"ഒരിക്കൽ എനിക്ക് ക്യൂബയെ മുഴുവനായി ഗർഭത്തിൽ പേറണം": വിവാദമായ കവിതയെ കുറിച്ച് ആർ സംഗീത 

sangeetha
SHARE

"ഒരിക്കൽ എനിക്ക് 

ക്യൂബയെ മുഴുവനായി 

ഗർഭത്തിൽ പേറണം

അതിലെ നക്ഷത്ര കണ്ണുള്ള 

താടിക്കാരനെ കൊണ്ട് 

അമ്മേ ന്ന് 

വിളിപ്പിക്കണം 

നൂറ് പെറ്റാലും 

മുല ചുരത്തിയാലും 

അന്നേ 

ഞാൻ അമ്മയാവൂ,... "

സമൂഹമാധ്യമം എത്ര അന്ധമായാണ് ചില വരികളെ വിലയിരുത്തുന്നതെന്ന് എഴുത്തുകാരിയായ ആർ സംഗീതയുടെ ഈ വരികൾക്കു മുകളിൽ നടക്കുന്ന ചർച്ചകൾ സാക്ഷ്യപ്പെടുത്തും. ട്രോൾ ആയും അല്ലാതെയും ആയിരത്തിലധികം അഭിപ്രായങ്ങളാണ് ഈ വിഷയത്തിൽ സംഗീതയ്ക്ക് ലഭിച്ചത്. അതിൽ കൂടുതലും സ്ത്രീ എന്ന നിലയിൽ അവരെ അങ്ങേയറ്റം അപമാനിക്കുന്നതുമായിരുന്നു. ചെഗുവേര എന്ന ബിംബത്തിന്റെ അർഥവ്യാപ്തി പോലും മനസ്സിലാക്കാതെ എഴുത്തുകാരിയുടെ കവിതയെ മാറ്റി നിർത്തി സംഗീത എന്ന സ്ത്രീയെ മാത്രമാണ് സൈബർ അക്രമികൾ ഉന്നം വെച്ചത്. പണ്ടു മഹാബലിയുടെ കാലത്ത് വാമനനെ മുന്നിൽ കണ്ടപ്പോഴാണ് രത്നമാല എന്ന പെൺകുട്ടി വാമനനെ മുലയൂട്ടാൻ ആഗ്രഹിച്ചത്. സ്വന്തം പിതാവിന്റെ അന്ത്യം കണ്ടിട്ടും അവളുടെ ഉള്ള് ആ ആഗ്രഹത്തിനായി നിലവിളിച്ചു കൊണ്ടിരുന്നു, രത്നമാലയുടെ അടുത്ത ജന്മമാണ് പൂതനയായി അറിയപ്പെടുന്നത്. വാമനന്റെ അടുത്ത അവതാരമായ കൃഷ്ണനെ പ്രസവിക്കാൻ ആയില്ലെങ്കിലും കണ്ണനു മുലപ്പാൽ കൊടുക്കാനുള്ള യോഗം അങ്ങനെ ആ കഴിഞ്ഞ ജന്മത്തിലെ മോഹം കൊണ്ട് പൂതനയ്ക്കുണ്ടായി. അതു മറ്റൊരു ചതിയുടെയും മരണത്തിന്റെയും കഥ. അത്തരം എത്രയോ മോഹങ്ങൾ, ഈ വ്യാഖ്യാനം കവിതയുടെ പുറമെയുള്ള പാളിക്കുമാത്രമാണ് നൽകേണ്ടത്, അക്ഷരാർഥത്തിൽ ക്യൂബയെ ഗർഭം ധരിക്കുക എന്ന പ്രയോഗം ഒരു വ്യവസ്ഥിതിയെ സ്വാംശീകരിക്കുക എന്നതാണ്. ആർ സംഗീതയുടെ കവിതയെ തീർച്ചയായും വിമർശിക്കാനുള്ള സ്വാതന്ത്ര്യം അവരുടെ വായനക്കാർക്കുണ്ട്, പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ അവരുടെ ശരീരമുൾപ്പെടെയുള്ള സ്വകാര്യതയിലേക്ക് കടന്നു ചെന്നുള്ള വാക്കുകളെ വിമർശനം എന്നല്ല വിളിക്കേണ്ടത്. 

താൻ നേരിട്ട അനുഭവത്തെ കുറിച്ച് ആർ സംഗീത സംസാരിക്കുന്നു:

ആദ്യത്തെ ഷോക്കിൽ നിന്നും പുറത്തിറങ്ങി!

രണ്ടു ദിവസം മുൻപാണ് ഇതിന്റെ ആരംഭം. എന്റെ മെസഞ്ചറിൽ രണ്ടു സുഹൃത്തുക്കൾ എന്റെ ചിത്രം ഉപയോഗിച്ച് ഞാൻ എഴുതിയ "ദി മോട്ടോർ സൈക്ലിസ്റ്റ്‌" എന്ന കവിതയിലെ ഒരു ഭാഗം മാത്രമെടുത്ത് അതിന്റെ സ്‌ക്രീൻ ഷോട്ട് വളരെ അശ്ലീലമായി എനിക്കയച്ചു. ആദ്യം ഞാനത് അവഗണിച്ചു. പിന്നീട് പത്തിരുപത് പേർ ഇതേ സ്‌ക്രീൻ ഷോട്ട് വീണ്ടുമയച്ചു, അതിനെ തുടർന്നു ഫെയ്‌സ്ബുക്കിൽ ഞാനൊരു പോസ്റ്റിട്ടു. പക്ഷേ അതിനു ശേഷം ആയിരക്കണക്കിന് സ്ക്രീൻഷോട്ടുകൾ, അതിന്റെ മുകളിൽ അഭിപ്രായങ്ങൾ ഒക്കെ വരാൻ തുടങ്ങി. മെസഞ്ചർ ബോക്സ് ഇത്തരം സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞു. ഭീഷണി, കളിയാക്കൽ ഒക്കെയായി വിഡിയോകൾ വരാൻ തുടങ്ങി. അപ്പോൾ എനിക്കു തോന്നി, ഞാൻ എങ്ങനെയോ ടാർജറ്റഡ് ആണ്. ഞാൻ കണ്ടിടത്തോളം വ്യക്തികളാണ് ഇതെല്ലാം പോസ്റ്റു ചെയ്യുന്നത്, ആ പോസ്റ്റുകളെല്ലാം ആയിരം എന്ന നിലയിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. അതോടെ ഞാൻ ഫെയ്‌സ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്തു, ഒപ്പം മെസഞ്ചറും. പിറ്റേ ദിവസം മെസഞ്ചർ മാത്രം തുറന്നു.

പരാതിപ്പെടുന്നില്ല...

പരാതിപ്പെടണം എന്നാണ് ആദ്യം വിചാരിച്ചത്, പക്ഷേ പിന്നീടു വേണ്ട എന്നു തീരുമാനിച്ചു. വീട്ടിൽ നിന്നും നല്ല സപ്പോർട്ട് ഉണ്ട്, അവർ എല്ലാവരും കൂടെ നിൽക്കുന്നുണ്ട്, പക്ഷേ പരാതിയുമായി പോകുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഓർക്കുമ്പോൾ വേണ്ടെന്നു വയ്ക്കാനാണ് തോന്നിയത്. വീട്ടിൽ നിന്നും അതു തന്നെ അഭിപ്രായം പറഞ്ഞു. പക്ഷേ ആദ്യത്തെ ഒരു ഷോക്കിന്റെ പുറത്താണ് ഫെയ്‌സ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്തത്, ഭയമില്ല, അധികം വൈകാതെ തന്നെ തിരികെ വരും. ആ സമയത്ത് എനിക്കെതിരെ ഒരു യുദ്ധമായിരുന്നു. ഒരുപാട് ആൾക്കാർ യുദ്ധസമാനമായ ആർപ്പു വിളികൾ നടത്തുന്നു, വെല്ലുവിളികൾ നടത്തുന്നു, എനിക്കവിടെ ഒച്ച ഉയർത്താൻ പറ്റിയ ഒരു സാഹചര്യമായിരുന്നില്ല. അപ്പോൾ എന്റെ ഒച്ച കേൾക്കുകയും ചെയ്യുമായിരുന്നില്ല, അതുകൊണ്ട് അപ്പോൾ നിശബ്ദതയാണ് നല്ലതെന്ന് തോന്നി. പക്ഷേ തിരികെ വന്ന ശേഷം എന്റെ നിലപാടുകളും അഭിപ്രായങ്ങളും ഞാൻ പറയുക തന്നെ ചെയ്യും.

എനിക്കിപ്പോഴുമറിയില്ല കാരണം...

ദി മോട്ടോർ സൈക്ലിസ്റ്റ്‌ എന്ന കവിത ഞാൻ ഇപ്പോഴെങ്ങും എഴുതിയതല്ല 2016 ൽ എഴുതിയ കവിതയാണ്, അത് അച്ചടിച്ച് വന്നിരുന്നു, പിന്നീട് ഒറ്റയ്ക്കൊരാൾ കടൽ വരയ്ക്കുന്നു", എന്ന കവിതാ സമാഹാരത്തിലും ഈ കവിത വന്നിരുന്നു. അപ്പൊഴെങ്ങുമില്ലാത്ത ഒരു പ്രശ്നമാണ് ഇപ്പോൾ ഉണ്ടായി വന്നത്. ഇപ്പോഴും അതിന്റെ കാരണമെന്താണെന്ന് എനിക്കറിയില്ല. എനിക്കു തോന്നുന്നത്, എസ്. ഹരീഷിന്റെ മീശ എന്ന നോവലിൽ ഞാൻ എടുത്ത നിലപാടു കൊണ്ടാവാം, പക്ഷേ അവിടെ ഞാൻ ഹരീഷിനെ അല്ല മീശ എന്ന നോവലിനെ മാത്രമാണ് അനുകൂലിച്ചത്. ആ വിഷയത്തിൽ നന്നായി ഉറക്കെ തന്നെ സംസാരിച്ചിരുന്നു, പക്ഷേ അതിൽ നിന്നും കാര്യങ്ങൾ വ്യത്യാസമാണ് ഇവിടെ. ഞാൻ ഒരു മതത്തെയും രീതികളെയും ഒന്നും അപമാനിച്ചിട്ടില്ല, വേറെ കാരണങ്ങളൊന്നും എനിക്ക് ആലോചിച്ചിട്ട് കാണാൻ കഴിയുന്നില്ല.

ചെഗുവേര എന്ന ബിംബം.

വായിച്ച പുസ്തകങ്ങൾ ഞാൻ വീണ്ടുമെടുത്ത് വായിക്കാറുണ്ട്. അലമാരയിൽ പുസ്തകം കണ്ടാൽ ചിലപ്പോൾ ചിലവ ഒന്നൂടെ വായിക്കാൻ തോന്നും. അങ്ങനെ ഈ കവിത എഴുതുന്ന കാലത്ത്, വീണ്ടും വായിച്ച പുസ്തകമാണ് ചെഗുവേരയുടെ ബൊളീവിയൻ ഡയറി. ആദ്യത്തെ വായന പോലെയല്ല രണ്ടാമത്തെ വായന, അതു നമ്മളെ പുതിയ ചില അനുഭവങ്ങളിലേക്കു കൊണ്ടു പോയേക്കാം. ആ വായനയുടെ പ്രതിഫലനമാണ് ആ കവിത. ആ കവിതയുടെ ഏറ്റവും വികലമായ വായനയാണ് ഇപ്പോൾ ഈ സ്‌ക്രീൻ ഷോട്ട് വഴി നടന്നു കൊണ്ടിരിക്കുന്നത്. ചെ എന്നത് ഒരു കമ്മ്യൂണിസ്റ്റ് ബിംബം ഒന്നുമല്ല, ഞാനൊരിക്കലും ചെയെ അങ്ങനെ കാണുന്നില്ല. ഒരിടത്ത് അധികാരത്തിനെതിരെ ഒരു വിമത സ്വരമുയരുന്നു, അവകാശത്തിനു വേണ്ടി സമരമുണ്ടാകുന്നു, ഒരു ചെറുത്തു നിൽപ്പുണ്ടാകുന്നു, പക്ഷേ ഏത് ഉൾനാട്ടിലാണ് ഈ സമരം നടക്കുന്നതെങ്കിലും എങ്ങനെയെങ്കിലും ചെയുടെ ചിത്രം അവിടെയുണ്ടാകും. അത് കൊടിയിലും ബനിയനിലും എന്നു വേണ്ട എവിടെയുമുണ്ടാകും .അതാരു കൊണ്ടുവരുന്നു എന്നറിയാൻ പറ്റില്ല. അയാൾ ഒരുകാലത്ത് ജീവിച്ചിരുന്നപ്പോൾ ഉണ്ടാക്കി വച്ച ആ പ്രതിഫലനമാണ് ഇന്നും അയാൾ പലയിടത്തും ജീവിക്കുന്നു എന്നത്. അതുകൊണ്ട് തന്നെ അതൊരു ബിംബമാണ്. 

"എനിക്ക് ക്യൂബയെ ഗർഭം ധരിക്കണം" എന്നതിന് ഒരു വ്യവസ്ഥിതിയെ കയ്യേൽക്കണം എന്നതാണ് വിവക്ഷ. ആത്യന്തികമായി കമ്യൂണിസം സ്വപ്നം കാണുന്ന സോഷ്യലിസം ഒക്കെ അടങ്ങുന്ന വ്യവസ്ഥിതിയെ ഗർഭം ധരിക്കുക അതാണ് ആ കവിതയുടെ യാഥാർഥ്യം

അർജന്റീനക്കാരനായ ചെ!

അർജന്റീനക്കാരനായ ചെഗുവേര എങ്ങനെ ക്യൂബയിൽ എന്ന ചോദ്യം പരിഹസിക്കാൻ പലരും ഉപയോഗിച്ചു കണ്ടു, അതവർക്ക് ചെയെ കുറിച്ച് വ്യക്തമായി അറിയാഞ്ഞിട്ടാണ്. അർജന്റീനയിൽ ആണ് ജനിച്ചതെങ്കിലും ക്യൂബയിലായിരുന്നു ചെയുടെ താവളം. അദ്ദേഹത്തിന് സ്വന്തം സ്വത്വം തിരിച്ചറിയാനുള്ള ഇടമൊരുക്കിയതും ക്യൂബയാണ്. ക്യൂബൻ ഗറില്ലാ വാറിലായിരുന്നു അദ്ദേഹമുണ്ടായിരുന്നത്. അത്തരം വികലമായ വായനയാണ് ആ കവിതയിൽ ഉടനീളം നടന്നിരിക്കുന്നത്. 

വിമർശിച്ചോളൂ, പക്ഷേ...

ഈ കവിതയെ രാഷ്ട്രീയമായി ഒക്കെ പല അർഥത്തിൽ പലരും സമകാലീക സംഭവങ്ങളെ കൂട്ടികെട്ടി വായിച്ചിട്ടുണ്ട്, എനിക്കൊന്നേ പറയാനുള്ളൂ, വിമർശകർക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, വിമർശിക്കാനുള്ള അവകാശമുണ്ട്, പക്ഷേ ഒരു കവിതയിലെ നാലുവരി, അതും എന്റെ ചിത്രം ഉപയോഗിച്ച് പ്രചരിപ്പിക്കുകയും സാധുക്കളായ എന്റെ കുടുംബത്തിലുള്ളവരെ വളരെ ക്രൂരമായ രീതിയിൽ അപമാനിക്കുകയും ചെയ്തതാണ് എന്റെ മുന്നിലെ പ്രശ്നം. എന്റെ അനുവാദം കൂടാതെ എന്റെ ഫോട്ടോ എന്തിനെടുത്തു? അതൊന്നും ഒരു ട്രോളല്ല, ഒരു സ്ത്രീ എന്ന നിലയിൽ എന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന നിലയിലുള്ള കമന്റുകളാണ് അതിലുണ്ടായിരുന്നത്. അതെനിക്കു പ്രശ്‌നം തന്നെയാണ്.

കവിതകൾ ഇങ്ങനെ വായിക്കരുതേ!

എനിക്കേറ്റവും വിഷമം തോന്നിയത് ഇപ്പോൾ അശ്ലീലമായ അഭിപ്രായം പറഞ്ഞവരാരും തന്നെ ആ കവിത മുഴുവനായി വായിച്ചിട്ടില്ല. ഈ നാലു വരി മാത്രമേ എല്ലാവരും വായിച്ചിട്ടുള്ളൂ. ആദ്യം മുതൽ വായിക്കുമ്പോൾ മാത്രമേ ചെ എന്ന വ്യക്തിയെ എങ്ങനെയാണ് അവതരിപ്പിച്ചത് എന്നു മനസ്സിലാകൂ. പിന്നെ ഈ കവിതയെ സാഹിത്യപരമായി മാത്രമല്ല വായിക്കേണ്ടത് എന്നെനിക്ക് അഭിപ്രായമുണ്ട്, ഒരാളെ കുറിച്ചു വായിക്കുമ്പോൾ ആ ആളെ കുറിച്ച് അറിയാതെ വായിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണത്. വിമർശിക്കാം, അതിന്റെ ഭാഷ, അതിന്റെ രാഷ്ട്രീയം എന്തും വിമർശനത്തിന് വിധേയമാക്കാം, പക്ഷേ വളരെ വികലമായ രീതിയിലാണ് അതു വായിക്കപ്പെട്ടത്. ഇതിൽ രാഷ്ട്രീയമാണ് പ്രശ്നം, അവർ എതിർക്കുന്ന പാർട്ടിയിലെ ഒരു നേതാവിനു നേരെ ഉയർന്ന ആരോപണത്തെ ഇതുമായി കൂട്ടി കെട്ടാനാണ് അവർ ആഗ്രഹിച്ചത് , പക്ഷേ ആ രീതിയിൽ വരുമ്പോൾ എന്റെ ചിത്രം വയ്ക്കാൻ പാടില്ലായിരുന്നു, അതും എന്റെ അനുവാദമില്ലാതെ, ഇത് ഒന്നാന്തരം സ്ത്രീ വിരുദ്ധത തന്നെയാണ്. സ്ത്രീകൾക്കു വേണ്ടി മറ്റൊരു കോണിൽ നിന്ന് സംസാരിച്ചവർ തന്നെയാണ് ഇങ്ങനെ കാണിക്കുന്നത് എന്നോർക്കുമ്പോഴാണ്! പക്ഷേ മീശ എന്നത് ഒരു നോവലായിരുന്നു, അതിൽ സംസാരിച്ചത് അതിലെ വില്ലനായ കഥാപാത്രവും, എന്നാൽ ഞാൻ ഒരു ജീവനുള്ള സ്ത്രീയാണ് 

ദി മോട്ടോർ സൈക്ലിസ്റ്റ്‌  : സംഗീതയുടെ കവിതയുടെ പൂർണരൂപം 

"എപ്പോൾ വേണമെങ്കിലും

അത് സംഭവിക്കാം 

പൊടി പറത്തിയൊരു

മോട്ടോർ സൈക്കിൾ 

നിങ്ങളെ കടന്ന് പോവാം 

സംശയിക്കേണ്ട 

അതിലവനുണ്ട്‌ 

അമർത്തി ചവിട്ടിയൊരു 

വെയിൽ ഒപ്പമെത്താൻ 

കിതച്ചോടുന്നുണ്ട്‌... 

നെറ്റിയിലെ 

വിയർപ്പു മണികളിൽ 

നിറമുള്ള സൂര്യന്മാരെ 

പതിപ്പിച്ചിട്ടുണ്ട് 

നഖങ്ങൾക്കിടയിൽ 

ചുവന്ന ചിത്രശലഭങ്ങൾക്ക് 

ഒരു വീടുണ്ട് 

ഹവാന ചുരുട്ടിന്റെ 

മണമുള്ള കാറ്റ് 

മേഘങ്ങളിൽ കനൽ 

പടർത്തുന്നുണ്ട് 

ഷൂസിൽ നിന്നടർന്നു 

വീഴുന്ന ഓരോ തരിയും 

മണ്ണിലൊരു കഥയെഴുതാൻ 

വെമ്പൽ കൊള്ളുന്നുണ്ട് 

വഴിയിലെ മരങ്ങളൊക്കെ 

“എന്റെ സഖാവെന്നു” 

നടു നിവർത്തിയൊരു 

പൂക്കലുണ്ട്... 

സഖാവേ 

കരിഞ്ഞ കുഞ്ഞുങ്ങളുടെ 

രുചിയാണ് 

എന്റെ തെരുവുകൾക്ക്‌

മുള ചീന്തുന്ന പോലൊരു 

പെണ്‍കരച്ചിൽ 

ഇരുളിനെ പിളർത്തുന്നുണ്ട് 

വിരൽ മുറിക്കപ്പെട്ട 

കവിത ചോരയൊലിപ്പിച്ചു 

നിൽക്കുന്നു 

സ്വയം നഗ്നരാക്കപ്പെട്ട 

ഒരു ജനത 

മരണം പഠിക്കുന്നു 

തള്ളയ്ക്കു പിറക്കാത്ത 

നെറികെട്ട കാലത്തിന്റെ... 

നെഞ്ചിനു കുറുകെ 

ഒരിക്കൽ കൂടി

ലാ പോഡറോസ* 

പറപ്പിക്കൂ

കരളുറപ്പിന്റെ

കരിമ്പാറക്കെട്ടുകളിൽ 

ഉയിരിന്റെ 

തോക്കിൻ മുന കൊണ്ട് 

നേരെന്നെഴുതൂ 

ക്യൂബൻ കരിമ്പിന്റെ 

ഇലയീർപ്പങ്ങളിൽ ഒളിപ്പിച്ച 

മൂർച്ച വാറ്റിയെടുത്തു 

ജ്ഞാനസ്നാനം ചെയ്യിക്കൂ 

മുറിച്ചു മാറ്റിയ 

കൈകൾ കൊണ്ടു 

ഭൂപടങ്ങളിലെ വരൾച്ചകളിലേയ്ക്ക് 

ഇങ്കുലാബിന്റെ 

വിത്തുകൾ എറിയൂ... 

എന്റെ സഖാവേ 

മജ്ജ കൊണ്ട് നിർമ്മിക്കപ്പെട്ട 

ദേശത്തിന് ഞാൻ 

നിന്റെ പേരിടുന്നു... 

ഒരിക്കൽ എനിക്ക് 

ക്യൂബയെ മുഴുവനായി 

ഗർഭത്തിൽ പേറണം

അതിലെ നക്ഷത്ര കണ്ണുള്ള 

താടിക്കാരനെ കൊണ്ട് 

അമ്മേ ന്ന് 

വിളിപ്പിക്കണം 

നൂറ് പെറ്റാലും 

മുല ചുരത്തിയാലും 

അന്നേ 

ഞാൻ അമ്മയാവൂ…."

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA