'അയാളൊരു തട്ടിപ്പുകാരനായിരുന്നു, ഭാഗ്യത്തിന് ഞാൻ രക്ഷപെട്ടു'

akhil-2
SHARE

പുസ്തകപ്രകാശനം എങ്ങനെയൊക്കെ വ്യത്യസ്തമാക്കാം എന്ന ആലോചനയാണ് അഖിൽ പി ധർമ്മജൻ എന്ന നോവലിസ്റ്റിനെ എല്ലായ്പ്പോഴും വ്യത്യസ്തനാക്കുന്നത്. അഖിലിനെ അറിയില്ലേ? കഴിഞ്ഞ വർഷത്തെ ആമസോൺ നോവൽ ടോപ് റാങ്കിൽ വന്ന അതെ അഖിൽ പി ധർമ്മജൻ തന്നെ. ഓജോബോർഡ് എന്ന നോവൽ ആമസോൺ വെബ്‌സൈറ്റിന്റെ ഒന്നാം നിലയിലായിരുന്നു ഒരു സമയത്ത്, ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഓജോബോർഡിന്റെ പ്രകാശനം ശ്‌മശാനത്തിൽ വച്ചായിരുന്നു. കഥാസന്ദർഭത്തിന് ചേരുന്ന ഇടങ്ങളിൽ വച്ചാണ് അഖിൽ പൊതുവെ തന്റെ പുസ്തകങ്ങൾ പ്രകാശിപ്പിക്കുക, രണ്ടാമത്തെ തവണയും എഴുത്തുകാരൻ പതിവ് തെറ്റിച്ചില്ല. രണ്ടാമത്തെ നോവലായ "മെർക്കുറി ഐലന്റ്" കഴിഞ്ഞ ദിവസം പ്രകാശനം നടത്തപ്പെട്ടത് ആലപ്പുഴയിലെ പാതിരാമണൽ ദ്വീപിൽ വച്ച്.

പുസ്തകപ്രകാശനത്തോട് അനുബന്ധിച്ച് ഒരു തട്ടിപ്പുകാരനെ പൊലീസ് അറസ്റ്റു ചെയ്ത അനുഭവം കൂടിയുണ്ടായി അഖിലിനും കൂട്ടുകാർക്കും.

അതിനെ കുറിച്ച് അഖിൽ,

"ഞാൻ അയാളെ പരിചയപ്പെട്ടിട്ട് ഒരാഴ്ച ആയതേ ഉണ്ടായിരുന്നുള്ളൂ. വലിയ വലിയ സിനിമ അഭിനേതാക്കളുടെയും സംവിധായകരുടെയും കൂടെയുള്ള ചിത്രങ്ങൾ കാട്ടി നിർമ്മാതാക്കളിൽ നിന്ന് പണം തട്ടുന്ന ആളായിരുന്നു അയാൾ. ഫെയ്‌സ്ബുക്കിലുള്ള ഫേക്ക് പേര് വച്ചാണ് അയാൾ എന്നെ സുഹൃത്താക്കിയത്. പുസ്തക പ്രകാശനത്തിന്റെ തലേ ദിവസം തന്നെ ഇയാൾ അവിടെ വന്ന് താമസിച്ചിരുന്നു, പ്രകാശനത്തിന് ഞങ്ങളുടെ ഒപ്പം നിന്ന് ചിത്രമെടുത്തു. കോട്ടയത്തുള്ള മറ്റൊരു നിർമ്മാതാവിനെ പറ്റിക്കാനായിരുന്നു ഇത്തവണ അയാളുടെ ശ്രമം, പക്ഷേ ഇയാൾ നേരത്തെ പറ്റിച്ച പലരും ഇയാളുടെ സ്റ്റാറ്റസ് കണ്ട് പ്രകാശനത്തിന് എത്തിയിരുന്നു. ഒപ്പം പോലീസുമുണ്ടായിരുന്നു, അങ്ങനെയാണ് പ്രകാശന വേദിയിൽ വച്ച് തന്നെ അയാൾ അറസ്റ്റു ചെയ്യപ്പെട്ടത്. പലരിൽ നിന്നും പണം വാങ്ങിയ ഇയാൾ ചെന്നൈയിലെ ഒരു പ്രശസ്ത സംവിധായകന്റെ അസിസ്റ്റന്റ് ആണെന്നാണ് എന്നോടും പറഞ്ഞിരുന്നത്. എന്നോടൊപ്പമുള്ള ചിത്രം കാട്ടി മറ്റൊരാളിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പിന്നീട് അയാളെ മാഹിയിലേക്ക് കൊണ്ടു പോയി, വല്ലാതെ ആ സംഭവം വിഷമമുണ്ടാക്കി എങ്കിലും അപകടം ഒന്നും പറ്റാതെ രക്ഷപെട്ടു എന്നതിൽ ആശ്വാസമുണ്ട്."

akhil-3

ലോകാവസാന പശ്ചാത്തലത്തില്‍ ആണ് മെര്‍ക്കുറി ഐലന്‍റ് -ലോകാവസാനം- എന്ന ഫാന്‍റസി ഫിക്ഷന്‍ നോവല്‍ പാതിരാമണല്‍ ദ്വീപില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ടത്. ചടങ്ങിനായി എത്തിച്ചേര്‍ന്ന ഇരുന്നൂറോളം വായനാക്കാരില്‍നിന്നും നറുക്കെടുപ്പ് നടത്തിയായിരുന്നു പ്രകാശനം ചെയ്യുന്നയാളെ തിരഞ്ഞെടുത്തത്. ലോകാവസാന സമയത്ത് കടല്‍ ചുഴികളാല്‍ ചുറ്റപ്പെട്ട മെര്‍ക്കുറി എന്ന ദ്വീപിലേക്ക് ഒരു സംഘം ആളുകള്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം നടത്തുന്ന സാഹസിക യാത്രയാണ് കഥയുടെ പ്രമേയം. എട്ടുവര്‍ഷത്തോളം കാലമാണ് നോവല്‍ പൂര്‍ത്തിയാക്കുവാനെടുത്തത്. ആദ്യ കാലഘട്ടങ്ങളില്‍ പ്രസാധകര്‍ ഏറ്റെടുക്കാതിരുന്ന നോവല്‍ അധ്യായങ്ങളാക്കി അഖിലിന്റെ  ഫേസ്ബുക്ക് വാളില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് മെര്‍ക്കുറിക്ക് വായനക്കാര്‍ ഏറിയപ്പോള്‍ പുസ്തക രൂപത്തില്‍ സ്വന്തമായി പബ്ലിഷ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ കഥയുടെ പശ്ചാത്തലമായ ദ്വീപില്‍വച്ചുതന്നെ അതിന്‍റെ പ്രകാശനം നടത്തുവാനും തീരുമാനമായി അഖിലിനെ ഫേസ്ബുക്കില്‍ പിന്തുണച്ച വായനക്കാര്‍ തന്നെയായിരുന്നു ചടങ്ങിനെത്തിവരില്‍ ഏറിയ പങ്കും. വന്നവരില്‍നിന്നും നറുക്ക് വീണത് അടുത്തിടെ അഖിലിന്റെ വായനക്കാരനായി മാറിയ ആലുവ സ്വദേശി ലിജോയ്ക്കും. ആദ്യമായാണ് ഒരു മലയാള പുസ്തകം ഒരു ദ്വീപില്‍വച്ച് പ്രകാശനം ചെയ്യപ്പെടുന്നത്. അഖിൽ മെർക്കുറി ഐലന്റ്നെ കുറിച്ച്, 

"എന്റെ നീണ്ട എട്ടു വർഷത്തെ എഴുത്താണ് മെർക്കുറി ഐലന്റ്. അങ്ങേയറ്റം ഫാന്റസി അതിലുണ്ട്, 512 പേജാണ് പുസ്തകം, ഒരു പേജുപോലും വായനക്കാരെ മടുപ്പിക്കാതെയിരിക്കാൻ വേണ്ടി ഞാൻ ശ്രമിച്ചിട്ടുണ്ട്, കാരണം ഇതുവരെ മലയാളി വായിച്ചിട്ടില്ലാത്തതരം ഫാന്റസി ലോകത്തേക്കാണ് ഞാൻ ഓരോ വായനക്കാരനെയും സ്വാഗതം ചെയ്യുന്നത്."

akhil-book-1

മെർക്കുറി ഐലന്റിന്റെ അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സംവിധായകനായ ജൂഡ് ആന്റണിയാണ്. 

"നീണ്ട കഥകൾ ഘട്ടം ഘട്ടമായി വായിക്കാറുള്ള ഞാൻ ആ രാത്രിയിൽ ഉറങ്ങിയില്ല. ഓരോ അധ്യായവും അതീവ താൽപര്യത്തോടെയും ശ്രദ്ധയോടെയും ഒറ്റയടിക്ക് വായിച്ചു തീർത്തു. ഒടുവിൽ വായനയ്ക്ക് ശേഷം അഖിലിനെ വിളിക്കുമ്പോൾ അഖിലും അതിശയപ്പെട്ടു, ഇത്ര  പെട്ടെന്ന് അത് വായിച്ചു തീർത്തോ എന്ന് അതിശയപ്പെട്ടു. മെർക്കുറി ഐലന്റ് സത്യത്തിൽ എനിക്കൊരു അദ്‌ഭുതമാണ്, മലയാളത്തിൽ നിന്നും ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രീതിയിൽ ഒരു നോവൽ വരിക എന്നത് നമുക്ക് എല്ലാവർക്കും അഭിമാനകരമായ ഒരു നേട്ടമാണ്. ഇത് തീർച്ചയായും മലയാളത്തിൽ മാത്രമായി ഒതുങ്ങി നിൽക്കാതെ മറ്റു ഭാഷകളിലേക്കും പരിവർത്തനം ചെയ്യപ്പെടും"

പുസ്തകത്തെ കുറിച്ച് ജൂഡ് എഴുതുന്നു.

കഥ കേൾക്കുകയും പറയുകയും ചെയ്യുക, അത് ഭീതിപ്പെടുത്തുന്ന കഥകളാണെങ്കിൽ അതിനു ആസ്വാദകർ കൂടുതൽ ഉണ്ടാവുക, എന്നത് കാലങ്ങളായി ലോകം മുഴുവനുള്ള വായനക്കാർ വളർത്തിയെടുത്ത ശീലമാണ്, ഷെർലക് ഹോംസും ഹാരി പോർട്ടറുമൊക്കെ എത്ര ആവേശത്തോടെയാണ് വായനക്കാർ വായിച്ചു തീർത്തത്! മലയാളത്തിലും ഹൊറർ വിഷയങ്ങൾ കൈകാര്യം ചെയ്ത എഴുത്തുകാർ പലരുണ്ട്, അതിൽ തന്നെ ഇനിയുള്ള കാലം അടയാളപ്പെടുത്താൻ പോകുന്ന ആദ്യ പേരുകളിലൊന്ന് അഖിൽ പി ധർമ്മജൻ എന്നു തന്നെയാകും.

"എല്ലായിടത്തും ഇപ്പോൾ സുഹൃത്തുക്കളുണ്ട്. അവരെ പരമാവധി ഞാൻ കൂടെ നിർത്താറുണ്ട്. എല്ലാ കാലത്തും സുഹൃത്തുക്കളാണ് സഹായിക്കാൻ ഉണ്ടായിരുന്നതും. എവിടെ പോയാലും അവിടെയുള്ള വായനക്കാരെ കാണാനും സംസാരിക്കാനും ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയ വഴിയും എല്ലാവർക്കും മെസേജുകൾക്ക് മറുപടി നൽകാറുമുണ്ട്. ഒരുപാട് സംസാരിക്കാൻ ഇഷ്ടമാണ്. സുഹൃത്തുക്കൾ ജീവനാണെനിക്ക്. ഇപ്പൊ മെർക്കുറിയുടെ പ്രകാശനത്തിലും അവർ തന്നെയായിരുന്നു എനിക്കൊപ്പം എല്ലാത്തിനും", സുഹൃത്തുക്കളെ കുറിച്ച് അഖിൽ പറയുന്നു.

ഓജോബോർഡ് വളരെ പെട്ടെന്നാണ് പ്രശസ്ത ഓൺലൈൻ പുസ്തക വിപണിയായ ആമസോണിൽ ടോപ് ഒന്നിൽ എത്തിച്ചേർന്നത്. മെർക്കുറി ഐലന്റ് ഉം ഒന്നാം സ്ഥാനത്ത് എത്തുമെന്ന് തന്നെയാണ് അഖിലിന്റെ വായനക്കാരുടെ പ്രതീക്ഷ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA