ADVERTISEMENT

നവോത്ഥാനത്തിനു മുൻപ് യൂറോപ്യൻ രാജ്യങ്ങൾ വലിച്ചെറിഞ്ഞ മൂല്യങ്ങൾക്കു പിന്നാലെയാണ് ഇന്ത്യ ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് പ്രമുഖ ഇന്ത്യൻ ഇംഗ്ലിഷ് നോവലിസ്റ്റും മലയാളിയുമായ ആനന്ദ് നീലകണ്ഠൻ. ജയ്പുർ സാഹിത്യോത്സവ വേദിയിൽ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന

കർമത്തെയും കർമഫലത്തെയും പറ്റി ഒരുപാട് എഴുതിയിട്ടുണ്ടല്ലോ. ഇന്ത്യയുടെ ഇതിഹാസവും പുരാണവും അന്വേഷണമേഖലയാക്കിയ എഴുത്തുകാരൻ എന്ന നിലയിൽ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെ എങ്ങനെയാണു കാണുന്നത്?

ഇന്ത്യ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. ഇന്ത്യയുടെ സംസ്കാരവുമായി ഒരു ബന്ധവുമില്ലാത്ത ഒരു വ്യാജ സംസ്കാരമാണ് ഇപ്പോൾ പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതും. എല്ലാവർക്കും അഭയം നൽകിയ രാജ്യം അങ്ങനല്ലാതെയാകുന്നു.

∙കഥയെഴുത്തിൽ പുരാണം വിട്ട് ചരിത്രത്തിലേക്ക് വരാത്തതെന്താണ്?

ചാണക്യനെ വില്ലനാക്കി പുതിയൊരു നോവൽ എഴുതുന്നുണ്ട്. പെൻഗ്വിനായിരിക്കും പ്രസിദ്ധീകരിക്കുക. രാക്ഷസരുടെ കഥ പറയുന്ന മറ്റൊരു നോവലും വരുന്നുണ്ട്. വാനരയ്ക്കും അസുരയ്ക്കും ഒക്കെ പിന്നാലെ ഇപ്പോൾ എഴുത്ത് കൂടുതലും ടിവിക്കും നെറ്റ്ഫ്ലിക്സിനുമൊക്കെ വേണ്ടിയാണ്. പട്ടാളക്കഥകളുടെ ഒരു സീരീസും ഹിന്ദിയിൽ ചെയ്തു. ആമസോണിനുവേണ്ടി ചിലബംഗാളി ക്ലാസിക്കൽ കഥകൾ പുനരാവിഷ്കരിക്കുന്നുണ്ട്. സ്വയം കഥ വായിക്കുന്ന ചില ഏർപ്പാടുകളിൽ കരാർ ഒപ്പുവച്ചിട്ടുണ്ട്. ഈ മേഖലയിലേക്ക് വിദേശസ്ഥാപനങ്ങൾ കോടികൾ മുതൽമുടക്കാൻ തയാറായി നിൽക്കുകയാണ്. ഇന്ത്യയിൽ കഥപറച്ചിലിന്റെ വലിയ സാധ്യതയുണ്ടെന്ന് അവർക്കറിയാം. 

∙ പുരാണകഥ വീണ്ടും പറയുന്നത് വീണ്ടും ഭാവനയുടെ സാധ്യതകൊണ്ടാണോ? എന്തും പുരാണായി അവതരിപ്പിക്കാവുന്ന അവസ്ഥയിലേക്ക് ഈ സാഹചര്യം കൊണ്ടെത്തിക്കുന്നുണ്ടോ?

പുരാണം എക്കാലത്തും അങ്ങനെയായിരുന്നു. രാമൻ സീതയുടെ സഹോദരനായി വരുന്ന രാമായണകഥയുണ്ട്. രാമൻ വാരണാസിയിൽ ജനിച്ചെന്ന കഥയുണ്ട്. ഗണപതി ബ്രഹ്മചാരിയും മുരുകൻ വിവാഹിതനുമാണെന്ന് തെക്കേ ഇന്ത്യക്കാർ വിശ്വസിക്കുമ്പോൾ മറിച്ചാണ് വടക്കേ ഇന്ത്യയിലെ വിശ്വാസം. ഇതെല്ലാം പലകാലത്ത് പലരെഴുതിയ കഥകൾ തന്നെയായിരിക്കില്ലേ? കുറേക്കാലം കഴിഞ്ഞ് നമ്മളെഴുതിയ കഥയും ഇതുപോലെയായിത്തീരും.

∙ പുരാണകഥാവായനയ്ക്ക് താൽപര്യം കൂടിവരുന്നുണ്ടോ?

അതിനെന്നും വായനക്കാരുണ്ട്. ഞാനൊഴിച്ച് ഇന്ത്യയില്‍ ഈ മേഖല കൈകാര്യം ചെയ്യുന്ന പല എഴുത്തുകാരും തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളാണ്. ആറ്റംബോബ് പുരാണകാലത്തുമുണ്ടായിരുന്നു എന്നുവിശ്വസിക്കുന്നവർക്കുവേണ്ടിയാണ് അവർ എഴുതുന്നത്. അതുവായിക്കാൻ ആളുകളും കൂടുതലുണ്ട്. ഞാനങ്ങനെയല്ല, അസുരയൊക്കെ അത്തരം ചിന്താഗതികളെ എതിർത്തുകൊണ്ട് വിരുദ്ധധ്രുവത്തിലേക്കാണു പോകുന്നത്. എന്നിട്ടും ഇത്രയേറെപ്പേർ വായിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.

∙ രാജ്യാന്തരതലത്തിൽ വായനക്കാരും പുറംലോകവുമായി നിരന്തര സമ്പർക്കവുമുള്ള ഒരാളെന്ന നിലയിൽ കേരളത്തിന്റെ വർത്തമാനകാലാവസ്ഥയെ എങ്ങനെ കാണുന്നു?

സാമൂഹികമായി കേരളം വളരെ പുരോഗമിച്ചു. ജീവിതാവസ്ഥ മെച്ചപ്പെട്ടു. പക്ഷേ, ആവശ്യമില്ലാത്ത സദാചാരബോധം വളരെക്കൂടി. വർഗീയത പ്രകടമായില്ലെന്നെയുള്ളൂ. അത് പണ്ടേ എല്ലാവരുടെയും മനസിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ വർഗീയമായ അക്രമങ്ങൾ ഉണ്ടാകുന്നില്ലെന്നേയുള്ളു.

English Summary : Interview With Anand Neelakantan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com