ADVERTISEMENT

 പണ്ട് തറവാട്ടിൽ അമ്മൂമ്മ പറയുന്നത് കേട്ടിട്ടുണ്ട്, വീടിന്റെ ഒരു ഭാഗത്തൂടെ വരുത്ത് പോക്ക് ഉണ്ടത്രേ, അത് പോകുന്ന ഭാഗങ്ങളിൽ കിടക്കുന്ന ദമ്പതികൾക്ക് അധികം ആയുസ്സ് ഉണ്ടാകില്ല, തറവാട്ടിൽ അങ്ങനെ മരണങ്ങൾ ഉണ്ടായെന്നുള്ള തെളിവ് കഥകളും അമ്മൂമ്മയുടെ പക്കലുണ്ട്. വരുത്ത് എന്ന് പറയുന്ന ഒരു ഊർജസ്രോതസ്സ് സ്ഥിരം നടന്നു പോകുന്ന ഒരു വഴിയുണ്ട്, ആ വഴിയിൽ കാണുന്നതിനെയൊക്കെ അത് നശിപ്പിക്കുമെന്നാണ് കഥ. ഇപ്പോൾ ഈ കഥ വീണ്ടും ഓർക്കാൻ കാരണമായത് അനൂപ് ശശികുമാറിന്റെ നോവൽ ‘എട്ടാമത്തെ വെളിപാട്’ ആണ്. മലയാളത്തിലെ ആദ്യത്തെ അർബൻ ഫാന്റസി നോവലാണ് എട്ടാമത്തെ വെളിപാട്.

എന്താണ് ഫാന്റസി, ത്രില്ലർ, ഹൊറർ രീതിയിലുള്ള പുസ്തകങ്ങളുടെ  വിജയം? വിശ്വസിക്കാനാവുന്നവയല്ലെങ്കിൽ പോലും റിയലിസ്റ്റിക് രീതിയിലുള്ള ചില എഴുത്തുകൾ ഫാന്റസി വായനയ്ക്ക് വിശ്വാസത്തിന്റെ ഉറപ്പു പതിച്ചു നൽകാറുണ്ട്. അതുതന്നെയാണ് അതിന്റെ വിജയവും. ‘എട്ടാമത്തെ വെളിപാട്’ പല രീതിയിലും വിശ്വസിക്കാൻ എളുപ്പമല്ലാത്തതാണ്. എങ്കിലും നമ്മുടെ ചുറ്റുപാടിൽനിന്ന് കഥ പറയുന്നതുകൊണ്ടുതന്നെ, ഇതൊക്കെ സത്യമാണോ എന്നു ഗൂഗിളിൽ തിരഞ്ഞു നോക്കേണ്ട അവസ്ഥയുണ്ടാക്കുന്നുമുണ്ട്. ആ ചുറ്റുപാട് ഉള്ളതുകൊണ്ടാണ് അർബൻ ഫാന്റസി എന്ന് ഈ വിഭാഗത്തെ വിളിക്കുന്നതും

എന്താണ് അർബൻ ഫാന്റസി? 

നാഗരികമായ ഒരു അന്തരീക്ഷത്തിൽ (അത് ആ നഗരത്തിന്റെ ഇപ്പോൾ ഉള്ളതോ പൗരാണികമോ ആയ അവസ്ഥയാവാം) സ്വാഭാവിക ജീവിതങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെടുന്ന മാജിക്കൽ കഥാപാത്രങ്ങളെയോ കഥാസന്ദർഭങ്ങളെയോ പരിചയപ്പെടുത്തുന്ന രീതിയാണിത്. ഇവിടെ അനൂപ് ശശികുമാർ "എട്ടാമത്തെ വെളിപാട്" എന്ന പുസ്തകത്തിനു വേണ്ടി എടുത്തിരിക്കുന്ന നഗരം കൊച്ചിയെന്ന, നമുക്കൊക്കെ ചിരപരിചിതമായ ഇടമാണ്. കൊച്ചിയുമായി ബന്ധപ്പെട്ട ഒരു മിത്തിന്റെ കഥയാണിത്. കുമ്പാരി എന്ന കുടുംബവുമായി കൊച്ചിക്കുള്ള ബന്ധം നൂറ്റാണ്ടുകൾക്കു മുൻപു തുടങ്ങിയതാണ്, നഗരത്തിന്റെ കാവൽമാലാഖ തന്നെയാണ് കുമ്പാരി കുടുംബം. വാസ്കോ ഡ ഗാമ വ്യാപാരത്തിനും  അധിനിവേശത്തിനുമായി കൊച്ചിയിൽ കപ്പലിറങ്ങിയതിനു ശേഷം തുടങ്ങി വച്ച ഒരു ഒരു കഥയുടെ മിത്തിൽ നിന്നാണ് നോവൽ വളരുന്നത്. ഗാമയുടെ കത്ത് ഉൾപ്പെടെയുള്ളവ തെളിവായി അനൂപ് നോവലിൽ ഉൾപ്പെടുത്തുന്നു. 

എന്താണ് കൊച്ചിയുടെ മിത്ത്?

പോർച്ചുഗീസുകാർക്കൊപ്പം കേരളത്തിലേക്കു വന്നിറങ്ങിയ ചില ഫാന്റസി കഥാപാത്രങ്ങളുണ്ട്. ഇംഗ്ലിഷ് സിനിമകളിൽ സ്ഥിരം കാണുന്ന പേരും മുഖവുമുള്ളവർ. ട്വിലൈറ്റ് എന്ന ഇംഗ്ലിഷ് സിനിമാ സീരീസ് കണ്ടവർക്ക് നടക്കുംചാവ് (വാമ്പയർ) എന്താണെന്നും ആൾനരി (വെർവൂൾഫ്) എന്താണെന്നും പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. എന്നാൽ വിദേശത്തു മാത്രം കണ്ടു വരുന്ന ഇത്തരം മിത്തുകളെ മലയാളത്തിലെ കഥകളിലേക്കും കൊണ്ടുവരികയാണ് ഈ നോവലിൽ. കൊച്ചിയുൾപ്പെടെയുള്ള കേരളത്തിലെ ഇടങ്ങളിൽ ഈ ശക്തികൾ ഉണ്ടാക്കുന്ന അതിക്രമങ്ങൾക്കു തടയിടാനാണ് കുമ്പാരി കുടുംബത്തിന്റെ ശ്രമം, അതിന് അവർക്ക് ഊറിയെൽ എന്ന കാവൽ മാലാഖയുടെ അനുഗ്രഹമുണ്ട്, ഒപ്പം മാലാഖ നൽകിയ മാന്ത്രിക ദണ്ഡും. കൊച്ചിയിൽ വന്നിറങ്ങിയ എല്ലാ ഊർജ സ്രോതസ്സുകളും മാലാഖയുടെ സാന്നിധ്യത്തിൽ കുമ്പാരി കുടുംബവുമായി ഉടമ്പടി ഒപ്പു വയ്ക്കുന്നു. ഇനി മനുഷ്യരെ ആക്രമിക്കില്ല എന്നതായിരുന്നു അത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഉടമ്പടി. എന്നാൽ ഇക്കാലത്ത് ആ ഉടമ്പടി ആരോ ലംഘിക്കുന്നു, രമ്യ എന്നു പേരുള്ള ഒരു പെൺകുട്ടി മരണപ്പെടുന്നു. അവളുടെ ശരീരത്തിൽ ചോരയുടെ അംശം പോലും ഉണ്ടായിരുന്നില്ല. 

ആരാണ് ഉടമ്പടി ലംഘിച്ചത്? അവരെ എങ്ങനെ കണ്ടെത്തും? 

അതായിരുന്നു കുമ്പാരി കുടുംബത്തിലെ പുതിയ ആളായ ലൂയിസിന്റെ ആശങ്ക. അതിനയാൾ പല വഴികളിലൂടെ സഞ്ചരിക്കുന്നു. ഒടുവിൽ കണ്ടെത്തുമ്പോൾ അതിന്റെ വേരുകൾ തന്റെ കുടുംബം വരെ നീണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് അയാൾക്കു നൽകുന്ന ആശങ്ക വലുതാണ്. 

സത്യത്തിൽ കൊച്ചിയുമായി ബന്ധപ്പെട്ട് അങ്ങനെയൊരു മിത്തുണ്ടോ? കുമ്പാരി എന്നൊരു കാവൽദൈവവും രാത്രികളിൽ ചുറ്റിത്തിരിയുന്ന നടക്കുംചാവുകളും കൊച്ചിയുടെ ഇരുണ്ട ഇടങ്ങളിലുണ്ടോ? ഈ വായനയ്ക്കു ശേഷം ഉറപ്പായും ഗൂഗിളിലേക്കു വായനക്കാരന്റെ വിരലുകൾ പോവുകയും തിരയുകയും ചെയ്യും. കാപ്പിരി മുത്തപ്പൻ എന്നൊരു കഥാപാത്രമാണ് കൊച്ചിക്കാർ കാലങ്ങൾക്കു മുൻപേ കേട്ടു തുടങ്ങിയൊരു മിത്തിക്കൽ കഥാപാത്രം. നിധിസൂക്ഷിപ്പുകാരനായ കാപ്പിരി മുത്തപ്പൻ, എട്ടാമത്തെ വെളിപാടിലും കടന്നു വരുന്നുണ്ട്, ഒപ്പം പഴയ ചൈനീസ് വേരുകളുടെ വ്യാളീ പ്രസ്ഥാനത്തിലെ അംഗങ്ങൾ, നടക്കുംചാവ് വർഗത്തിൽ പെട്ടവരുടെ പ്രസ്ഥാനം, ആൾനരി പ്രസ്ഥാനം, ഇങ്ങനെ സങ്കൽപത്തിലും സിനിമകളിലും മാത്രം കാണപ്പെടുന്ന മിത്തുകൾ.

ചില ചോദ്യങ്ങൾക്ക് എഴുത്തുകാരന് മാത്രമേ മറുപടി പറയാൻ കഴിയൂ എന്നതുകൊണ്ട് അനൂപ് ശശികുമാറിന്റെ ചില ഉത്തരങ്ങളിലേക്ക്

∙ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്ന നിലയിൽ കൊച്ചി പോലെയൊരു നഗരത്തിൽ ഇത്തരം മിത്തുകൾക്ക് എന്താണ് പ്രസക്തി?

-അങ്ങനെയൊരു മിത്ത് നിലവില്‍ ഇല്ല. നഗരത്തിന്റെ / നാടിന്റെ  സംരക്ഷകന്‍ എന്ന ഒരു trope ഫാന്റസിയിലും അര്‍ബന്‍ ഫാന്റസിയിലും  ഉപയോഗിക്കുന്നതാണ് (ഉദാഹരണം ഫാന്റം). അതുപോലെയൊന്നു മനസ്സില്‍ കണ്ടു എന്നുമാത്രം.

∙ സയൻസുമായി ബന്ധപ്പെട്ട ഒരാൾ എങ്ങനെ ഇത്തരം മാജിക്കൽ റിയലിസം അല്ലെങ്കിൽ ഫാന്റസി എന്ന് പറയാവുന്ന തലത്തിൽ നിൽക്കുന്ന ഒരു വിഷയവുമായി ഇടപെട്ടു /ഇറങ്ങിത്തിരിച്ചു?

-ഫാന്റസി പുസ്തകങ്ങള്‍ കുറെയധികം വായിക്കാറുണ്ട്, അതില്‍ത്തന്നെ എഴുതാന്‍ പ്രയാസമുള്ള genre ആണ് അര്‍ബന്‍ ഫാന്റസി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മലയാളത്തില്‍ ഇതുവരെ ആരും അങ്ങനെയൊരു ശ്രമം നടത്തിയതായും അറിയില്ല. അപ്പോള്‍ കൃത്യമായ ഒരു യുക്തിയോ കപടയുക്തിയോ  വെച്ച് ആളുകളെക്കൊണ്ട് താല്‍പര്യപൂര്‍വം വായിപ്പിക്കാന്‍ പറ്റുന്ന രീതിയില്‍ ഇങ്ങനെയൊരു തീമില്‍ ഒരു പുസ്തകം എഴുതാന്‍ പറ്റുമോ എന്ന് സ്വയം ചോദിച്ചതിന്റെ  ഉത്തരമാണ് ഈ പുസ്തകം. സയന്‍സ് പഠിച്ചതുകൊണ്ടുതന്നെ പറയുന്ന കാര്യങ്ങളില്‍ ഒരു കപടയുക്തി കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

∙ നോവലിന്റെ അവസാനവും ആദ്യവും പറയുന്ന വാക്കിന്റെ പുസ്തകം ലൂയിസിന്റെ കൈയിൽ കിട്ടണമെങ്കിൽ ഇതിന്റെ രണ്ടാമത്തെ ഭാഗം വരണമല്ലോ. എന്താണ് വാക്കിന്റെ പുസ്തകം? അത്തരമൊരു രണ്ടാമത്തെ ഭാഗം ഉണ്ടാകുമോ?

-വാക്കിന്റെ പുസ്തകം എന്നത് ഭാഷാശാസ്ത്രപഠനങ്ങളില്‍ ഉപയോഗിക്കുന്ന പ്രോട്ടോ ലാംഗ്വേജ് എന്ന സങ്കേതത്തില്‍നിന്നു കൈക്കൊണ്ടതാണ്. അതുപോലെതന്നെ, പഴയ നിയമത്തിലെ ബാബേല്‍ ഗോപുരം തകരുന്നതിനു മുന്പ് ആളുകള്‍ ഒരൊറ്റ ഭാഷയില്‍ ആണ് സംസാരിച്ചിരുന്നത് എന്ന് എഴുതിയിട്ടുണ്ട്. ഇതൊക്കെ വെച്ച് ഇങ്ങനെ ഒരു ആദ്യ ഭാഷ ലോകത്തില്‍ നിലനിന്നിരുന്നു എന്നും ആ ഭാഷയ്ക്ക് പ്രകൃതിയെത്തന്നെ നിയന്ത്രിക്കാന്‍ ശക്തിയുണ്ട് എന്നും സങ്കൽപിച്ചിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ട് കൈമോശം വന്നുപോയ ആ ആദ്യഭാഷയുടെ ഒരു ഡിക്‌ഷണറി ആണ് വാക്കിന്റെ പുസ്തകം. ഈ കഥയ്ക്ക് ഒരു പ്രീക്വലും സീക്വലും മനസ്സില്‍ ഉണ്ട്. ലൂയിസ് വാക്കിന്റെ പുസ്തകം തേടിപ്പോകുന്നത്  സീക്വലിലും ഇതെങ്ങനെയാണ് കടലില്‍ വീണുപോയത് എന്ന് പ്രീക്വലിലും വിശദമാക്കും.

പരിചിതമായ ജൂതത്തെരുവിൽ കൂടി ഇനി സഞ്ചരിക്കുമ്പോൾ ഉറപ്പായും അവിടെയുള്ള ഏതോ കടയ്ക്കുള്ളിലുള്ള കണ്ണാടിത്തെരുവിലേക്കുള്ള വാതിലുകൾ തിരയും. കണ്ണാടിത്തെരുവ് ഇന്നത്ത മനുഷ്യനൊപ്പം സഞ്ചരിക്കുന്ന, ഉടമ്പടിയിൽ ഒപ്പു വച്ച മിത്തിക്കൽ കഥാപാത്രങ്ങൾ താമസിക്കുന്ന തെരുവാണ്. മനുഷ്യർ ജീവിക്കും പോലെ അവർ ആ ലോകത്തു (other world ) ജീവിക്കുന്നു. മനുഷ്യരും മനുഷ്യരല്ലാത്ത സാങ്കൽപിക കഥാപാത്രങ്ങളും ഒന്നിച്ചു ജീവിക്കുന്ന ആ തെരുവിലൂടെയാണ് കഥാനായകനായ ലൂയി നടന്നു പോകുന്നതും കണ്ണാടിത്തെരുവിലേക്കുള്ള വാതിലുകൾ തുറക്കുന്നതും. ആൾനരി, നടക്കുംചാവ് എന്നിവയൊക്കെ അവിടെ മനുഷ്യർക്കൊപ്പം ജീവിക്കുന്നു. ഇവയ്‌ക്കെല്ലാം മീതെ ഊറിയെൽ മാലാഖയുടെ കരുണയും സ്നേഹവും പരക്കുന്നു.

നോവൽ വായന അവസാനിക്കുമ്പോൾ വീണ്ടും പുസ്തകത്തിന്റെ ആദ്യത്തിലേക്കു മനസ്സ് നയിക്കുന്നൊരു അവസ്ഥയുണ്ട് ഈ വെളിപാടിന്റെ പുസ്തകത്തിന്. കടലിന്റെ ആഴങ്ങളിലെങ്ങോ നഷ്ടപ്പെട്ടു പോയ വാക്കിന്റെ പുസ്തകം തിരഞ്ഞ് നോവലിന്റെയൊടുവിൽ ലൂയിസ് ഇറങ്ങിപ്പോകാൻ തുടങ്ങുമ്പോൾ, അതെങ്ങനെ നഷ്ടപ്പെട്ടു എന്നതും അത് തിരികെ ലഭിക്കുമോ എന്നതും ആശങ്കയാണ്. ആ ഒരൊറ്റ അവസാനം കൊണ്ട് വീണ്ടും പുസ്തകം തുടങ്ങുന്നു എന്നുവേണം പറയാൻ. അതൊരു പ്രത്യേക എഴുത്തുമാന്ത്രികതയാണ്. എഴുതിക്കഴിഞ്ഞതിന്റെ അവസാന താളുകളിൽനിന്നു മറ്റൊരു പുസ്തകം ഉണ്ടായി വരുന്നൊരു മാന്ത്രികത. ഇതിലെ പല കഥാപാത്രങ്ങളും ഒരു ഇംഗ്ലിഷ് സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ വായനക്കാരനെ പരിഭ്രമിപ്പിക്കും, അന്വേഷിപ്പിക്കും. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ വായനാസുഖം കൂട്ടുന്നതും. 

ഫാന്റസി നോവലുകൾ വീണ്ടും മലയാളത്തിലേക്കു പുതിയ രൂപഭാവാദികളോടെ എത്തുന്നു. മുഖ്യധാരാ മലയാള സാഹിത്യത്തിന്റെ വഴികളിൽനിന്നു മാറി നടക്കുന്ന പുതു തലമുറയുടെ അടയാളപ്പെടുത്തലുകൾ തന്നെയാണ് അനൂപ് ശശികുമാർ ഉൾപ്പെടെയുള്ള പുതിയ എഴുത്തുകാർ ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com