റെ സീമയെ 

ആമ്പലിൻ വെണ്മ നാവിലിറ്റിക്കുന്ന 

നാമ്പിലപ്പച്ചയാകുന്ന നന്മയെ 

ജീവനാളം പൊതിഞ്ഞ പകലിനെ 

ഭൂമിയോളം പകർന്ന ഗുരുവിനെ 

ചോടുവയ്‍ക്കുന്ന സ്വപ്നാടനങ്ങളിൽ 

തേടിയെത്തും പ്രകാശനാളത്തിനെ

പ്രേമ സങ്കൽപഗംഗകൾക്കപ്പുറം 

വ്യാകുലപ്പെടും കാവ്യതീർത്ഥത്തിനെ 

ഏതിരുട്ടന്റെ പാതിരപ്പുള്ളിനും 

ഏഴിലം പാലയേകും നിലാവിനെ 

നാഴികസൂചി ചുണ്ടുന്ന ദിക്കിലെ 

ഏകനക്ഷത്ര പൈതൃകക്കണ്ണിനെ 

ആദരാലച്ഛൻ... 

അച്ഛനെന്നായിരം പേരുചൊല്ലി 

വിളിക്കുന്ന പുത്രി ഞാൻ 

രൂപഭാവസ്വരങ്ങൾക്കുമിപ്പുറം 

ആര്യപുത്രിയായ് പൂജിയ്‍ക്കയാണു ഞാൻ. "

സൂര്യ ഗോപി :

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ അച്ഛന്റെ പുസ്തകം ഓർമയെഴുത്തുകളാണ്. പച്ച ഷർട്ട് ഒന്നേയുള്ളൂ അതുകൊണ്ട് എന്നും പച്ച ഷർട്ടിട്ട് സകൂളിൽ പോയ ഒരു പാവം 'പച്ച ഗോപി' അതിലുണ്ട്. അച്ഛന്റെ ഗ്രാമം കഥകളിലൂടെ ഞങ്ങളിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. നഗരത്തിൽ വളർന്ന ഞങ്ങളിൽ ആ ഗ്രാമം സചേതനമാണ്. അത്തരം ഓർമക്കുറിപ്പുകളാണ് ആ പുസ്തകത്തിൽ. കഥ പറയുന്ന കാര്യത്തിൽ... തമാശകൾ തിരി കൊളുത്തുന്ന കാര്യത്തിൽ അച്ഛനോളം വല്ല്യ ഒരു സരസനില്ല തന്നെ!

surya

ബാല്യം തൊട്ടേ ഞാനും ചേച്ചിയും അച്ഛന്റെ സാംസ്കാരിക ചടങ്ങുകളിലെല്ലാം പങ്കെടുത്തിട്ടുണ്ട്, പ്രസംഗവേദികളിലെ അച്ഛൻ ഊർജ്ജം കെടാത്ത അദ്‌ഭുതമാണ് ഇന്നും. എഴുത്ത്, അച്ഛനിൽ ഒരൊഴുക്ക് പോലെയാണ്, ഒരിക്കലും അത് നിലച്ചിട്ടില്ല. യാത്രയിൽ, വൈകുന്നേര നടപ്പിൽ, രാത്രിയിലെ ടെറസ്-ഉലാത്തലിൽ, ഒക്കെയും അച്ഛൻ കവിതകൾ കുത്തിക്കുറിക്കുന്നതു കാണാം. സജീവമാണ് അദ്ദേഹം കാവ്യ ലോകത്ത്. മിനി മാസികകൾ ഉൾപ്പെടെ ഏതു പ്രസിദ്ധീകരണത്തിലും അച്ഛന്റെ രചനകളുണ്ടാകും. ഒരർഥത്തിൽ ഒരു ധ്യാനമാണ് അച്ഛന്റെ ഓരോ രചയുമെന്നു തോന്നാറുണ്ട്. 

"നീ വഴിമുടക്കിപ്പണിഞ്ഞ മേലാപ്പുകൾ-

ക്കുയരെയാണെന്റെ സഞ്ചാരസാധകം",

എന്നും 

"ഞാനുച്ചരിച്ചതിനെല്ലാം കാലമാണുരകല്ലു" എന്നും അച്ഛൻ എഴുതിയിട്ടുണ്ട്. കവിതയുടെ പ്രാണബലം ജീവിതമെന്നു പ്രതിധ്വനിക്കുന്നത് ഞാനറിയുന്നു. അച്ഛന്റെ മിക്ക രചനകളുടെയും ആദ്യ വായനക്കാർ ഞങ്ങളായിരിക്കും, വളരെ നിരൂപണാത്മകമായ അഭിപ്രായങ്ങൾ ഞങ്ങൾ അച്ഛനോട് പറയാറുമുണ്ട്. 

എഴുത്തു പോലെ അച്ഛന് പ്രിയപ്പെട്ടതായിരുന്നു ആതുര ശുശ്രൂഷയും. സർക്കാർ സർവrസിൽ നിന്ന് ഫിസിയോതെറാപ്പിസ്റ്റ് ആയി റിട്ടയർ ചെയ്ത ശേഷം വീട്ടിൽ രോഗികളെ നോക്കാൻ തുടങ്ങിയിരുന്നു. പാരലൈസ്ഡ് ആയ രോഗികളും വേദനയും ആധികളുമായി വരുന്നവരും ചിരിയോടെയല്ലാതെ ഞങ്ങളുടെ വീട് വിട്ടിട്ടില്ല. അച്ഛന്റെ വാക്കുകളാണ് അവർക്കുള്ള ആദ്യ മരുന്ന്. എനിക്കു തോന്നുന്നു നഴ്‌സുമാർക്ക് കവിതയെഴുതിയ ചുരുക്കം കവികളിൽ ഒരാളായിരുന്നു അച്ഛൻ. അവരുടെ ത്യാഗത്തെ കുറിച്ചാണ് അച്ഛൻ എഴുതിയതും. പ്രകൃതിയിലേക്ക് തലയുയർത്തുമ്പോൾ ഗർവ്വിന്റെ പത്തിയടക്കണമെന്ന അച്ഛൻ പാഠവും ഇഷ്ടമുള്ള വഴി സ്വയം വെട്ടി കയറിപ്പോകാൻ കിട്ടിയ സ്വാതന്ത്ര്യവും ആണ് എനിക്കുള്ള വലിയ പ്രിവിലേജ്, അത് ഒട്ടും കുറഞ്ഞതല്ല, ഒട്ടുമേ കൂടിയതുമല്ല!

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA