കേൾക്കാൻ കൊതിക്കും കഥകളുമായ് ഒരിടത്തൊരിടത്ത്...

manoj-kumar
SHARE

കഥ എഴുത്തു പോലെ തന്നെ ഒരു കലയാണ് കഥപറച്ചിലും. നീട്ടിയും കുറുക്കിയും ശബ്ദത്തിൽ ഭാവം കലർത്തിയും കഥകൾ പറഞ്ഞ് കേട്ടിട്ടുണ്ടോ? ഇന്നലെകളുടെ ബാല്യങ്ങളെ സന്ധ്യയുടെ തിണ്ണയിലിരുത്തി കരയിപ്പിച്ച, പേടിപ്പിച്ച, ചിരിപ്പിച്ച എത്രയെത്ര മുത്തശ്ശിക്കഥകൾ. കഥപറയുന്ന മുത്തിശ്ശിമാരുടെ എണ്ണം കാലക്രമത്തിൽ കുറഞ്ഞു വന്നെങ്കിലും കേൾക്കാൻ കൊതിക്കുന്ന കഥകൾ ഇന്നും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. കഥകൾ പറയാനും കേൾക്കുവാനും കൂടി ഉള്ളതാണെന്ന് ഓർമിപ്പിച്ചുകൊണ്ട് മലയാളത്തിൽ കഥകൾക്കായി ആരംഭിച്ച 'ഒരിടത്തൊരിടത്ത്' എന്ന യുട്യൂബ് ചാനലിന്റെ അമരക്കാരൻ ജി.എസ്. മനോജ്കുമാർ കഥപറച്ചിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു–

ഒരിടത്തൊരിടത്ത്...

വ്യക്തിപരമായ ചില അനുഭവങ്ങളാണ് യുവതലമുറയ്ക്ക് കഥകൾ പറഞ്ഞുകൊടുക്കണം എന്ന ആഗ്രഹം എന്നിൽ വളർത്തിയത്. തിരുവനന്തപുരം കിൻഫ്ര ഫിലിം & വീഡിയോ പാര്‍ക്കിലെ ട്വിസ്റ്റ്‌ ഡിജിറ്റല്‍ മീഡിയയിലെ ക്രീയേറ്റീവ് ഡയറക്ടറാണ് ഞാൻ. കൂടെ ജോലി ചെയ്യുന്നവരോട് ഇടയ്ക്കൊക്കെ കഥകൾ പറയാറുണ്ട്. അവർ പിന്നീട് ബുക്സ്റ്റാളുകളിൽ പോയി ആ പുസ്തകം വാങ്ങി ബാക്കികഥകളും വായിച്ചു എന്ന് വന്നു പറയാറുണ്ട്. ഇവരോട് ആരോ കഥ പറയാൻ വിട്ടു പോയി എന്നതുകൊണ്ടാണ് ഇവർ കഥകൾ വായിക്കാതെ പോയത്. നല്ല കഥകൾ കുറെ പറഞ്ഞു കൊടുക്കുകയാണെങ്കിൽ കൂടുതൽ പേർ കഥാവായനയിലേക്കും പുസ്തക വായനയിലേക്കും ഒക്കെ കടന്നു വരും എന്ന പ്രതീക്ഷയുണ്ട്. തകഴിയുടെയും എം.ടിയുടെയും കാരൂർ നീലകണ്ഠപിള്ളയുടെയും കഥകളെകുറിച്ച്  ഇടയ്ക്കൊക്കെ സംസാരിക്കാറുണ്ട്. ഇവരിൽ പലരും ഈ കഥകളൊന്നും കേട്ടിട്ടില്ല. 

ഇന്നു പുതിയ തലമുറ കൂടുതലും സമൂഹമാധ്യമങ്ങളിലാണ് സമയം ചിലവഴിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ തന്നെ പുതിയ തലമുറയ്ക്ക് മലയാളത്തിലെ നല്ല കഥകൾ പറഞ്ഞുകൊടുക്കുക എന്നതാണ് ഒരിടത്തൊരിടത്തിന്റെ ലക്ഷ്യം. അതിലൂടെ അവർ കൂടുതൽ കഥകൾ കേൾക്കുകയും കഥകൾ ഇഷ്ടപ്പെടുകയും അങ്ങനെ വായനയിലേക്ക് കടന്നു വരുകയും ചെയ്യും.

വായന കുറയുന്നില്ല

പുസ്തക വായന കുറഞ്ഞു വരുന്നു എന്ന അഭിപ്രായം എനിക്കില്ല. പുസ്തക വിൽപനയിൽ 14 ശതമാനത്തോളം വർദ്ധനവ് ഉണ്ടെന്നാണ് വിപണിയിലെ കണക്കുകൾ പറയുന്നത്. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം അവർക്ക് പലപ്പോഴും വായനയ്ക്ക് ആവശ്യമായ സമയം കണ്ടെത്താൻ കഴിയാതെ പോകുന്ന സാഹചര്യമുണ്ട്. ജോലിത്തിരക്കുകളും സാഹചര്യങ്ങളും അവരുടെ വായനയെ ബാധിക്കുന്നുണ്ട്. 

കഥയില്ലായ്മ ഇന്ന് ഒരു പ്രശ്നമാണ്. സിനിമ പോലുള്ള കലാരൂപങ്ങളിൽ ഇത് ദൃശ്യമാണ്. സാങ്കേതികത വളരുകയും ഗംഭീര അവതരണങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോഴും കഥയിൽ ഒരു കഥയില്ലായ്മ അനുഭവപ്പെടുന്നു. 

എന്നാൽ എന്റെ അഭിപ്രായത്തിൽ മലയാളത്തിൽ കഥയില്ലായ്മ എന്നൊരു പ്രശ്നമില്ല. സമ്പന്നമാണ് നമ്മുടെ കഥാസാഹിത്യം. കഴിഞ്ഞ നാലഞ്ചുവർഷമായി ഈ കഥാചാനലിന്റെ പ്രവർത്തനങ്ങളുമായി നടക്കുമ്പോൾ എനിക്ക് അതു മനസിലായി. ഗംഭീരമായ കഥകൾ പലടത്തും ഇരിപ്പുണ്ട്. അതിലേക്ക് അന്വേഷകർക്ക് എത്തിച്ചേരാൻ പറ്റാത്തതുകൊണ്ടാണ്. ഒരിടത്തൊരിടത്തിൽ വന്ന കഥകളിൽ പലതും നാടകങ്ങളും ഷോർട്ട് ഫിലിമുകളും ആക്കാനുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. അങ്ങനെ നല്ല നല്ല കഥകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ ഒരിടത്തൊരിടത്ത് എന്ന യുടൂബ് ചാനലിലൂടെ കഴിയും എന്നു പ്രതീക്ഷിക്കുന്നു.

കഥ പറച്ചിലും ഒരു കലയാണ്

കഥയെഴുത്തു പോലെ തന്നെ പ്രധാനമാണ് കഥ പറച്ചിലും. കഥ പറയുമ്പോൾ ആളുകൾക്ക് ആ കഥ അനുഭവപ്പെടണം. എഴുത്തുകാരുടെ ശബ്ദത്തിൽ തന്നെ അവരുടെ കഥകളെ കേൾവിക്കാരനിൽ എത്തിക്കാനാണ് കൂടുതലും ശ്രമിച്ചിരിക്കുന്നത്. അത് സാധിക്കാതെ വരുമ്പോള്‍ കഥ പറയാൻ ഇഷ്ടമുള്ളവരെ കൊണ്ട് പറയിക്കും. കഥകളോടും കഥാവായനയോടുമുള്ള ഇഷ്ടം കൊണ്ടുള്ള ഒരു ശ്രമമാണിത്. കഥകൾ പറയാൻ എനിക്ക് ഇഷ്ടമാണ്.

കഥകളുടെ തിരഞ്ഞെടുപ്പ്

വർഷങ്ങളോളം നീണ്ട ഗവേഷണത്തിന് ഒടുവിലാണ് ഇങ്ങനെ ഒരു പ്രോജക്ടിൽ എത്തിച്ചേരുന്നത്. എം.ടി, മുകുന്ദൻ, സേതു, ആനന്ദ് നീലകണ്ഠൻ, അനന്തപത്മനാഭൻ അങ്ങനെ മലയാളത്തിന്റെ കുറെ എഴുത്തുകാരുമായി നേരിട്ടു സംസാരിച്ചിരുന്നു. അവരുടെ ഒക്കെ ഒരു പിന്തുണയോടെയാണ് ഈ പ്രോജക്ടുമായി മുൻപോട്ട് പോകുന്നത്. ജീവിച്ചിരിക്കുന്ന കഥാകാരൻമാരുടെ കഥകളാണ് സാധാരണ തിരഞ്ഞെടുക്കുന്നത്. എല്ലാ എഴുത്തുകാരിൽ നിന്നും നേരിട്ട അനുവാദം വാങ്ങിയാണ് കഥകൾ വായിക്കുന്നത്. പത്മരാജന്റെ കഥ അദ്ദേഹത്തിന്റെ മകൻ അവതരിപ്പിച്ചിട്ടുണ്ട്. 

മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കഥകൾക്കൊപ്പം തന്നെ, അധികം അവസരം ലഭിക്കാത്ത പുതു എഴുത്തുകാരുടെ നല്ല കഥകളും ഒരിടത്തൊരിടത്തിൽ കേൾക്കാം. 83 ഓളം കഥകൾ നിലവിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഇജ്ജാസ് യൂനസിന്റെ 'ഒരു വലിയ സത്യം' എന്നൊരു കഥയുണ്ട്. വ്യത്യസ്തമായൊരു വീക്ഷണകോണിൽ അവതരിപ്പിക്കുന്ന ഒരു കഥയാണത്. രണ്ടു കുട്ടികളുടെ സമയത്തെകുറിച്ചുള്ള കാഴ്ചപാടുകളിലൂടെയാണ് കഥ വികസിക്കുന്നത്.

സ്റ്റോറി തിയറ്റർ

ഇന്ത്യയിൽ തന്നെ ആദ്യത്തെ സ്റ്റോറി തിയറ്റർ എന്നതാണ് ഒരിടത്തൊരിടത്ത് ലക്ഷ്യം വയ്ക്കുന്നത്. നല്ല നല്ല കഥകൾ പറയുന്നു. ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള വായനക്കാർ അതിനെകുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുന്നു. എഴുത്തുകാർ അതിന് മറുപടി നൽകുന്നു. അങ്ങനെ ഒരു കഥയരങ്ങ് ഓൺലൈനിൽ തന്നെ സാധ്യമാക്കുന്നു. സാധാരണ കഥാക്യാമ്പുകളിൽ ആളുകളെ കൊണ്ടുവന്നിരുത്തുന്നതിന് പരിമിതികൾ ഉണ്ട്. എന്നാൽ ഓൺലൈനിൽ ആകുമ്പോൾ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പങ്കെടുക്കാൻ കഴിയും. ഒരിടത്തൊരിടത്ത് കഥകൾ യൂടൂബിലും സൗണ്ട് ക്ലൗഡിലും ലഭ്യമാണ്. 

കുഞ്ഞുങ്ങൾ കഥകേട്ട് ഉറങ്ങട്ടെ

കുഞ്ഞുങ്ങളെ കഥകൾ പറഞ്ഞുതന്നെ ഉറക്കണം. കഥകൾ കേട്ട് ഉറങ്ങുന്ന കുട്ടികൾ ഭാവന ഉള്ളവരായി വളർന്നു വരും. മാതാപിതാക്കൾക്ക് മക്കളെ കളക്ടറോ, ഡോക്ടറോ, എഞ്ചിനീയറോ ഒക്കെ ആക്കാൻ സാധിക്കും. പക്ഷേ, ഒരു നല്ല കളക്ടറോ, നല്ല ഡോക്ടറോ, നല്ല എഞ്ചിനീയറോ ആവണമെങ്കിൽ അവന്റെ ഉള്ളിൽ സർഗാത്മകത, കരുണ, ചിന്തിക്കാനുള്ള കഴിവ് ഒക്കെ ഉണ്ടാവണം. അതിന് കഞ്ഞുങ്ങളെ കഥകൾ പറഞ്ഞു തന്നെ ഉറക്കണം.  

കേൾവിക്കാരുടെ പ്രതികരണങ്ങൾ...

മലയാളം വായിക്കാനും എഴുതാനും അറിയാത്ത, എന്നാൽ കേട്ടാൽ മനസിലാകുന്ന കേരളത്തിനു പുറത്ത് സ്ഥിരതമാസമാക്കിയ മലയാളി കുടുബങ്ങളിലെ കുട്ടികൾ പലരും ഒരിടത്തൊരിടത്ത് വളരെ പ്രയോജനപ്രദമാണെന്നു പറഞ്ഞ് വിളിക്കാറുണ്ട്. ദൂരയാത്രകളിൽ വായനയെക്കാൾ കുറച്ചുകൂടി എളുപ്പമാണ് കഥകൾ കേൾക്കാൻ. വായനാവേളകൾ കഥകൾ കേൾക്കാൻ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. കാഴ്ചയ്ക്ക് പരിമിതികൾ ഉള്ളവരും ഒരിടത്തൊരിടത്തിന്റെ സ്ഥിരം പ്രേഷകരാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA