പ്രാദേശിക ഭാഷകൾ എന്നു വിളിച്ച് പരിഹസിക്കരുത്: പെരുമാൾ മുരുകൻ

perumal-murugan55
SHARE

ജയ്പുർ∙ തമിഴ്, മലയാളം തുടങ്ങിയ ഭാഷയിലെ സാഹിത്യത്തെ പ്രാദേശിക സാഹിത്യം എന്നു വിളിക്കുന്നതിനെ സാഹിത്യകാരൻ പെരുമാൾ മുരുകൻ  വിമർശിച്ചു. ഈ ഭാഷകളിലുണ്ടാകുന്ന കൃതികൾ പ്രാദേശിക സാഹിത്യം ആണെങ്കിൽ ഏതാണ് ഇന്ത്യൻ സാഹിത്യം? ഇംഗ്ലിഷിൽ എഴുതുന്നതു മാത്രമോ?-ജയ്പുർ സാഹിത്യോത്സവത്തിൽ അദ്ദേഹം ഉയർത്തിയ ചോദ്യം സദസ്സ് കൈയടികളോടെ സ്വീകരിച്ചു.

തമിഴിനെയും മലയാളത്തെയുമൊക്കെ  ഇന്ത്യൻ ഭാഷകകൾ എന്നുതന്നെ സംബോധന ചെയ്യണമെന്നും പ്രാദേശിക ഭാഷകൾ എന്നു വിളിച്ച് പരിഹസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജയ്പുർ സാഹിത്യോത്സവത്തിൽ തമിഴിൽത്തന്നെ സംസാരിച്ച അദ്ദേഹം തന്റെ എഴുത്തുവഴികളെ ഇങ്ങനെ വിവരിച്ചു:

എഴുത്തുതമിഴും സംസാരിക്കുന്ന തമിഴും തമ്മിൽ വളരെ വ്യത്യാസമുണ്ട്. അതിൽത്തന്നെ പല പ്രാദേശികഭേദങ്ങളുണ്ട്. ഞാൻ സംഭവങ്ങൾ വിവരിക്കാൻ ഉപയോഗിക്കുന്ന ഭാഷയല്ല, കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്നത്. ഞാൻ എഴുതുന്നത് എന്റെ ജീവിതത്തിലെ അനുഭവങ്ങളാണ്. വായിക്കുന്നൊരാൾക്ക് അതു പുതുതായി തോന്നുന്നു. ശീലിച്ചുപോയതുകൊണ്ടുമാത്രം ജീവിതത്തിൽ പലവിഷയങ്ങളും പുതുമയില്ലാത്തതായി തോന്നും. ഇതൊക്കെ ഒരു വലിയ കാര്യമാണോ എന്ന് ആലോചിക്കും. പക്ഷേ, പുറത്തുള്ളൊരാൾക്ക് വായിക്കുമ്പോൾ കാര്യമുള്ളതായി തോന്നുന്നു.

perumal-murugan558

കോളജിൽ പഠിക്കുന്നകാലത്ത് ആർ.കെനാരായണന്റെ ‘സാമി ആൻഡ് ഫ്രണ്ട്സ്’ എന്ന കൃതിയിലെ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നു. വേനലവധിക്ക് നാട്ടിൽ വരുന്ന ഒരു കുടുംബത്തിന്റെ അനുഭവങ്ങളായിരുന്നു അതിൽ. അന്ന് അതു വായിച്ച് ഞാൻ അദ്ഭുതപ്പെട്ടു. ഇതിലും വൈവിധ്യമുള്ള എന്തെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കുന്നു. ഇതൊക്കെ എഴുതിയാൽ ഇതിലും രസമാവുമല്ലോ എന്നാലോചിച്ചാണ് എഴുതിത്തുടങ്ങിയത്. എന്റെ ഗ്രാമത്തിലെ ആദ്യത്തെ ബിരുദക്കാരൻ ഞാനാണ്. ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം ചെയ്തുവന്നത് എന്റെ ശ്രമം കൊണ്ടല്ല. ഞാനത് ആലോചിച്ചിട്ടുമില്ല. നമ്മുടെ ജീവിതാനുഭവങ്ങളുടെ പ്രത്യേകതയാകാം മറ്റൊരു ദേശക്കാരെ ആകർഷിക്കുന്നത്. സത്യത്തില്‍ ഇംഗ്ലിഷിലേക്ക് വരുന്നതിലും പ്രധാനം മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വരുന്നതാണ്. ബംഗാളിയിലും മലയാളത്തിലും തെലുങ്കിലുമൊക്കെ എന്റെ കൃതി വായിക്കുന്നതാണ് എനിക്കു കൂടുതൽ താൽപര്യം.  

വായനക്കാരൻ എന്തുവിചാരിക്കും എന്നാലോചിച്ച് എഴുതാനാവില്ല. അങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ എഴുത്തുനടക്കില്ല. എഴുത്ത് എന്നത് എന്നെ സംബന്ധിച്ചടത്തോളം ഒരുതരം കൂടുവിട്ടുകൂടുതേടലാണ്. ഒരു കഥാപാത്രത്തിന്റെ ഉള്ളിൽ ചെന്നിരുന്ന് അവരെപ്പോലെ ചിന്തിക്കുകയെന്നത് പ്രധാനമാണ്. കഥാപാത്രമായി മാറുകയെന്നത് വളരെ പ്രയാസമുള്ള കാര്യം. സ്ത്രീകഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ അവരുടെ ചിന്തയിലേക്ക് കടന്ന് ആ നിമിഷം അവരെന്താകും, എങ്ങനെയാകും സംസാരിക്കുന്നത് എന്നാലോചിച്ചാണ് എഴുതുന്നത്.

സമൂഹത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ഉടൻതന്നെ അതിനെ അടിസ്ഥാനമാക്കി കഥയെഴുതുന്നത് എന്റെ രീതിയല്ല. അത് മനസിൽ പുതിയൊരു കാഴ്ച തന്നേക്കാം. പിന്നീട് എപ്പോഴെങ്കിലും സമാനമായ വിഷയം എഴുതുമ്പോൾ അതിൽ ഇതു കടന്നുവന്നേക്കാം.

സമൂഹത്തിലെ പ്രശ്നങ്ങളിൽ പ്രശ്നബാധിതർ തന്നെ സംസാരിക്കണമെന്നു വാശിപിടിക്കരുത്. ദളിത് വിഷയം ദളിതനും സ്ത്രീകളുടെ വിഷയം സ്ത്രീകളും പറയട്ടെ എന്ന ചിന്ത അരുത്. സ്ത്രീകളുടെ വിഷയത്തെപ്പറ്റി പുരുഷനു പറയാനുള്ളതെന്തെന്നും അറിയണ്ടേ? പുതിയൊരു കാഴ്ചപ്പാടാകാം അത്.

perumal-murugan663

ഭാഷയിലും പുരുഷ-സ്ത്രീഭേദം പ്രകടമാണ്. തമിഴിന്റെ കാര്യം പറഞ്ഞാൽ ‘പാട്ടി വന്താൾ’ എന്നും ‘പാപ്പ വന്താൻ’ എന്നും ആണിനും പെണ്ണിനും രണ്ടുതരം ക്രിയാരൂപങ്ങളാണ്. പുരുഷന്റെ കാര്യത്തിൽ ‘പാപ്പ വന്താർ’ എന്നാണു പക്ഷേ പറയുക. ‘വന്താർ’ എന്നത് ആദരപൂർവം പറയുന്നതാണ്. എന്നാൽ പാട്ടിയുടെ കാര്യത്തിൽ ഈ ആദരം വരില്ല. പാട്ടി വന്താൾ എന്നേ പറയാറുള്ളൂ. നോവലിൽ ഞാൻ അമ്മ ശൊന്നാർ എന്ന് മന:പൂർവം പറയുന്നു.  

എനിക്കെതിരെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എന്റെ കഥാപാത്രത്തോടായിരുന്നില്ല വിമർശകരുടെ എതിർപ്പ്. എന്റെ ഭാര്യ,അമ്മ,അമ്മൂമ്മ, അവരുടെയും അമ്മ തുടങ്ങിയവരെയെല്ലാം കൊള്ളരുതാത്തവരെന്നു പറഞ്ഞായിരുന്നു ചീത്ത. എന്നെ പഴിക്കേണ്ടതിനുപകരം അവരെ തിരഞ്ഞുപിടിച്ചു ചീത്തപറഞ്ഞു-പെരുമാൾ മുരുകൻ പറഞ്ഞു.

English Summary : Interview With Perumal Murugan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA