"ധ്യാനാത്മകമായ പ്രണയം വിവാഹേതര ബന്ധത്തിൽ ലഭിച്ചാൽ എന്തിന് നിരാകരിക്കണം? " കെ.വി. മോഹൻകുമാര്‍ സംസാരിക്കുന്നു

HIGHLIGHTS
  • എന്തുകൊണ്ട് നമ്മുടെ നാട്ടിൽ സൗമ്യയും നിർഭയയും ഒക്കെ ഉണ്ടാകുന്നു?
  • രതിയോടുള്ള ധ്യാനാവസ്ഥ ഇല്ലാതായതിന്റെ അടയാളമാണത്.
KV Mohan Kumar
കെ.വി. മോഹൻകുമാർ
SHARE

മലയാളി വായനക്കാർക്ക് അത്രയെളുപ്പം വായനയ്ക്കു ലഭിക്കാത്ത ചില വിഷയങ്ങളാണ് എഴുത്തുകാരനും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ കെ.വി. മോഹൻ കുമാറിന്റെ എഴുത്തിനെ പ്രചോദിപ്പിക്കുന്നത്. അത് താന്ത്രിക രതിയെക്കുറിച്ചോ പുന്നപ്ര വയലാർ സമരത്തെക്കുറിച്ചോ ഇപ്പോൾ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്ന, ഭീതിയും ത്രില്ലർ അനുഭവവും നൽകുന്ന മാഴൂർ തമ്പാൻ എന്ന കഥാപാത്രത്തെക്കുറിച്ചോ ആകട്ടെ, അത്രയെളുപ്പമല്ലാത്ത കണ്ടെത്തലുകളാണ് ഇവയെല്ലാം. ഒരുപക്ഷേ കെ.വി. മോഹൻകുമാർ എന്ന പ്രതിഭ മലയാള സാഹിത്യത്തിൽ അടയാളപ്പെട്ടതുതന്നെ ഇതുപോലെ ആർക്കും പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങൾ കണ്ടെത്തി അവ എഴുതുന്നതുകൊണ്ടു തന്നെയാകും. പത്രപ്രവർത്തകൻ, സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം കുറിച്ചു വയ്ക്കാം. 2010-ൽ ശിവൻ സംവിധാനം ചെയ്ത് ദേശീയ അവാർഡ് നേടിയ 'കേശു' എന്ന സിനിമയ്ക്കു തിരക്കഥയെഴുതിയ ശേഷം മഴനീർത്തുള്ളികൾ, ക്ലിന്റ് എന്നീ സിനിമകളും അദ്ദേഹെ എഴുതി. നിരവധി പുരസ്‌കാരങ്ങൾ നേടിയ കെ.വി. മോഹന്കുമാറിന് 2018 ലെ വയലാർ അവാർ‌ഡും 2019  അങ്കണം പുരസ്കാരവുമാണ് ഏറ്റവുമൊടുവിൽ ലഭിച്ച ആദരവുകൾ.

വിശക്കുന്ന മനുഷ്യൻ പുസ്തകം കയ്യിലെടുക്കുമ്പോൾ 

എഴുത്ത് എനിക്ക് പ്രാണവായുവാണ്. ചെറിയ പ്രായം മുതൽതന്നെ അതൊപ്പമുണ്ട്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ കഥയെഴുതുന്നത്. നല്ല പുസ്തക വായന ആ സമയത്തുണ്ടായിരുന്നു. അറബിക്കഥകളുൾപ്പെടെയുള്ള വായനകൾ എഴുത്തിനെ നന്നായി പ്രചോദിപ്പിച്ചു. പട്ടിണികിടക്കുന്ന മനുഷ്യാ പുസ്തകം കയ്യിലെടുക്കൂ, അതിനെ ആയുധമാക്കൂ എന്ന  വാചകം എന്റെ ചേട്ടനിൽ നിന്നാണ് ഞാൻ ആദ്യമായി കേൾക്കുന്നത്.  അച്ഛന്റെ മരണം, ചേട്ടന്റെ തൊഴിൽരാഹിത്യം, വീടുമാറ്റം, അത്യാവശ്യം പട്ടിണി, സാമ്പത്തിക ബുദ്ധിമുട്ട് ഇതിനൊക്കെ ഇടയിലും സഹോദരൻ വളരെ നന്നായി വായന ശീലമാക്കിയിരുന്നു. അതിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഞാനും വായന തുടങ്ങിയത്. അതൊരു പുതിയ ലോകമായിരുന്നു. മനസ്സു മുഴുവൻ കഥ. ആ സമയത്ത് എനിക്ക് രണ്ടു വായനാശാലകളിൽ അംഗത്വമുണ്ട്. ഒരു തവണ അങ്ങനെ ആറു പുസ്തകം ലഭിക്കും. ശരിക്കും ഭക്ഷണത്തിനു പകരം പുസ്തകത്തെ അറിഞ്ഞ സമയം. അങ്ങനെയൊരു ദിവസം വിശന്നിരുന്ന സമയത്താണ് വിശപ്പ് എന്നൊരു കഥയെഴുതുന്നത്. അതാണ് എന്റെ ആദ്യ കഥ. അങ്ങനെ പറയുമ്പോൾ എന്നെ എഴുത്തിലേക്കു നയിച്ചത് ഒരുപക്ഷേ എന്റെ ജീവിത സാഹചര്യങ്ങളാണ്. 

പുന്നപ്ര-വയലാർ സമര പശ്ചാത്തലത്തിൽ കാലങ്ങൾക്കു ശേഷമൊരു കൃതി.  അതിനു വയലാർ പുരസ്‌കാരം

എന്റെ നാടിന്റെ ഐതിഹാസിക വിസ്ഫോടനം എന്നുതന്നെ പറയാവുന്ന സമരം. ഉഷ്ണരാശി എന്ന നോവൽ പുറത്തിറങ്ങുന്നത് ഈ സമരം കഴിഞ്ഞ് ഏഴു പതിറ്റാണ്ടിനു ശേഷമാണ്. ചെറിയ പ്രായം മുതൽ പ്രാണവായുവായിത്തീർന്ന കഥകളാണ് അതിലൊക്കെയുമുള്ളത്. ഒരുപാടു പേർ അനുഭവിച്ച യാതനകളുടെയും വേദനകളുടെയും രക്തസാക്ഷിത്വത്തിന്റെയും അനാഥത്വത്തിന്റെയും കഥ.  ഈ ഐതിഹാസിക സമരത്തെ ഊന്നിക്കൊണ്ട് എന്തുകൊണ്ട് ആരും ബൃഹത്തായ ഒരു കൃതി രചിക്കുന്നില്ല എന്നു തോന്നിയിട്ടുണ്ട്. നോവൽ സാഹിത്യത്തിലേക്ക് അതു പകർന്നിട്ടില്ല. കവിത പിന്നെയും ഉണ്ടായിട്ടുണ്ടെന്ന് പറയാം. പക്ഷേ അതെഴുതാൻ പ്രഗത്ഭരായ ഒരുപാടു പേരിവിടെയുണ്ടായിരുന്നു. പി. കേശവദേവ് ഒക്കെ അന്നിവിടെയുണ്ടായിരുന്നു, അതുപോലെ തകഴി. എന്നാൽ ഇവരാരും അതിനെ ആസ്പദമാക്കി എഴുതിയില്ല, അതോർക്കുമ്പോൾ എനിക്കതിശയം തോന്നിയിട്ടുണ്ട്. ആ അതിശയമായിരിക്കണം ഈ നോവലെഴുതാൻ എനിക്ക് പ്രചോദനമായത്. 

KV Mohankumar

2009 ൽ ഒരു ട്രെയിൻ യാത്രയിൽ എം.ടി. ചന്ദ്രസേനന്റെ ‘പുന്നപ്രവയലാർ-ജ്വലിക്കുന്ന അധ്യായങ്ങൾ’ എന്ന പുസ്തകം വായിക്കാനിടയായി. അദ്ദേഹം ആ സമരത്തിലെ ഒരു നേതാവായിരുന്നു, ആ അനുഭവങ്ങളാണ് പുസ്തകത്തിലുണ്ടായിരുന്നത്. കാളി-അരയത്തി എന്ന ഒരു അധ്യായം അതിലുണ്ടായിരുന്നു, ആ അധ്യായം എന്നെ വല്ലാതെ പിടിച്ചുലച്ചു. അച്ഛൻ മരിച്ചു കഴിഞ്ഞാണ് ഞാനും അമ്മയും സഹോദരനും ചേർത്തലയിലേക്കു പോയത്, അതുവരെ ഞങ്ങൾ ആലപ്പുഴ നഗരത്തിൽ തന്നെയായിരുന്നു. പക്ഷേ എന്റെ കുട്ടിക്കാലത്ത് എന്നെ ഏറ്റവുമധികം ഉലച്ച ഒരു പേരുണ്ട്, കാളി-ഭ്രാന്തി. കുട്ടിക്കാലത്ത് അനുസരണക്കേട് കാണിക്കുമ്പോൾ നമ്മുടെ നാട്ടിലെ അമ്മമാർ കുഞ്ഞുങ്ങളെ ഭയപ്പെടുത്താൻ ഉപയോഗിച്ചിരുന്ന പേരാണത്. അഞ്ചടി പൊക്കത്തിൽ മുടി ചുരുണ്ടു പരന്ന രൂപം, കഴുത്തിൽ കല്ലു മാല തൂക്കിയ, നഗ്നമായ മാറിടമുള്ള, മുട്ടൊപ്പം വരുന്ന കീറിയ പാവാടയുള്ള, കയ്യിൽ തുരുമ്പിച്ച കൊയ്ത്തരിവാളും ഭാണ്ഡവുമുള്ള ഒരു രൂപമാണത്.  ഞാനന്നു സ്‌കൂളിൽ പോകുന്നത് സൈക്കിൾ റിക്ഷയിലാണ്. രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ കാരണം യാത്ര നടന്നായി, പക്ഷേ അപ്പോഴുള്ള ഏറ്റവും വലിയ പേടി, ഉപദ്രവിക്കാൻ കാളി ഭ്രാന്തി വരുമോ എന്നതായിരുന്നു.

ഒരു ദിവസം സ്‌കൂൾ വിട്ടു വരുമ്പോൾ (അതൊരു ഇടവഴിയായിരുന്നു) അതാ പേടിച്ചതുപോലെ കാളി ഭ്രാന്തി അവിടെയിരിക്കുന്നു. കൊച്ചു കുട്ടികളെ കാണുമ്പോഴാണ് പുള്ളികാരിക്കു സാധാരണ ഭ്രാന്തിളകുക- ഞാൻ വരുന്നതു കണ്ട് കാളി ഭ്രാന്തി ചാടിയെഴുന്നേറ്റു. അവിടെയെങ്ങും ആരും ഇല്ല താനും. ഞാനാകെ ഭയന്നു. നാവൊക്കെ പുറത്തേക്കിട്ട്, അരിവാൾ ഉലച്ചു മുടി അഴിച്ചിട്ടു കാളി നൃത്തം ചെയ്യുന്നതു പോലെയാണ് എനിക്കു തോന്നിയത്. ഞാനപ്പോൾ അമ്മേ എന്നു നിലവിളിച്ചു. ‘അമ്മേ’ എന്ന കരച്ചിൽ കേട്ടതും കാളി ഭ്രാന്തി അട്ടഹാസമൊക്കെ നിർത്തി എന്റെ അടുത്തു വന്നു. ‘പൊന്നുമക്കള് പേടിക്കണ്ട, കാളി ഒന്നും ചെയ്യത്തില്ല’. എന്നു പറഞ്ഞു. എനിക്കു ഭയം കൂടിയതേയുള്ളൂ. ഞാൻ കരച്ചിൽ നിർത്തിയതുമില്ല, പിന്നെ ഒറ്റ ഓട്ടമായിരുന്നു. രണ്ടു മൂന്നു ദിവസം പിന്നെ പനിയായിരുന്നു. പക്ഷേ പിന്നെ ഞാനാലോചിച്ചു, എന്തുകൊണ്ടാവും അമ്മേ എന്നു വിളിച്ചപ്പോൾ ആ രൗദ്രരൂപം മാറി ശാന്തമായത്! ഉത്തരം കിട്ടിയതേയില്ല. പിന്നീട് ഞാൻ അന്വേഷിച്ചപ്പോഴേക്കും കാളി ഭ്രാന്തി മുല്ലക്കൽ തെരുവിൽ കിടന്ന് മരിച്ചിരുന്നു. പക്ഷേ അവരെക്കുറിച്ച് കൂടുതൽ അറിയുന്നത് ആ പുസ്തകത്തിലൂടെയാണ്. 

പുന്നപ്ര സമരത്തിന്റെ തുടക്കത്തിൽ കാളി-ഭ്രാന്തി(അന്നത്തെ കാളി അരയത്തി) യുടെ മക്കളായ കൃഷ്ണനും ഗോപാലനും ഉണ്ടായിരുന്നു. പൊലീസിന്റെ ആക്രമണത്തിൽ അവർ മരിച്ചു. അതറിഞ്ഞതോടെ കാളി ഭ്രാന്തിയായി. അതുകൊണ്ടാണ് ആ അമ്മേ എന്ന വിളി അവരെ ബാധിച്ചത്. ആ സംഭവം എന്റെ മനസ്സിലുണ്ടാക്കിയ സ്ഫോടനമാണ് ഉഷ്ണരാശി എന്ന നോവൽ.

