പ്രണയവും രാഷ്ട്രീയവും ഒളിച്ചോടലും; ജോയ് മാത്യുവിന്റെ പുസ്തകങ്ങൾ സംസാരിക്കുന്നു 

Joy Mathew
SHARE

നാല് വ്യത്യസ്ത പുസ്തകങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഷാർജ പുസ്തകോത്സവത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന്റേതായി പ്രകാശനം ചെയ്യപ്പെട്ടത്. ഓർമ്മകളുടെ പുസ്തകമായ പ്രണയത്തിന്റെ ചതുരനെല്ലിക്കകൾ, നാടുകടത്തപ്പെട്ട ഓർമ്മകളുടെ പ്രവാസ ജീവിതം പറയുന്ന "നാടുകടത്തപ്പെട്ടവന്റെ കവിതകൾ", ഇന്നത്തെ രാഷ്ട്രീയവുമായി ഏറെ ചേർത്ത് വയ്ക്കാനാകുന്ന നാല് ഏകാങ്ക നാടകങ്ങളുടെ പരിഭാഷയായ "ചിലി 73 ", ജോയ് മാത്യുവിന്റെ ഏറ്റവും പുതിയ ചിത്രമായ അങ്കിളിന്റെ തിരക്കഥ. എന്നിവയാണ് ആ നാല് പുസ്തകങ്ങൾ.

പുസ്തക പ്രകാശനത്തെ കുറിച്ച്

എല്ലായ്പ്പോഴും വ്യത്യസ്തത വേണമെന്നാഗ്രഹിക്കുന്ന ഒരാൾക്ക് പുസ്തക പ്രകാശനവും വ്യത്യസ്തമാക്കാതെ വയ്യല്ലോ. അതുകൊണ്ട് തന്നെ എഴുത്തുകാരൻ സ്വയം തന്നെ അദ്ദേഹത്തിന്റെ നാല് പുസ്തകങ്ങളും പ്രകാശനം ചെയ്യുകയായിരുന്നു, അത് ഏറ്റു വാങ്ങിയത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളും. ഷാർജയിൽ നടക്കുന്ന ലോക പ്രശസ്തമായ പുസ്തകോത്സവത്തിൽ വച്ചായിരുന്നു നാല് പുസ്തകങ്ങളുടേയും പ്രകാശനം ഒരേ വേദിയിൽ വച്ച് നടന്നത്. 

പുസ്തക പ്രകാശന തൊഴിലാളി

പണ്ട് പ്രവാസിയായിരുന്ന സമയത്തും ജോയ് മാത്യു ഷാർജയിൽ പുസ്തകോത്സവം വേദികളിൽ സജീവമായുണ്ടായിരുന്നു. എന്നാൽ കണ്ണിനെയും മനസ്സിനെയും ആകർഷിച്ച പല പുസ്തകങ്ങളും സ്വന്തമാക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല. സാമ്പത്തികമുൾപ്പെടെയുള്ള പല കാരണങ്ങൾ. എഴുത്തുകാരനാകാൻ ആഗ്രഹമുണ്ടെങ്കിലും നാടുകടത്തപ്പെട്ട ജീവിതത്തിനു വേണ്ടി ഓടിപ്പാഞ്ഞു നടക്കുന്നതിനിടയിൽ എഴുത്തും പുസ്തകവുമൊക്കെ വെറും സ്വപ്നങ്ങളായും അവശേഷിച്ചു. ആ മാറ്റി നിർത്തപ്പെട്ട പോയ മോഹങ്ങളാണ് ഈ വർഷം ഒന്നിച്ചു പുറത്തിറങ്ങിയ നാല് പുസ്തകങ്ങളിൽ തീർത്തതെന്ന് ഒരു പക്ഷെ ജോയ് മാത്യു പറയും. മാത്രവുമല്ല ഇത്തവണ ഷാർജ പുസ്തകോത്സവം വേദികളിലെ പ്രിയപ്പെട്ട പ്രകാശകൻ കൂടിയായിരുന്നു അദ്ദേഹം. ഇരുപതിലധികം പുസ്തക പ്രകാശ്‌നങ്ങളാണ്‌ രണ്ടു ദിവസം കൊണ്ട് വിവിധ വേദികളിലായി ജോയ് മാത്യു നടത്തിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരിക്കൽ സ്വയം ഒഴിഞ്ഞു മാറി നടന്ന ആ അക്ഷരസ്നേഹിയുടെ ഒരു കുഞ്ഞു മധുര പ്രതികാരം. 

പ്രണയം പറയുന്ന ചതുര നെല്ലിക്കകൾ

പുസ്തകത്തിന്റെ പേര് പോലും അവസാന പേജുകളിൽ നിന്നും ഉയിരെടുത്തതാണ്. മാധവിക്കുട്ടിയോടുള്ള നിത്യ പ്രണയത്തിന്റെ കഥ പറയുന്ന "പ്രണയത്തിന്റെ ചതുരനെല്ലിക്കകൾ " ൽ നിന്നും. അത് തന്നെയുണ്ട് നീണ്ട ആറു ലേഖനങ്ങൾ, ബാക്കിയൊക്കെ അതിനു പിന്നിൽ തന്നെ നിൽക്കുന്നവയുമാണ്. ജോണ്‍ എബ്രഹാമിന്റെ സിനിമയായ 'അമ്മ അറിയാനിലെ തബല വിദ്വാനായ ഹരിനാരായണന്റെ വിരലുകളുടെ മാന്ത്രിക പെരുക്കങ്ങളും ബോധി ബുക്സിന്റെ ചരിത്രത്തിലെ യാത്രയും, നാണിയമ്മയുടെ മാറിടത്തിന് അഴകായി ശോഭിച്ച ഇടശ്ശേരി പുരസ്കാരവും, ലഡാക്കിലെ മരണം മണക്കുന്ന യാത്രയും, അങ്ങനെ ഓരോന്നും ഓരോ മനുഷ്യരെ കുറിച്ചുള്ള കണ്ടെത്തലാണ്. ഓർമ്മകളിൽ നിന്നും ഓരോ കാലങ്ങളിലേയ്ക്ക് സഞ്ചരിച്ച ജോയ് മാത്യു പെറുക്കി കൂട്ടി വച്ച അനുഭവങ്ങളുടെ മധുരവും പുളിയും ചവർപ്പുമുള്ള ചതുര നെല്ലിക്കകൾ. സംശയമില്ലാതെ തന്നെ പറയാം, അതിലേറ്റവും പുളിയില്ലാത്ത മാധവിക്കുട്ടിയുടെ പ്രണയ സ്മരണകൾക്ക് തന്നെ. 

ഒരു കാമുകനാവുക എന്നത് അത്രയ്ക്കൊന്നും എളുപ്പമല്ല തന്നെ, ആവശ്യത്തിലധികം കാമുകന്മാരുള്ള ഒരാളുടെ കാമുകനാവുക എന്നത് അത്യന്തം ദുഷ്കരവുമാണ്, പക്ഷെ ചില ഗന്ധങ്ങളിലേയ്ക്ക് അറിയാതെ കൂപ്പു കുത്തി പോകുക എന്നതൊരു നിയോഗമാണ്, അതുകൊണ്ടാകുമല്ലോ മാധവിക്കുട്ടിയുടെ പച്ച ഞരമ്പുകളോടുന്ന വിരലുകളിൽ ഞാനൊന്ന് തൊട്ടോട്ടെ എന്ന് എഴുത്തുകാരൻ ചോദിച്ചിട്ടുണ്ടാവുക! പ്രണയത്തിന്റെ കാളീ ഭാവമാണ് മാധവിക്കുട്ടി എന്ന് അദ്ദേഹം പറഞ്ഞു വച്ചിരിക്കുന്ന രൂപത്തിൽ നിന്നും കണ്ടെടുക്കാനാകും,"ഭദ്രയില്ലാത്ത കാളി" എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന കമലയുടെ ഓർമ്മകൾ അവസാനിക്കുന്നത് ഇത്രയും കാലം നിശബ്ദമായിരുന്ന മനസ്സിന്റെ പ്രതിഷേധത്തെ പൊട്ടിച്ചെറിഞ്ഞു "ഞാൻ അവരുടെ കാമുകൻ" എന്ന് എഴുത്തുകാരൻ ഉറക്കെ പറയുമ്പോഴാണ്. ആ വാക്കുകൾ എഴുതാൻ ജോയ് മാത്യു അത്രമേലധികം മാധവിക്കുട്ടിയെയും അവരുടെ പ്രണയ ഗന്ധത്തെയും പ്രേമിച്ചിരിക്കണം!

Joy Mathew

നാടുകടത്തപ്പെട്ടവൻ കവിതകളെഴുതുമ്പോൾ

കഴിഞ്ഞ വർഷത്തെ പോയെട്രി ഇൻസ്റ്റാലേഷനുകളിൽ ഉൾപ്പെടെ അവതരിക്കപ്പെട്ട കവിതകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കവിതകളുടെ സമാഹാരമാണ് നാടുകടത്തപ്പെട്ടവന്റെ കവിതകൾ. അബ്ര, ദേര, റോള, റൂത്ത്, ഒറ്റ ചിറകുള്ള കാക്ക, അങ്ങനെ അങ്ങനെ പോകുന്നു പുസ്തകത്തിലെ കവിതകൾ. 

"ഭ്രാന്തെടുക്കുന്നു നിൻ സഹനം 

നിനവിൽവരുമ്പോൾ 

ഒളിക്കുവാനൊന്നുമില്ലാത്തവൻ നീ

കിടക്കുന്നമ്മതൻ 

കൈക്കുമ്പിളിലാരുമായായ് 

സർവ്വാംഗമര്ബുധ  

നക്ഷത്ര ശോഭയിൽ 

കാലത്തിൻ  

ചോരവാർന്നൊരു 

സ്‌ഫടികസങ്കടം പോലെ  നീ"- ഇങ്ങനെ വായിക്കാവുന്ന ഒറ്റ ചിറകുള്ള കാക്കയിലെ വരികളും മറ്റു കവിതകളിലെ വരികളുമെല്ലാം എഴുത്തുകാരൻ കണ്ടറിഞ്ഞ മനുഷ്യരുടെയും അനുഭവിച്ച പ്രവാസത്തിന്റെയും തീക്ഷ്ണതയേറിയ സങ്കടങ്ങളാണ്. ഒരിക്കലും നൽകാൻ കഴിയാതെ പോയ സുധീറിന്റെ കത്ത്, അയാൾ അയാളുടെ കാമുകിയ്ക്ക് എഴുതിയത്, ഇപ്പോഴും എഴുത്തുകാരന്റെ സ്വകാര്യ സങ്കടങ്ങളിലെ ഉപ്പു രുചിയുള്ള മുറിവ് തന്നെ. മറിയത്തിന്റെ മുഖമുള്ള റൂത്തിനോടുള്ള പ്രണയം, അവളുടെ അനുജൻ കിടന്ന ലോക്കപ്പ് മുറികളിലെ ഭീകരതയെക്കാൾ എഴുത്തുകാരനെ നോവിച്ചിരുന്നിട്ടുണ്ടാകണം. 

സുധീറിനെ കുറിച്ചുള്ള കവിതയിൽ ഇങ്ങനെ വായിക്കാം,

" ഒരു സങ്കടം മാത്രം ബാക്കിയാവുന്നു 

ആശുപത്രിയിലെ മരണവാർഡിൽ  

അറുത്തുമാറ്റാൻ വിധിക്കപ്പെട്ട   

നിന്റെ ശ്വാസകോശം പോലെ 

വിലാസം അലിഞ്ഞുപോയ 

നിന്റെ തമിഴ് കാമുകിക്കുള്ള എഴുത്ത് 

കൈമോശം വന്നു പോയ ചങ്ങാതിയായി ഞാൻ .

കൈമോശം വന്ന എഴുത്തിനു 

മറുപടി പ്രതീക്ഷിച്ച നിന്നോട് 

ഞാനെന്താണ് ഉരിയാടുക !" ...

എന്ത് മാത്രം നിസ്സഹായതയാണ് ഓരോ മനുഷ്യന്റെയും ഉള്ളിലെന്ന തിരിച്ചറിവാണ് ഈ പുസ്തകത്തിലെ ഓരോ കവിതകളുമെന്ന നിസംശയം പറയാം. 

500 രൂപയാണ് പുസ്തകത്തിന്റെ വില. ഒരു കവിത പുസ്തകത്തിന് അഞ്ഞൂറ് രൂപയോ എന്ന് അന്തിച്ചു നിൽക്കുന്നവരോട് ജോയ് മാത്യുവിന് ഒന്നേ പറയാനുള്ളൂ ,

"ഇത് എന്റെ കവിതകളാണ്, എന്റെ അക്ഷരങ്ങളുടെ വിലയാണ് ഈ പുസ്തകത്തിന്.", അതെ ഓരോ എഴുത്തുകാരനും അവൻ സ്വയം കൽപ്പിച്ചു വച്ചിരിക്കുന്ന ഒരു മൂല്യമുണ്ടാകും. ആ മൂല്യത്തിലേക്കുള്ള യാത്രയാണ് അയാൾ ജീവിതത്തിൽ എഴുത്തിലൂടെ നടത്തുന്ന ഓരോ യാത്രകളും. പക്ഷെ അവിടേക്കെത്താനുള്ള ചങ്കൂറ്റം അത്രയെളുപ്പമല്ല തന്നെ. എന്നാൽ ഒരിക്കൽ അവഗണിക്കപ്പെടുകയും പിന്നീട് പോരടിച്ച് തിരികെയെത്തുകയും ചെയ്ത വഴികളിൽ തന്റെ മൂല്യം എത്രയുണ്ടെന്ന് ജോയ് മാത്യൂവിലെ എഴുത്തുകാരൻ നല്ല ബോധ്യമുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ വില അഞ്ഞൂറ് രൂപയാകാനുള്ള കാരണവും.

അങ്കിളിലെ കറുത്ത സാഹിത്യം

ജോയ് മാത്യുവിന്റെ തിരക്കഥകൾ ഒരു പഠന സാമഗ്രി കൂടിയാണ്. തിരക്കഥാ പഠനത്തിന് ഉപയോഗിക്കാനാകുന്ന സൂക്ഷ്മമായ നിരീക്ഷണ അടവുകൾ ചേർത്ത പുസ്തകമാണ് അങ്കിൾ എന്ന ചിത്രത്തിന്റെ തിരക്കഥയും. ഫലിതം അതിന്റെ ഏറ്റവും ആക്ഷേപരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന അങ്കിൾ സദാചാര സമൂഹത്തെ വെല്ലു വിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. അടുത്ത കാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ നന്നായി ചർച്ച ചെയ്യപ്പെട്ട ചിത്രവുമാണ് അങ്കിൾ. സിനിമ തിരക്കഥാ രൂപത്തിലാകുമ്പോൾ അതിന്റെ വായനയ്ക്ക് കുറച്ചു കൂടി സ്വീകാര്യത വരുന്നു. ജനകീയമായ വായനയ്ക്ക് അങ്കിൾ സൗകര്യപ്പെടുകയും ചെയ്യുന്നു.

ചിലിയുടെ തുടിപ്പുകൾ

മാരിയോ ഫ്രാറ്റി എന്ന ഇറ്റലിക്കാരനായ നാടകകൃത്തിന്റെ നാടകങ്ങളുടെ പരിഭാഷയാണ് ചിലി 73 . "അലാന്റെ", "പാബ്ലോ നെരൂദ" ,"പെപ്പ്", "എൽ അമേരിക്കാനോ", എന്നീ നാല് ഏകാങ്ക നാടകങ്ങളുടെ വിവർത്തനമാണ് ചിലിയിൽ. ചരിത്രത്തിൽ അടയാളപ്പെട്ട ചിലിയുടെയും അവിടുത്തെ രക്ത പങ്കിലമായ ജീവിതങ്ങളുടെയും കഥ പറയുന്ന നാടകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. സ്വാതന്ത്ര്യത്തിന്റെ പ്രണയവയു ശ്വസിച്ചിരുന്ന ചിലിയിലെ ജനങ്ങളെ രക്തത്താൽ അഭിഷിക്തരാക്കി അമേരിക്കൻ സാമ്രാജ്യത്വം തളച്ചപ്പോൾ അവിടെ നഷ്ടമായിപ്പോകുന്ന ആ ചിലതുകൾ പല മനുഷ്യരിലൂടെ മാരിയോ ഫ്രാറ്റി പകർന്നു വച്ച്. മലയാളിയ്ക്ക് തീർത്തും അജ്ഞാതമായ ഈ രാഷ്ട്രീയ ഇടപെടീലുകളെ പരിചിതമാക്കുമ്പോൾ ഒരു തോന്നൽ കൂടിയുണ്ട് എഴുത്തുകാരന്, ചിലിയിലെ രാഷ്ട്രീയ അവസ്ഥയിൽ നിന്നും വലിയ വ്യത്യാസമൊന്നും ഇന്നത്തെ കണ്മുന്നിലെ രാഷ്ട്രീയത്തിനും ഇല്ലെന്ന തിരിച്ചറിവ് വായനക്കാരിൽ ഉണ്ടാക്കുക എന്നതാണ് അത്. കഴിഞ്ഞു പോയ കാലത്തേ പുതിയ കാലത്തിനു മുന്നിൽ ആവർത്തണമെന്ന പോലെ അവതരിപ്പിക്കുക എന്നതും ഒരു എഴുത്തുകാരന്റെ നിയോഗങ്ങളിൽ പെടുന്നു. അത്‌കൊണ്ട് ചിലി കാലത്തിന്റെ പുസ്തകമാണെന്ന് പറയാം.

നാടകത്തിന്റെ ആമുഖത്തിൽ എഴുത്തുകാരൻ പുസ്തകത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്നു,

"ചിലിയിലെ പട്ടാള മേധാവിയായിരുന്ന കേണൽ അഗസ്റ്റ പിനോഷോയുടെ നേതൃത്വത്തിൽ ഒരു പട്ടാള അട്ടിമറിയ്ക്ക് അവർ പദ്ധതിയിട്ടു.അതിന്റെ ഫലമായി 1973 ൽ ചിലിയിലെ അലാന്റെ ഭരണത്തിന് അറുതിയായി.അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. ചിലിയുടേതെന്നല്ല ലോകത്തിന്റെ തന്നെ പ്രിയ കവി പാബ്ലോ നെരൂദയടക്കം പിനോഷോയുടെ ഫാസിസ്റ്റു വേട്ടയ്ക്കിരയായി. 1973 ൽ ലോകത്തെ നടുക്കിയ ഈ പട്ടാള അട്ടിമറിയുടെ വ്യത്യസ്തങ്ങളായ സംഭവങ്ങൾ നാല് രംഗങ്ങളിലായി പടർന്നു കിടക്കുകയാണീ സമാഹാരത്തൽ. ചിലിയിലെ തെരുവുകളിൽ ഒഴുകിയ രക്തം പോലെ..."

നാല് പുസ്തകങ്ങൾ ഒന്നിച്ചൊരു  വേദിയിൽ പ്രക്ഷണം ചെയ്യപ്പെടുക എന്നത് ഒരു പുതുമ തന്നെയാണ്. അത്തരം ഒരുപാട് പുതുമയുടെ ആകെത്തുകയാണ് ജോയ് മാത്യു എഴുതിയ പുസ്തകങ്ങളും. നാലും നാല് വ്യത്യസ്ത മേഖലകളെ കുറിച്ച് സംസാരിക്കുന്നവ, നാലും നാല് സാഹിതീയ രൂപങ്ങളിൽ പെടുന്നവ. എഴുത്ത് അത്ര എളുപ്പമാണോ എന്ന് ചോദിച്ചാൽ, അല്ല എന്ന് തന്നെ എഴുത്തുകാരന്റെയും മറുപടി. പക്ഷെ ഉള്ളിൽ ആന്തലുണ്ടാകുമ്പോൾ, എഴുതാതെ വയ്യല്ലോ. എഴുതണം എന്ന് ഉള്ളിലാരോ പറയുമ്പോൾ പകർത്താതെ വയ്യല്ലോ, ഇപ്പോഴും ചിതലരിക്കാത്ത ആ പഴയ എഴുത്തുകാരനാകണമെന്ന മോഹം അക്ഷരങ്ങളെ ഗർഭം ധരിക്കുമ്പോൾ അതിനെ പ്രസവിക്കാത്ത വയ്യല്ലോ. ഇതൊക്കെ കേൾക്കുമ്പോൾ ഏറ്റവും കൗതുകത്തോടെ ജോയ് മാത്യു "ഞാൻ പണ്ടേ എഴുത്തുകാരനാണല്ലോ" എന്ന് പറഞ്ഞു ചിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA