ADVERTISEMENT

തിരുവനന്തപുരം ∙ ശശി തരൂരിന്റെ വസതിയിലെ സ്വീകരണമുറിയുടെ ചുമരുകളെ ഒരു അരഞ്ഞാണം പോലെ അലങ്കരിക്കുന്നു അദ്ദേഹമെഴുതിയ എല്ലാ പുസ്തകങ്ങളുടെയും ലാമിനേറ്റ് ചെയ്ത പുറംചട്ടകൾ. പാർലമെന്റ് അംഗമെന്ന തിരക്കുകൾക്കിടയിൽ താനൊരു എഴുത്തുകാരൻ കൂടിയാണെന്നു സ്വയം ഓർമപ്പെടുത്താനാണോ ഇതെന്ന ചോദ്യത്തിനു തരൂരിന്റെ ഉത്തരം ഉച്ചത്തിലുള്ള മനോഹരമായ പൊട്ടിച്ചിരിയാണ്. കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാര വാർത്തയെത്തുമ്പോൾ തരൂർ വിശ്രമത്തിലായിരുന്നു. ചുമയും ജലദോഷവും. പക്ഷേ അതൊന്നും പുരസ്കാരം നേടിത്തന്ന ‘ആൻ ഇറ ഓഫ് ഡാർക്നെസ് : ദ് ബ്രിട്ടിഷ് എംപയർ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തെക്കുറിച്ചു പറയാൻ തടസ്സമായില്ല. നീണ്ടുനിന്ന ബ്രിട്ടിഷ് വാഴ്ച ഇന്ത്യയെ നാശത്തിന്റെ പരകോടിയിൽ എത്തിച്ചതെങ്ങനെയെന്നാണു തരൂർ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നത്.

∙ ജാലിയൻ‍ വാലാബാഗ് കൂട്ടക്കൊലയ്ക്കു ബ്രിട്ടിഷ് പ്രധാനമന്ത്രി മുട്ടുകുത്തി ഇന്ത്യയോടു മാപ്പു പറയണമെന്ന പരാമർശം ഈ കൃതിയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പരാമർശത്തെ അഭിനന്ദിച്ചിരുന്നു. 

shashi-tharoor-congress-party-kpcc-fecilitation
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ: ശശി തരൂർ എംപിയെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിനന്ദിക്കുന്നു. വി.എസ്.ശിവകുമാർ എം.എൽ.എ സമീപം.

അതെ. പക്ഷേ മോദിയോ കേന്ദ്രസർക്കാരോ അവാർഡ് നിർണയത്തിൽ ഇടപെട്ടിട്ടില്ല എന്നാണു കരുതുന്നത്. രാഷ്ട്രീയ താൽപര്യം പ്രദർശിപ്പിക്കാത്ത ജൂറിയാണ് എന്നെ തിരഞ്ഞെടുത്തത്. അവരെ ബിജെപി സർക്കാരല്ല നിയോഗിച്ചത്. ക്യാംപസുകളിലും തെരുവുകളിലും നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഒറ്റ അഭ്യർഥന മാത്രം: ഇറ ഓഫ് ഡാർക്നെസ്– ഇരുണ്ട യുഗത്തിലേക്ക് ഇന്ത്യയെ തിരിച്ചു കൊണ്ടുപോകരുത്.

∙ കുറെയേറെ പുസ്തകങ്ങൾ എഴുതിയിട്ടും സാഹിത്യ അക്കാദമി പുരസ്കാരം ഇപ്പോഴാണു ലഭിക്കുന്നത്?

പുരസ്കാരത്തിൽ അഭിമാനവും സന്തോഷവുമുണ്ട്. കിട്ടുമെന്നു കരുതിയതല്ല. രാഷ്ട്രീയത്തിൽ വന്നപ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ ഇനി അവാർഡൊന്നും കിട്ടാൻ പോകുന്നില്ലെന്നും അക്കാരണത്താൽ എഴുത്തു നിർത്തിക്കളയരുതെന്നും പലരും ഉപദേശിച്ചിരുന്നു.

200 വർഷത്തെ രാജ്യത്തിന്റെ കഷ്ടകാലത്തെക്കുറിച്ചാണ് ‘ആൻ ഇറ ഓഫ് ഡാർക്നസ്: ദ ബ്രിട്ടിഷ് എംപയറി’ൽ ഞാൻ പറയുന്നത്. പുസ്തകത്തിൽ ചർച്ച ചെയ്യുന്ന കാലവും അവാർഡ് ലഭിച്ച ഈ കാലവും ഒട്ടും സന്തോഷകരമല്ല. 70 വർഷം ഇന്ത്യയെ എവിടെയെത്തിച്ചെന്നും ഇനി എങ്ങോട്ടാണു കൊണ്ടുപോകുന്നതെന്നും യുവാക്കളോടു പറയേണ്ടിയിരുന്നു. ബ്രിട്ടിഷ് ആധിപത്യം ഇന്ത്യയുടെ സ്വത്വം ഇല്ലാതാക്കി. നമ്മുടെ സ്വത്തു കൊള്ളയടിച്ചു. അതിനാണ് അവർ മാപ്പു പറയേണ്ടത്. നഷ്ടപരിഹാരത്തെക്കാൾ പ്രധാനമാണു മാപ്പിരക്കൽ.

∙ കേന്ദ്രസർക്കാർ നിലപാടുകളോടുള്ള പ്രതിഷേധമായി തരൂർ പുരസ്കാരം തിരസ്കരിക്കുമെന്നു വാർത്തയുണ്ടായിരുന്നു ?

INDIA-CONGRESS/LEADER
ശശി തരൂർ

കേന്ദ്ര സർക്കാരിന്റെ അവാർഡ് ആയിരുന്നെങ്കിൽ അക്കാര്യം ആലോചിച്ചേനെ. ഇതു പണ്ഡിതരായ എഴുത്തുകാർ നിർണയിച്ച് സാഹിത്യ അക്കാദമി നൽകുന്ന അവാർഡാണ്. നേരത്തെ എഴുത്തുകാർ തങ്ങൾക്കു ലഭിച്ച പുരസ്കാരങ്ങൾ അക്കാദമിക്കു മടക്കിക്കൊടുത്തപ്പോൾ അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടയാളാണ് ഞാൻ. അവരുടെ നിലപാടുകളോട് എനിക്കു യോജിപ്പ‌ാണ്. പക്ഷേ എഴുത്തുകാരനു സമൂഹം നൽകുന്ന അംഗീകാരമാണു പുരസ്കാരങ്ങൾ.

∙ വ്യക്തമായ രാഷ്്ട്രീയം പറയുന്ന ‘വൈ ഐ ആം എ ഹിന്ദു’ എന്ന കൃതിയല്ല പുരസ്കാരത്തിനായി പരിഗണിച്ചത്?

ശരിയാണ്. വ്യക്തമായ രാഷ്ട്രീയസന്ദേശമുള്ള പുസ്തകമാണ് അത്. ഹിന്ദുത്വത്തിന്റെ വിപത്കാലത്താണ് അത് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ഞാൻ ഹിന്ദുവാണ്. ബിജെപിയാണ് ഇവിടെ ഹിന്ദുവിരുദ്ധമായി പ്രവർത്തിക്കുന്നത്. അതുകൊണ്ട് ആ പുസ്തകത്തിനു പുരസ്കാരം കിട്ടുമെന്നു കരുതുന്നില്ല.

∙ അടുത്ത രചന?

മനസ്സിലും കടലാസിലും കംപ്യൂട്ടറിലുമൊക്കെ എഴുത്തു നടക്കുന്നു. രചനയ്ക്കു കൂടുതൽ ഊർജം പകരാൻ ഈ അവാർഡ് പ്രോത്സാഹനമാണ്.

English Summary : No question of refusing Sahitya Akademi Award : Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com