ADVERTISEMENT

സങ്കടങ്ങളില്ലാത്ത അരണമരങ്ങളുടെ താരാട്ടു കേട്ട്, കോടമഞ്ഞിന്റെ പുതപ്പിനുള്ളിൽ ഉറങ്ങാൻ തുടങ്ങുകയാണു ക്യാംപ് കൈലാസ്. 

‘അല്ലയോ അരണമരങ്ങളേ, നിങ്ങൾക്കെന്താണു സങ്കടങ്ങളില്ലാത്തത് ?’ 

‘സങ്കടങ്ങൾ പിടിപ്പതുണ്ടായിരുന്നു. എന്നാലിപ്പോൾ അശോകം പൂത്തതോടെ ഞങ്ങളുടെ വ്യഥകൾ രാത്രിമുല്ലകൾ ഏറ്റെടുത്തിരിക്കുന്നു’. 

‘മുല്ലവള്ളികളേ നിങ്ങൾക്കിതു താങ്ങാനാകുമോ?’  

‘ഞങ്ങളുടെ ദുഃഖങ്ങൾ ഇതാ ഈ മൊട്ടുകൾ വിരിയുന്നതോടെ ഇല്ലാതാവാൻ പോകുന്നു’. (നീർദിന്റെ പുസ്തകങ്ങൾ ) 

വിടരാൻ തുടങ്ങുന്ന മുല്ലമൊട്ടുകളുടെ സുഗന്ധമുള്ള വാക്കുകൾ. അനുഭൂതികളുടെ ആകാശത്തേക്കു തുറക്കുന്ന വാതിലുകൾ. തൊട്ടെടുക്കാൻ കഴിയുന്ന ആർദ്രതയും കരുണയും സ്നേഹവും സമാശ്വാസവും. ആനി വള്ളിക്കാപ്പൻ എഴുതുകയല്ല, പറയുകയാണ്; അത്രമേൽ സ്നേഹത്തോടും സൗഹൃദത്തോടും കൂടി. ആ വാക്കുകൾക്കു കാതുകൊടുക്കാതിരിക്കാൻ കഴിയില്ല; ആ വികാരങ്ങളെ ഏറ്റുവാങ്ങാതിരിക്കാനും. മലയാളം ഹൃദയത്തിൽ ഏറ്റുവാങ്ങിയ രണ്ടു നോവലുകൾ—  ‘കാവൽക്കാരി’, ‘നീർദിന്റെ പുസ്തകങ്ങൾ’. ഒരു കഥ. എഴുത്തിന്റെ ലോകത്തു സജീവമാണ് ആനി വള്ളിക്കാപ്പൻ. 

വാക്കുകൾക്കു സുഗന്ധമുണ്ട്; പേനയ്ക്കും പേപ്പറിനും പോലും 

സ്നേഹ സുഗന്ധമുള്ള വാക്കുകൾ ആനി എഴുതുന്നതു പേനകൊണ്ട്, പേപ്പറിൽ. ഡിജിറ്റൽ കാലത്തും പേനയും പേപ്പറുമുപയോഗിച്ച് എഴുതുന്ന യുവതലമുറയിലെ അപൂർവം എഴുത്തുകാരിൽ ഒരാളാണ് ആനി. 

കോട്ടയം മർമല സ്വദേശിയായ ആനിയുടെ ആദ്യ നോവൽ ‘കാവൽക്കാരി’ പുറത്തിറങ്ങുന്നത് 2011–ൽ. എട്ടു വർഷങ്ങൾക്കുശേഷം 2019 ൽ രണ്ടാമത്തെ നോവൽ: ‘നീർദിന്റെ പുസ്തകങ്ങൾ’. നീണ്ട ഇടവേളയ്ക്കു ശേഷം ഭാഷാപോഷിണിയിൽ ഒരു കഥ: കുരിശും കൊടയും വാളാവളഞ്ചനും. രണ്ടു ചെറിയ നോവലുകളിലൂടെ ത്തന്നെ എഴുത്തിൽ സ്വന്തം  ലോകം സൃഷ്ടിച്ച ആനി ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കൊപ്പം മൂന്നാമത്തെ നോവലിന്റെയും പണിപ്പുരയിലാണിപ്പോൾ. കൗതുകകരമാണ് ആനിയുടെ എഴുത്തിന്റെ ലോകം; വ്യത്യസ്തവും. തന്നെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ആനി പറയുന്നു. 

പാരമ്പര്യമായി കിട്ടിയതു ലൈബ്രറി 

annie44
ആനി വള്ളിക്കാപ്പൻ

മെഴുകുതിരിവെളിച്ചത്തിലാണു ഞാൻ എഴുതുന്നത്. പേപ്പറിൽ പേന കൊണ്ട്. അതാണെനിക്കിഷ്ടം. അതുതന്നെയാണ് എന്റെ വാക്കുകളുടെ കരുത്ത്; ദൗർബല്യവും. അധികമൊന്നും വായിച്ചിട്ടില്ലെങ്കിലും വായിച്ചതെല്ലാം മനസ്സിലുണ്ട്. എസ്.കെ. പൊറ്റെക്കാട്ട്, ബഷീർ, ഉറൂബ് എന്നിവരാണു പ്രിയപ്പെട്ട എഴുത്തുകാർ. അവരുടെ പുസ്തകങ്ങൾ ആവർത്തിച്ചു വായിക്കുന്നതാണ് ഏറെയിഷ്ടം. 

കോട്ടയം പാലാ ഭരണങ്ങാനത്താണു ജനിച്ചത്. നാട്ടിൽത്തന്നെ കോളജ് വിദ്യാഭ്യാസവും. എഴുത്തിൽ പ്രത്യേകിച്ചു പാരമ്പര്യമൊന്നുമില്ല. എങ്കിലും പുസ്തകങ്ങളിലേക്കു നയിച്ചതു മുത്തച്ഛനാണ്. അദ്ദേഹത്തിനു വലിയൊരു ലൈബ്രറിയുണ്ടായിരുന്നു. പല ഭാഷകളിലുള്ള അനേകം പുസ്തകങ്ങൾ. ആ മുറിയുടെയും പുസ്തകങ്ങളുടെയും മണം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. നാട്ടിൽ കോളജ് വിദ്യാഭ്യാസത്തിനുശേഷം ബിരുദാനന്തര ബിരുദം ഓസ്ട്രേലിയയിലെ  ലാട്രോബ് സർവകലാശാലയിൽ. വിഷയം മീഡിയ സ്റ്റഡീസ്.

എൽസയുടെ കാവൽക്കാരി 

പഠനത്തിനിടെ, ഭാവിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ എനിക്കൊരു വഴി തിരഞ്ഞെടുക്കേണ്ടിവന്നു. എങ്ങനെയെന്നറിയില്ല, ഞാൻ തിര‍ഞ്ഞെടുത്തത് എഴുത്ത്. അടുത്ത 10 വർഷത്തിനകം ഒരെഴുത്തുകാരിയാകുമെന്നു തീരുമാനിക്കുമ്പോൾ, അതെങ്ങനെ സംഭവിക്കുമെന്ന് എനിക്കുപോലും അറിയില്ലായിരുന്നു. പഠനം കഴിഞ്ഞു നാട്ടിലെത്തി കുറച്ചുനാൾ അധ്യാപികയായി. അപ്പോഴേക്കും എഴുത്ത് തള്ളിക്കളയാനാകാത്ത പ്രലോഭനമായി. അങ്ങനെ ഞാൻ എൽസയെക്കുറിച്ചെഴുതി; കാവൽക്കാരിയിലെ നായിക. എൽസ ഞാൻ തന്നെയാണ്. എന്നാൽ പൂർണമായും ഞാനല്ല. എൽസയുടെ വിലാസമായി നോവലിൽ കൊടുത്തിരിക്കുന്നത് എന്റെ തന്നെ വിലാസമാണ്. കൗമാരത്തിൽനിന്നു യൗവനത്തിലേക്കു കടക്കുന്ന ഒരു പെൺകുട്ടിയുടെ മനോവിചാരങ്ങളിലൂടെ കേരളത്തിലെ ഒരു മലയോര ഗ്രാമത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണു പറയാൻ ശ്രമിച്ചത്. കെ.സി. നാരായണന്റെ അവതാരികയോടെയാണ് കാവൽക്കാരി പുറത്തുവന്നത്. 

കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ സുഹ്‍റയെ കണ്ടപ്പോൾ

annie66
ആനി വള്ളിക്കാപ്പൻ

ആഴത്തിൽ ബാധിച്ചതും ഉൾക്കൊണ്ടതുമാണ് ഞാൻ എഴുതുന്നത്. പരിചിതമല്ലാത്ത വിഷയങ്ങൾ തേടിപ്പോകാറില്ല. കാവൽക്കാരിയിൽ ഞാൻ തന്നെയായിരുന്നു കഥാപാത്രമെങ്കിൽ രണ്ടാമത്തെ നോവലായ നീർദിന്റെ പുസ്തകം ഒരു ലൈബ്രറിയുടെ കഥയാണു പറയുന്നത്. ചില്ലുസത്രം. അതെന്റെ മുത്തച്ഛന്റെ ഗ്രന്ഥശാല തന്നെ. അനാഥമായപ്പോൾ ഞാൻ ഏറ്റെടുത്ത ഗ്രന്ഥശാല. അവിടെനിന്നു ഞാൻ കണ്ടെത്തിയ കഥാപാത്രങ്ങളെയാണ് നോവലിൽ ഉപയോഗിച്ചത്. കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ ബഷീറിന്റെ ബാല്യകാലസഖിയിലെ സുഹ്റയെ കാണുന്ന രംഗമൊക്കെ നീർദിന്റെ പുസ്തകങ്ങളിലുണ്ട്. പുസ്തകങ്ങളുടെ കഥയാണത്; പുസ്തകങ്ങളെ ജീവനുതുല്യം സ്നേഹിച്ച മനുഷ്യരുടെയും. ചെല്ലമണി എന്ന പെൺകുട്ടിയാണ് ചില്ലുസത്രത്തിലെ പുസ്തകങ്ങൾക്കു പുതുജീവൻ കൊടുക്കാൻ എത്തുന്നത്. എന്റെതന്നെ നിഴൽ. 2019 ഏപ്രിലിലാണ് നീർദിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്.   

ജീവിതത്തെ പ്രണയിക്കുന്ന മരണം 

എന്റെ ഉള്ളിൽ ഇപ്പോൾത്തന്നെ ഒരായിരം കഥകളെങ്കിലുമുണ്ട്. പക്ഷേ, മനസ്സിനെ ആഴത്തിൽ സ്പർശിച്ച, എനിക്കു നന്നായറിയാവുന്ന വിഷയങ്ങൾ മാത്രമാണു ഞാൻ സ്വീകരിക്കുന്നത്. ജീവിതവും മരണവും തമ്മിലുള്ള സംഭാഷണമാണ് അടുത്ത നോവലിന്റെ പ്രമേയം. അതു പൂർണമായി മനസ്സിലുണ്ട്. ജീവന്റെ ഉയിർപ്പ്. ഇനി എഴുതിത്തുടങ്ങണം. ഒരു തിരക്കഥ പൂർണമാക്കിക്കഴിഞ്ഞു. അതുടൻ സിനിമയാകും. വിശദാംശങ്ങൾ വൈകാതെ പുറത്തുവരും. 

മറക്കുന്നതെങ്ങനെ; മലയാളത്തെ 

annie33
ആനി വള്ളിക്കാപ്പൻ

ഇംഗ്ലിഷ് സാഹിത്യവും കമ്യൂണിക്കേഷനും മീഡിയയും മറ്റും പഠിക്കുകയും വിദേശത്ത് ഉപരിപഠനം നടത്തുകയും ചെയ്ത ആനിക്ക് ഇഷ്ടഭാഷ മലയാളം തന്നെ. പാണ്ഡിത്യത്തെക്കാൾ ഭാഷയോടുള്ള സ്നേഹം തന്നെയാണു പ്രധാന കൈമുതൽ. എഴുതുന്ന ഓരോ വാക്കും ശരിയും പൂർണവുമാകണമെന്നു നിർബന്ധമുള്ളതിനാൽ നിഘണ്ടു അടുത്തുവച്ചുകൊണ്ടാണ് എഴുതുന്നത്. ഇസ്രയേൽ ആസ്ഥാനമായ മോബ്കോ മീഡിയയിൽ, ബെംഗളൂരുവിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുന്നു.  ഇടയ്ക്കിടെ നാട്ടിലെത്തും. പുതിയ കഥകൾ സ്വരൂപിച്ചുകൊണ്ടു മടക്കയാത്ര. 

സ്നേഹിക്കുന്ന എഴുത്ത് 

annie-11
ആനി വള്ളിക്കാപ്പൻ

നാട്യമില്ലാത്ത എഴുത്താണ് ആനിയുടേത്. വാചാലതയില്ലാത്ത, പ്രകടനപരതയില്ലാത്ത ധ്വനിസാന്ദ്രമായ ശൈലി; ഹൃദയം കൊണ്ട് സംസാരിക്കുന്നതുപോലെ. കൊച്ചു കൊച്ചു വാചകങ്ങൾ. ലളിതമായ വാക്കുകൾ. എന്നാൽ വാക്കുകൾ ആനി അടുക്കിവയ്ക്കുമ്പോൾ അവയ്ക്കു രാത്രിമുല്ലകളുടെ സുഗന്ധം സ്വായത്തമാകുന്നു. അവ വായനക്കാരെ പിന്തുടരുന്നു; പിൻവിളി വിളിക്കുന്ന വനവസന്തം പോലെ, ലയിച്ചുചേരാൻ പ്രേരിപ്പിക്കുന്ന നിലാവിന്റെ നീലവാനം പോലെ.

മറക്കാനാകുമോ നീർദിന്റെ പുസ്തകങ്ങളുടെ അവസാനഭാഗം:  

ഇതു വായിക്കുന്ന എന്റെ സുഹൃത്തേ, താങ്കളോടു ഞാൻ ഒരു സ്വകാര്യം പറയട്ടെ? കാത് തരൂ... അതായത് എനിക്കു നിങ്ങളോട് കടുത്ത സ്നേഹമാണ്. അതിനു പകരമായി ഞാൻ എഴുതിയ ഈ അക്ഷരങ്ങളെ താങ്കൾക്കു പ്രണയിക്കാമോ ?....

English Summary: Interview with Annie Vallikkappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com