സിനിമയുടെ തിരക്കഥ എന്നത് വളരെ പരിമിതികളുള്ള ഒരെഴുത്താണ് : വിനു ഏബ്രഹാം

ezhuthuvathamanagal-column-vinu-abraham
SHARE

മലയാള കഥാവഴിയിൽ വേറിട്ടു സഞ്ചരിക്കുന്ന എഴുത്തുകാരനാണ് വിനു ഏബ്രഹാം. എഴുത്തുകാരനെന്ന നിലയിൽ ഭാവനാലോകത്തിന്റെയും യാഥാർഥ്യലോകത്തിന്റേയും അകംപുറങ്ങളിലേക്ക് പരിമിതികളില്ലാതെ കടന്നു ചെല്ലാൻ വിനു ഏബ്രഹാമിനു കഴിയുന്നുണ്ട്. യുക്തമായ വഴികളിലൂടെ സഞ്ചരിക്കാനുള്ള അപരിമേയമായ ആ സ്വാതന്ത്ര്യമാണ് തന്നെ എഴുത്തുകാരനായി നിലനിർത്തുന്നതെന്നും അദ്ദേഹം പറയുന്നു. വിനു ഏബ്രഹാമുമായുള്ള സംഭാഷണം: 

∙ മലയാളത്തിൽ ഒട്ടേറ കഥാകൃത്തുകൾ എഴുതുന്നു. സമകാലികമായി കഥയുടെ പരിസരം വിപുലമാണെന്നു പറയാം. ഈ ബഹുസ്വരതയ്ക്കിടയിൽ വിനു ഏബ്രഹാം എന്ന കഥാകൃത്ത് സ്വയം എവിടെ നിൽക്കുന്നു? 

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിന്റെ അവസാനത്തോടെ മലയാള സാഹിത്യത്തിലേക്കു കടന്നുവന്ന തലമുറയിൽപ്പെടുന്നയാളാണ് ഞാൻ. സാഹിത്യഭാവുകത്വത്തെ സ്പർശിച്ചു പറഞ്ഞാൽ അത് ആധുനികത പെയ്തൊഴിഞ്ഞ്, പിന്നെ ഉത്തരാധുനികത കടന്നുവന്നു എന്ന് നിരൂപകരും മറ്റും അടയാളപ്പെടുത്തിയ ഒരു ഘട്ടമാണ്. അതേസമയം സാമൂഹിക, രാഷ്ട്രീയ തലങ്ങളിലും വലിയ വിസ്ഫോടനങ്ങൾ സംഭവിക്കുന്ന ഒരു കാലവും. സോഷ്യലിസ്റ്റ്– കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തകർച്ചകൾ, സാമ്പത്തിക ഉദാരവൽക്കരണത്തെ തുടർന്ന് അക്രാമകമാകുന്ന നവ ആഗോള കോർപറേറ്റ് മുതലാളിത്തം, വർഗീയത, മത തീവ്രവാദ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടേയും കുതിച്ചുകയറ്റം, ഇന്റർനെറ്റും മൊബൈൽ ഫോണുമൊക്കെ ചേർന്നുകൊണ്ടുവന്ന അനന്തമായ വിനിമയ സാധ്യതകൾ എന്നിങ്ങനെ കേരളവും ഭാരതവും ലോകവും വലിയ മാറ്റങ്ങളിലേക്കു പോകുകയായിരുന്നു.  

പല രീതികളിൽ ഈ സംഭവവികാസങ്ങളും മാറ്റങ്ങളും ഞാനുൾപ്പെടെയുള്ള പുതിയ തലമുറ എഴുത്തുകാരുടെ കഥകളിലേക്കും നോവലുകളിലേക്കും കടന്നുവന്നു. ഒരുപക്ഷേ, ഞങ്ങൾക്കു മുമ്പേയുള്ള ഏതാനും പതിറ്റാണ്ടുകളിൽ സംഭവിക്കാത്ത വിധം, സാമൂഹിക, രാഷ്ട്രീയ പരിവർത്തനങ്ങളും പ്രത്യാഘാതങ്ങളും പുതിയ കഥയുടെ മുഖ്യധാരയുടെ ഇന്ധനമായി മാറി. ഞങ്ങളെ തുടർന്നു വന്ന പുതിയ കഥാകൃത്തുക്കളിലും മലയാള കഥയുടെ ഈ രീതിയിലുള്ള മാറ്റം തുടർന്നു, ഇപ്പോഴും തുടരുന്നു. ധാരാളം കഥാകൃത്തുക്കൾ പല ആവിഷ്കാര രീതികളിൽ ഇന്നു മലയാള കഥയിലുണ്ട്. വിശാലമായ ഈ തുറസിൽ ആണ് ഞാൻ നിലകൊള്ളുന്നത്.

writer-vinu-abraham-web-cloumn-books-image

∙ മേൽപ്പറഞ്ഞ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങൾ കഥകളിലേക്കു കൊണ്ടുവന്നിട്ടുണ്ടോ? 

വ്യത്യസ്തമായ രീതികളിൽ എന്റെ നിരവധി കഥകളും ഈ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതായി ഉണ്ട്. അതേസമയം ‘പുറം’ എന്നു വിളിക്കാവുന്ന ഈ തലത്തിനപ്പുറം ‘അകം’ എന്നു വിശേഷിപ്പിക്കാവുന്ന മനുഷ്യന്റെ ചിരന്തനമായ വൈകാരികാവസ്ഥകളും ജീവിതസമസ്യകളും പ്രാപഞ്ചികാവസ്ഥയുടെ നിതാന്ത വിസ്മയങ്ങളും ഉൾക്കൊള്ളുന്ന ധാരാളം കഥകളുമുണ്ട്. ഇവയൊക്കെയാകട്ടെ, നിരവധിയായ വ്യത്യസ്ത ആഖ്യാന ശൈലികളും ഉൾക്കൊള്ളുന്നുണ്ട്. ഒരു കഥാകൃത്തെന്ന നിലയിൽ, യഥേഷ്ടം ‘അക’ത്തിലേക്കും ‘പുറ’ത്തിലേക്കും സഞ്ചരിക്കാനും ഈ സഞ്ചാരം എനിക്കു യുക്തമെന്നു തോന്നുന്ന വഴികളിലൂടെയാകാനുമുള്ള അപരിമേയമായ സ്വാതന്ത്ര്യം എനിക്കു പരമപ്രധാനമാണ്. ഒരേപോലെ തന്നെ ‘അക’ത്തിന്റെയും ‘പുറ’ത്തിന്റെയും കഥകൾ എന്നെ പ്രചോദിപ്പിക്കുന്നു. ഇപ്പോൾ സാമൂഹിക, രാഷ്ട്രീയ പ്രമേയങ്ങളാണ് കൂടുതൽ ജനപ്രീതി നേടുന്നത്. അതുകൊണ്ട് അവ കൂടുതലായി എഴുതപ്പെടണം എന്ന തീട്ടൂരങ്ങളൊന്നും ഞാൻ തെല്ലും വക വയ്ക്കുന്നില്ല. ചുരുക്കത്തിൽ, പുതിയ കാലം തുറന്നിടുന്ന ബഹുസ്വരതയെ അങ്ങേയറ്റം ആസ്വദിച്ച് ആ ബഹുസ്വരത എന്റെ തന്നെ കഥാലോകത്തിന്റെ മുഖമുദ്രയാക്കിക്കൊണ്ട് സ്വയം തെളിക്കുന്ന ഒരു കുതിര എന്ന രീതിയിൽ എന്നെത്തന്നെ ഞാൻ അടയാളപ്പെടുത്തുന്നു. അതിനപ്പുറം പ്രിയപ്പെട്ട വായനക്കാരും സഹൃദയരും പറയട്ടെ.

എന്താണ് അങ്ങനെയ സംബന്ധിച്ചിടത്തോളം എഴുത്ത്? എഴുത്തിലൂടെ എന്തു പറയാനാണ് ആഗ്രഹിക്കുന്നത്? 

ആത്യന്തികമായി പ്രായോഗിക ദൈനംദിന ജീവിതത്തിൽ പലതിലും നഷ്ടമായി പോകുന്ന എന്റെ തന്നെ സ്വത്വത്തെ വീണ്ടെടുക്കുന്ന അതിജീവന പ്രക്രിയയാണ് എനിക്ക് എഴുത്ത്. എപ്പോഴും അക്ഷരങ്ങൾ എനിക്ക് പുതുജീവൻ പകർന്നുതരുന്നു. എന്റെ ജീവിതത്തിലെ, എന്നു പറയുമ്പോൾ എന്റെ വൈയക്തികാവസ്ഥകളിലെയും ചുറ്റുമുള്ള സാമൂഹിക, രാഷ്ട്രീയാവസ്ഥകളിലെയും  ഒട്ടേറെ വൈകൃതങ്ങളെയും സങ്കടങ്ങളെയും നീതിരാഹിത്യത്തെയും മറികടന്ന് ഉൺമയാർന്ന സൗന്ദര്യത്തെ സൃഷ്ടിക്കുന്ന പ്രക്രിയയാണ് എന്റെ എഴുത്ത്. ജീവിതത്തിന്റെ യാഥാർഥ്യങ്ങളുടെ സമഗ്രാധിപത്യത്തിനെതിരെ ഭാവന കൊണ്ടുള്ള പോരാട്ടം കൂടിയാണ് എനിക്ക് എഴുത്ത്. ആ എഴുത്തിൽ ഞാൻ കൂടുതൽ സന്തോഷത്തോടെ ജീവിക്കുന്നു. 

എന്റെ എഴുത്തിലൂടെ ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള എന്റെ ചിന്തകളും ആഗ്രഹങ്ങളും തിരിച്ചറിവുകളും– ചിലപ്പോൾ ഇവയിൽ പരസ്പരവിരുദ്ധമായതും ഉണ്ടാകും– ലോകത്തോടു സംവദിക്കാൻ ശ്രമിക്കുന്നു. അതു വായിക്കുന്ന കുറച്ചുപേരെങ്കിലും അതിനെ ഉൾക്കൊള്ളുന്നെങ്കിൽ ഏറെ സന്തോഷം.

∙ ചെറുകഥയും നോവലും ഒരുപോലെ വഴങ്ങുന്നു. ആഖ്യാനവഴികളിൽ ഏതിനോടാണ് ആഭിമുഖ്യം? ഏതു കഥയിലും അതു വികസിപ്പിച്ച് ഒരു നോവൽ ആക്കി മാറ്റാനുള്ള അന്വേഷണങ്ങൾ നടക്കാറുണ്ടോ? 

സത്യത്തിൽ, എന്റെ ഏറ്റവും പ്രിയ തട്ടകം എഴുത്തിൽ കഥയാണ്. ഇതുവരെയുള്ള എന്റെ എഴുത്തനുഭവത്തിൽ നോവൽ എനിക്ക് രണ്ടാമതായേ വരുന്നുള്ളൂ. അതേസമയം ‘നഷ്ടനായിക’, ‘ഒരു സ്വാദുനോട്ടക്കാരന്റെ ഭക്ഷണപര്യവേഷണങ്ങൾ’ എന്നിങ്ങനെയുള്ള നോവലുകൾ ഒരെഴുത്തുകാരൻ എന്ന നിലയിൽ എന്നെ വളരെ അടയാളപ്പെടുത്തിയിട്ടുണ്ട്, എന്നെത്തന്നെ സന്തോഷിപ്പിച്ചിട്ടുമുണ്ട്.

പക്ഷേ, ഒരു നോവലിന്റെ പ്രചോദനം എനിക്ക് വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. അത്രമേൽ അപൂർവമെന്നും അനന്യമെന്നും തോന്നുന്ന പ്രമേയങ്ങൾ വന്നാൽ മാത്രമേ ഒരു നോവൽ ആവശ്യപ്പെടുന്ന ദീർഘധ്യാനത്തിന് ഞാൻ തയാറാകൂ. അതുകൊണ്ടുതന്നെ ഒരു കഥയുടെ ആശയം മനസ്സിലേക്കു വരുമ്പോൾ സാധാരണ ഗതിയിൽ അതു നോവലാക്കുക എന്ന രീതിയിൽ ശ്രമം നടത്താറില്ല. മാത്രവുമല്ല ഒരു കഥയുടെ ത്രെഡ് മനസ്സിലേക്കു വരുമ്പോൾത്തന്നെ, ഇത് കഥ തന്നെയാകും എന്ന് എനിക്കു തെളിഞ്ഞുകിട്ടാറുണ്ട്.

∙ സമാന്തരമായി സാഹിത്യത്തിലേയും (കഥ, നോവൽ) സിനിമയിലൂടെയും (തിരക്കഥ) സഞ്ചരിക്കുന്നു. രണ്ട് എഴുത്തുരീതികൾ തമ്മിലുള്ള വ്യത്യാസം എന്താണ്? 

കാതലായ വ്യത്യാസം തന്നെയുണ്ട്. കഥയോ നോവലോ എഴുതുമ്പോൾ അവിടെ ഞാൻ മാത്രമാണ് അതിന്റെ അധിപതി. എന്റെ ഭാവനയും സർഗശക്തിയും മാത്രമാണ് അവിടെ എഴുത്തിന്റെ അതിർവരമ്പുകൾ നിശ്ചയിക്കുന്നത്. പക്ഷേ, സിനിമയുടെ തിരക്കഥ വളരെ പരിമിതികളുള്ള ഒരെഴുത്താണ്. സിനിമയുടെ ബജറ്റ്, നിർമാതാവ്, സംവിധായകൻ, നടീനടന്മാർ തുടങ്ങിയവരുടെ താൽപര്യങ്ങൾ, ലൊക്കേഷനുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ അനവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു തിരക്കഥ എഴുതപ്പെടുന്നത്. അത് പിന്നെ എഡിറ്റിങ് മേഖലയിലൊക്കെ വരാവുന്ന മാറ്റങ്ങൾ, അതും കഴിഞ്ഞ് തിയറ്ററുകളിൽ എത്തുമ്പോൾ പോലും സംഭവിക്കാവുന്ന ചില മുറിച്ചുമാറ്റലുകൾ.. ചുരുക്കത്തിൽ ഒരു സിനിമയുടെ തിരക്കഥ ആദ്യം എഴുതുന്നതിൽ നിന്നൊക്കെ എത്രയോ മാറിയാകും പ്രദർശന ശാലയിലെ സിനിമയിലുള്ളത്. അപ്പോൾ തിരക്കഥയെഴുത്തും സർഗാത്മകവും നൂതനവുമായ പ്രവൃത്തിയാണെങ്കിലും അത് സാഹിത്യരചന പോലെ അതിന്റെ കർത്താവിന് പൂർണ ആവിഷ്കാര സ്വാതന്ത്ര്യവും സംതൃപ്തിയും തരുന്ന ഒന്നാവില്ല; ചിലപ്പോൾ അപവാദങ്ങൾ സംഭവിച്ചേക്കാമെങ്കിലും. 

∙ മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ മുൻകാല ചരിത്രവും സമകാലിക ജീവിതവുമൊക്കെ ചില കഥകളിൽ കടന്നുവരുന്നുണ്ട്. എഴുത്തുകാരന്റെ ദേശത്തിന് എഴുത്തിൽ എത്രമാത്രം സ്വാധീനമുണ്ട്? 

ശരിയാണ്, എന്റെ നിരവധി കഥകളിൽ മധ്യതിരുവിതാംകൂറിലെ ജീവിതവും ചരിത്രവുമൊക്കെ കടന്നുവരുന്നുണ്ട്. ഒരു എഴുത്തുകാരൻ ജനിച്ചു വളർന്ന ദേശത്തിന് തീർച്ചയായും അയാളുടെ എഴുത്തിൽ സ്വാധീനമുണ്ടാകാതെ തരമില്ല എന്ന് സാമാന്യമായി പറയാവുന്നതാണ്. അങ്ങനെ എന്റെ ഗ്രാമമായ നെടുങ്ങാടപ്പള്ളി ഉൾപ്പെടുന്ന പത്തനംതിട്ടയും സമീപഭൂമികകളും എന്നെയും സ്വാധീനിക്കുന്നുണ്ട്. കേരളത്തിൽ സാഹിത്യത്തിന് ഏറ്റവും വേരോട്ടം കുറവുള്ള  പ്രദേശങ്ങളിൽ ഒന്നാണ് ഞങ്ങളുടേത്. ഡോളറും റിയാലുമാണ് ഞങ്ങളുടെ ദേശത്തിന്റെ കുലചിഹ്നങ്ങൾ. അതേസമയം ഒരു എഴുത്തുകാരനെ പ്രചോദിപ്പിക്കുന്ന രീതിയിലുള്ള സങ്കീർണ ജീവിതാവസ്ഥകളും ചരിത്രവുമൊക്കെ അവിടെ ഉണ്ടുതാനും. അങ്ങനെ എന്റെ േദശത്തിന്റെ പല തലങ്ങൾ – വൈകാരികവും ചരിത്രപരവും സമകാലികവും രാഷ്ട്രീയവുമായവ – എന്റെ കഥകളിലും നോവലിലുമൊക്കെ കടന്നുവരുന്നുണ്ട്. അതേസമയം എന്റെ ദേശം പോലെ മറ്റു പല ദേശങ്ങളും പശ്ചാത്തലങ്ങളും എന്നെ പ്രചോദിപ്പിക്കാറുമുണ്ട്. നമ്മുടെ സ്വന്തം ദേശത്തല്ലാത്തതായ ധാരാളം കഥകളും പ്രമേയങ്ങളും ഉണ്ടല്ലോ. 

∙ ഇപ്പോഴത്തെ ബഹുഭൂരിപക്ഷം രചനകളും ജേർണലിസ്റ്റിക് ആണ് എന്നൊരു ആക്ഷേപം നിലനിൽക്കുന്നു. ഒരു മുൻകാല പത്രപ്രവർത്തകൻ എന്ന നിലയിൽ ഈ വിമർശനത്തെ എങ്ങനെ വിലയിരുത്തുന്നു? 

അത്തരമൊരു വിമർശനത്തിൽ കുറച്ചൊക്കെ കാമ്പുണ്ട് എന്നു ഞാൻ‍ തന്നെ കരുതുന്നു. തൊണ്ണൂറുകളുടെ അന്ത്യപാദത്തിൽ ഞാനൊക്കെ ഉള്‍പ്പെടുന്ന ഒരു പുതിയ തലമുറ മലയാള കഥയിലേക്കു കടന്നുവന്നു. അപ്പോഴേക്കും ആധുനികത പൂർണമായി അസ്തമിച്ചു കഴിഞ്ഞിരുന്നു. ഉത്തരാധുനികത എന്നു മുദ്രണം ചാർത്തിയ വേഗം തന്നെ ഉദിച്ചസ്തമിക്കുന്ന അവസ്ഥയും. അതേസമയം, ആഗോള തലത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ച, ആഗോള നവ കോർപറേറ്റ് മുതലാളിത്തത്തിന്റെയും സാമ്പത്തിക ഉദാരവൽകരണത്തിന്റെയും തേരോട്ടം, രാജ്യത്ത് മത–വർഗീയ മൗലികപ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയ കക്ഷികളുടേയും കുതിച്ചുകയറ്റം, ഇന്റർനെറ്റും മൊബൈൽ ഫോണുമെല്ലാം ചേർന്ന് 24x7 എന്ന രീതിയിൽ മനുഷ്യജീവിതങ്ങൾ അങ്ങേയറ്റം മാധ്യമവൽകൃതമാകുന്നതെല്ലാം സംഭവിക്കുന്ന ഒരു ഘട്ടം. ഇതിന്റെയെല്ലാം അനുരണനങ്ങൾ പുതിയ കഥയിലേക്കും കടന്നുവരികയായിരുന്നു. ഒരു തരത്തിൽ ‘സോഷ്യോ പൊളിറ്റിക്കൽ റിയലിസം’ എന്നു പറയാവുന്ന തരത്തിൽ ധാരാളമായി സാമൂഹിക, രാഷ്ട്രീയ പ്രമേയങ്ങൾ അഭൂതപൂർവമായി മലയാള പുതുകഥയിലേക്ക് പ്രവഹിച്ചു. എന്നാൽ പലപ്പോഴും ഇത്തരം കഥകൾ മാധ്യമവാർത്തകളുടെ പ്രച്ഛന്ന വേഷങ്ങൾ എന്ന തരത്തിൽ വാർത്താകഥകൾ (ന്യൂസ് സ്റ്റോറീസ്) മാത്രമാകുകയും കഥ എന്ന കലാരൂപം രൂപപ്പെടുന്ന ലാവണ്യാത്മകതയും യാഥാർഥ്യം കഥയാകുന്ന രസവിദ്യയും (ആൽക്കെമി) പ്രദർശിപ്പിക്കാതെയും നിലകൊണ്ടു. പണ്ട് എം.കൃഷ്ണൻനായർ സാർ പറഞ്ഞിരുന്ന സൂപ്പർ ജേർണലിസം മട്ടിലുള്ള കഥകൾ. അന്നു തുടങ്ങിയ ഈ പ്രവണത ഇന്നും തുടരുകയാണ്. 

അതേസമയം സമകാലിക സാമൂഹിക, രാഷ്ട്രീയ യാഥാർഥ്യങ്ങളെ, വാർത്തകളെ പരിപക്വതയോടെ ആഗിരണം ചെയ്തു കലയുടെ രസവിദ്യയ്ക്കു വിധേയമായി ഒരു പറ്റം ഗംഭീരകഥകൾ ഉണ്ടായിട്ടുമുണ്ട്. എന്റെ കാര്യം പറഞ്ഞാൽ, ഇത്തരം സാമൂഹികരാഷ്ട്രീയ യാഥാർഥ്യങ്ങൾ എനിക്കും തീവ്രമായി പ്രദോചനമാകാറുണ്ട്. അത്തരം ധാരാളം കഥകൾ എന്റേതായി ഉണ്ടുതാനും. എന്നാൽ, അവയുടെ വിലയിരുത്തൽ എന്തെന്നത് സഹൃദയർക്കു വിട്ടുകൊടുക്കുന്നു. അവർ പറയട്ടെ, എന്നിലുള്ള പത്രപ്രവർത്തകനെ (ഇപ്പോൾ മാധ്യമരംഗത്തില്ലെങ്കിലും) പരമാവധി മാറ്റി നിർത്തിത്തന്നെയാണ് സർഗരചനകളെ സമീപിക്കാറുള്ളത്.

∙ എങ്ങനെയാണ് രചന? വായന? ഏതു സാങ്കേതത്തിലാണ് എഴുതുന്നത്? മനസിൽ ഒരു കഥ രൂപപ്പെട്ടുകഴിഞ്ഞാൽ അത് ഉടനെ അക്ഷരരൂപം പ്രാപിക്കുകയാണോ ചെയ്യുന്നത്? 

ആദ്യം വായനയെക്കുറിച്ചു പറയാം. സ്വന്തം എഴുത്തിന്റെ ഗുണഗണങ്ങൾ വർണിക്കുന്നതിൽ പരിമിതികളുണ്ടെങ്കിലും വായനയുടെ കാര്യത്തിൽ അത് ഇല്ലല്ലോ. വളരെ ആഴവും പരപ്പുമുള്ളതു തന്നെയാണ് എന്റെ വായനാലോകം. മലയാളം, ഇതര ഭാരതീയ ഭാഷകൾ, ലോകസാഹിത്യം എന്നിവയിൽ നിന്ന് കഥ, നോവൽ, കവിത, നാടകം, ജീവചരിത്രം, ആത്മകഥ, ചരിത്രം, യാത്രാവിവരണം, കുറ്റാന്വേഷണ കൃതികൾ, ജനപ്രിയ സാഹിത്യം എന്നിങ്ങനെ നാനാശാഖകളിൽ നിന്നുള്ള രചനകൾ വായിക്കുന്നുണ്ട്. ഒരേ സമയം അഞ്ചും നൂറും പുസ്തകങ്ങളിലൂടെയാകും കടന്നുപോകുന്നത്. വായനയുടെ ആനന്ദത്തിനായുള്ള വായനയും എന്റെ തന്നെ രചനാ, പ്രഭാഷണ ആവശ്യങ്ങൾക്കായുള്ള വായനയും ഉണ്ട്. എന്തായാലും അതിസമ്പന്നമായ ഒരു വായനാലോകം എനിക്ക് ഉണ്ട് എന്നു പറയാം. എഴുത്ത് ഇപ്പോഴും മുഖ്യമായി പേനയും കടലാസും ഉപയോഗിച്ചു തന്നെയാണ്. പഴയ ശീലത്തിൽ ഇപ്പോഴും തുടരുന്നു എന്നു പറയാം. പിന്നെ, സിനിമയുടെ എഴുത്തൊഴിച്ച് ബാക്കിയെല്ലാം വീട്ടിലിരുന്നു തന്നെയാകും. സിനിമ ആവശ്യപ്പെടുന്ന അനവധി തച്ചുകൾ ഉള്ള അധ്വാനം സുഗമമായി നടക്കണമെങ്കിൽ ഏകാന്തമായ ഇടങ്ങൾ വേണ്ടതുണ്ട്. ചില പ്രമേയങ്ങൾ മനസ്സിൽ കയറിവന്നാൽ പെട്ടെന്നു തന്നെ കഥയാകും. അതിദ്രുതം അതിന്റെ പക്വമായ വികാസം സംഭവിക്കും. എന്നാൽ ചിലതൊക്കെ ഏറെക്കാലം എടുത്തെന്നുമിരിക്കും. 23 വർഷങ്ങൾ എടുത്ത് എഴുതിയ ‘ചിത്രം’ പോലെയുള്ള കഥകൾ ഇതിനുദാഹരണമാണ്. എന്തായാലും മനസ്സിൽ വ്യക്തമായ ഒരു കഥാഗാത്രം കിട്ടാതെ ഞാൻ ഒരു കഥയും എഴുതാറില്ല.

∙ പുതിയ രചനാപദ്ധതികൾ? 

ഡിസി ബുക്സ് പുറത്തിറക്കിയ കഥാസമാഹാരമായ ‘കോട’ യാണ് അടുത്തിടെ പുറത്തുവന്നത്. വ്യത്യസ്ത കഥാസമാഹാരങ്ങൾ അണിയറയിലാണ്. ഒന്ന് ദൈവവും പിശാചും മാലാഖമാരും മുഖ്യകഥാപാത്രമായി വരുന്ന എന്റെ ഒരു പിടി കഥകളുണ്ട്. ഈ കഥകളുടെ ഒരു ആന്തോളജി ‘ഓ ദൈവമേ ഓ പിശാചേ’ എന്ന പേരിൽ മാതൃഭൂമി പുറത്തിറക്കുന്നു. പിന്നെയുള്ളത് എന്റെ രാഷ്ട്രീയ കഥകളുടെ ഒരു കലക്‌ഷനാണ്. ഇത് ‘വിനു ഏബ്രഹാമിന്റെ രാഷ്ട്രീയകഥകൾ’ എന്ന പേരിൽ ചിന്ത ബുക്സ് പുറത്തിറക്കുന്നു. കൂടാതെ ‘നഷ്ടനായിക’യുടെ ഇംഗ്ലിഷ് പരിഭാഷ ഉടനെ സ്പീക്കിങ് ടൈഗർ പുറത്തിറക്കുന്നു. പിന്നെ, പുതിയ കഥകൾ, അവയുടെ സമാഹാരം എന്നിങ്ങനെ. രണ്ടുമൂന്നു നോവലുകളുടെ പ്രമേയവും മനസിലുണ്ട്.

English Summary : Ezhuthu Varthamanangal - Writer Vinu Abraham on his literary works

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA