ADVERTISEMENT

പുരാണം കഥാപശ്ചാത്തലമാക്കുകയും ഇതിഹാസ കഥാപാത്രങ്ങളെ നായകരാക്കുകയും ചെയ്ത മലയാളിയായ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ ഇതാദ്യമായി ജന്മനാടായ തൃപ്പൂണിത്തുറ പശ്ചാത്തലമാക്കി നോവൽ എഴുതുന്നു. ആത്മകഥാംശം നിറഞ്ഞ നോവലിൽ 1914 മുതൽ 1992 വരെയുള്ള തൃപ്പൂണിത്തുറയുടെ ജീവിതമാകും നിറയുക. ക്രിക്കറ്റ്, സംഗീതം, രാജവാഴ്ചയിൽനിന്നുള്ള മാറ്റങ്ങൾ തുടങ്ങിയവയെല്ലാം കഥാ സന്ദർഭങ്ങളാകും. പറയുന്നത് സ്വന്തം നാടിന്റെ കഥയാണെങ്കിലും രാജ്യാന്തര തലത്തിലുള്ള വായനക്കാരെ ലക്ഷ്യമിട്ട് ഇംഗ്ലിഷിലാവും രചനയെന്ന് ആനന്ദ് നീലകണ്ഠൻ വെളിപ്പെടുത്തി. ജയ്പുർ സാഹിത്യോത്സവ വേദിയിൽ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്.

എന്തുകൊണ്ടാണു പുരാണ കഥകളിൽനിന്നു പെട്ടെന്നൊരു മാറ്റം?

പെട്ടെന്നല്ല, വളരെ നാളായി മനസ്സിൽ വയ്ക്കുകയും രഹസ്യമായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നതാണ്. എന്റെ സ്വപ്നമെന്നു പറയാം. സാമൂഹികപ്രസക്തിയുണ്ടെങ്കിലും എന്റെ കുടുംബത്തിന്റെ കഥ കൂടെയാണ്. കഥാപാത്രങ്ങളുടെയെല്ലാം പേരുമാറിയായിരിക്കും അവതരിപ്പിക്കുക. 

 കുറച്ചുകൂടി വിശദമാക്കാമോ?

എന്റെ കുടുംബത്തിന്റെ കഥ വളരെ രസകരമാണ്. ഭൂപരിഷ്കരണമൊക്കെ വന്നപ്പോൾ ആകെ പ്രശ്നമായി. അച്ഛൻ ബിസിനസ് തുടങ്ങി തകർന്നു. പ്രാദേശിക രാഷ്ട്രീയവും ചിലരുടെ ഇടപെടലുമൊക്കെ പ്രശ്നമായി. എന്റെ ഒരു അപ്പൂപ്പൻ മദാമ്മയുടെ കൂടെ ഒളിച്ചോടുകയും പട്ടാളക്കാർ പിന്നാലെ വരികയും ഒക്കെ ചെയ്ത സംഭവമുണ്ട്. ബ്രാഹ്മണ കുടുംബത്തിന്റെ കാഴ്ചപ്പാടിലാവും കഥ. യാഥാസ്ഥികത മാറി മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടിവരുന്ന കഥ. 

 ചരിത്രം സത്യസന്ധമായി പറയുമ്പോൾ വിവാദവും ഉണ്ടാവില്ലേ?

തീർച്ചയായും. അതുകൊണ്ടാണു പേരും സന്ദർഭവുമൊക്കെ മാറ്റിയെഴുതുന്നത്. മലബാർ ലഹള വന്നപ്പോൾ കൊണ്ടോട്ടിയിൽനിന്നും പാലക്കാട്ടുനിന്നുമൊക്കെ തൃപ്പൂണിത്തുറയിലേക്ക് ഓടിവന്ന ബന്ധുക്കളുണ്ട്. അതൊക്കെ വിവാദവിഷയം തന്നെയാണ്. എന്റേതു വലിയൊരു കുടുംബമാണ്. പക്ഷേ, വലിയ പാരമ്പര്യമൊന്നും പറയാനില്ല. കുബേരന്മാർ മുതൽ പട്ടിണിപ്പാവങ്ങൾ വരെയുണ്ട്. എന്തിന് വൈപ്പിൻ വിഷമദ്യദുരന്തത്തിൽ മരിച്ചവർ പോലുമുണ്ട്.കുറെപ്പേർ ഡൽഹിയിലേക്ക് ഒളിച്ചോടി. ചിലർ മുംബൈക്കും ഗൾഫിലേക്കും രക്ഷപ്പെട്ടു. പിന്നെ അപ്രതീക്ഷിതമായി തിരിച്ചുവന്നു. അങ്ങനെ നാടകീയതനിറഞ്ഞ ഒരുപാടു സംഭവങ്ങൾ. ശോകകഥയൊന്നുമായിരിക്കില്ല. ഹ്യൂമർ നിറഞ്ഞതാവും.

ഇത്തരമൊരു വിഷയം ഇംഗ്ലിഷിലെഴുതിയാൽ അതിന് ആഗോള സ്വീകാര്യത ലഭിക്കുമോ?

അതൊരു വെല്ലുവിളിയാണ്. സാമൂഹിക മാറ്റങ്ങൾ നോവലിൽ കൊണ്ടുവരണം. അതേസമയം അത് ആഗോള പ്രാധാന്യമുള്ളതായി അവതരിപ്പിക്കുകയും വേണം. അമിതാവ് ഘോഷൊക്കെ എഴുതുന്ന മട്ടിൽ പറ്റുമോ എന്നാണു ശ്രമിക്കുന്നത്. കുറിപ്പുകൾ തയാറാക്കി. ഒരുഭാഗമായി എഴുതാനാവുമോ അതോ മൂന്നു ഭാഗമാകുമോ എന്ന് ഇപ്പോൾ ഉറപ്പില്ല.

 നന്നായി മലയാളം അറിയാമായിട്ടും എന്തുകൊണ്ടാണു മലയാളത്തിൽ എഴുതാൻ ശ്രമിക്കാത്തത്?

റീച്ച് തന്നെ പ്രശ്നം. മലയാളത്തിലെഴുതിയ പെൺരാമായണം രണ്ടാം പതിപ്പ് ഇറങ്ങിയിട്ടില്ല. ഇംഗ്ലിഷിലെഴുതിയ അസുരയൊക്കെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഏഴു പതിപ്പായി. അസുരയും അജയയുമൊക്കെ ഇന്തോനേഷ്യയിൽ പോലും വലിയ ഹിറ്റാണ്.

English Summary : Anand Neelakandan Talks About His New Books