കമ്യൂണിസം എന്ന ആശയം പോലും ചിതറിപ്പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ ഉഷ്ണരാശിയുടെ പ്രസക്‌തി

എന്റെ നാട്ടിലെ അധഃസ്ഥിതരുടെ വിയർപ്പിന്റെ കഥയാണത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെ അവർക്കുണ്ടായ ഉയിർപ്പിന്റെ കഥ. നാട്ടിൽ ഏറ്റവും വലിയ മാറ്റം കൊണ്ടുവന്ന ഒരു സമരമാണത്. ആയുധങ്ങളുമേന്തി ജനങ്ങൾ അധികാരവർഗ്ഗത്തിനെതിരെ ഇറങ്ങുക എന്നതാണത്. ശരിയായി ഈ സമരത്തെ ഇപ്പോഴും ആരും മനസ്സിലാക്കിയിട്ടില്ല. എത്ര പേർ അതിൽ മരിച്ചു എന്നതിന് കൃത്യമായ കണക്കില്ല. പലരും പറയുന്നത് പലതാണ്. എന്തായാലും അഞ്ഞൂറിനടുത്ത് ആളുകൾ ഇതിൽ മരിച്ചിട്ടുണ്ടാവും എന്നു തോന്നുന്നു. ആ കാലത്തിന്റെ കഥയാണ് ഉഷ്ണരാശി. നമ്മുടെ നാടിന്റെ ഗതിയെത്തന്നെ സ്വാധീനിച്ച ഒരു സമരമാണത് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതുണ്ടായിരുന്നില്ല എങ്കിൽ ആ പ്രദേശം അമേരിക്കൻ മോഡൽ ഭരണ പരിഷ്‌കാരങ്ങൾ കൊണ്ട് വരപ്പെടുമായിരുന്നു. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. തിരുവിതാംകൂറിനെ ഒറ്റപ്പെട്ട ഒരു രാജ്യമാക്കി മാറ്റുവാനുള്ള സർ സിപിയുടെ താൽപര്യത്തെയാണ് ജനങ്ങൾ ഒന്നിച്ചു നിന്ന് പ്രതിരോധിച്ചത്. ഈ സമരം കേരളത്തിൽ കമ്യൂണിസ്റ്റ് ഉയിർപ്പിനു തന്നെ വഴി തെളിച്ചു.

ushnarashi

കമ്യൂണിസം എന്ന ആശയം ചിതറിക്കോണ്ടിരിക്കുന്നു എന്നത് ശരിയാണ്, പക്ഷേ ലോകത്തിൽ പലയിടത്തും കമ്യൂണിസം യഥാർഥ ആശയത്തിൽ നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ പുന്നപ്ര സമരം നടന്ന സമയത്തു തന്നെയാണ് തെലങ്കാന മുന്നേറ്റവും ബംഗാളിൽ സമരവും നടന്നത്. അതൊക്കെ രാജ്യത്ത് കമ്യൂണിസത്തിന്റെ വിത്ത് മുളയ്ക്കുന്നതിനു കാരണമായി. അതുകൊണ്ടുതന്നെ അതിനെ ഒരിക്കലും തള്ളിക്കളയാനാവില്ല. അന്നത്തെ നിയമങ്ങളാണ് ഇന്നുമുണ്ടായിരുന്നതെങ്കിൽ (ഭൂപരിഷ്കരണ നിയമം) ഇന്നും നമ്മൾ അനുഭവിച്ചേനേ. പക്ഷേ അത്തരം നിയമങ്ങൾ വലിയൊരു നവോത്ഥാനമാണ് നമുക്ക് കൊണ്ടുവന്നത്. അന്നത്തെ കേരളത്തിന്റെ സാഹചര്യത്തിൽ ഒന്നിച്ചു നിന്ന മനുഷ്യരിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി നട്ട ആശയങ്ങളും സ്വപ്നങ്ങളും പുതിയൊരു ഉണർവ്വായിരുന്നു. അതുകൊണ്ടുതന്നെ ആശയങ്ങളും പ്രതീക്ഷകളും ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

കമ്യൂണിസത്തിന്റെ നീതിശാസ്ത്രങ്ങളിങ്ങനെ മാറിക്കൊണ്ടിരിക്കും. നക്സലിസത്തിന് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാമല്ലോ. ചെ ഗവാരയുടെ ആശയം ഗറില്ലാ യുദ്ധമായിരുന്നു, അതായത് സായുധ വിപ്ലവം. ലോകത്തുള്ള എല്ലാവർക്കും സുഭിക്ഷമായി, നന്നായി ജീവിക്കാനാവുക എന്നതാണ് കമ്യൂണിസത്തിന്റെ യഥാർഥ ആശയം. ഇതെല്ലാം ഒരു പരീക്ഷണം കൂടിയാണ്. ഇന്നത്തെ ചിതറിപ്പോകലുകൾ വരുംകാലത്തു വീണ്ടും ഒന്നുചേർന്ന് ആർജ്ജവത്തോടെ പെരുമാറിക്കൂടാ എന്നില്ല. 

രാഷ്ട്രീയത്തിന്റെ പരുക്കൻ പശ്ചാത്തലത്തിൽ നിന്നാണ് താന്ത്രിക രതിയുടെ ഉന്മാദഭരിതമായ പ്രണയത്തിന്റെ മൂന്നാംകണ്ണി’ലേക്കു വന്നത്. എഴുത്തിന്റെ ഇത്തരം ഡിസോർഡർ രീതികളെ കുറിച്ച്

ഉഷ്ണരാശി എഴുത്തും മുൻപ് എഴുതിയ നോവലാണ് പ്രണയത്തിന്റെ മൂന്നാം കണ്ണ്. ഓഷോയുടെ, തന്ത്രയെ കുറിച്ചുള്ള ഒരു പുസ്തകം വായിക്കാനിടയായതോടെയാണ് ഈ പുസ്തകത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഒരുപാടു സങ്കീർണതകൾ നേരിടേണ്ടി വന്നു. ബുദ്ധ തന്ത്ര പൊതുവേ നമുക്കു പരിചയമില്ലാത്ത ഒരിടമാണ്, അതിനെക്കുറിച്ച് മലയാളത്തിൽ കൃതികളൊന്നുമുണ്ടായിരുന്നില്ല, ഇംഗ്ലിഷിലും അത്രയധികമൊന്നുമില്ല. കാലങ്ങൾക്കു മുൻപുതന്നെ നമ്മളിൽനിന്നു വേരറ്റു പോയ ഒരു തന്ത്ര ശാഖയാണിത്, അതുകൊണ്ടുതന്നെ എനിക്ക് അതേക്കുറിച്ച് അന്വേഷിക്കാൻ ഒരുപാടു യാത്ര നടത്തേണ്ടി വന്നു. പക്ഷേ ഉള്ളിൽ പ്രണയമിങ്ങനെ വളർന്നു കൊണ്ടേയിരുന്നു. അതിൽ രണ്ടു കഥാപാത്രങ്ങളാണ്, രാഹുലൻ എന്ന അന്വേഷിയും അയാൾ ഗുരുവായി തിരിച്ചറിയുന്ന, അമ്പുണ്ടാക്കുന്ന യോഗിനിയും. അവരെ കൂടാതെ നിരവധി കഥാപാത്രങ്ങൾ അതിലുണ്ട്. അവരെല്ലാം എന്റെയുള്ളിൽ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും വലിയ ഒരു കാൻവാസിലേക്ക് പകർത്തിയെഴുതാൻ ഒരുപാടൊന്നും കയ്യിലുണ്ടായിരുന്നില്ല. ബുദ്ധതന്ത്രയെ കുറിച്ച് ഒരുപാട് അന്വേഷിക്കേണ്ടി വന്നു. 

ബുദ്ധ സമൂഹത്തിൽ നിലനിന്നിരുന്ന ഒരുപാട് അസ്വസ്ഥതകളുടെ പരിഹാരമായിരുന്നു ബുദ്ധതന്ത്ര. മധ്യമാർഗ്ഗത്തിലൂടെയുള്ള നിഷ്ഠയാണ് ബുദ്ധിസം ഉപദേശിക്കുന്നത് എങ്കിലും ഒരുപാട് വിലക്കുകളുണ്ടായിരുന്നു. ലൗകിക ജീവിതത്തെ പാടേ നിരാകരിച്ചുകൊണ്ട് ജീവിക്കേണ്ട അവസ്ഥ ബുദ്ധസന്ന്യാസിമാരുടെ കൂട്ടത്തിലുണ്ടായി. അതിനെതിരെ എതിർപ്പുകളുണ്ടായി, (ഇതെല്ലാം ബുദ്ധന്റെ മരണ ശേഷമാണ്). ഈ ആലോചനകളിലൂടെയാണ് താന്ത്രിക ബുദ്ധിസം വളർന്നു വരുന്നത്. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി എനിക്ക് ഇന്ത്യയിൽ പലയിടങ്ങളിലേക്കും സഞ്ചരിക്കേണ്ടി വന്നു. സത്യം പറഞ്ഞാൽ, എന്തു കാര്യത്തിനായി യാത്ര പോയാലും എന്റെ പ്രധാന അന്വേഷണ വിഷയം ഇതായി മാറി. ഇപ്പോഴും അതേക്കുറിച്ചാണ് എന്റെ അന്വേഷണം 

രതിയുടെ ഏറ്റവും വ്യത്യസ്തമായ വഴിയാണ് താന്ത്രിക സെക്സിലൂടെ ഉളവാക്കപ്പെടുന്നത് എന്ന താങ്കളുടെ പ്രണയത്തിന്റെ മൂന്നാം കണ്ണും ദേവരതിയും പറയുന്നു. പൊതു മലയാളികളുടെ സ്വഭാവവുമായി ഒത്തു നോക്കുമ്പോൾ എങ്ങനെയാണ് ഈ ചിന്തയിലേക്ക് എത്തുന്നത്?

എല്ലാത്തിനോടും പ്രണയം പ്രഖ്യാപിച്ചു കഴിഞ്ഞാൽ നമ്മുടെ മനസ്സ് ഒരുതരം ധ്യാനാവസ്ഥയിലാകും. അതിനു ശേഷം ഏതു കർമങ്ങളിൽ ഏർപ്പെട്ടാലും അതു നൽകുന്നത് പ്രത്യേക തരം ആനന്ദമായിരിക്കും. ഏതു ജോലിയിലും ധ്യാനത്തോടെ ഏർപ്പെടുന്നവർക്ക് നിർവാണം ലഭിക്കും എന്നാണു താന്ത്രിക ബുദ്ധിസം പറയുന്നത്. അത് എഴുത്തോ യാത്രയോ എന്തുമാകട്ടെ അതിൽ ആസക്തിയുണ്ടാവില്ല, അവിടെ ഒരു ക്രിയേറ്റിവ് ഇൻവോൾവ്മെന്റ് ആണ്. ഇപ്പോൾ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ സൗമ്യയും നിർഭയയും ഒക്കെ ഉണ്ടാകുന്നു? രതിയോടുള്ള ധ്യാനാവസ്ഥ ഇല്ലാതായതിന്റെ അടയാളമാണത് . ഉടൽ ആസക്തി കാണിക്കാനുള്ള ഉപകരണമല്ല. പ്രപഞ്ചത്തിന്റെ നിർമിതിക്കു വേണ്ടി പ്രണയത്തിന്റെ ഉപകരണമായി മാറേണ്ട ഒന്നാണത്, ആ പ്രണയം ധ്യാനമാണ്.  

ഒരു ഇംഗ്ലിഷ് വാരികയിൽ ഒരു സർവേ ഫലം വരികയുണ്ടായി. മുപ്പത്തിയഞ്ചിനും നാല്പത്തിയഞ്ചിനും ഇടയിലുള്ളവരോട് ചോദിച്ച ചോദ്യം നിങ്ങളുടെ പ്രണയ ജീവിതം എത്രത്തോളം ആസ്വാദ്യകരമാണ് എന്നതായിരുന്നു. കല്യാണം കഴിഞ്ഞു പത്തു വർഷം കഴിഞ്ഞവരായിരുന്നു സർവേയിൽ പങ്കെടുത്തവർ. പലർക്കും ജീവിതത്തിൽ മടുപ്പ് വന്നു തുടങ്ങുന്ന സമയം. ആ സർവേയിൽ അവർ കണ്ടെത്തിയത് പതിമൂന്നു മിനിറ്റ് മാത്രമാണ് മനുഷ്യരുടെ പ്രണയജീവിതത്തിന്റെ ശരാശരി ദൈർഘ്യം എന്നായിരുന്നു. അതായത് ദൈനംദിന കർമങ്ങളിൽ പെട്ട ഒരു കാര്യം പോലെ അപ്രസക്തമായി, ശീലമായി രതിയും മാറിയിരിക്കുന്നു. എന്താണ് രതിയും പ്രണയവും എന്നറിയാതെയുള്ള മനുഷ്യന്റെ ജീവിതമാണ് ഇത് കാണിക്കുന്നത്. ഇതിനെയൊക്കെ ധ്യാനനിരതമായി കാണുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ യാന്ത്രിക ജീവിതം ആസക്തിയിൽ മാത്രം ഊന്നിയുള്ളതാണ്. അവിടെ ക്രിയേറ്റിവിറ്റി ഇല്ല.

പുസ്തകം പുറത്തിറങ്ങിയ സമയത്ത് എന്നോടുണ്ടായ ഒരു ചോദ്യം വിവാഹേതര ബന്ധത്തെക്കുറിച്ചായിരുന്നു. വിവാഹ ജീവിതത്തിൽ കിട്ടുന്നതിനപ്പുറമുള്ള ധ്യാനാത്മകമായ ഒരു പ്രണയം വിവാഹേതര ബന്ധത്തിൽ ലഭിച്ചാൽ എന്തിന് അതിനെ നിരാകരിക്കണം? ധ്യാനമാണ് പ്രശ്നം, സന്തോഷവും സായൂജ്യവുമാണ് വിഷയം. പ്രണയമാണ് നമ്മളെ ബന്ധിപ്പിക്കുന്നത്, അത് പോസിറ്റീവ് എനർജി ഉണ്ടാക്കുകയേ ഉള്ളൂ. പക്ഷേ അത് ഉപാധികളോടെ ആവരുത് എന്നേയുള്ളൂ. ഇന്ന് രതിയെ വളരെ വികലമായി കാണുന്ന രീതിയുണ്ട്. പഴയ ദേവദാസി സമ്പ്രദായത്തിൽ പോലും ധ്യാനാത്മകതയിലേക്ക് ഉയരുന്നുണ്ട്, പഴയ ദേവദാസികൾ പലരും താന്ത്രിക രതിയിൽ പ്രാവീണ്യം ഉള്ളവരായിരുന്നു. ആ തലത്തിൽ അവരത് കൊണ്ടുപോയിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി യാന്ത്രികതയും കച്ചവടവുമായി.

താന്ത്രിക രതി 

ഭൂട്ടാൻ, കൊറിയ, കാമാഖ്യ, താരാപീഠ, ലങ്ക, ഋഷികേശ് എന്നീ സ്ഥലങ്ങളിലൂടെ താന്ത്രിക അറിവുകൾക്കായി ഞാൻ യാത്ര നടത്തി. പലരെയും പരിചയപ്പെട്ടു, അതാണ് ദേവരതി എന്ന യാത്രാപുസ്തകമായത്. എന്റെ 'പ്രണയത്തിന്റെ മൂന്നാം കണ്ണ് 'ബുദ്ധ തന്ത്ര വിഷയമാക്കി എഴുതിയ നോവലാണ്. ഓഷോ എന്റെ പ്രിയപ്പെട്ട ഫിലോസഫർ ആണ്. ഓഷോ യുടെ ‘ദ് തന്ത്ര എക്സ്പീരിയൻസ്’ വായിച്ചപ്പോഴാണ് ഈ നോവൽ എഴുതാനുള്ള സ്പാർക്ക് ഉണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓഷോയുടെ അടിസ്ഥാനം താന്ത്രിക് ബുദ്ധിസമാണെന്ന് തിരിച്ചറിഞ്ഞത്. നോവൽ എഴുത്തിന്റെ ഭാഗമായി എന്റെ യാത്രകളെ വഴി തിരിച്ചു വിട്ടു. എവിടെപ്പോയാലും 'തന്ത്ര' എന്റെ അന്വേഷണ വിഷയമായി. ഋഷികേശിലെ യോഗിനിയുമായുള്ള കൂടിക്കാഴ്ച പോലെ ചില ആകസ്മികതകളും സംഭവിച്ചു. ബുദ്ധ തന്ത്രയിൽ ഏറെയും യോഗിനിമാരായിരുന്നു. ബുദ്ധൻ അഞ്ച് ധ്യാന ബുദ്ധന്മാരായി വിഘടിച്ച് അഞ്ച് ശക്തിമാരുമായി സംയോജിച്ച് പ്രണയത്തിന്റെ പഥങ്ങളിലൂടെ സഞ്ചരിച്ചതായി താന്ത്രിക് ബുദ്ധിസം പറയുന്നു. അതാണ് ‘താന്ത്രിക് ജേർണി’.

ധർമ ചക്രത്തിന്റെ മൂന്നാമത്തെ കറക്കത്തിലാണ് താന്ത്രിക ബുദ്ധിസം അഥവാ വജ്രയാനിസം ഉണ്ടായത്. ഒന്നാമത് ഹീനയാനിസം, രണ്ടാമത്തെ കറക്കത്തിൽ മഹായാനിസം, മൂന്നാമത് വജ്രയാനിസം (താന്ത്രിക് ബുദ്ധിസം). മൈഥുനത്തെ ‘താന്ത്രിക് യാത്ര’ ആയാണ് ബുദ്ധ തന്ത്ര കരുതുന്നത്. അരമണിക്കൂറിലോ മുക്കാൽ മണിക്കൂറിലോ ഒതുങ്ങുന്ന ഒരു യാന്ത്രിക പ്രക്രിയയായല്ല, മറിച്ച്‌ അനുഭൂതിയുടെ പുതിയ പുതിയ തലങ്ങളിലേക്കു നീളുന്ന സുദീർഘമായ യാത്രയായാണ്.  ആചാര്യ  സ്ഥാനത്ത്.പ്രണയത്തെയും രതിയെയും ധ്യാനാത്മകമായി കരുതിയിരുന്ന /അനുഷ്ഠിച്ചിരുന്ന  ഒരു കാലഘട്ടത്തിന്റെ ദർശനമാണ് താന്ത്രിക് ബുദ്ധിസം. ഇന്ന് പ്രണയത്തിലും രതിയിലും നഷ്ടമായിരിക്കുന്നതും അതാണ്. 

ഈ പശ്ചാത്തലത്തിൽ പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചും ബുദ്ധതന്ത്ര പകർന്നു തന്ന അവബോധം പ്രചരിപ്പിക്കുക എന്ന ആശയത്തിലാണ് ഞാൻ ആ നോവൽ എഴുതിയത്. രതി യാന്ത്രികമായ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ബുദ്ധതന്ത്ര 'എക്സ്റ്റസി ത്രൂ ലവ് 'എന്ന് അനുശാസിക്കുന്നതിൽ ഒരു തലം രതിയും കൂടിയാണ് .രതിയിൽ ഉടലുകൾ പ്രാർഥനയിലെന്ന പോലെ കൈകൂപ്പുകയാണ് വേണ്ടത്. താന്ത്രിക് യോഗ മൈഥുനത്തെ 'പഞ്ച‘മ’കാരത്തിൽ അഞ്ചാമതായി അടയാളപ്പെടുത്തുന്നതും അതുകൊണ്ടാണ്. മൈഥുനം ധ്യാനനിരതമായ ഉടലുകൾ തമ്മിലുള്ള സംയോഗത്തിലൂടെ, അനേക മുദ്രകളിലൂടെ അനുഷ്ഠിച്ച് നിർവാണ പഥങ്ങളിൽ എത്തിയിരുന്നവരാണ് യോഗിനിമാർ.  രതിയെ ധ്യാനതലത്തിൽ കണ്ടിരുന്ന ആ സംസ്കാരം ഇല്ലാതായതോടെയാണ് 'സൗമ്യമാരും നിർഭയമാരും 'പുരുഷന്റെ കാമാസക്തിയുടെ ഇരകളായത്. 

എന്നെ ബുദ്ധ തന്ത്ര ആകർഷിക്കാനുള്ള ഒരു പ്രധാന കാരണം അത് സ്ത്രീകൾക്കു പ്രാധാന്യം കൊടുക്കുന്ന മാർഗ്ഗമാണ് എന്നതുമാണ്. 'സ്ത്രീകളായിരുന്നു ഇതിൽ ആചാര്യ സ്ഥാനത്ത്. സ്ത്രീയാണു സ്വർഗം എന്നാണു പറയുന്നത്, സ്ത്രീയാണു സത്യം എന്നും പറയുന്നുണ്ട്, അതുപോലെ സ്ത്രീയാണ് ബുദ്ധനും. ഇന്നത്തെ പുരുഷ സമൂഹം ഏറ്റവുമധികം  പഠിക്കേണ്ട ഒരു പദമാണ് ബുദ്ധ തന്ത്ര എന്നെനിക്ക് തോന്നുന്നു. നമ്മുടെ സിലബസിലൊക്കെ അത് ഉൾപ്പെടുത്തേണ്ടതാണ്. സ്ത്രീയെ ബഹുമാനിക്കുന്ന ഒരു സമൂഹത്തെ അതിലൂടെ നമുക്ക് വാർത്തെടുക്കാനാകും. 

എന്തുകൊണ്ട് അത്തരം ഒരു വിഷയത്തിൽ ഒരു നോവലിനൊപ്പം യാത്രക്കുറിപ്പും?

പ്രണയത്തിന്റെ മൂന്നാം കണ്ണിന്റെ എഴുത്തിനു മുൻപും ശേഷവും താന്ത്രിക ബുദ്ധിസത്തെ കുറിച്ചറിയാൻ ഒരുപാടു യാത്ര ചെയ്തു. അതിന്റെ അനുഭവങ്ങളാണ് ദേവരതി എന്ന പുസ്തകം. ബുദ്ധതന്ത്രയുടെ പ്രധാന കേന്ദ്രങ്ങളായ നോർത്ത് ഈസ്റ്റിൽ പോയി. പിന്നീട് ബ്രാഹ്മണിസം വന്നപ്പോഴാണ് അത് അവരുടെ ശാക്തേയ കേന്ദ്രങ്ങളായി മാറ്റിയെടുത്തത്. അതിനു മുൻപ് അവിടം താന്ത്രിക ബുദ്ധിസം ഉണ്ടായിരുന്ന സ്ഥലമാണ്. ഇപ്പോൾ ബംഗാളിൽ, താരാ പീഠം ഒരിക്കലും ഹിന്ദു ദേവതയല്ല. ദേവി ഒരു ബുദ്ധിസ്റ്റ് ആണ്. പക്ഷേ പിന്നീട് അത് ശാക്തേയ ആരാധനാ കേന്ദ്രമായി മാറി. ഇന്ത്യയ്ക്കു പുറത്ത് ശ്രീലങ്കയിലാണ് പ്രധാനമായും ബുദ്ധിസ്റ്റ് കേന്ദ്രങ്ങൾ. ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലും അതുണ്ട്. അതൊക്കെ വല്ലാത്ത അനുഭവം തന്നെയായിരുന്നു. വിചിത്രമെന്നു പറയാവുന്ന അനുഭവങ്ങള്‍. അതൊക്കെയാണ് ദേവരതി എന്ന പുസ്തകം. 

പുതിയ എഴുത്തിനെക്കുറിച്ച് പറയാമോ? 

ഇപ്പോൾ ഒരു ഹൊറർ ഫിക്‌ഷൻ എഴുതിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ എഴുതിയതിൽ നിന്നു വളരെ വ്യത്യസ്തമായ പ്രമേയം. മാഴൂർ തമ്പാൻ -രണ്ടാം വരവ് എന്നാണു പേര് കൊടുത്തിരിക്കുന്നത്. പതിമൂന്നു വർഷം മുൻപ് ഒരു വൈറൽ അസുഖം വന്ന് എന്റെ ചേട്ടൻ പെട്ടെന്ന് മരിച്ചു, അന്ന് അദ്ദേഹം റിട്ടയർ ചെയ്യാൻ സമയം ബാക്കിയുണ്ടായിരുന്നിട്ടും അവർ ആ സമയത്ത് കുറെ പേരെ ഒഴിവാക്കിയ കൂട്ടത്തിൽ അദ്ദേഹത്തെയും നിർബന്ധപൂർവ്വം പിരിച്ചു വിട്ടു. അതിൽ അദ്ദേഹം ശരിക്കും ചിതറിപ്പോയിരുന്നു.

പണ്ട് അദ്ദേഹം കഥയൊക്കെ എഴുതി ഞാൻ കണ്ടിട്ടുണ്ട്, അതോർത്ത് ഞാൻ പറഞ്ഞു എഴുതിക്കൂടെ എന്ന്. അദ്ദേഹം ഒരിക്കൽ യുക്തിവാദിയായിരുന്നു, പക്ഷെ ഒരു നാൽപ്പത് വയസൊക്കെ ആയപ്പോഴേക്കും ആൾ ഈശ്വര വിശ്വാസി ആയിത്തുടങ്ങി. അത് ഒരു അദ്‌ഭുതം തന്നെയായിരുന്നു ഞങ്ങൾക്കൊക്കെ. അദ്ദേഹത്തിന് പണ്ടേ ത്രില്ലറുകളോടാണ് താൽപര്യം. അതുകൊണ്ട് അങ്ങനെ എന്തെങ്കിലും ചെയ്യാൻ ആ സമയത്ത് ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത് . അതിനു ശേഷം ഞങ്ങൾ രണ്ടു പേരും അതിനു പുറകെ കുറെ നടന്നു. ഞങ്ങളുടെ നാട്ടിൽ ഒരു മിത്തുണ്ട്, മാലൂർ തണ്ടാൻ. മേല്ജാതിക്കാരായ നായന്മാർ ചതിയിൽ പെടുത്തിയ ഒരു നാടുവാഴി ആയിരുന്നു തണ്ടാൻ . കുടുംബമായി നോക്കിയാൽ ഞങ്ങളുടെ തറവാടുമായി ബന്ധമുണ്ടായിരുന്ന ഒരാൾ. അദ്ദേഹത്തിന് നൂറ്റിയെട്ട് മൂർത്തിയുടെ സഹായവുമുണ്ടായിരുന്നു. അതായിരുന്നു ഞങ്ങളുടെ ആശയം. ആ സമയത്താണ് സുനാമി വന്നത്. അതും ഒന്നിച്ച്‌ വന്നപ്പോൾ മാഴൂർ തമ്പാനെയും (മാലൂർ തണ്ടാൻ) അദ്ദേഹത്തിന്റെ മൂർത്തികളെയും ഒരു പെട്ടിയിലടച്ച് കടലിൽ ഉപേക്ഷിക്കുന്ന കഥ ഞങ്ങളുണ്ടാക്കി. സുനാമി വരുമ്പോൾ കടൽ അകന്നു മാറി പെട്ടി പുറത്തു വരുന്നതാണ് കഥ. 

ആ കഥ കിട്ടിയ ശേഷം ചേട്ടൻ നല്ല എഴുത്തിലായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഇരുന്നെഴുതും. അദ്ദേഹത്തിന് നിരന്തരം പുകവലിയുണ്ടായിരുന്നു, പിന്നീട് അതു പ്രശ്നമായി, പനി വന്നപ്പോൾ ശ്വാസകോശത്തിലും പ്രശ്നമായി. അവസാനം അദ്ദേഹം ഞങ്ങളെ വിട്ടു പോയി. പക്ഷേ ആ നോവലിന്റെ കാര്യത്തിൽ ചേട്ടന് വലിയ ആത്മവിശ്വാസമായിരുന്നു. അദ്ദേഹം പോയ ശേഷം അടുത്ത പതിമൂന്നു വർഷം കൊണ്ട് ഞാനത് എഴുതിത്തുടങ്ങി. ഇപ്പോൾ അവസാന ഘട്ടത്തിലാണ്. അന്നത്തെ എഴുത്തിൽ നിന്നു കുറച്ചൊക്കെ മാറ്റം വരുത്തി. സമകാലികമായിട്ടാണ് എനിക്കതു മാറ്റേണ്ടിയിരുന്നത്. അതനുസരിച്ച് ഞാനത് പുതുക്കിയെഴുതി. 

താങ്കൾ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാവുന്നത് കൂടുതലും മിത്തുകളെ അടിസ്ഥാനപ്പെടുത്തി യാത്ര ചെയ്യുന്നു (അത് ശരീരം കൊണ്ടും ഭാവന കൊണ്ടുമാകാം) എന്നതാണ്. എങ്ങനെയാണ് ഇത്തരം മിത്തിക്കൽ വിഷയങ്ങളിൽ ആകാംക്ഷയുണ്ടാകുന്നത്?

ഒരു ദേശത്തനിമയുടെ ഭാഗമാണ് മിത്ത്. ചരിത്രമല്ലാത്ത ഐതിഹ്യങ്ങളാണത്. തകഴിയുടെ ചെമ്മീൻ സിനിമയിലെ കടലമ്മ ഒരു മിത്താണ്, അതുപോലെ ഖസാക്കിന്റെ ഇതിഹാസത്തിലെ ഷെയ്ഖ് തങ്ങൾ ഒരു മിത്താണ്. അതുപോലെ മിത്തിന്റെ പരിവേഷം നമ്മുടെ തനിമയുടെ ഭാഗമായി വരാറുണ്ട്. ദേശവുമായി ബന്ധപ്പെട്ട എന്റെ കൃതികളിലും അത്തരം മിത്തുകൾ വരാറുണ്ട്. പുതിയ നോവലിലും മാഴൂർ തമ്പാൻ എന്ന കഥാപാത്രം ഒരു മിത്താണ്. എന്നുവച്ച് എല്ലാത്തിലും ആ മിത്തിനെ വളർത്താനാവില്ല. ചില ഭാഗങ്ങളിൽ മിത്തിന്റെ സാന്നിധ്യം ഉണ്ട് എന്നേയുള്ളൂ. 

എഴുത്തിന്റെ വഴികളിൽ അത്യാവശ്യമായി വേണ്ടത് എന്തൊക്കെയാണ്, എഴുതാനിരിക്കുമ്പോൾ?

കണ്ണും കാതും മനസ്സുമൊക്കെ എപ്പോഴും തുറന്നിരിക്കുകയാണ് വേണ്ടത്. കഥയുടെ ലോകം നമ്മൾ സൃഷ്ടിക്കുന്നത് ഇവകളിലൂടെയാണ്. ഒരാൾ എഴുതിത്തുടങ്ങുന്നത് അയാളുടെ ജാലകത്തിലൂടെ തുറിച്ചു നോക്കാൻ ആരംഭിക്കുമ്പോഴാണ് എന്നു കേട്ടിട്ടുണ്ട് . അതു ശരിയാണ്, നമ്മൾ കാണുന്ന കാഴ്ചകളും എഴുതാനല്ലാത്തവർ കാണുന്ന കാഴ്ചകളും തമ്മിൽ വ്യത്യാസമുണ്ട്. നമ്മൾ കാണുന്ന കാഴ്ചകൾ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് അവിടെക്കിടന്ന് ഒരുപാട് പ്രോസസിലൂടെ രചനയായി പുറത്തേക്കു വരും. പക്ഷേ ഒരു സാധാരണക്കാരന് അത് വൈകാരികമായി പ്രകടിപ്പിക്കാനുള്ള ഒരു അനുഭവമായി അവശേഷിക്കും, ആ പ്രകടനം കഴിയുന്നതോടെ അത് അവസാനിക്കും. പക്ഷേ എഴുത്തുകാരൻ അതിനെ ഉള്ളിലേക്കാവാഹിച്ച് ആകുലപ്പെട്ട് രചനകളായി തീരും. ഒരു എഴുത്തുകാരന്റെ കരുക്കൾ കണ്ണും കാതും മനസ്സുമെല്ലാമാണ്. എഴുത്തിന്റെ ഒരു ഘട്ടത്തിൽ മനസ്സ് ഏകാഗ്രമാകുമ്പോൾ അദ്ദേഹത്തിന്റെ തലച്ചോർ ഒരു ആന്റിനയായി  പ്രവർത്തിക്കുന്നുണ്ടോ എന്നു തോന്നാറുണ്ട്. അന്തരീക്ഷത്തിലെ കഥാബീജത്തിലെ ആശയങ്ങളെ ഈ ആന്റിന പിടിച്ചെടുത്ത് തലച്ചോറിലേക്ക് നൽകാറുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ലാപ്ടോപ്പിലാണ് എഴുതുക. എഴുതിക്കൊണ്ടിരിക്കുമ്പോൾ നമ്മുടെ തലച്ചോറിലേക്ക് പല ഇമേജറികളും വാക്കുകളും എല്ലാം ഇങ്ങനെ മനസ്സിലേക്കും വിരലിലേക്കും ഒഴുകിയെത്തുകയാണ്. ഒരുപക്ഷേ നമ്മൾ അതിനു വേണ്ടിയിരിക്കുമ്പോൾ അന്തരീക്ഷം നമ്മുടെ ഉള്ളിലെ ബോധവുമായി പ്രവർത്തിച്ച് അങ്ങനെ എന്തെങ്കിലും കൈമാറുന്നുണ്ടാകാം . കാന്തം പോലെ, എന്തോ വലിച്ചെടുത്ത് തരും പോലെ. 

ഉഷ്ണരാശി ഞാൻ എഴുതിക്കൊണ്ടിരിക്കുമ്പോൾ ചേർത്തലയിൽനിന്ന് ഒരിക്കൽ കവി രാജീവ് ആലുങ്കൽ എന്നെ വിളിക്കുന്നു, ഉഷ്ണരാശിയിലെ ഒരു കഥാപാത്രമുണ്ട്, പട്ടാളം മൂന്നു ഭാഗത്തു നിന്നും വെടി വച്ച് കൊന്നു വീഴ്‌ത്തുന്ന ഒരു കഥാപാത്രമാണത്. അയാൾക്ക് ഒരു സുഹൃത്തുണ്ട്. അയാൾക്ക് പ്രഭാകരൻ എന്ന പേര് എന്റെ വിരൽതുമ്പിൽനിന്ന് ആ സമയത്ത് ഊർന്നു വീഴുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് താൽപര്യമുള്ള കഥാപാത്രമാണത്. അവൻ ഈ സുഹൃത്തിനെ പ്രഭാകരേട്ടൻ എന്നാണ് വിളിക്കുന്നത്. അപ്പോൾ രാജീവ് ആലുങ്കൽ എന്നെ വിളിച്ച് നമ്മുടെ കഥാപാത്രത്തിന്റെ സഹോദരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തെ പോയി കാണാം എന്നു പറയുന്നു. രാഘവൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. അങ്ങനെ ഞങ്ങൾ രാഘവേട്ടനെ പോയി കാണുന്നു. അദ്ദേഹത്തിന്റെ പ്രത്യേകത, ഇവർക്കൊക്കെ ഒപ്പം സമരത്തിനു പോയ ആളാണ്. പട്ടാളത്തിൽനിന്നു രക്ഷപ്പെട്ട ആൾ. അവരിൽ ജീവിച്ചിരിക്കുന്ന ആളും രാഘവേട്ടൻ മാത്രമാണ്. ഞാൻ അദ്ദേഹത്തോട് അനുജന്റെ കാര്യങ്ങളൊക്കെ ചോദിച്ചു. പറഞ്ഞു വന്നപ്പോൾ നമ്മുടെ നായകന് ആറേഴ് വയസ്സ് മൂപ്പുള്ള ഒരു സുഹൃത്തുണ്ട്. അയാളുടെ പേരും പ്രഭാകരൻ എന്നാണ്. ജോലിയും അതു തന്നെ, സഖാവുമാണ്. എനിക്ക് അതിശയം തോന്നി. നമ്മൾ എഴുതുമ്പോൾ, ധ്യാനത്തിലാവുമ്പോൾ ഇത്തരം സത്യങ്ങൾ പ്രപഞ്ചം നമുക്കു നൽകുന്നതാവും. 

സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ ജോലിത്തിരക്കിനിടയിലും എങ്ങനെയാണ് എഴുത്തിൽ ശ്രദ്ധ കൊടുക്കാനാകുന്നത്?

ഇപ്പോഴും എഴുതുന്ന ഒരാളായിരിക്കുന്നതാണ് എനിക്കിഷ്ടം. പക്ഷേ ജീവനോപാധി എന്ന നിലയിലാണ് ഞാൻ സിവിൽ സർവീസ് തിരഞ്ഞെടുത്തത്. അതിനു മുൻപ് ഞാൻ പത്രപ്രവർത്തകനായിരുന്നു. എഴുത്തു തന്നെയാണ് സ്ഥായിയായ ഭാവം, എന്റെ ജീവിതം, പ്രാണവായു എല്ലാം. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആകും മുൻപുതന്നെ ഞാൻ എഴുതിത്തുടങ്ങുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഒരുപാടു ജോലിഭാരമുണ്ട്. വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്നപ്പോൾ രാത്രി ഒൻപത് മണിക്കൊക്കെയാണ് ഓഫിസിൽ നിന്നിറങ്ങുന്നത്. വീട്ടിൽ എത്തുമ്പോഴേക്കും പാതിരാത്രിയാവും. വല്ലാത്ത ക്ഷീണമാണ് ആ  സമയങ്ങളിൽ. പക്ഷേ എന്നിട്ടും ഒരുപാട് എഴുത്തിനു വേണ്ടി ഇരുന്നു, സമയം കണ്ടെത്തി ശ്രമിച്ചു. അല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. നമുക്കു വേണമെന്ന് തോന്നിയാൽ സമയം ലഭിക്കും. 

ജീവിതം, കുടുംബം?

ആലപ്പുഴയിലാണ് ജനിച്ചത്. അച്ഛന്റെ മരണ ശേഷം ചേർത്തലയിലേക്കു മാറി. എന്റെ വിദ്യാഭ്യാസവും ജോലിയും ഒക്കെയായി ചേർത്തലയിൽനിന്നു മാറി പലയിടങ്ങളിലായി. പാലക്കാട്, വയനാട്, കോഴിക്കോട്, കോട്ടയം ജില്ലകളിലായിരുന്നു പിന്നീട്. ജോലി സംബന്ധമായി പലയിടങ്ങളിൽ പറിച്ചു നട്ടിട്ടുള്ള ജീവിതം. ഇപ്പോൾ പത്തു വർഷമായിട്ടാണ് ഒന്ന് സെറ്റിൽ ആയെന്ന് തോന്നുന്നത്. ഇപ്പോൾ തിരുവനന്തപുരത്താണ്, ഇവിടെയൊരു വീട് വച്ചു.

ഭാര്യ രാജലക്ഷ്മി. അവർ ടി.വി. രാജശേഖരൻ എന്ന ഇന്ത്യൻ എക്സ്പ്രസിലെ പത്രപ്രവർത്തകന്റെ മകളാണ്. രണ്ടു മക്കളുണ്ട്, ലക്ഷ്മിയും ആര്യയും .ഒരാളുടെ വിവാഹം കഴിഞ്ഞു. മറ്റേയാൾ മെൽബണിൽ പഠിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA