ദൈവം എന്ന ഫലിതപ്രിയൻ

philipose-mar-chrysostom
SHARE

‘‘ആകാശമേ കേൾക്ക, ഭൂമിയെ ചെവി തരിക, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവം സർവസൃഷ്ടിയോടും സംസാരിക്കുന്നു. സർവജനത്തിനുമുള്ള സന്തോഷം ദൂതന്മാർ ഘോഷിക്കുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു.’’

തിരുമേനി തമാശയൊക്കെ പറയുന്നത് ദൈവത്തിന് ഇഷ്ടമാണോ?

ദൈവത്തിന് ഇഷ്ടമാണോ എന്നു ഞാൻ ചോദിച്ചിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ ദൈവം എന്നെ അനുഗ്രഹിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. 

തിരുമേനി എന്തിനാണു തമാശ പറയുന്നത്?

ഞാൻ തമാശ പറയുന്നതു ജീവിതത്തിന്റെ അടിസ്ഥാനപരമായ പല സന്ദേശങ്ങളും നിങ്ങളുടെയൊക്കെ മനസ്സിൽ  ഉറപ്പിക്കുന്നതിനു വേണ്ടിയാണ്. ഗൗരവത്തോടെ ഒരു കാര്യം പറഞ്ഞാൽ നിങ്ങളാരും അത് ഉൾക്കൊണ്ടു എന്നു വരില്ല. എന്നാൽ തമാശയോടെ പറഞ്ഞാൽ നിങ്ങൾ ഓർക്കും. തമാശ എത്രകാലം കഴിഞ്ഞാലും മറക്കത്തില്ല. തമാശ ഓർക്കുമ്പോൾ അതിനു പിറകിലുള്ള കാര്യങ്ങളും ഓർക്കും. അതുകൊണ്ടാണു ഞാൻ ചില തമാശകളൊക്കെ പറയുന്നത്. 

തിരുമേനി തമാശ പറയരുത് എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഉണ്ട്. പ്രാർത്ഥനയ്ക്കിടയിലും ധ്യാനത്തിലുമൊന്നും തമാശ പറയരുതെന്നു പലരും പറഞ്ഞിട്ടുണ്ട്. 

എന്നിട്ട് അങ്ങ് അനുസരിച്ചോ?

തമാശ എന്നു പറയുന്നത് ഇലക്ട്രിസിറ്റി പോലെയുള്ള ഒരു സാധനമാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അത് അപകടം വിളിച്ചു വരുത്തും. എന്നാൽ വേണ്ടവണ്ണം കൈകാര്യം ചെയ്താൽ തമാശയും പ്രകാശിക്കും. ബൾബ് പ്രകാശിക്കും പോലെ.

ഒരിക്കൽ പറഞ്ഞ തമാശ പിന്നെയും പിന്നെയും പറയുമ്പോൾ കേൾക്കുന്നവർക്കു ബോറടിക്കില്ലേ?

ഞാൻ തമാശ പറയുന്നതു ഞാൻ വലിയവനാണെന്നു പറയാൻ  വേണ്ടിയിട്ടല്ല. എന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു വേണ്ടിയിട്ടാണ്. ഞാൻ ഒരു അനുഭവം പറയാം. എന്റെ  അനുജൻ ഉണ്ടായിരുന്ന സമയത്ത് രണ്ടു ദിവസത്തിലൊരിക്കൽ എന്നെ കാണാൻ വരും. ഞങ്ങൾ ഒത്തിരി നേരം സംസാരിച്ചിരിക്കും. മുൻപു പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഞങ്ങള്‍ പരസ്പരം പറയുന്നത്. ഞാൻ പറഞ്ഞു തുടങ്ങുമ്പോൾ എന്താ പറയുന്നത് എന്ന് അവന് അറിയാം. അവൻ പറഞ്ഞു തുടങ്ങുമ്പോൾ എനിക്കും അറിയാം എന്താ പറയാൻ പോകുന്നതെന്ന്. എന്നാലും ഞങ്ങൾ പരസ്പരം സംസാരിക്കും. അതൊരു സന്തോഷമാണ്. അതുപോലെ ചിലപ്പോൾ നിങ്ങൾ എന്താ പറയാൻ പോകുന്നത് എന്ന് നിങ്ങൾക്കും അറിയാം. പക്ഷേ, നമ്മള്‍ പരസ്പരം ഇങ്ങനെ സംസാരിക്കും. അതിൽ ഒരു സന്തോഷമുണ്ട്. ബോറടിക്കത്തില്ല. 

തിരുമേനി അമ്പലങ്ങളിലൊക്കെ പോകാറുണ്ടല്ലോ?

ഉണ്ട്. പോയിട്ടുണ്ട്. പോകാറുണ്ട്. അത് എന്റെ ദൈവം പറഞ്ഞിട്ടാണ് ഞാൻ പോകുന്നത്. 

തിരുമേനിയുടെ ദൈവം എന്തു പറഞ്ഞു?

എന്റെ ദൈവം എന്നോട് പറഞ്ഞതെന്തെന്നാൽ നീ ആയിരിക്കുന്നത് മുഴുവനും മറ്റുള്ളവർ മുഖാന്തരമാണ്. എന്നെ പഠിപ്പിച്ചതു വേറൊരു ആളാണ്, എന്നെ ചികിത്സിച്ചത് വേറൊരു ആളാണ്. എന്നെ വളർത്തിയതു വേറൊരു ആളാണ്. ഞാൻ എനിക്കു വേണ്ടി ചെയ്തത് എന്താണെന്നു വച്ചാൽ ഞങ്ങൾ തിരുവല്ലാക്കാരു പറയുന്നതുപോലെ‘‘ചുണ്ടയ്ക്കാ കൊടുത്തു വഴുതനങ്ങ വാങ്ങി.’’ അതാണ് ഞാൻ ചെയ്തിട്ടുള്ളത്. 

എല്ലാ മതസ്ഥരോടും തിരുമേനിക്കു ബഹുമാനമാണോ?

എല്ലാ മതസ്ഥരോടും സ്നേഹവും ബഹുമാനവും വേണമെന്ന് എന്റെ ദൈവം എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളും എല്ലാ ദൈവങ്ങളും അവരവരോടു പറയുന്നത് ഇതുതന്നെയാണ് എന്നും ഞാൻ വിശ്വസിക്കുന്നു. 

തിരുമേനിയുടെ മതത്തിൽപെട്ടവർക്ക് അത് ഇഷ്ടപ്പെടുമോ?

എനിക്കു സ്വീകരിക്കാൻ പറ്റാത്തവരെയും സ്വീകരിക്കുക എന്നതാണ് എന്റെ ആദർശം. എന്റെ സുഹൃത്തിന്റെ എല്ലാ അഭിപ്രായങ്ങളും ഞാൻ സ്വീകരിക്കുന്നില്ല. എന്റെ അമ്മ പറയുന്ന എല്ലാ അഭിപ്രായങ്ങളും ഞാൻ സ്വീകരിക്കുന്നില്ല. എന്നാൽ എന്റെ അമ്മയെ ഞാൻ പൂർണമായും സ്വീകരിക്കുന്നു. എന്റെ സുഹൃത്തിനെ പൂർണ്ണമായും സ്വീകരിക്കുന്നു. അഭിപ്രായങ്ങളിൽ വ്യത്യാസം വേണം എന്ന അഭിപ്രായക്കാരനാണു ഞാൻ. എന്റെ അപ്പന്റെ അഭിപ്രായവും അമ്മയുടെ അഭിപ്രായവും ഒന്നായിരുന്നാൽ ചിലപ്പോൾ രണ്ടും തെറ്റായിപ്പോവാം. അതേ സമയം രണ്ടായിരുന്നാൽ ചിലപ്പോൾ രണ്ടും ശരിയാകാം. അല്ലെങ്കിൽ ഒന്നെങ്കിലും ശരിയാകാം. വിവിധങ്ങളായ അഭിപ്രായങ്ങൾ ഒന്നു ചേർന്നാലേ ആരോഗ്യകരമായ ഒരു അഭിപ്രായം ഉണ്ടായി വരൂ എന്നാണ് എന്റെ അഭിപ്രായം. 

തിരുമേനി തമാശ പറയുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ?

ഉണ്ട് പ്രത്യേകിച്ചും സഭയിലുള്ള ആളുകൾക്കു ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. 

അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

എന്റെ അഭിപ്രായത്തില്‍ യേശുക്രിസ്തു നല്ല ഫലിതബോധം ഉള്ള ആളായിരുന്നു. ദൈവശാസ്ത്രം സൂക്ഷ്മമായി പഠിച്ചാൽ അറിയാം യേശു നല്ല ഫലിതക്കാരനായിരുന്നു എന്ന്. 

തിരുമേനിയുടെ തമാശ കുട്ടികളും മുതിർന്നവരും എങ്ങനെയാണ് ഉൾക്കൊള്ളുന്നത്? 

ഒരു തമാശ ഒരാൾ ഉൾക്കൊള്ളുന്നത് അയാൾക്കു വേണ്ട രീതിയിലാണ്. ദൈവം സ്നേഹമാണ് എന്നു പറഞ്ഞാൽ ഒരാൾ ധരിക്കുന്നത് അയാൾ കൊലപാതകം ചെയ്താലും ദൈവം അയാളെ രക്ഷിക്കും എന്നാണ്. വേറൊരാൾ കരുതുന്നതു മറ്റുള്ളവരുടെയൊക്കെ കാര്യം പോക്കാണ്, എന്നെ മാത്രം ദൈവം വെള്ളത്തിൽ നിന്നു കരകയറ്റും എന്നാണ്. ഓരോരുത്തരും അവരവർക്കു വേണ്ട രീതിയിൽ കാര്യങ്ങൾ ഉൾക്കൊള്ളുകയാണു ചെയ്യുന്നത്.

ഈ തമാശ പറയുന്നത് നിർത്തണം എന്ന് അങ്ങേയ്ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കാരണം, മറ്റൊരാളെ ദോഷപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാന്‍ ഉദ്ദേശിച്ചു കൊണ്ടല്ല ഞാൻ തമാശ പറയുന്നത്. ഇനി അഥവാ ആർക്കെങ്കിലും എന്റെ തമാശ കേട്ടു ദുഃഖം ഉണ്ടായാൽ ഞാൻ അയാളോടു ക്ഷമ ചോദിക്കാനും തയാറാണ്.

തിരുമേനിയുടെ അരമനയിൽ ധാരാളം ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ഉള്ളതായി കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങ് ഇതു സൂക്ഷിക്കുന്നത്?

ശ്രീകൃഷ്ണന്റെ വിഗ്രഹങ്ങൾ അല്ല. രൂപങ്ങൾ ആണ്. അത് എനിക്ക് എന്റെ സ്നേഹിതർ തന്നതാണ്. ഞാൻ എന്റെ സ്നേഹിതരെ ബഹുമാനിക്കുന്നു. എന്റെ സ്നേഹിതർ സ്നേഹത്തോടെ തന്നതിനെ ഞാൻ ബഹുമാനിക്കുന്നു. 

സ്നേഹത്തെ അങ്ങ് എങ്ങനെയാണ് അളക്കുന്നത്?

ഒരു വിശേഷദിവസം എന്നെ കാണാൻ ഒരു പാവപ്പെട്ട സ്ത്രീ വന്നു. എന്നെ കണ്ടു സംസാരിച്ചതിനുശേഷം അവർ എനിക്കൊരു സമ്മാനം തന്നു. ഒരു ഏത്തപ്പഴം കടലാസിൽ പൊതിഞ്ഞതായിരുന്നു ആ സമ്മാനം. അന്നേ ദിവസം വേറൊരു സമ്പന്നൻ എന്നെ കാണാൻ വന്നു. അയാൾ എനിക്ക് ഒരു സ്വർണമാല സമ്മാനം തന്നു. ഞാൻ ആരുടെ സമ്മാനത്തിനാവും വിലമതിക്കുന്നത് എന്നറിയാമോ? തീർച്ചയായും ആ പാവപ്പെട്ട സ്ത്രീയുടേതിന് ആയിരിക്കും. എന്താ കാരണം എന്നറിയാമോ? ആ സ്വർണമാല ആ സുഹൃത്ത് വാങ്ങിക്കൊണ്ടു വന്നതിനെക്കാൾ വലിയ മനസ്സാണ് ആ പാവപ്പെട്ട സ്ത്രീ കാണിച്ചത്. ഒരു പക്ഷേ അവരുടെ കുഞ്ഞിനു കൊടുക്കേണ്ട നേന്ത്രപ്പഴമായിരിക്കും എനിക്കു കൊണ്ടു തന്നത്. 

ആരോഗ്യവും ദീർഘായുസ്സുമൊക്കെ എന്തിന്റെ ഫലമാണെന്നാണ് സ്വയം വിശ്വസിക്കുന്നത്?

ദൈവസ്നേഹത്തിന്റെ ഫലമാണ്.

ദൈവം കൂടുതൽ സ്നേഹിക്കാൻ വേണ്ടി അങ്ങ് എന്താണ് ചെയ്തത്?

ദൈവം എന്നെ കൂടുതൽ സ്നേഹിക്കാൻ വേണ്ടി ഞാൻ ദൈവത്തിനെയല്ല കൂടുതൽ സ്നേഹിക്കുന്നത്, മനുഷ്യനെയാണ്. മനുഷ്യനെ കൂടുതൽ സ്നേഹിച്ചാല്‍ അത് ദൈവത്തിനെ കൂടുതൽ സ്നേഹിക്കുന്നതിനു തുല്യമാകും. ദൈവത്തിനും അതാണ് ഇഷ്ടം. 

തിരുമേനി എല്ലാവരെക്കുറിച്ചും തമാശ പറയുന്നുണ്ട്?

ദൈവത്തെക്കുറിച്ചാണ് കൂടുതൽ തമാശകളും പറഞ്ഞിരിക്കുന്നത്. ദൈവത്തിനു ഞാന്‍ തമാശ പറയുന്നത് ഇഷ്ടമാണ്. ദൈവം എന്നോട് അത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 

അങ്ങയെ പലരും നല്ല തമാശക്കാരനായി കാണുന്നുണ്ട്. അങ്ങയുടെ അനുഭവത്തിൽ ആരാണു വലിയ തമാശക്കാരൻ?

എന്റെ അനുഭവത്തില്‍ ഏറ്റവും വലിയ തമാശക്കാരൻ ദൈവമാണ്. 

അങ്ങ് ദൈവത്തോടു പരാതി പറയാറുണ്ടോ?

ഇല്ല ഞാൻ ദൈവത്തോടു പരാതി പറയാറില്ല. പറഞ്ഞിട്ടുമില്ല. എല്ലാവരും ദൈവത്തോട് പരാതി പറഞ്ഞു പറഞ്ഞ് ദൈവം വശംകെട്ടിരിക്കുകയാണ്. അപ്പോൾ നമ്മൾ കൂടി പരാതി പറഞ്ഞിട്ടു കാര്യമില്ല. 

നൂറു വയസ്സു കഴിഞ്ഞു അങ്ങേയ്ക്ക്. ഈ കാലത്തെയും അങ്ങയുടെ ചെറുപ്പകാലത്തെയും ഒന്നു താരതമ്യപ്പെടുത്താൻ പറ്റുമോ?

എല്ലാവരും പറയുന്ന ഒരു കാര്യമാണ്. ഹോ.... ഞങ്ങളുടെ ചെറുപ്പകാലം ആയിരുന്നു നല്ലത്. അന്ന് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്നൊക്കെ. ആ പറയുന്നത് ശരിയായിരിക്കണം എന്നില്ല. എന്നാൽ ഞാൻ പറയുന്നത് പഴയ ആ കാലമായിരുന്നു നല്ലത് എന്നാണ്. ഒരു ഉദാഹരണം പറയാം. അന്നത്തെക്കാലത്ത്  മതിലുകൾ ഇല്ല കയ്യാലകൾ ആണ്. അത്യാവശ്യം കയ്യാലകളേ ഉള്ളൂ. പിന്നെ, അന്ന് നിങ്ങളുടെ പറമ്പിൽ നിന്ന് ‘ഞാനൊരു ചക്കയെടുത്തോട്ടെ എന്നു ചോദിച്ചാൽ’ ആയിക്കോട്ടെ എന്നേ ഉടമസ്ഥൻ പറയൂ. ഇന്നു ചക്കയെടുക്കണ്ടാ, വെറുതെ പ്ലാവിന്റെ ചുവട്ടിൽ പോയി നിന്നാലും ചോദിക്കും. തനിക്കെന്താ ഇവിടെ കാര്യം എന്ന്. ചിലർ പൊലീസിനെക്കൊണ്ട് ഇടിപ്പിക്കുകയും ചെയ്യും. ഇത് രണ്ടു കാലങ്ങൾ തമ്മിലുള്ള വ്യത്യാസം ആണ്. 

ഈ സ്വർണനാവുകൊണ്ട് അങ്ങ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ; ഫലിതം പറഞ്ഞ്?

ഉണ്ട്. ഞാൻ എന്റെ അമ്മയെ വേദനിപ്പിച്ചിട്ടുണ്ട്. അപ്പനെ വേദനിപ്പിച്ചിട്ടുണ്ട്. സഹോദരങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കളെ വേദനിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് പേരെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ, അറിഞ്ഞുകൊണ്ടും വേദനിപ്പിക്കാൻ വേണ്ടിയും ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല. മറ്റുള്ളവരെ ഒരിക്കലും വേദനിപ്പിക്കരുത് എന്നാണ് നമ്മുടെ ആഗ്രഹം. അതിനുവേണ്ടി നമ്മൾ ശ്രമിക്കും. എന്നാലും നമ്മൾ അറിയാതെ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു വേദന ഉണ്ടാക്കും. അറിയാതെ പോലും മറ്റുള്ളവര്‍ക്കു വേദന ഉണ്ടാക്കരുതെന്നു നമ്മൾ വിചാരിച്ചാലും.

മറ്റൊരാളുടെ കുറ്റം പറയാനാണല്ലോ നമ്മളിൽ ഭൂരിഭാഗം പേർക്കും താൽപര്യം?

അതേ. മറ്റൊരാളെ ദോഷപ്പെടുത്തുന്ന രീതിയിൽ സംസാരിക്കാനാണ് നമുക്കു താൽപര്യം. അതു നമ്മൾ ഉറക്കെ പറയുകയും ചെയ്യും. അറിഞ്ഞു കൊണ്ടു മറ്റുള്ളവനെ വേദനിപ്പിക്കുക എന്നതു ചിലരുടെ സ്വഭാവമാണ്. അതിനുവേണ്ടി അവർ എന്തും ചെയ്യും. സ്വയം നശിക്കുക എന്നതാണ് അവരുടെ വിധി. രണ്ടു പേർ വഴക്കു കൂടുമ്പോൾ ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടിട്ടില്ലേ. എന്തിനാണ് തൊട്ടടുത്തു നിന്നു സംസാരിക്കുന്നവർ ഉച്ചത്തിൽ പറയുന്നത്. അവർ തമ്മിലുള്ള അകലം വളരെ കൂടുതൽ ആണ്. അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലം വളരെ കൂടുതൽ ആണ്. അതുകൊണ്ട് ഹൃദയങ്ങൾ അടുക്കുമ്പോഴാണ് സ്നേഹം ഉണ്ടാകുന്നത്. നല്ല സ്നേഹത്തോടെ രണ്ടു പേർ സംസാരിക്കുമ്പോൾ വളരെ പതുക്കെ സംസാരിക്കും. ഹൃദയങ്ങൾ അടുക്കുക എന്നതാണ് ഈ ലോകം നന്നാകാനുള്ള ഒരു മാർഗം. 

തിരുമേനിക്കു മറ്റുള്ളവരോട് അസൂയ ഉണ്ടോ?

ഉണ്ട്. ഒരു ഉദാഹരണം പറയാം. എന്റെ കൂടെ പഠിച്ച ഒരു സ്നേഹിതൻ കോഴഞ്ചേരിയിൽ ഉണ്ട്. എന്നെക്കാൾ നല്ല ആരോഗ്യം ഉണ്ട് അവന്. അവനെ കാണുമ്പോൾ എനിക്ക് അസൂയ ആണ്. ഞാൻ ഇത് പലതവണ അവനോടും പറഞ്ഞിട്ടുണ്ട്. കുറച്ചുനാൾ മുൻപ് അവൻ ഒന്നു വീണു. കൈ ഒടിഞ്ഞു എന്നാണ് ഞാൻ അറിഞ്ഞത്. അറിഞ്ഞ ഉടനെ ഞാൻ അവനെ കാണാൻ ചെന്നു. എന്നിട്ടു പറഞ്ഞു. നിനക്ക് എന്നെക്കാൾ ആരോഗ്യം ഉണ്ടെങ്കിലും ഒടിഞ്ഞ കൈയുമായി  ഇരിക്കുന്ന നിന്നെ ഒന്നു കാണാനാണു ഞാൻ വന്നത്. എന്റെ കൈ ഒടിഞ്ഞിട്ടുമില്ല. വലിയ സന്തോഷം തോന്നുന്നു. അപ്പോൾ അവൻ പറഞ്ഞു. നിനക്ക് എന്നോട് അസൂയയും ഇല്ല. കുശുമ്പും ഇല്ല. നിനക്ക് എന്നോട് വലിയ സ്നേഹം ആണെന്ന് എനിക്ക് അറിയാം. അതാ നീ എന്നെക്കാണാൻ ഓടി വന്നത്. അസൂയ ഉണ്ടായിരുന്നെങ്കിൽ നീ വരുകേല. എനിക്ക് ഉറപ്പാ: അവൻ പറഞ്ഞത് വാസ്തവം. അസൂയ എന്നു പറയുന്നത് ഒരു രോഗമാണ്. അത് എത്രയും പെട്ടെന്നു ചികിത്സിച്ചു ഭേദം ആക്കുന്നോ അത്രയും നല്ലത്.

രണ്ടു പേർ വഴക്കു കൂടുന്നതു കാണുമ്പോൾ അങ്ങ് അതിൽ ഇടപെട്ട് പരിഹാരം കണ്ടെത്തുമോ?

ഞാൻ ഒരു ഡോക്ടർ ആണെങ്കിൽ രോഗി എന്നോടു പറയുകയാണ് നിങ്ങൾ എന്നെ ചികിത്സിക്കണ്ട... അങ്ങനെ പറഞ്ഞാൽ പിന്നെ ആ രോഗിയെ ചികിത്സിക്കാൻ പോകുന്നതു ശരിയല്ല. അതുകൊണ്ട് ആ രോഗിയെ പരിശോധിക്കില്ല. എന്നാൽ വേറൊരാൾ വന്നിട്ട് എന്നെ ഒന്നു പരിശോധിക്കണം എന്നു പറഞ്ഞാൽ ഞാൻ സന്തോഷത്തോടെ അയാളെ ചികിത്സിക്കും. 

ഇന്നത്തെക്കാലത്ത് ആൾക്കാർക്കു ഭക്തി കൂടുന്നുണ്ടല്ലോ? ഇത് എല്ലാവരും ദൈവത്തിലേക്ക് അടുക്കുന്നതു കൊണ്ടാണോ?

ദൈവത്തിലേക്ക് അടുക്കുന്നതു കൊണ്ടല്ല. മറിച്ച് ഓരോരുത്തരും അവനവനിലേക്കു കൂടുതൽ അടുക്കുന്നതു കൊണ്ടാണ് ആൾക്കാർ ദൈവത്തെ കൂടുതലായി വിളിക്കുന്നത്. ദൈവത്തിന്റെ സുഖവും ദുഃഖവും അന്വേഷിക്കാതെ എന്നെയും എന്റെ കുടുംബത്തെയും നന്നായി രക്ഷിക്കണേ എന്നു പറയാനാണ്. മതങ്ങളായാലും മതസംഘടനകളായാലും ദൈവത്തിനു പ്രീതികരങ്ങളായ  കാര്യങ്ങളല്ല ചെയ്യുന്നത് സംഘടനകൾക്കു ഗുണകരമായ കാര്യങ്ങളാണു ചെയ്യുന്നത്. 

ദൈവം ഫലിതം സംസാരിക്കുന്നു എന്ന പുസ്തകം വാങ്ങാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA