എനിക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്. പക്ഷേ, പാർട്ടികളിലേക്കില്ല: സി. രാധാകൃഷ്ണൻ

HIGHLIGHTS
  • എൺപതിന്റെ നിറവിൽ സി. രാധാകൃഷ്ണൻ
  • 22–ാം വയസ്സിൽ കേരള സാഹിത്യ അക്കാദമി അവാർഡ്
C Radhakrishnan
സി. രാധാകൃഷ്ണൻ
SHARE

ജാതകപ്രകാരം 61 വയസ്സുവരെയേ സി.രാധാകൃഷ്ണന് ആയുസ്സുള്ളൂ. ‘ശേഷം ചിന്ത്യം’ എന്നാണ് ജാതകത്തിൽ എഴുതിയിരിക്കുന്നത്. ജീവിച്ചിരുന്നാൽ ബാക്കി അപ്പോൾ ചിന്തിക്കാം എന്നർഥം. വീട്ടുകാർക്ക് ഭക്തി കലശലായ അക്കാലത്തെക്കുറിച്ച് സി.രാധാകൃഷ്ണൻ ഓർത്തെടുക്കുന്നതിങ്ങനെ: ഭാര്യയ്ക്കും അമ്മയ്ക്കും മുൻപില്ലാത്ത പതിവുകൾ. അമ്പലം, വഴിപാട്, വ്രതം, അടുക്കളപ്പുറത്തെ കുശുകുശുപ്പ് എന്നിങ്ങനെ നേരത്തേയില്ലാത്ത ശീലങ്ങൾ. പന്തികേടുതോന്നിയെങ്കിലും കാര്യമെന്തെന്നു ചോദിക്കാൻ പോയില്ല. ഒരു ദിവസം രാവിലെ നോക്കുമ്പോൾ ഭാര്യയുടെ മുഖത്ത് പതിവിലേറെ സന്തോഷം, ചിരി.

ചോദിച്ചപ്പോൾ പറഞ്ഞു ‘കഴിഞ്ഞുകിട്ടി’. ഞാനെന്റെ ജാതകത്തെക്കുറിച്ചറിയുന്നത് അപ്പോഴാണ്. ജാതകഫലം തിരുത്താൻ വീട്ടുകാർ അമ്പലങ്ങളിലേക്ക് ഓടുമ്പോൾ സി.രാധാകൃഷ്ണൻ ഭാഷാപിതാവിന്റെ ജാതകമെഴുതുന്ന തിരക്കിലായിരുന്നു. ഓല എന്ന് അധ്യായങ്ങൾക്കു പേരിട്ട് തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതം പറയുന്ന ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന നോവലിന്റെ പണിപ്പുരയിൽ. ജാതകപ്രകാരമാണെങ്കിൽ 2000 വരെയാണ് ആയുസ്സ്.

മൂർത്തീദേവീ പുരസ്കാരം നേടിയ തീക്കടൽ കടഞ്ഞ് തിരുമധുരം പുറത്തിറങ്ങുന്നതു 2005ൽ. ജാതകം ഗണിച്ചയാൾക്കു തെറ്റിയതാണ്, ‘ശേഷം ചിന്ത്യം’ എന്നല്ല ‘ശേഷം വന്ദ്യം’ എന്നാണ് എഴുതേണ്ടിയിരുന്നത്. പ്രത്യേകിച്ചും, നീട്ടിയ ആയുസ്സ് എന്തിനെന്നു മനസ്സിലാകുമ്പോൾ.

മുൻപേ പറക്കുന്ന പക്ഷി

ഇക്കഴിഞ്ഞ പ്രളയത്തിൽ ചമ്രവട്ടത്തെ സകല വീടും മുക്കിയ ഭാരതപ്പുഴ സി.രാധാകൃഷ്ണന്റെ പടിക്കെട്ടു വരെയേ വന്നുള്ളൂ. അകത്തുള്ളയാളുടെ എഴുത്തിനോ അതോ തനിക്കോ ഒഴുക്കു കൂടുതലെന്ന് ഒന്നെത്തി നോക്കി. പിന്നെ മത്സരിക്കാനില്ലെന്നു പറഞ്ഞു മടങ്ങി. അൻപതിലേറെ കൃതികൾ മലയാളത്തിനു സമ്മാനിച്ച സി.രാധാകൃഷ്ണൻ എൺപതിന്റെ നിറവിലും എഴുത്തു തുടരുകയാണ്. 2100 വരെയുള്ള കാലഘട്ടം പ്രധാന കഥാപാത്രമാകുന്ന നോവലിന്റെ ഒന്നാം തച്ച് നടന്നുകൊണ്ടിരിക്കുന്നു.

പ്രസംഗമില്ല, എഴുത്തു മാത്രം

കേട്ടുകേട്ടിരുന്നു പോകുന്ന പ്രസംഗങ്ങൾ ചെയ്ത സി.രാധാകൃഷ്ണൻ പ്രസംഗവേദികളെ ഒഴിവാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കാര്യം ചോദിച്ചപ്പോൾ ഒരു കഥ പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോൾ പ്രസംഗമത്സരത്തിൽ പങ്കെടുത്ത കഥ. പ്രസംഗിക്കാനുള്ള പല പല വിഷയങ്ങൾ കടലാസിലെഴുതി കുടുക്കയിലിട്ടിട്ടുണ്ട്. സി.രാധാകൃഷ്ണനും ഒരെണ്ണമെടുത്തു തുറന്നുനോക്കി. അതിൽ ഒന്നും എഴുതിയിട്ടില്ല. അധ്യാപകരുടെ പരീക്ഷണമാണെന്നാണു കരുതിയത്.

പിന്നീട് രണ്ടും കൽപിച്ചു വേദിയിലെത്തി പ്രസംഗം തുടങ്ങി. ‘എനിക്കു പ്രസംഗിക്കാൻ കിട്ടിയ വിഷയം ഒന്നുമില്ലായ്മ ആണ്’ അരിയില്ല, തുണിയില്ല, ജീവിക്കാൻ വഴിയില്ല... എന്നിങ്ങനെ അറിഞ്ഞ കാര്യങ്ങളെക്കുറിച്ചു മാത്രം പ്രസംഗം കത്തിക്കയറി. ഒടുവിൽ സമയം തീർന്നു ബെല്ലടിച്ചു. അപ്പോൾ സി.രാധാകൃഷ്ണൻ പറഞ്ഞു‘ ദേ.. ഇപ്പോൾ സമയവുമില്ല’. ഇതേ ഒന്നുമില്ലായ്മയും സമയമില്ലായ്മയും തന്നെയാണ് പ്രസംഗവേദികളെ പതിയെപ്പതിയെ ഒഴിവാക്കാനുള്ള തീരുമാനത്തിനും പിന്നിൽ.

C-Radhakrishnan-1

‘പ്രസംഗിച്ചു കഴിഞ്ഞാൽ പിന്നീട് ഒന്നുമില്ല, അതേസമയം, നാലക്ഷരമെഴുതിയാൽ അത് എന്നെന്നേക്കുമായി. മാത്രമല്ല സമയക്കുറവിനെക്കുറിച്ചും ഭയമുണ്ട്. പോക്കറ്റിലെ അവസാന നാണയത്തുട്ടുകൾ ചെലവഴിക്കുന്നയാളെപ്പോലാണ് ഇപ്പോൾ ഞാൻ സമയത്തെയും ചെലവഴിക്കുന്നത്. പാഴാക്കാനൊട്ടുമില്ല. പൂർണശ്രദ്ധ എഴുത്തിൽ മാത്രം.

ഈ രാധാകൃഷ്ണനാണോ സി.രാധാകൃഷ്ണൻ ?

സി. രാധാകൃഷ്ണനോളം അവാർഡുകൾ കിട്ടിയ മലയാള സാഹിത്യകാരന്മാർ അപൂർവമായിരിക്കും.

പക്ഷേ, അവാർഡുകളോട് അന്നും ഇന്നും സി.രാധാകൃഷ്ണനു പ്രതിപത്തിയില്ല. അവാർഡ് തുകകൾ സ്വന്തം ആവശ്യത്തിന് ഇതേവരെ ഉപയോഗിച്ചിട്ടുമില്ല. അതു നീക്കിവയ്ക്കുന്നതു മറ്റു ചില നല്ല കാര്യങ്ങൾക്കുവേണ്ടി മാത്രം. 22–ാം വയസ്സിൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ റെക്കോർഡ് തിരുത്താൻ അൻപത്തിയാറ് ആണ്ടുകൾക്കുശേഷവും ഒരാൾ എത്തിയിട്ടില്ല. പക്ഷേ, അക്കാദമി അവാർഡ് വാങ്ങാൻപോയ കഥയാണ് അതിലേറെ റിക്കോർഡ് ചെയ്തു സൂക്ഷിക്കേണ്ടത്. ‘ ഞാൻ അന്ന് കൊടൈക്കനാലിലെ ആസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.

പുരസ്കാര വിതരണച്ചടങ്ങിനെത്താൻ ലീവ് കിട്ടിയില്ല. കുറച്ചുദിവസങ്ങൾ കഴിഞ്ഞാണ് അവാർഡ് വാങ്ങാൻ തൃശൂരിലെ അക്കാദമി ഓഫിസിലെത്തുന്നത്. അക്കാദമി സെക്രട്ടറി കണിശക്കാരനാണ്. സി.രാധാകൃഷ്ണനാണെന്ന് തെളിയിക്കാൻ‌ രേഖകൾ വല്ലതും കയ്യിലുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ തിരിച്ചറിയൽ കാർഡ് കാണിച്ചുകൊടുത്തു.

അപ്പോൾ അടുത്ത ചോദ്യം. ഈ സി.രാധാകൃഷ്ണൻ തന്നെയാണ് അവാർഡ് കിട്ടിയ സി.രാധാകൃഷ്ണൻ എന്ന് ഞാനെങ്ങനെ അറിയും? സാക്ഷി പറയാൻ പുസ്തക പ്രസാധകനെ വിളിക്കാൻ ഞാൻ ഫോണിനു കൈ നീട്ടി. അപ്പോൾ മറ്റൊരു കർശന നിബന്ധന. 25 പൈസ ആ ടിന്നിലിട്ടിട്ടേ അനൗദ്യോഗിക കോളുകൾ ആകാവൂ. ചില്ലറ ചോദിച്ചപ്പോൾ, ഇതു സർക്കാർ ഓഫിസാണ് പെട്ടിക്കടയല്ല എന്നായി. ഒടുവിൽ പുറത്തെ സാക്ഷാൽ പെട്ടിക്കടയിൽ നിന്ന് പ്രസാധകനെ ഫോൺ ചെയ്തു വിളിച്ചുവരുത്തിയാണ് അവാർഡ് വാങ്ങിയെടുത്തത്.

ചമ്രവട്ടം@gmail.com

സി.രാധാകൃഷ്ണൻ, കേരളം എന്നുമാത്രമെഴുതി തപാൽപ്പെട്ടിയിലിട്ടാൽ കൃത്യമായി അതു ചമ്രവട്ടത്തെ സി.രാധാകൃഷ്ണന്റെ വീട്ടിലെത്തും. സാഹിത്യ അക്കാദമി സെക്രട്ടറി ചോദിച്ചപോലെ മറ്റു തിരിച്ചറിയൽ രേഖകളും കുടികിടപ്പു സർട്ടിഫിക്കറ്റിലെ വിലാസവുമൊന്നും ഇന്ന് ആവശ്യമില്ല. വന്ന കത്തുകൾക്ക് മറുപടി നൽകുന്ന ശീലം ഇന്നും സി.രാധാകൃഷ്ണൻ കൃത്യമായി തുടരുന്നു.

പണ്ട് തപാൽ വഴിയാണെങ്കിൽ ഇന്നത് ഇ–മെയിലിലേക്കു മാറിയിട്ടുണ്ടെന്നു മാത്രം. chamravattom@gmail.com എന്നാണു വിലാസം. സ്വന്തം പേര് വിലാസത്തിലില്ല. നാടിനോട് സി.രാധാകൃഷ്ണൻ എത്രമാത്രം അടുപ്പം സൂക്ഷിക്കുന്നുണ്ടെന്നു കൂടുതൽ പറയേണ്ടതില്ലല്ലോ.

സാഹിത്യലോകത്തെ ശാസ്ത്ര ഭാവന

ബിരുദാനന്തര ബിരുദത്തിന് ഊർജതന്ത്രം പഠിച്ചതുകൊണ്ടാവണം ശാസ്ത്രത്തിലും സാഹിത്യത്തിലും ഒരുപോലെ ഊർജത്തോടെ പ്രവർത്തിക്കാൻ സി.രാധാകൃഷ്ണൻ പ്രാപ്തനായത്. പത്രപ്രവർത്തകനായിരുന്ന കാലത്ത് ആഴ്ചയിലൊരിക്കൽ സയൻസ് കോളവും സാഹിത്യകോളവും മാറിമാറിയെഴുതിയിട്ടുണ്ട്. ഗുരുത്വാകർഷണ നിയമത്തെക്കുറിച്ചും പ്രപഞ്ചത്തിലെ അടിസ്ഥാന ശക്തികളെക്കുറിച്ചും പഠിക്കലാണ് ഹോബിയെന്ന് ഒരു പുസ്തകത്തിൽച്ചേർത്ത വ്യക്തി വിവരണത്തിൽ സി.രാധാകൃഷ്ണൻ പറയുന്നു. ഗുരുത്വാകർഷണത്തെക്കുറിച്ചു പഠിച്ചു പഠിച്ച് സി.രാധാകൃഷ്ണൻ സാഹിത്യത്തിൽ ഗുരുത്വമുള്ളവനായി മാറി എന്നുവേണമെങ്കിൽ മാറ്റിപ്പറയാം.

C-Radhakrishnan-2

എഴുതിയതെല്ലാം ഗുരുത്വാകർഷണംപോലെ വായനക്കാരെ ആകർഷിക്കുന്നതിനു മറ്റൊരു കാരണം പറയാനില്ലല്ലോ. ‘നാഴിയിൽ നാനാഴി കൊള്ളാത്തതു നാഴിയുടെ കുഴപ്പമല്ല. ഒരിക്കൽ ഒരാൾ വരും നാഴിയിൽ‌ നാല് ആഴിയും (കടൽ) കൊള്ളുന്ന ഒരാൾ’ – തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന കൃതിയിൽ എഴുത്തച്ഛനെക്കുറിച്ച് സി.രാധാകൃഷ്ണൻ പറയുന്നുണ്ട്. സാഹിത്യകാരൻ, സിനിമാ സംവിധായകൻ, തിരക്കഥാകൃത്ത്, പത്രപ്രവർത്തകൻ... ചക്കുപുരയിൽ രാധാകൃഷ്ണൻ എന്ന നാഴിയിൽ എല്ലാം കൊണ്ടു.

സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ശാസ്ത്ര ലേഖകൻ‌, സിനിമാ സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ പല വേഷങ്ങളിൽ തിളങ്ങിയ സി.രാധാകൃഷ്ണൻ 1939 ഫെബ്രുവരി 15ന് മലപ്പുറം ജില്ലയിലെ ചമ്രവട്ടത്താണു ജനിച്ചത്. പിതാവ്: പറപ്പൂർ മഠത്തിൽ മാധവൻ നായർ, മാതാവ്: ചക്കുപുരയിൽ ജാനകിയമ്മ. സാഹിത്യരംഗത്തെ ഒട്ടുമിക്ക പുരസ്കാരങ്ങളും ഭാരതപ്പുഴ കടന്ന് സി.രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. മൂർത്തീദേവി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ് എന്നിവ അവയിൽ ചിലതുമാത്രം. രാധാകൃഷ്‌ണൻ എംഎസ്‌സി വിദ്യാർഥിയായിരിക്കുമ്പോഴാണ് ആദ്യനോവൽ ‘നിഴൽപ്പാടുകൾ’ രചിക്കുന്നത്. കേരള സാഹിത്യ അക്കാദമി അവാർഡ് ഈ നോവൽ നേടുകയുണ്ടായി. തീക്കടൽ കടഞ്ഞ് തിരുമധുരം, എല്ലാം മായ്‌ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്‌പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി എന്നിവ പ്രധാന കൃതികൾ. ‘പ്രിയ’ എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ രാധാകൃഷ്‌ണൻ അഗ്നി, കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തു. വത്സലയാണ് ഭാര്യ. മകൻ: ഡോ. ഗോപാൽ (റേഡിയോളജിസ്റ്റ്). മരുമകൾ: സുഭദ്ര (ഐടി പ്രഫഷനൽ).

ചോദ്യം, ഉത്തരം

എൺപതായി, എന്തു തോന്നുന്നു ?

എഴുത്തുകൊണ്ടു മാത്രം ജീവിച്ച ആളാണു ഞാൻ. ഒന്നിനും ഒരു മുട്ടുണ്ടായിട്ടില്ല. വായനക്കാർക്കു നന്ദി.

എന്തിന്റെയാണു നിറവ് ?

സന്തോഷകരമായ കുടുംബജീവിതം. എന്റെ കാര്യത്തിലായിരുന്നു എല്ലാവർക്കും ഏറ്റവും ശ്രദ്ധ. എന്റെ എഴുത്തിന് തടസ്സമുണ്ടാക്കരുതെന്നു മാത്രമായിരുന്നു ആലോചന. വലിയ വലിയ ആവശ്യങ്ങൾ ആരും എന്നോടു ചോദിച്ചിട്ടില്ല.

എന്തിന്റെയാണു കുറവ് ?

ഒരു കുറവുണ്ട്. എഴുതിയതെല്ലാം പൂർണ തൃപ്തിയായി പ്രസിദ്ധീകരിച്ചതല്ല എന്ന കുറവ്. കുറവുണ്ടെന്ന് അറിയാം. പക്ഷേ, അതു മുഴുവനായി പരിഹരിക്കാൻ ഇനി എനിക്കു ശക്തിയില്ല എന്നു തോന്നുമ്പോഴാണ് കൃതി പ്രസിദ്ധീകരിക്കുന്നത്. ഒരു വർഷം വേണം എനിക്ക് ഒരു നോവൽ തയാറാക്കാൻ. 3 മാസം കൊണ്ട് എഴുതിത്തീരും. പിന്നീടുള്ള 9 മാസം തിരുത്തലുകൾക്കുള്ളതാണ്. എന്നിട്ടും പൂർണ തൃപ്തി വരാറില്ല.

വേണ്ടായിരുന്നു എന്നു തോന്നിയത് ?

മണ്ടത്തരങ്ങൾ ഒരുപാടു ചെയ്തിട്ടുണ്ട്. പക്ഷേ, ആരെയും ഉപദ്രവിക്കുന്ന ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് പശ്ചാത്താപം തോന്നേണ്ട സംഗതികളൊന്നുമില്ല.

നഷ്ടബോധം തോന്നിയത് ?

എംഎസ്‌സി പഠനം മുഴുവനാക്കും മുൻപേ ജോലിക്കു കയറി. അന്ന് അത് അത്യാവശ്യമായിരുന്നു. ജോലിസമയത്തും പഠനം മുഴുവനാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എംഎസ്‌സി മുഴുവനാക്കാത്തത് നഷ്ടം തന്നെയാണ്.

കഴിവില്ലാത്തത് എന്തിന് ?

പാടാനും വരയ്ക്കാനും. ഇതു രണ്ടിന്റെയും സൗന്ദര്യം എഴുത്തിൽക്കൊണ്ടുവരാം. പക്ഷേ, നേരിട്ട് ഈ സംഗതികൾ വയ്യ.

സ്വപ്നം ?

എഴുതിക്കൊണ്ടിരിക്കുന്ന നോവൽ

ദുഃസ്വപ്നം

അധ്യാപകന്റെ അടി കൊള്ളുന്നു. പുഴയിൽ താഴ്ന്നു താഴ്ന്നു പോകുന്നു, പൊങ്ങിവരാൻ കഴിയുന്നില്ല. പരീക്ഷ തുടങ്ങി, എനിക്ക് അങ്ങോട്ടെത്താൻ പറ്റുന്നില്ല. മൂന്നും കുട്ടിക്കാലത്തെ അനുഭവങ്ങളിൽനിന്നുണ്ടായതാണ്. ഇന്നും ഇവ ഇടയ്ക്കിടെ വരുന്നു.

ആത്മകഥ ?

ഡയറിപോലും എഴുതാത്തയാളാണു ഞാൻ. പിന്നെയല്ലേ ആത്മകഥ. ഞാൻ എഴുതിയ കൃതികളിലെല്ലാം ആത്മാംശമുണ്ട്. അതിൽക്കൂടുതൽ കഥ എനിക്കുണ്ടെന്നു തോന്നിയിട്ടില്ല.

തിരഞ്ഞെടുപ്പുകാലമല്ലേ, രാഷ്ട്രീയ പ്രവേശം, സ്ഥാനാർഥിത്വം ?

എനിക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്. പക്ഷേ, പാർട്ടികളിലൊന്നും ചേരാനില്ല. അക്കാര്യം പറഞ്ഞു രാഷ്ട്രീയക്കാർ ഈ പടി കടന്നുവരികയും വേണ്ട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS