അക്ഷരങ്ങൾ മോഷ്ടിക്കുന്നവരോട് ഒരു എഴുത്തുകാരനു പറയാനുള്ളത്

Rihan Rashid
റിഹാൻ റാഷിദ്
SHARE

സിനിമ പോലെ സാഹിത്യരചനകളുടെയും പൈറേറ്റഡ് കോപ്പികൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പ്രസാധകരും പുതുമുഖ എഴുത്തുകാരുമാണ് ഇതിൽ ഏറ്റവും അധികം വിഷമിക്കുന്നതും. പ്രസാധനത്തിന്റെ ബുദ്ധിമുട്ട് അറിയുകയോ അനുഭവിക്കുകയോ ചെയ്യാത്ത ചില എഴുത്തുകാർ ഈ വിഷയത്തിൽ ഒന്നു  കണ്ണടയ്ക്കാറുണ്ട്, എങ്ങനെയായാലും പുസ്തകം വായിക്കപ്പെട്ടാൽ മതി എന്ന ചിന്തയാണ് അതിനു പിന്നിൽ. ആമസോൺ കിൻഡിൽ അടക്കമുള്ള ഇ-ബുക്ക് റീഡറുകളിലും മറ്റും പുസ്തകങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ, പൈറസി എന്ന പ്രശ്നം എഴുത്തുകാർ വളരെയധികം നേരിടുന്നുണ്ട്.

സ്വയം പ്രസാധനം ചെയ്യാനുള്ള നവ മാർഗ്ഗങ്ങളിൽ ഒന്നാണ് പുസ്തകത്തിന്റെ ഇ–ബുക്ക് പതിപ്പുകൾ. ചെറിയൊരു തുക ഈടാക്കി പുസ്തകം ഓൺലൈനിൽ വായിക്കാൻ ലഭ്യമാക്കുന്ന രീതിയാണിത്. പുസ്തക പ്രസാധനം അത്ര എളുപ്പമല്ലാത്ത സാഹചര്യത്തിൽ എഴുത്തുകാർ സ്വയം ഇ–ബുക്ക് ഇറക്കുകയോ എഴുത്തുകാരുടെ അനുവാദത്തോടെ പ്രസാധകർ അതു ചെയ്യുകയോ ആണ് പതിവ്. ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് പൈറസി അഥവാ വ്യാജ പതിപ്പുകൾ. എഴുത്തുകാർക്കും പ്രസാധകർക്കും അതു നൽകുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. 

‘സമ്മിലൂനി ’ എന്ന ചെറുകഥാ സമാഹാരത്തിലൂടെ എഴുത്തിലേക്കു കടന്നു വന്ന യുവസാഹിത്യകാരൻ റിഹാൻ റാഷിദ് തന്റെ പുതിയ പുസ്തകത്തിന്റെ കിൻഡിൽ പതിപ്പ് പൈറേറ്റ് ചെയ്യപ്പെട്ടതിൽ പ്രതികരിക്കുകയാണ്. റിഹാന്റെ ‘അഘോരികളുടെ നാട്ടിലൂടെ’ എന്ന ചെറു നോവൽ ആണ് മോഷ്ടിക്കപ്പെട്ടത്. ആരാണ് ഇതു ചെയ്തതെന്ന് റിഹാനു നിശ്ചയം ഇല്ലെങ്കിലും മറ്റൊരാൾ വഴി പുസ്തകത്തിന്റെ പിഡിഎഫ് തനിക്കുതന്നെ ലഭിച്ചപ്പോഴാണ് റിഹാൻ ഇത് അറിയുന്നത്. ഒരു സഞ്ചാര സാഹിത്യ കൃതി എന്നു പറയാവുന്ന ഈ പുസ്തകം വളരെ മനോഹരമായി, അമ്പരപ്പിക്കുന്ന ശൈലിയിലും ഭാഷയിലുമാണ് എഴുതപ്പെട്ടിട്ടുള്ളത്. 

തന്റെ പുസ്തകം മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് റിഹാൻ സംസാരിക്കുന്നു: 

‘ഒരെഴുത്ത് സംഭവിക്കുക എന്നത് എളുപ്പമുള്ള സംഗതിയല്ല. ഒരുപാടു ദിവസത്തെ മാനസിക പിരിമുറക്കങ്ങളുടെ ആകെ തുകയാണ് ഓരോ എഴുത്തും. ഉപ്പുപാടത്ത് കടുംവെയിലേറ്റു നിന്ന് കൂലിപ്പണി എടുക്കുന്ന അതേ വിഷമതകൾ ഉണ്ടതിന്. ആ ജോലിക്ക് വളരെ കുറഞ്ഞ വരുമാനമാണ് ലഭിക്കുക. അതെങ്കിലും കിട്ടാനാണ് അതു പുസ്തകമാക്കിയത്.  അച്ചടിക്കു തയാറായിരുന്ന ഒരു പുസ്തകത്തെയാണ് ആമസോൺ കിൻഡിൽ എഡിഷനിൽനിന്ന് നിങ്ങൾ പിഡിഎഫ് ഫയലാക്കി ടെലഗ്രാം ചാനലുകളിലൂടെ പ്രചരിപ്പിക്കുന്നത്. 

akhorikalude-idayil-2525

വായിക്കപ്പെടുന്നതിൽ സന്തോഷമേയുള്ളു. പക്ഷേ ഒരു നേരത്തെ വിശപ്പിന്, ബസ്കാശിന്, ഒരുപാടു വായിക്കാൻ ആശിക്കുന്ന ഒരു പുസ്തകം വാങ്ങിക്കാൻ, വീട്ടിൽ വച്ചുവിളമ്പാൻ വളരെ അത്യാവശ്യമുള്ള സാധനങ്ങൾ വാങ്ങുവാൻ... ഇങ്ങനെ വളരെ കുറഞ്ഞ ആഗ്രഹങ്ങൾ നിറവേറ്റാൻ ചെറിയൊരു തുകയെങ്കിലും ലഭിക്കുമായിരുന്ന ‘അഘോരികളുടെ നാട്ടിലൂടെ’ എന്ന എന്റെ പുസ്തകത്തെ എന്തിനാണ് നിങ്ങൾ മോഷ്ടിച്ചെടുത്തത്? ഈ പ്രവൃത്തിയിലൂടെ നിങ്ങൾക്ക് എന്തു സന്തോഷമാണ് ലഭിക്കുന്നത്? എല്ലാം കൊണ്ടും തകർന്ന, എഴുതുന്നതിന്റെ പേരിൽ പരിഹാസങ്ങൾ ഏറ്റുവാങ്ങുന്ന ഒരുവനെ വീണ്ടും വീണ്ടും കുത്തിനോവിക്കാൻ വേണ്ടിയാണോ?

പ്രിയപ്പെട്ട ചങ്ങാതീ, നിങ്ങൾക്കറിയുമോ ഓരോ ദിവസവും ഞാനെങ്ങനെയാണു കടന്നു പോവുന്നതെന്ന്? പത്തു രൂപയ്ക്കു പോലും പാവം ഉപ്പയുടേയും ഉമ്മയുടേയും മുൻപിൽ കൈനീട്ടേണ്ടവന്റെ ഗതികേടിനെയും കടം നൽകിയവരുടെ കുത്തുവാക്കുകൾ കേൾക്കുന്നതിനെയും കുറിച്ച്? സ്ഥിരമായൊരു ജോലി ഇല്ലാത്തതിന്റെ ദുരിതം അൽപമെങ്കിലും മറികടക്കാൻ ഈ പുസ്തകം വിറ്റുകിട്ടുന്ന പണം കൊണ്ടു കഴിയുമായിരുന്നു.. നിങ്ങളോട് ദേഷ്യപ്പെടാനോ വഴക്കുകൾക്കോ ഞാനില്ല. സ്നേഹം മാത്രമേയുള്ളൂ. ഒരിക്കൽ പോലും നേരിട്ടു കാണാത്ത നിങ്ങളോട് വെറുപ്പിന്റെ കുപ്പായമണിഞ്ഞിട്ട് എനിക്കൊരു നേട്ടവുമില്ല. നിങ്ങൾ ഇതു ചെയ്തിരുന്നില്ലെങ്കിൽ ആ പുസ്തകം എന്റെ ദാരിദ്യ്രത്തിന്റെ  തോത് കുറച്ചേനേ. ആ പുസ്തകം പ്രസിദ്ധീകരിക്കാൻ തയാറായ പ്രസാധകനു മുൻപിൽ ഇനി അത് പ്രസിദ്ധീകരിക്കാതിരിക്കുക എന്ന വഴി മാത്രമേയുള്ളൂ. 

അജ്ഞാതരായ ചങ്ങാതിക്ക്/കൾക്ക്  മുൻപിൽ എന്റെയീ എഴുത്ത് എത്തുകയാണെങ്കിൽ ഒരു നിമിഷമെങ്കിലും ആലോചിക്കുക. എന്റെ വേദനകൾ ശമിക്കില്ല. മറ്റാരുടെയും പുസ്തകങ്ങളെ, എഴുത്തുകളെ ഇങ്ങനെ ചെയ്യാതിരിക്കുക. ഒരുപാടു നാളത്തെ കഠിനമായ അധ്വാനമാണ് ഓരോ പുസ്തകവും.’

English Summary : Rihan Rashid Talks About Piratod Books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA