ADVERTISEMENT

കടലിന്റെ മനസ്സറി‍ഞ്ഞ എഴുത്തുകാരനാണു ജോ ഡിക്രൂസ്. കടലോര ഗ്രാമമായ ഉവരിയിൽ നിന്നു തുടങ്ങുന്നു ജോ ഡിക്രൂസും കടലും തമ്മിലുള്ള ബന്ധം. ഇദയങ്കുടിയും ഉവരിയും കോർക്കൈയും എല്ലാം ചേർന്നാണു ജോ ഡിക്രൂസിലെ എഴുത്തുകാരനെ വാർത്തെടുത്തത്. ഈ പ്രദേശങ്ങളിലൂടെയാണു ജോ ഡിക്രൂസ് സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഷയിൽത്തന്നെ പറഞ്ഞാൽ ആ പ്രദേശങ്ങൾ ആഴത്തിൽത്തന്നെ അറിഞ്ഞ ആൾ. ഡോ ഡിക്രൂസിനെ സാധാരണ മലയാളികൾക്കു കൂടുതൽ പരിചയം ധനുഷ് ചിത്രമായ മരിയാന്റെ സംഭാഷണം എഴുതിയ ആൾ എന്ന നിലയിലാകും. തമിഴ് ഭാഷയിലെ മുന്‍നിര എഴുത്തുകാരിൽ ഒരാളാണിന്ന് ജോ ഡിക്രൂസ്. ആഴി സൂഴ് ഉലഗ്, കോർക്കൈ, വേർപിടാത്ത വിളൈ നിലങ്കൾ തുടങ്ങിയ നോവലുകള്‍ ജോ ഡിക്രൂസിന്റെതാണ്. കോർക്കൈ നോവലിനു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഷിപ്പിങ് മേഖലയിൽ ജോലി നോക്കുന്ന ജോ ഡിക്രൂസ് നാഷനൽ  ഷിപ്പിങ് ബോര്‍ഡ് അംഗം കൂടിയാണ്. 

അദ്ദേഹം മനോരമഓൺലൈനോട് സംസാരിക്കുന്നു; എഴുത്തിനെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്...

സാഹിത്യം പുതിയ സാധ്യതകൾ

1990 കൾക്കു ശേഷം ലോകത്ത് എല്ലായിടത്തും സ്വത്വ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. താമസിക്കുന്ന സ്ഥലം, വസ്ത്രം, ഭക്ഷണം, ആരാധിക്കുന്ന ദൈവം ഇതൊന്നും എന്റെതല്ല എന്ന ബോധം വ്യാപകമായി ഉണ്ടായി. ഇതു സാഹിത്യത്തിലേക്കു വളരെ അധികം എത്തി. വിവിധ രൂപങ്ങളിൽ സാഹിത്യ കൃതികൾ രചിക്കപ്പെട്ടു. യുവതലമുറ കൂടുതലായി രംഗത്തെത്തി. ജെല്ലിക്കെട്ട് സമരം പോലും ഇങ്ങനെ ഉണ്ടായതാണ്. 

ആക്സിഡന്റൽ റൈറ്റർ 

എഴുത്തുകാരൻ ആകണമെന്ന ആഗ്രഹത്തോടെ എഴുത്തുകാരൻ ആയ ആളല്ല ഞാൻ. അങ്ങനെ സംഭവിച്ചു പോയതാണ്. സാഹിത്യ അക്കാദമി എന്താണെന്ന് പോലും അവാർഡ് കിട്ടിയപ്പോൾ എനിക്ക് അറിയില്ലായിരുന്നു.  സാഹിത്യ അക്കാദമി അവാർഡ് കിട്ടി എന്ന അറിയിപ്പ് ഗോവയിൽ കപ്പലിൽ നിൽക്കുന്ന സമയത്താണു വരുന്നത്. എന്താണെന്ന് മനസിലായില്ല. പിന്നെ പലരും വിളിച്ച് അഭിനന്ദിച്ചപ്പോൾ ആദ്യം അന്വേഷിച്ചത് ഈ വാര്‍ത്ത ശരിയാണോ എന്നാണ്. അടുത്ത നോവൽ, കഥ എപ്പോൾ വരുമെന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ എഴുതാം. എഴുതാതിരിക്കാം. 

കടൽ എന്റെ ജീവിതം

ഡോക്യുമെന്ററികൾ കുറച്ച് എണ്ണം എടുത്തിട്ടുണ്ട്. മീൻപിടുത്തക്കാരുടെ ജീവിതമാണ് അതിലെ വിഷയം. ഞാനുമൊരു മത്സ്യത്തൊഴിലാളിയാണ്. കടലോര ജീവിതം എനിക്ക് ഒപ്പമുണ്ട്. മലമുകളിലെ ജീവിതം എനിക്ക് അറിയില്ല. പക്ഷേ കടലിലെ ജീവിതം എന്താണ് എന്നറിയാം. അതു സംബന്ധിച്ച് ഉൾക്കാഴ്ചയുണ്ട്. 

ഷിപ്പിങ് ഇന്ത്യയുടെ സമ്പത്ത്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഷിപ്പിങ് വഴി കൊണ്ടുവരാന്‍ സാധിക്കും. ഈ മേഖലയിൽ ഏറെ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണു ഞാൻ. മീൻപിടുത്തം മാത്രമല്ല കടലിന്റെ സാധ്യതകള്‍. അതിനപ്പുറം ഒരു സമ്പദ്‌വ്യവസ്ഥ കാത്തിരിക്കുന്നു. ആളൊഴി‍ഞ്ഞ ദ്വീപുകളിലെ ടൂറിസം സാധ്യതകൾ പരിശോധിക്കണം. കടലിൽ നടത്താവുന്ന ആൽഗ കൃഷി ഇന്ത്യയ്ക്കു വലിയ സാധ്യതകൾ തുറന്നിടുന്നു.

ദ്രാവിഡ രാഷ്ട്രീയം കീഴ്പ്പോട്ട്

ദ്രാവിഡ രാഷ്ട്രീയത്തിന്റെ വളർച്ച താഴേക്കാണ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വളർച്ചയുടെ പരമോന്നതി ഉണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ സുവർണ കാലം അവസാനിച്ചു. എഐഎഡിഎംകെ തകർച്ചയുടെ പാതയിലാണ്. ഡിഎംകെയുടെ സ്ഥിതിയും വ്യത്യസ്തമല്ല. നിലപാടുകളുള്ള ചെറുപാർട്ടികൾ തമിഴ്നാട്ടിൽ വളരാനുള്ള സാധ്യതയാണു കാണുന്നത്.

വീരാരാധന തുടരുന്നു 

തമിഴ്നാട്ടിൽ വീരാരാധന ഇപ്പോഴുമുണ്ട്. പക്ഷേ അതിൽ മാറ്റം വരും. സിനിമാ താരങ്ങൾക്കു വലിയ സ്ഥാനമാണ്. അക്കാര്യത്തിൽ കേരളം മാതൃകയാണ്. ഓരോരുത്തർക്ക് ഏതൊക്കെ സ്ഥാനം നൽകണമെന്നു കേരളത്തിലുള്ളവർക്ക് നന്നായി അറിയാം. തമിഴ്നാട്ടിലും മാറ്റങ്ങൾ വരും. 

കമലഹാസന്റെ പാർട്ടി ചലനമുണ്ടാക്കില്ല

ന‍ടൻ കമലഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി തമിഴ്നാട്ടിൽ ചലനം ഉണ്ടാക്കില്ല. ഇപ്പോൾ നഗരപ്രദേശത്ത് 10 ശതമാനം വോട്ട് പാർട്ടി നേടിയിട്ടുണ്ട്. എന്നാൽ ഒരു ഇല്യൂഷനിൽ ആണു പാർട്ടി നിലനിൽക്കുന്നത്. ഇതു ദീർഘ കാലത്തേക്കു മുന്നോട്ടു പോകില്ല. എന്നാൽ ഒറ്റയ്ക്കു നിൽക്കുന്ന ‘നാം തമിഴർ പാർട്ടി’ ചെറിയ മാർജിൻ ആണെങ്കിലും വോട്ട് പിടിച്ചു തുടങ്ങുന്നു. 

ജനങ്ങളെ പറ്റിക്കാനാകില്ല

തമിഴ് ജനത ഇന്നു ലോകവിവരം ഉള്ളവരാണ്. എല്ലാ വാർത്തകളും അവർക്ക് വിരൽത്തുമ്പിൽ ലഭിക്കുന്നു. അതുകൊണ്ട് അവരെ പറ്റിക്കാൻ സാധിക്കില്ല. പണ്ട് അവരെ പറ്റിക്കാൻ എളുപ്പമായിരുന്നു. അതുകൊണ്ടു തന്നെ തമിഴ്നാട് മാറ്റത്തിന്റെ പാതയിലാണ്. യുവജനങ്ങൾ വലിയ മാറ്റം കൊണ്ടുവരും. 

ബിജെപിക്കു കളം പിടിക്കാനാകില്ല

തമിഴ്നാട്ടിൽ കടന്നു കയറാൻ ബിജെപി ശക്തമായി ശ്രമിക്കുന്നുണ്ട്.  തമിഴ് മണ്ണിൽ ബിജെപിക്കു സ്വാധീനം ചെലുത്തുക എളുപ്പമല്ല. കേരളത്തിലും അവർ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നുണ്ടല്ലോ. രാജ്യത്ത് എല്ലായിടത്തും അഴിമതിക്ക് എതിരെ പോരാടുന്നു എന്നു പറയുന്ന ബിജെപി തമിഴ്നാട്ടിൽ അഴിമതിക്കാരായ സർക്കാരിനെ സഹായിക്കുന്നു. ഇതു ഇരട്ടത്താപ്പാണ്. എന്നാൽ ഇതിന്റെ അർഥം ദ്രാവിഡ രാഷ്്ട്രീയത്തിന് ഭാവിയുണ്ട് എന്നല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com