ADVERTISEMENT

മുസ്‌ലിം മത വിശ്വാസികൾക്കിടയിൽ നിക്കാഹിന് വധുവിന് സമ്മാനം നൽകുന്ന പതിവുണ്ട്. മഹർ എന്നാണ് ഈ സമ്മാനം അറിയപ്പെടുന്നത്. കാലങ്ങളായി സ്വർണമാണ് മഹറായി വരൻ നൽകി വരുന്നത്. എന്നാൽ മാറ്റങ്ങളുടെ കാലത്ത് മഹർ എന്ന സങ്കൽപ്പത്തിലും മാറ്റം കൊണ്ട് വന്നിരിക്കുകയാണ് കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശികളായ ഇജാസ് ഹക്കിമും  ഭാര്യ അജ്നയും. ഇരുവരുടെയും വിവാഹത്തിന് മഹാറായി അജ്ന ആവശ്യപ്പെട്ടത് 100  പുസ്തകങ്ങളാണ്. ഏറെ സന്തോഷത്തോടെ ഇജാസ് പുസ്തകങ്ങൾ മഹാറായി നൽകുകയും ചെയ്തു. ഡിസംബർ 29  നു നടന്ന വിവാഹത്തിലെ മഹർ ദാനം ചർച്ചയാകുന്നത് ഇജാസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോകളിലൂടെയാണ്. നാട്ടുനടപ്പനുസരിച്ച് ചിന്തിക്കാതെ മാറ്റത്തിന്റെ മാർഗം സ്വീകരിച്ചതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും  ഇജാസ്  പറയുന്നതിങ്ങനെ....

പക്കാ അറേഞ്ച്ഡ് മാരേജ് 

മഹറായി വധു ആവശ്യപ്പെട്ടത് പോലെ പുസ്തകങ്ങൾ നൽകിയപ്പോൾ പലരുടെയും സംശയം പ്രണയ വിവാഹമാണോ എന്നാണ്. എന്നാൽ വിവാഹം  പക്കാ അറേഞ്ച്ഡ് ആണ്. നാല് മാസങ്ങൾക്ക് മുൻപാണ് വിവാഹാലോചന വരുന്നത്. ചടയമംഗലത്ത് തന്നെയായിരുന്നു രണ്ടു കൂട്ടരുടെയും വീട്.  മാതാപിതാക്കൾക്ക് പരസ്പരം അറിയാവുന്ന കുടുംബങ്ങളാണ് എന്നത് മാത്രമാണ് മുൻപരിചയം എന്ന നിലക്കുണ്ടായിരുന്നത്. വിവാഹം ഉറപ്പിച്ചപ്പോൾ എങ്ങനെ നടത്തണം  എന്ന കാര്യത്തെ പറ്റി ഞങ്ങൾ പരസ്പരം ചർച്ച ചെയ്തു. എല്ലാവരും ചെയ്യുന്ന പോലെ ക്ലീഷേ രീതിയിലുള്ള വിവാഹ ചടങ്ങുകളിൽ ഞങ്ങൾ രണ്ടുപേർക്കും താൽപര്യം ഉണ്ടായിരുന്നില്ല. അപ്പോഴാണ്  മഹർ ആയി സ്വർണം വേണ്ടെന്ന് അജ്ന പറയുന്നത്.

 മഹർ വധുവിന്റെ അവകാശം 

ajna-with-books
അജ്ന

മഹർ എന്ന് പറയുന്നത് വധുവിന്റെ അവകാശമാണ്. അത് അവരുടെ ഇഷ്ടത്തിനാണ് നൽകേണ്ടത്. പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നൽകുന്നു എന്നാണ് ഇതിനർത്ഥം. വിവാഹമൂല്യം നിശ്ചയിക്കാതെയും നല്‍കാതെയുള്ള വിവാഹങ്ങള്‍ സാധുവാകുകയില്ല. . എന്നാൽ പലപ്പോഴും അത് അറിയാതെ പോകുന്നു.വരനും കുടുംബവും അവർക്കിഷ്ടമുള്ള സ്വർണാഭരണങ്ങൾ മഹറായി ഇടുന്നു. എന്നാൽ അജ്നക്ക് താൽപര്യം പുസ്തകങ്ങളോടായിരുന്നു. ധാരാളം വായിക്കുന്ന സ്വഭാവമുള്ള ആളാണ് കക്ഷി. എനിക്കും വായന ഏറെ ഇഷ്ടമുള്ള കാര്യമാണ്. അതിനാൽ അജ്ന ഇത്തരത്തിൽ ഒരു ആഗ്രഹം പറഞ്ഞപ്പോൾ ,അതാണ് ശരിയെന്ന് എനിക്കും തോന്നി. പിന്നീട് ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് എനിക്ക് തന്നു. ആ ലിസ്റ്റിൽ പറയുന്ന പുസ്തകങ്ങളും ഒപ്പം എനിക്കിഷ്ടപ്പെട്ട ചില പുസ്തകങ്ങളും ഞങ്ങളുടെ പൊതുവായ  ചിന്തകൾക്ക് ചേരുന്ന പുസ്തകങ്ങളും ചേർത്താണ് 100  പുസ്തകങ്ങൾ മഹാറായി നൽകിയത്. 

എതിർപ്പുകൾക്കിടയിലും വീട്ടുകാർ പൂർണ പിന്തുണ 

മഹറായി സ്വർണമല്ല പുസ്തകങ്ങളാണ് നൽകുന്നത് എന്ന് പറഞ്ഞപ്പോൾ പരിചയത്തിലുള്ള ചില വ്യക്തികളും ബന്ധുക്കളിൽ ചിലരും  എതിർത്തു.നാട്ടുനടപ്പനുസരിച്ച് സ്വർണം നൽകണം എന്നായിരുന്നു അവരുടെ വാദം. എന്നാൽ ശരിയല്ലെന്ന് തോന്നുന്ന നാട്ടുനടപ്പുകൾ ഒഴിവാക്കണം എന്നതായിരുന്നു ഞങ്ങളുടെ പക്ഷം.  ഞങ്ങൾ രണ്ടുപേരുടെയും മാതാപിതാക്കളുടെ ഭാഗത്ത് നിന്നും പൂർണ പിന്തുണയാണ് ഇക്കാര്യത്തിൽ  ലഭിച്ചിരുന്നത്. എന്റെയും അജ്നയുടെയും മാതാപിതാക്കൾ അധ്യാപകരാണ്. അതിനാൽ അവർക്ക് അക്ഷരങ്ങളുടെ മൂല്യമറിയാം. അജ്നയും ബിഎഡ് പഠിക്കുകയാണ്.

നിക്കാഹ് കഴിഞ്ഞിട്ട് ഒരു മാസമാകുന്നു 

ajna-ijas
അജ്ന, ഇജാസ്

ഇത്തരത്തിൽ വ്യത്യസ്തമായി ഒരു മഹർ നൽകുന്നത് വാർത്തയായത് ഇപ്പോഴാണെങ്കിലും നിക്കാഹ് കഴിഞ്ഞിട്ട് ഒരു മാസമാകുന്നു. ഡിസംബർ 29  നായിരുന്നു ചടങ്ങ്. മഹർ നൽകിയത് ഞങ്ങളുടെ തീർത്തും സ്വകാര്യമായ ഒരു ചടങ്ങ് എന്ന നിലക്കാണ് ഞങ്ങൾ കണ്ടത്. അതിനാൽ ചിത്രങ്ങൾ ഒന്നും പങ്കുവച്ചില്ല. എന്നാൽ പിന്നീട് ഫോട്ടോഗ്രാഫർ ചിത്രങ്ങൾ തന്നപ്പോൾ, സന്തോഷം കൊണ്ട് പങ്കുവച്ച ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. വാർത്ത ചർച്ചയായപ്പോൾ ഇത് തന്നെയാണ് ശരി എന്ന് എനിക്ക് തോന്നി. കാരണം മഹർ എന്നത് വധുവിന്റെ അവകാശമാണ് എന്ന് ഇന്നും പലർക്കും അറിയില്ല. 

നൽകിയ പുസ്തകങ്ങളിൽ ഖുറാനും ബൈബിളും ഗീതയും 

സ്ത്രീധനം, മതത്തിന്റെ പേരിലുള്ള വേർതിരിവ് തുടങ്ങിയ കാര്യങ്ങളിലോട് എതിർപ്പാണ്. ഐക്യത്തിലാണ് വിശ്വസിക്കുന്നത്. അതിനാൽ തന്നെ മഹറായി നൽകിയ 100  പുസ്തകങ്ങളുടെ കൂട്ടത്തിൽ ഖുറാനും ബൈബിളും ഗീതയും ഉൾപ്പെട്ടിട്ടുണ്ട്.ഇനിയുള്ള തലമുറ  നല്ലത് വായിച്ച് വേണം വളരാൻ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 

English Summary : Interview With Ijas Who provide 100 books as Mahar to bride Who asked For it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com