ADVERTISEMENT

പരാജയത്തോടെയായിരുന്നു ഇരുവരുടെയും തുടക്കം. എഴുതിയ പുസ്തകങ്ങൾ എങ്ങനെ പ്രസിദ്ധീകരിക്കുമെന്നറിയാതെ കുഴങ്ങിയ അനീസ് സലീം. പരാജയപ്പെട്ട ആദ്യ പുസ്തകത്തിനു പിന്നാലെ ‘ലിറ്റററി ഏജന്റ്’ സ്ഥാപനം ആരംഭിച്ച് ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാൻ സാധിക്കാത്ത കനിഷ്ക ഗുപ്ത. അവിചാരിതമായി കനിഷ്കയുടെ ഇമെയിലിലേക്ക് ഒരു സന്ദേശമെത്തുന്നു. ഹസീന മൻസൂർ എന്ന പെൺകുട്ടിയുടെ ഇമെയിലിൽ നിന്നെത്തിയതു ‘ടെയ്‌ൽസ് ഫ്രം എ വെൻഡിങ് മെഷീൻ’ എന്ന നോവലിന്റെ ഭാഗം. ഇതു വായിച്ച കനിഷ്ക മറുപടി അയയ്ക്കുന്നു. ശേഷം ചരിത്രം. അനീസ് സലീം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയ എഴുത്തുകാരൻ. കനിഷ്ക ഗുപ്തയുടെ ‘റൈറ്റേഴ്സ് സൈഡ്’ എന്ന കമ്പനി ഇന്നു ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ലിറ്റററി ഏജന്റ് സ്ഥാപനം. നാനൂറിലേറെ എഴുത്തുകാരും ആയിരത്തോളം പുസ്തകങ്ങളുമായി സാഹിത്യലോകത്തു സജീവസാന്നിധ്യം. സാഹിത്യലോകത്തു വന്ന മാറ്റങ്ങളെക്കുറിച്ചും സാഹിത്യ ഏജന്റുമാരുടെ ആവശ്യത്തെക്കുറിച്ചുമെല്ലാം കനിഷ്ക സംസാരിക്കുന്നു... 

ഒരു ഇമെയിലിന്റെ കഥ

tales-from-a-vending-machine

2009ലാണു ‘റൈറ്റേഴ്സ് സൈഡ്’ ആരംഭിക്കുന്നത്. ഹസീന മൻസൂർ എന്ന പേരിൽ അനീസ് സലിം ഇമെയിൽ അയയ്ക്കുന്നതു 2010ൽ. ഞാനെഴുതിയ ‘ഹിസ്റ്ററി ഓഫ് ഹേറ്റ്’ എന്ന നോവൽ ‘മാൻ ഏഷ്യൻ പ്രൈസിനു’ ലോങ് ലിസ്റ്റ് ചെയ്തിരുന്നു. അനീസിന് എന്റെ ഇമെയിൽ ലഭിക്കുന്നതും അങ്ങനെയാണ്. ടെയ്‌ൽസ് ഫ്രം എ വെൻഡിങ് മെഷീനിലെ കഥാപാത്രം ഹസീന മൻസൂറിന്റെ പേരിലായിരുന്നു ആ മെയിൽ. ഉള്ളടക്കം വായിച്ചപ്പോഴേ മികച്ചൊരു സൃഷ്ടിയാണു മുന്നിലെത്തിയിരിക്കുന്നതെന്നു മനസ്സിലായി. തുടർന്നാണു ഹാർപർ കോളിൻസിന്റെ കമ്മിഷനിങ് എഡിറ്ററെ ബന്ധപ്പെടുന്നത്. നല്ലതാണെങ്കിൽ  അയയ്ക്കൂവെന്നായിരുന്നു മറുപടി. പുസ്തക‌ത്തിന്റെ വിശദാംശങ്ങൾ അയച്ചു. ബാക്കിയെല്ലാം ചരിത്രമാണ്. ടെയ്ൽസ് ഫ്രം എ വെൻഡിങ് മെഷീനും വിക്സ് മാംഗോ ട്രീയും ഹാർപർ കോളിൻസ് എടുത്തു. ഇത്തവണ സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ബ്ലൈൻഡ് ലേഡീസ് ഡിസെൻഡന്റ്സ്’ എന്ന പുസ്തകത്തിനുമുണ്ട് ഒരു കഥ. ആദ്യ രണ്ടു പ്രസാധകർ അതു തള്ളിയിരുന്നു. മൂന്നാമതൊരാൾ അതു സ്വീകരിച്ചു പ്രസിദ്ധീകരിച്ചിരുന്നെങ്കിലും വളരെ മോശം സമീപനമായിരുന്നു അവരുടേത്. പല അവാർഡുകൾക്കും പ്രസാധകർ അല്ല പുസ്തകം നൽകിയതും. തുടർന്ന് അവരുടെ കരാർ അവസാനിപ്പിച്ചാണു പെൻഗ്വിനുമായി കരാർ ഒപ്പിട്ടത്. 

എഴുത്തുകാരന്റെ വശത്തേയ്ക്ക്

പഠനത്തിൽ അത്ര മികവുള്ള ആളൊന്നുമായിരുന്നില്ല ഞാൻ. കുടുംബം മുഴുവൻ ബിസിനസിൽ. ഡിഗ്രിക്കു പഠിക്കുമ്പോഴേ എന്റെ ലോകം മറ്റൊന്നാണെന്നു തിരിച്ചറിഞ്ഞിരുന്നു. ജീവിതത്തിന്റെ ഒരു പ്രതിസന്ധി ഘട്ടത്തിൽ  പുസ്തകങ്ങളായിരുന്നു എനിക്കു കൂട്ട്. കുടുംബത്തിൽ എഴുത്തുകാർ ആരുമില്ല. പുസ്തകങ്ങളും മറ്റും വായിച്ചതു പ്രചോദനമായി. 22–ാം വയസിൽ ആദ്യ നോവൽ പൂർത്തിയാക്കി. വളരെ മോശം റിസർച്ചും മറ്റും നടത്തിയുള്ള പുസ്തകം. പക്ഷേ, ആത്മവിശ്വാസം വലുതായിരുന്നു. പുസ്തകത്തിന്റെ പ്രതി ഖുഷ്‌വന്ത് സിങ്ങിന് അയച്ചു നൽകി. ഏതാനും ദിവസങ്ങൾക്കുള്ളിൽ കടുത്ത വിമർശനവുമായി അതു മടങ്ങിയെത്തി. പ്രസിദ്ധീകരിക്കാൻ പല പ്രസ‌ാധകരെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പിതാവിന്റെ അടുത്ത സുഹൃത്തുവഴി ശോഭ ഡേയെ പരിചയപ്പെടുന്നത് ആ സമയത്താണ്. അവരാണു പെൻഗ്വിന്റെ എഡിറ്ററെ പരിചയ‌പ്പെടുത്തിയത്. പക്ഷേ പ്രസിദ്ധീകരണ യോഗ്യമല്ലെന്നായിരുന്നു അവരുടെ മറുപടി. എഴുത്ത് അവസാനിപ്പിക്കരുതെന്നു പ്രോത്സാഹിപ്പിച്ചതു ശോഭാ ഡെയാണ്. ഇതിനിടെ 2007ൽ നോവലിസ്റ്റ് നമിത ഗോഖലെയുമായി പരിചയപ്പെടാൻ വഴിയൊരുങ്ങി. അവരുടെ കീഴിൽ പ്രവർത്തിച്ച 7 മാസമാണു ജീവി‌തത്തെ മാ‌റ്റിയതെന്നു പറയാം. ഏതാനും മാസങ്ങൾക്കുള്ളിൽ 7000 രൂപ മുതൽമുടക്കിൽ റൈറ്റേഴ്സ് സൈഡ് ആരംഭിച്ചു. 

അനീസിന്റെ വരവ്

റൈറ്റേഴ്സ് സൈഡിന്റെയും അനീസ് സലീമിന്റെയും തുടക്കവും വളർച്ചയും ഒരേ കാലത്താണ്. 2009ൽ ഏജൻസി ആരംഭിച്ചിരുന്നെങ്കിലും  അന്നു വരെ ഒരു എഴുത്തുകാരനെപ്പോലും  കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ രംഗത്ത് മുൻപരിചയമില്ലാത്ത, സാഹ‌ിത്യത്തിൽ ബിരുദമോ മറ്റു നേട്ടങ്ങളോ ഇല്ലാത്തയാളെത്തേടിയെത്തുന്നവർ കുറവ്. നല്ലൊരു എഴുത്തുകാരനെയോ പുസ്‌തകമോ കയ്യിൽ തടയാതെ പ്രസാധകരെ കാണുന്നതിനും താൽപര്യമുണ്ടായിരുന്നില്ല. അനീസ് സലീം വന്നതിനു ശേഷമാണു ഒരു പ്രസാധകനെ കണ്ടെത്തിയതു തന്നെ. പുസ്തകങ്ങൾക്കു വേണ്ടി  പ്രസാ‌ധകർ കാത്തു നിൽക്കുകയും ഒട്ടേറെ അവാർഡുകൾ ലഭിക്കുകയും ചെയ്തെങ്കിലും അനീസിനെ ഇപ്പോഴും സാഹിത്യലോകം വേണ്ടവിധം സ്വീകരിച്ചിട്ടില്ലെന്നാണു വിലയിരുത്തൽ. അദ്ദേഹം കൂടുതലായി വായ‌ിക്കപ്പെടേണ്ടതുണ്ട്, ലോകം മുഴുവനുള്ള വായനക്കാരിലേക്ക് എത്തേണ്ടതുണ്ട്. 

പ്രിയം നോൺ ഫിക്‌ഷനോട് 

ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരിൽ നിന്നു നല്ല നോവലുകളും ചെറുകഥകളും രൂപപ്പെടുന്നില്ലെന്നതാണു വാസ്തവം. അതുകൊണ്ടു തന്നെ നോൺഫിക്‌‌ഷനാണു വായന‌ക്കാർ കൂടുതലും. ടോണി ജോസഫിന്റെ ‘ഏർലി ഇന്ത്യൻസ്’ പോലുള്ള പുസ്തകങ്ങൾക്ക് ആവ‌ശ്യക്കാർ ഏറെയാണ്. അതേസമയം ട്രാവൽ, ഇക്കോളജി, ലൈഫ് സ്റ്റൈൽ എന്നിവയ്ക്കു പ്രിയം കുറഞ്ഞു. ക്രിക്കറ്റിനും മറ്റും വായനക്കാരുണ്ടെങ്കിലും സ്പോർട്സിനോടു പൊതുവേ അത്ര താൽപര്യം പോര. വായനക്കാർ കുറഞ്ഞിട്ടില്ലെങ്കിലും അവരുടെ എണ്ണത്തിൽ കാര്യമായ വർധനയൊന്നുമുണ്ടായിട്ടില്ല. മാർക്കറ്റിങ്ങിനു വേണ്ടി പണം മുടക്കാൻ പല പ്രസാധകർക്കും മടിയാണുതാനും. 

ലിറ്റററി ഏജന്റ് എന്ന നിലയിൽ ഏറെ ജോലിയുണ്ട്. ഒരു  എഴുത്തുകാരനെ കണ്ടെത്തുന്നതു മുതൽ പുസ്തകം പ്രസിദ്ധീകരിച്ച ശേഷവും സജീവമായി തുടരേണ്ടി വരും. പല പുസ്തകങ്ങളും വെബ്സീരിസുകളും സിനിമകളുമാക്കാൻ ചർച്ചകൾ നടത്തുന്ന ചുമതലയും ഇന്ന് ഏജന്റുമാരുടെ ചുമലിലുണ്ട്. വിശ്വനാഥൻ ആനന്ദ്, ദിപ കർമാക്കർ, ശുഭാ മുദ്ഗൽ, അനീഷ് പ്രധാൻ, ഹുസൈൻ സൈദി, സുഭാഷ് ചന്ദ്രൻ, ജോസി ജോസഫ്, അനാമിക മുഖർജി തുടങ്ങി വലിയൊരു എഴുത്തുകാരുടെ നിരയുണ്ട് റൈറ്റേഴ്സ് സൈഡിന്റെ ക്രെഡിറ്റിൽ. രചനകൾ വായിച്ച് ആശയങ്ങൾ കൈമാറാൻ കനിഷ്കയ്ക്കൊപ്പം എഡിറ്റർമാരുടെ മറ്റൊരു സംഘവുമുണ്ട്. ഇതിനൊപ്പം പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലുമാണ് ഇദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com