'ഐഎഎസിനും പാവപ്പെട്ടവർക്കും ഇടയിൽ എന്തു മറ?'

muhammad
SHARE

പതിനൊന്നാം വയസ്സിൽ എല്ലാമെല്ലാമായിരുന്ന പിതാവിന്റെ മരണം. പിന്നീട് ബാല്യവും കൗമാരവും അനാഥാലയത്തിൽ... കല്ലുവെട്ടായിരുന്നു ആദ്യത്തെ പണി. പിന്നെ മാവൂർ ഗ്വാളിയോർ റയോൺസിൽ കരാർ വ്യവസ്ഥയിൽ കൂലി വേല. തുടർന്ന് പ്യൂൺ, ഗുമസ്തൻ, അധ്യാപകൻ... അങ്ങനെയങ്ങനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പലപല ജോലികൾ. ഇപ്പോൾ നാഗാലാൻഡിലെ കിഫിർ ജില്ലയുടെ കലക്ടർ. സംഭവബഹുലമാണ് മുഹമ്മദ് അലി ശിഹാബ് എന്ന ഐഎഎസുകാരന്റെ ജീവിത കഥ. സാഹചര്യങ്ങളെല്ലാം ഒത്തുവന്നിട്ട് വിജയത്തിലേക്ക് കുതിക്കാൻ സ്റ്റാർട്ടിങ് പോയന്റിൽ ഇനിയും കാത്തിരിക്കുന്നവർക്കുന്നവർക്കൊരു മുന്നറിയിപ്പും. ഏത് പ്രതികൂല സാഹചര്യത്തിലും നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം ഓടിതുടങ്ങുന്നവരുടെ കൂടെയാണ് വിജയം എന്ന മുന്നറിയിപ്പ്.

സ്കൂളിലേക്കോ? ഞാനില്ല

അംഗനവാടിയിൽ നിന്ന് ഇറങ്ങിയോടിയ സ്വന്തം ലോകത്ത് സ്വന്തം ഇഷ്ടത്തിനു മാത്രം ജീവിക്കാൻ കൊതിച്ച പയ്യനായിരുന്നു ശിഹാബ്. സ്കൂളിലേക്ക് എന്ന ചെറിയൊരു സൂചനപോലും നൽകാതെ ഇറച്ചി വാങ്ങാൻ പോവുകയാണെന്ന് വിശ്വസിപ്പിച്ചാണ് ആറാം വയസ്സിൽ പ്രാഥമിക വിദ്യാലയത്തിൽ വീട്ടുകാർ ശിഹാബിനെ എത്തിച്ചത്. പഠനകാലഘട്ടങ്ങളിലൊക്കെ ഒരു ആവറേജ് വിദ്യാർഥിയായിരുന്നു ഈ ഐഎഎസുകാരൻ. ശിഹാബിനെ ഒന്നു സ്കൂളിൽ എത്തിക്കാൻ തല്ലിയും തലോടിയും വീട്ടുകാർ പെടാപാടുപെട്ടു. എങ്ങനെയും ഉന്തിതള്ളിപത്താംക്ലാസ് വരെ എത്തിക്കണം അത്രയേ വീട്ടുകാർ കരുതിയുള്ളു..

മരണം മാറ്റി വരച്ച ജീവിതം

പിതാവിന്റെ പീഠികയില്‍ പിതാവിനൊപ്പം സമയം ചിലവിടാനായിരുന്നു ബാല്യത്തിൽ ശിഹാബിനിഷ്ടം. പെട്ടെന്നായിരുന്നു പിതാവിന്റെ മരണം. അതോടെ അമ്മയും അഞ്ചുമക്കളും ഒറ്റയ്ക്കായി. വരുമാനമാർഗങ്ങളൊന്നുമില്ലാത്ത ആ ഉമ്മയുടെ മുന്നിൽ അന്നുണ്ടായിരുന്ന ഏക വഴി മക്കളെ അനാഥാലയത്തിലാക്കുക എന്നതായിരുന്നു. അങ്ങനെ വായിച്ചിയുടെ (പിതാവ്) വേർപാടിനൊപ്പം മറ്റൊരു വേദനകൂടി കുഞ്ഞു ശിഹാബിനെ തേടിയെത്തി. സ്വന്തം നാട്ടിലും വീട്ടിലും ഉറച്ചുതുടങ്ങിയ വേരറുത്ത് അനാഥാലയത്തിലേക്കുള്ള ഒരു പറിച്ചു നടൽ. പതിനൊന്നു വയസ്സുമുതൽ ഇരുപത്തൊന്നു വയസ്സുവരെ പിന്നെയുള്ള ജീവിതം അനാഥാലയത്തിൽ. 

നാട്ടിലെ ഫുട്ബോളും അനാഥാലയവും

കാൽപന്തുകളിയോട് എനിക്ക് വല്ലാത്തൊരു താൽപര്യമാണ്. അനാഥാലയത്തിൽ നിന്ന് വർഷത്തിൽ രണ്ടു തവണയെ നാട്ടിൽ വരാറുള്ളു. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും. വീട്ടിൽ വന്നാൽ പിന്നെ തിരിച്ചു പോകാൻ മടിയാണ്. ഒരു തവണ നാട്ടിൽവരുമ്പോൾ സെവൻസ് ഒക്കെ നടക്കുന്ന സമയമാണ്. തിരിച്ച് അനാഥാലയത്തിലേക്ക് പോകാനായി ഉമ്മയുടെയും സഹോദരിമാരുടെയും കൂടെ ബസിൽ കയറി. ഉമ്മയും രണ്ടു സഹോദരിമാരും ബസിന്റെ മുന്നിൽ. ഞാൻ പിന്നിൽ. രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ ഉമ്മകാണാതെ ഇറങ്ങി തിരിച്ച് വീട്ടിലെത്തി പന്തുകളി കാണാൻ പോയി. ഉമ്മ അനാഥാലയത്തിനു മുമ്പിൽ ഇറങ്ങാൻ നോക്കിയപ്പോൾ ഞാൻ വണ്ടിയിലില്ല. വീണ്ടും അഞ്ചു കിലോമീറ്റർ കൂടി സഞ്ചരിച്ചുവേണം സഹോദരിമാരെ അവർ താമസിക്കുന്ന അനാഥാലയത്തിലെത്തിക്കാൻ. അന്ന് ഉമ്മ അനുഭവിച്ച വിഷമം ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് സങ്കടമുണ്ട്. അടങ്ങാത്ത കളി ആവേശമായിരുന്നു അന്നെനിക്ക്. 

അനാഥാലയത്തിന്റെ പുറം ലോകവും എന്റെ പൊതു വിജ്ഞാനവും

അനാഥാലയത്തിൽ നിന്ന് പുറത്തുപോകാനുള്ള ഒരു സാധ്യത എന്തെങ്കിലും മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ്. അങ്ങനെ അനാഥാലയങ്ങളിൽ നടത്തുന്ന മത്സരങ്ങളിലൊക്കെ ഞാൻ പങ്കെടുക്കാൻ തുടങ്ങി. ഏതെങ്കിലും മത്സരത്തിൽ പങ്കെടുത്തു വിജയിച്ചാൽ മറ്റ് സ്കൂളുകളും, അനാഥാലയങ്ങളുമായി മത്സരിക്കാൻ പുറത്തു പോകാൻ കഴിയും. അങ്ങനെ പൊതു വിജ്ഞാന ക്വിസുകൾക്കായി ഞാൻ പരിശ്രമിക്കാൻ തുടങ്ങി. അനാഥാലയത്തിനു പുറത്തു പോകാനുള്ള അതിയായ ആഗ്രഹമാണ് പൊതുവിജ്ഞാന വായനകളിലേക്ക് എന്നെ നയിച്ചത്. പന്ത്രണ്ടു വയസിനു ശേഷമാണ് വായനയുടെയും അക്ഷരങ്ങളുടെയും ലോകം എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതു തന്നെ. അന്നൊക്കെ ഒരു ആവറേജ് വിദ്യാർഥി മാത്രമായിരുന്നു ഞാൻ.

കല്ലുവെട്ടും കൂലിപ്പണിയും

അനാഥാലയത്തിൽ നിന്ന് പത്താം ക്ലാസിനു ശേഷം തിരിച്ചെത്തി. കുറച്ചു കാലം വീടിനടുത്തുള്ള കല്ലുവെട്ടുന്ന കുഴിയിൽ പണിക്കുപോയി. സ്വന്തമായി വരുമാനം കണ്ടെത്താനായി ചെറിയ ചെറിയ കൂലിപ്പണികൾ ഒക്കെയായി കുറച്ചു നാളുകൾ. ശേഷം അനാഥലയത്തിന്റെ കീഴിൽ തന്നെ നിന്ന് പ്രീ–ഡിഗ്രി പഠനവും, ടിടിസി പഠനവും പൂർത്തിയാക്കി. ഇത്രയുമാണ് ഔദ്യോഗിക വിദ്യാഭ്യാസം. 

മനസില്ലാമനസ്സോടെയാണ് ഞാന്‍ അനാഥാലയത്തിലേക്ക് പോകുന്നത്. ഇഷ്ടത്തോടെ അനാഥാലയത്തിലെത്തുന്ന ആരും ഉണ്ടാകാൻ സാധ്യതയില്ല. പക്ഷേ, പത്തുവർഷത്തെ അനാഥാലയ ജീവിതത്തിനുശേഷം തിരിച്ചെത്തിയപ്പോഴാണ് എനിക്ക് സ്വന്തമായൊരാഗ്രഹമുണ്ടാകുന്നത്. ഫിസിക്സിൽ ഡിഗ്രി ചെയ്യണം. എന്നാൽ അന്നത്തെ സാഹചര്യം അതിന് അനുവദിച്ചില്ല. അങ്ങനെ ഒരു പ്രൈവറ്റ് സ്കൂളിൽ അധ്യാപകനായി ജോലി ആരംഭിച്ചു. മൂന്നു വർഷത്തോളം അവിടെ ജോലി ചെയ്തു. ജോലിക്കിടയിൽ ഡിഗ്രി എഴുതിയെടുത്തു. പിഎസ്ഇ പരീക്ഷകൾ വിജയിച്ചു. വളരെ വൈകിയാണ് ഐഎഎസ് എന്ന മോഹം എന്നിൽ മുളയിടുന്നത്.

ആ പത്രപ്രവർത്തകനും എന്റെ ഐഎഎസ് മോഹവും

സ്കൂളിൽ ജോലിയായി. കുറെ മത്സരപരീക്ഷകളൊക്കെ എഴുതി വിജയിച്ചു. 2009 ൽ മലപ്പുറത്ത് മലയാള മനോരമയുടെ ഒരു പേജിൽ 'വിജയി' എന്ന പേരിൽ എന്നെകുറിച്ച് ഒരു റിപ്പോർട്ട് വന്നു. ഇരുപത്തൊന്ന് പിഎസ്ഇ പരീക്ഷകൾ എഴുതി ഇരുപത്തൊന്നും പാസായി എന്നായിരുന്നു റിപ്പോർട്ട്. അന്ന് ആ പത്രപ്രവർത്തകൻ എന്നോട് ചോദിച്ചു. ഇനി എന്തെങ്കിലും ആഗ്രഹമുണ്ടോ? ഞാൻ ആദ്യം പറഞ്ഞു. ഇല്ല. മത്സരപരീക്ഷകൾ എനിക്കിഷ്ടമാണ്. അത്രേയുള്ളു.. പിന്നെയും റിപ്പോർട്ടർ ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു. അങ്ങനെയെങ്കിൽ സിവിൽ സർവീസ് എഴുതണമെന്നുണ്ട്. 

അന്നത് കുറെ ചോദ്യങ്ങൾക്കുള്ള വെറുമൊരു ഉത്തരം മാത്രമായിരുന്നു. എന്നാൽ പത്രത്തിൽ വന്നത് സിവിൽ സർവീസിനായി തീവ്രമായി ആഗ്രഹിക്കുന്ന മുഹമ്മദ് അലി ശിഹാബ് എന്നായിരുന്നു. ആ വാർത്ത ശ്രദ്ധിക്കപ്പെട്ടു. ഞാൻ വളർന്ന അനാഥാലയത്തിലുള്ളവരും നാട്ടുകാരും ഒക്കെ വാർത്ത കാണുന്നു. അനാഥലയത്തിൽ നിന്ന് ഞാൻ പോന്നതിനുശേഷം അവരു കാണുന്നത് ഈ റിപ്പോർട്ടാണ്. ശിഹാബിന് അത്ര തീവ്രമായി ഒരാഗ്രഹമുണ്ടെങ്കിൽ ഞങ്ങളും കൂടെ നിൽക്കുമെന്നായി അവർ. ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അവർ പത്രസമ്മേളനം നടത്തി പറയുന്നു. നാട്ടുകാരെല്ലാം അറിയുന്നു. ഞാൻ എന്താണ് ചെയ്യേണ്ടതെന്നറിയാതെ എല്ലാത്തിനും മൂക സാക്ഷിയായി നിൽക്കുകയാണ്. അതിനുശേഷമാണ് സ്കോളർഷിപ്പ് കിട്ടി ഡൽഹിയിൽ എത്തുന്നതും സിവിൽ സർവീസിനെകുറിച്ച് കൂടുതൽ അറിയുന്നതും. അനാഥാലയത്തിൽ നിന്നു കിട്ടിയ പൊതുവിജ്ഞാനത്തിന്റെയും, മത്സരപരീക്ഷകളുടെയും പിൻബലത്തിൽ സിവിൽ സർവീസിനായി ഒരുങ്ങാൻ തുടങ്ങി. ആദ്യ ശ്രമത്തിൽ തന്നെ പാസായി 

വിരലറ്റം എന്ന ആത്മകഥ

ഐഎഎസ് പരീക്ഷ പാസായി എന്നതു തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ അതിശയമായിരുന്നു. പരീക്ഷയ്ക്കു പരിശ്രമിക്കുമ്പോഴും എഴുതുമ്പോഴുമൊന്നും എനിക്ക് ഇതു കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സിവിൽ സർവീസ് വിജയകഥകളൊക്കെ വായിക്കുമ്പോൾ തോന്നുന്ന ഒരു പ്രശ്നം അവർ പറഞ്ഞതും നമ്മൾ വായിച്ചെടുക്കുന്നതുമായി ഒരുപാട് അന്തരമുണ്ടാകാറുണ്ട്. ഐഎഎസിനും പാവപ്പെട്ടവർക്കും ഇടയിൽ ഇപ്പോഴും ഒരു മറ അവശേഷിക്കുന്നുണ്ട്. അങ്ങനൊന്നില്ല ആർക്കും പ്രാപ്തമായതാണ് സിവിൽ സർവീസ് എന്നു വിളിച്ചു പറയേണ്ടതുണ്ട്.

shihab

സത്യസന്ധമായി എന്താണ് സിവിൽ സർവീസ്? ഇതിനു പിന്നിലുള്ള യാഥാർഥ്യം ഏറ്റവും സത്യസന്ധമായി തുറന്നെഴുതണമെന്നുള്ള ഒരാഗ്രഹമാണ് എന്റെ അനുഭവങ്ങൾ ചേർത്ത് ഒരു പുസ്തകം എഴുതാം എന്ന തീരുമാനത്തിൽ എന്നെ എത്തിച്ചത്. സിവിൽ സർവീസ് പരിശീലനകാലത്ത് 'ഭാരത്ദർശൻ' എന്ന പേരിൽ 56 ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയുമുള്ള ഒരു യാത്രയുണ്ടായിരുന്നു. ആ യാത്രയുടെ ഇടവേളകളിലാണ് ഈ പുസ്തകം ഞാൻ എഴുതി തുടങ്ങുന്നത്. 

എന്നെ പോലെ അനാഥാലയങ്ങളിൽ വളരുന്ന കുട്ടികളോട് ഞാൻ സംസാരിക്കാൻ പോകാറുണ്ട്. ഒരനാഥാലയത്തിൽ പോയി ഒരു മണിക്കൂർ സമയം എന്നു കരുതി തുടങ്ങിയ സംസാരം പന്ത്രണ്ട് മണിക്കൂറോളം നീണ്ടു. അവരുടെ അതേ സാഹചര്യങ്ങളിലൂടെ കടന്നു പോയ എന്റെ കഥ കൂടുതൽ അറിയാനുള്ള ആ കുട്ടികളുടെ ആകാംഷ.. തങ്ങൾക്കും പലതും നേടാനാകുമെന്ന ആ കുട്ടികളുടെ മുഖത്തുതെളിഞ്ഞ പ്രതീക്ഷ.. ഇവയൊക്കെയാണ് ഇങ്ങനൊരു പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ആറു വർഷങ്ങൾ കൊണ്ടാണ് പുസ്തകം പൂർത്തിയാക്കിയത്.  

ഓര്‍മവെച്ച നാള്‍ മുതല്‍ സിവില്‍ സര്‍വീസ് പ്രവേശനം വരെയുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഡി.സി. ബുക്‌സാണ്  പ്രസാധകർ. 

വായനക്കാരോട്...

പതിനൊന്നു വയസ്സുവരെ ഒരില പോലെ അല്ലെങ്കിൽ വെള്ളത്തിലൊഴുകുന്ന പൊങ്ങു തടി പോലെ ഒഴുകി നടന്നിരുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. എനിക്കു തോന്നിയ പോലെ മാത്രം ജീവിച്ചു. പന്തുകളിക്കാൻ തോന്നുമ്പോൾ പന്തുകളിക്കാൻ പോകും. മീൻ പിടിക്കണമെന്ന് തോന്നുമ്പോൾ അതിനു പോകും. സ്കൂളിൽ പോകണ്ട എന്നു തോന്നിയാൽ പോകില്ല. ജീവിതത്തിൽ ചെയ്തതെന്തും ഞാൻ നന്നായി ആസ്വദിച്ചു. എന്നാൽ അനാഥാലയത്തിൽ െചന്നതോടെ എന്റെ താൽപര്യങ്ങൾക്കൊന്നും ഒരു പ്രാധാന്യവും ഇല്ലാതായി.

എന്താണോ അവിടെ ഉള്ളത് അതുമായി താദാത്മ്യപ്പെട്ടു പോകേണ്ടി വന്ന ജീവിതത്തിലെ മറ്റൊരു കാലം. സ്വന്തം ഇഷ്ടത്തിനു മാത്രം ജീവിച്ച പത്തു വർഷവും, സ്വന്തം ഇഷ്ടങ്ങളൊന്നും നിറവേറ്റാൻ സാധ്യതയില്ലാത്ത പത്തുവർഷവും. ഇരുപത്തൊന്ന് വയസ്സിനുള്ളിൽ ഇതു രണ്ടും അനുഭവിക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ ജീവിതവിജയം. ഇതു രണ്ടും നമ്മുക്ക് ആവശ്യമാണ്. ഇതിന്റെ മധ്യത്തിലെവിടെയോ ആണ് ജീവിതം. അരക്ഷിതത്വങ്ങൾക്കും അച്ചടക്കങ്ങൾക്കും ഇടയിലാണ് ജീവിത വിജയം.

അനാഥാലയം പഠിപ്പിച്ച ഒരു പാഠമുണ്ട് നമ്മുക്ക് കിട്ടാത്തതിനെ കുറിച്ച് ചിന്തിക്കാതെ കിട്ടയതിൽ നിന്ന് ജീവിതത്തിൽ എന്തു ചെയ്യാൻ  സാധിക്കുമോ അതു ചെയ്യുക.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA