ADVERTISEMENT

‘കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല’- ഒരു സിനിമയുടെ പേരു പോലെ തോന്നുന്നുണ്ടോ? ഈ പേര് ഒരു പുസ്തകത്തിന്റേതാണ്. സിനിമയും അഭിനയവും ജീവിതമാക്കിയ ലക്ഷ്മിപ്രിയയുടെ ഏറ്റവും പുതിയ പുസ്തകത്തിന് ഇതിലും മികച്ച എന്തു പേരാണ് നൽകുക?

രാഷ്ട്രീയത്തിലും സമകാലിക വാർത്തകളിലും നന്നായി ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ലക്ഷ്മി പ്രിയ. ഒരുപക്ഷേ സമൂഹമാധ്യമങ്ങളിൽ ‘കുലസ്ത്രീ’ എന്ന വാക്കിന്റെ കൺസെപ്റ്റിനെ രസകരമായ ഒരു ട്രോൾ ഭാഷയിൽ കൊണ്ടു വരാൻ കാരണമായ വ്യക്തി. ഓണാട്ടുകരയിലെ വീട്ടമ്മയെക്കുറിച്ചെഴുതിയ ലക്ഷ്മിയുടെ കുറിപ്പ് വെർച്വൽ ലോകത്ത് നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരിച്ചു. എന്നാൽ അതുകൊണ്ടൊന്നും തളർന്നില്ലെന്നു മാത്രമല്ല, തന്റെ  ഊർജം കൂടുകയായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. തുടർന്ന് എഴുത്ത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി. അനുഭവങ്ങളും ജീവിതവും അക്ഷരങ്ങളായി. പുസ്തകമെന്ന ആഗ്രഹം സുഹൃത്തുക്കൾ ജ്വലിപ്പിച്ചതോടെ സമൂഹമാധ്യമങ്ങളിൽനിന്ന് താൽക്കാലികമായി മാറിനിന്ന് പുസ്തകം പൂർത്തിയാക്കി. അതിനു പേരുമിട്ടു -‘ കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല’

‘കഥ എന്റേതു തന്നെയാണ്. കഥാപാത്രങ്ങൾ എനിക്കു ചുറ്റുമുള്ളവരും. സാങ്കൽപികമല്ല എന്ന വരിയിൽ എല്ലാമുണ്ട്. ഇതിലെ കഥയും കഥാപാത്രവും എന്റെ ജീവിതമാണ്. സാങ്കൽപികമായി ഒരു പേരു പോലുമില്ല. ചില സിനിമയും സീരിയലുമൊക്കെ തുടങ്ങുന്നതിനു മുൻപ് എഴുതിക്കാണിക്കുന്നതു കണ്ടിട്ടില്ലേ,  ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കൽപികമാണ് എന്ന്. അതിൽ പറയുന്ന യാഥാർഥ്യങ്ങളുടെ ഉത്തരവാദിത്തം കയ്യേൽക്കാതെ ഒഴിയുന്നതാണത്. എന്നാൽ ഇങ്ങനെ ഒരു പേരിലൂടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഏറ്റെടുക്കുകയാണ്. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും സ്നേഹത്തിനും അങ്ങനെ എല്ലാത്തിനും ഞാൻ മാത്രമാണ് ഉത്തരവാദി. രണ്ടര വയസ്സുമുതൽ ഇതുവരെയുള്ള എന്റെ ഓർമകളും അനുഭവങ്ങളും യാത്രകളുമൊക്കെയാണ് വിഷയം. എന്റെ ബാല്യം, കൗമാരം, യൗവനം അങ്ങനെ എല്ലാം. നഷ്ടബാല്യം, പ്രണയം, സ്വപ്നം എല്ലാം വിഷയങ്ങൾ ആണ്’ – പുസ്തകത്തെക്കുറിച്ച് ലക്ഷ്മി പ്രിയ പറയുന്നത് ഇങ്ങനെയാണ്. 

book-by-lekshmi-priya-01

അഭിനയവും എഴുത്തും മാത്രമല്ല മികച്ച വായനയുമുണ്ട്. അതിന്റെ കരുത്തു തന്നെയാണ് എഴുത്തിനു പ്രേരണയെന്നും ലക്ഷ്മി പറയുന്നു. കയ്യിൽ കിട്ടുന്നതെന്തും വായിക്കാനാഗ്രഹിക്കുന്ന ലക്ഷ്മിയുടെ പ്രിയ വായനകൾ ഇതൊക്കെയാണ്: 

‘പൊതുവേ ആത്മകഥകളും ജീവചരിത്രവും വായിക്കാനാണിഷ്ടം. ഗാന്ധിജിയുടെ പുസ്തകം മുതൽ ഫൂലൻ ദേവിയു‌ടെ പുസ്തകം വരെ ആ നിര നീണ്ടു കിടക്കുന്നു. അനുഭവങ്ങളാണ് ഒരു മനുഷ്യനെ പരുവപ്പെടുത്തുന്നത്. ആത്മകഥകൾ വായിക്കുമ്പോൾ നാം അറിഞ്ഞിട്ടില്ലാത്ത ഒരു കാലഘട്ടത്തിലൂടെ കടന്നു പോകും. ഗുപ്തൻ നായർ സാറിന്റെ ‘മനസാസ്മരാമി’യൊക്കെ എല്ലാവരും വായിച്ചിരിക്കണം. ‘ഞാൻ തസ്‌ക്കരൻ’ എന്ന കള്ളന്റെ ആത്മകഥയും വായിച്ചു. ഒരാളും ഒരു സുപ്രഭാതത്തിൽ വലിയ അഡ്രസിനൊന്നും ഉടമയാകുന്നില്ല. അനുഭവങ്ങളിലൂടെയുള്ള കടന്നുപോക്ക് അതി പ്രധാനമാണ്.

              

ഇങ്ങനെയാണെങ്കിലും വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ ഏറ്റവുമിഷ്ടം രണ്ടാമൂഴമാണ്‌; ഇഷ്ട എഴുത്തുകാരൻ എംടി സാറും. ജീവിതത്തിൽ ഏറെ സ്വാധീനിച്ചതു രാമായണമാണ്. അടുത്തറിയുന്നവർക്കു മാത്രം അറിയുന്ന ഒരു ലക്ഷ്മി ഉണ്ട്. വളരെ സിംപിൾ ആയ ഒരാൾ. ഹൃദയം കൊണ്ടു മാത്രം ഇടപെടുന്ന ഒരാൾ. ആ ലക്ഷ്മിയുടെ പിറവിക്കു കാരണം രാമായണം തന്നെയാണ്.

lakshmi-priya-011

എഴുത്തിന്റെ അവസാന വാക്ക് എംടി സാർ തന്നെയാണ്. മാധവിക്കുട്ടിയും സാറ ടീച്ചറുമൊക്കെ (സാറാ ജോസഫ്) ഇഷ്ട എഴുത്തുകാർ തന്നെ. പുതിയ എഴുത്തുകാരിൽ ഏറെ ഇഷ്ടം സുഭാഷ് ചന്ദ്രനെയും’.

രണ്ടാമൂഴം, മാറ്റാത്തി, മനുഷ്യന് ഒരു ആമുഖം, സമുദ്രശില എന്നിവയാണ് ലക്ഷ്മി പ്രിയയുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ. എന്നാൽ വായന ജീവിതത്തെ എങ്ങനെയൊക്കെയാണു സ്വാധീനിക്കുക എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പൊതുവേ ഇത്തിരി പ്രയാസമാണ്. പക്ഷേ പല പുസ്തകങ്ങൾക്കും ജീവിതത്തെ മാറ്റി മറിക്കാനുള്ള കഴിവുണ്ട്. ചില പുസ്തകങ്ങൾ നമ്മുടെ ജീവിതം തന്നെയാണല്ലോ എന്നോർത്ത് ചിലപ്പോൾ അമ്പരപ്പ് തോന്നിയേക്കാം. അത്തരത്തിൽ പുസ്തകങ്ങളെ ജീവിതമായി കാണുകയാണ് ലക്ഷ്മി.

‘ഒരുപാട് ഭാഗ്യക്കേടുകൾക്കു നടുവിലൂടെ കടന്നു പോയ ആളാണ് ഞാൻ. പുസ്തകങ്ങൾ വായിച്ചു വളരാൻ സാധിച്ചു എന്നതു മാത്രമാണ് ഭാഗ്യം. അച്ഛനമ്മമാരോടൊപ്പം വളരാത്തതിനാൽ ഒരുപാടു കുഴപ്പങ്ങൾ ഉള്ള ആളായിരുന്നു ഞാൻ. ഓരോ പുസ്തകവും പാഠപുസ്തകങ്ങൾ ആണ്. പുസ്തകങ്ങൾ പരുവപ്പെടുത്തി എടുത്ത വ്യക്തിത്വം ആണ് എന്റേത്. എല്ലാത്തിൽനിന്നും എനിക്കു വേണ്ടത് വേർതിരിച്ചെടുക്കുന്നു. മനുഷ്യരോട് എങ്ങനെ സംസാരിക്കണം, ഇടപഴകണം, എങ്ങനെ കൃഷി ചെയ്യാം, എങ്ങനെ മുഖംമൂടി ഇല്ലാതെ ജീവിക്കാം,  യാത്രകൾ എങ്ങനെ ആസ്വദിക്കണം, എങ്ങനെ പ്രണയിക്കണം, എങ്ങനെ നല്ല ഭാര്യയാകാം  എന്നു പോലും പഠിച്ചത് വായിച്ചറിഞ്ഞ പുസ്തകങ്ങളിലെ കഥാപാത്രങ്ങളിലൂടെ ആണ്. ചിലപ്പോൾ നിങ്ങൾക്കത് അവിശ്വസനീയമായി തോന്നാം. സത്യം അതുതന്നെയാണ്.

lekshmi-priya-33

വായന വലിയ ഒരു ശീലമാണ്. എപ്പോഴെങ്കിലും മാറ്റിവച്ചാൽ നിന്നു പോകുന്ന, തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടുള്ള ശീലം. ഇടയ്ക്ക് ആ ശീലം എന്റെ കൈവിട്ടു പോയി. ഇപ്പോൾ പൂർവാധികം ശക്തമായി തിരിച്ചു പിടിച്ചു. കയ്യിൽ കിട്ടുന്നതെല്ലാം ഇപ്പോൾ ഞാൻ ആവേശത്തോടെ വായിക്കാറുണ്ട്’.

തിരക്കുകൾക്കിടയിൽ വായിക്കാൻ ഭാഗ്യം ലഭിക്കുന്നവർ എത്രയോ കുറവാണ്. എല്ലാം ഒരു ശീലത്തിന്റെയും ആഗ്രഹത്തിന്റെയും ഭാഗമാണെന്നു പറയുമ്പോഴും ഉള്ളിലെവിടെയോ അക്ഷരങ്ങൾ കിടന്ന് വീർപ്പുമുട്ടിക്കുന്ന മനുഷ്യരുണ്ട്. വായിക്കാനായില്ലെങ്കിൽ ശൂന്യരായിപ്പോകുന്നവർ. അവരുടെ ഗണത്തിലേക്കാണ് അഭിനേതാവായ ലക്ഷ്മി പ്രിയയും കടന്നു വരുന്നത്. അതുകൊണ്ടുതന്നെ ഈ 

English Summary : Actress Lakshmi Priya, Talks About Favourite Books, Writers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com